Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇല്ലാത്ത ബോംബാക്രമണം പന്തക്കൽ ബ്രാഞ്ച് സെക്രട്ടറി കെട്ടിച്ചമച്ചത് ദുരൂഹത കൂട്ടുന്നു; കണ്ണൂർ-കാസർകോട് ജില്ലകളുടെ ചുമതലയുള്ള പരിവാർ നേതാവ് സജീവൻ ആറളത്തിനെതിരെ ഉയർത്തിയത് ബൊലേറോ കാറിലെ നമ്പർ ഉൾപ്പെടുത്തിയുള്ള ഗൂഡകഥ; ഉപതെരഞ്ഞെടുപ്പുകാലത്ത് അശാന്തി വിളയിക്കാൻ ശ്രമിക്കുന്നത് ആര്? പ്രചരണങ്ങളിൽ അണികൾ പെട്ടുപോകാതിരിക്കാൻ കരുതലുകളെടുത്ത് സിപിഎം-ബിജെപി നേതൃത്വങ്ങൾ; കണ്ണൂരിൽ പ്രതികാര രാഷ്ട്രീയം വീണ്ടും നുരഞ്ഞ് പൊങ്ങുമ്പോൾ

ഇല്ലാത്ത ബോംബാക്രമണം പന്തക്കൽ ബ്രാഞ്ച് സെക്രട്ടറി കെട്ടിച്ചമച്ചത് ദുരൂഹത കൂട്ടുന്നു; കണ്ണൂർ-കാസർകോട് ജില്ലകളുടെ ചുമതലയുള്ള പരിവാർ നേതാവ് സജീവൻ ആറളത്തിനെതിരെ ഉയർത്തിയത് ബൊലേറോ കാറിലെ നമ്പർ ഉൾപ്പെടുത്തിയുള്ള ഗൂഡകഥ; ഉപതെരഞ്ഞെടുപ്പുകാലത്ത് അശാന്തി വിളയിക്കാൻ ശ്രമിക്കുന്നത് ആര്? പ്രചരണങ്ങളിൽ അണികൾ പെട്ടുപോകാതിരിക്കാൻ കരുതലുകളെടുത്ത് സിപിഎം-ബിജെപി നേതൃത്വങ്ങൾ; കണ്ണൂരിൽ പ്രതികാര രാഷ്ട്രീയം വീണ്ടും നുരഞ്ഞ് പൊങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ വീണ്ടും അശാന്തമാകുമോ? കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ തലസ്ഥാനമായ കണ്ണൂരിൽ വീണ്ടും ചോരപ്പുഴയൊഴുകുമെന്നു സിപിഎം കേന്ദ്രങ്ങളിലും ബിജെപി കേന്ദ്രങ്ങളിലും ആശങ്ക ശക്തം. കണ്ണൂർ അശാന്തമാക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നും നീക്കം വരുന്നുവെന്ന ആശങ്കാജനകമായ സൂചനകൾ ലഭിക്കുന്നത് കണ്ണൂരിൽ നിന്ന് തന്നെയാണ്. അതിലേക്ക് വിരൽ ചൂണ്ടുകയാണ് സിപിഎം മാഹി പന്തക്കൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെ ഈ കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണം. 

പന്തക്കൽ ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെ ബോംബാക്രമണം നടന്നില്ല. ബോംബാക്രമണം ബിജു തന്നെ കെട്ടിച്ചമച്ച കഥയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് ഈ സംശയം ശക്തമായത്. തനിക്കെതിരെ ബോംബെറിയാൻ ബിജു തന്നെ ആളെ ഏർപ്പാടാക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന തനിക്ക് നേരെ ബോംബേറിഞ്ഞുവെന്നായിരുന്നു ബിജുവിന്റെ പരാതി. ഇതിനെ തുടർന്നു പൊലീസ് അന്വേഷണം ഊർജിതമാക്കിയപ്പോൾ ആസൂത്രണം ബിജുവിന്റെ വകയായിരുന്നുവെന്നു പൊലീസ് തന്നെ കണ്ടെത്തി. കണ്ണൂർ പോലെ തീക്കനലിൽ ചവിട്ടി നിൽക്കുന്ന ഒരു ജില്ലയിൽ ഒരു സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്തുകൊണ്ട് ഇത്തരം ഒരു നാടകം നടത്തി എന്ന ചോദ്യമാണ് കണ്ണൂരിലെ സിപിഎം-ബിജെപി കേന്ദ്രങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയമാകുന്നത്.

സിപിഎം-ബിജെപി രാഷ്ട്രീയത്തിന്റെ അണിയറയിൽ ഇപ്പോൾ പലതും പുകഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന ബോധ്യത്തിലാണ് ഇരു പാർട്ടി നേതൃത്വഗങ്ങളും. കണ്ണൂർ അശാന്തിയിലേക്ക് എന്ന വാർത്ത തന്നെയാണ് ഇപ്പോൾ കണ്ണൂരിലെ രാഷ്ട്രീയ വൃത്തങ്ങൾ പങ്കുവെയ്ക്കുന്നത്. മൂന്നു വർഷത്തിനിടെ കണ്ണൂരിലും മാഹിയിലുമായി നടന്നത് 12 രാഷ്ട്രീയ കൊലപാതകങ്ങളാണ്. 2016 മെയ്‌ 19ന് എൽഡിഎഫ് വിജയാഹ്‌ളാദത്തിന്നിടെ നടന്ന കൊലപാതകം മുതൽ മാഹി മേഖലയിൽ നടന്ന ഇരട്ടക്കൊലപാതകം വരെ രണ്ടു വർഷത്തിനിടെ നടന്ന 12 കൊലപാതകങ്ങളിലും പ്രതിസ്ഥാനത്ത് സിപിഎം, ബിജെപി, എസ്ഡിപിഐ സംഘടനകളിലുള്ളവരാണ്. ഈ പട്ടികയിൽ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബുമുണ്ട്.

കണ്ണൂരിൽ ഇപ്പോൾ സ്ഥിതി ശാന്തമാണ്. ഈ ശാന്തത സിപിഎം-ബിജെപി ജില്ലാ നേതാക്കളിൽ പ്രകടവുമാണ്. പല സിപിഎം-ബിജെപി ജില്ലാ നേതാക്കളും സുരക്ഷയില്ലാതെയാണ് കണ്ണൂരിൽ സഞ്ചരിക്കുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നാടകം ഇരുപാർട്ടികളെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. ഇതോടെയാണ് പാർട്ടി നേതൃത്വങ്ങൾ അറിയാതെ കണ്ണൂർ ജില്ലയിൽ പലതും നടക്കുന്നു എന്ന് നേതാക്കൾക്ക് തന്നെ ബോധ്യമായത്. പന്തക്കൽ നാടകത്തിന്റെ വെളിച്ചത്തിൽ ഇപ്പോൾ കണ്ണൂർ ജില്ലയിൽ പാർട്ടി നേതാക്കൾ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. നിലവിൽ പരസ്പരം ആക്രമിക്കരുത് എന്ന ഒരു ധാരണ സിപിഎം-ബിജെപി-ആർഎസ്എസ് നേതൃത്വങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.

എം വിജയരാജൻ സിപിഎം ജില്ലാ സെക്രട്ടറിയായി എത്തിയ ശേഷം ഈ ധാരണങ്ങൾ ശക്തമായി തുടരുകയുമാണ്. ഈ ധാരണ ലംഘിക്കപ്പെടുമോ എന്ന് ഇപ്പോൾ സിപിഎം-ബിജെപി ജില്ലാ നേതൃത്വങ്ങൾ ഇപ്പോൾ ആശങ്കയിലാണ്. അതുകൊണ്ട് തന്നെയാണ് നേതാക്കൾ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ ഉള്ളിൽ നേതൃത്വമറിയാതെ ചില നീക്കങ്ങൾ നടക്കുന്നുണ്ട് എന്ന് ആർഎസ്എസിനും വിവരം ലഭിച്ചതോടെ തങ്ങളുടെ ഏത് നേതാവിനെയാണ് സിപിഎമ്മിലെ ചില നേതാക്കൾ നോട്ടമിട്ടിരിക്കുന്നത് എന്നറിയാൻ ആർഎസ്എസ് നേതൃത്വവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ആർഎസ്എസിന്റെ ശക്തരായ നേതാക്കളിൽ ഒരാളായി തുടരുന്ന സജീവൻ ആറളം ആക്രമിക്കപ്പെടുമോ എന്ന് ആശങ്ക ഇപ്പോൾ ബിജെപി-ആർഎസ്എസ് വൃത്തങ്ങളിൽ പടർന്നിട്ടുണ്ട്.

സിപിഎം പന്തക്കൽ ബ്രാഞ്ച് സെക്രട്ടറി നടത്തിയ വ്യാജ ആക്രമണകഥ ആർഎസ്എസ് നേതാക്കളെ നോട്ടമിട്ടിട്ടുള്ളതാണ് എന്ന് ആർഎസ്എസ് നേതൃത്വം കരുതുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കണ്ണൂർ-കാസർകോട് ജില്ലകളുടെ ചുമതലയുള്ള സജീവൻ ആറളത്തിനു നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആർഎസ്എസ് നേതൃത്വം കണക്കുകൂട്ടുന്നത്. സജീവനെതിരെ ഇപ്പോൾ സിപിഎം ഗ്രൂപ്പുകളിൽ നടന്നുവരുന്ന ആക്രമണം ഇതിനുള്ള സൂചനയാണെന്നും ആർഎസ്എസ് നേതൃത്വം വിലയിരുത്തുന്നു. പാനൂരിൽ പ്രചാരക് ആയും കണ്ണൂർ ജില്ലാകാര്യവാഹ് ആയും നിന്ന നേതാവാണ് സജീവൻ.

കണ്ണൂർ ജില്ലയിലെ ആർഎസ്എസിന്റെ പ്രമുഖ നേതാക്കളിൽ ഒരാളുമാണ്. അതിനാൽ സജീവനെതിരെ സിപിഎം ഗ്രൂപ്പുകളിൽ നടക്കുന്ന ആക്രമണം ആർഎസ്എസ് ഗൗരവത്തിൽ എടുത്തിട്ടുമുണ്ട്. സജീവനെതിരെ സിപിഎം നടത്തുന്ന ആക്രമണത്തിനു കണ്ണൂർ പൊലീസും ഒത്താശ ചെയ്യുന്നുണ്ടോ എന്ന സംശയവും ഇപ്പോൾ ആർഎസ്എസിനുണ്ട്. സ്ഥിതിഗതികൾ ഈ രീതിയിലേക്ക് വിരൽ ചൂണ്ടുന്നുമുണ്ട്. മുൻപ് സജീവൻ ഉപയോഗിച്ചിരുന്ന ബോളോറ ജീപ്പ് ഇപ്പോൾ ജന്മഭൂമി പത്രമാണ് ഉപയോഗിക്കുന്നത്. ഈ ജീപ്പ് ചില ആളുകളുമായി സംശയാസ്പദമായ സാഹചര്യത്തിൽ സഞ്ചരിക്കുന്നതായും അതിനാൽ പാനൂർ സിഐ ഓഫീസിൽ എത്തണമെന്നും ആറളം പൊലീസ് സജീവനെ അറിയിച്ചിരുന്നു. പക്ഷെ ആ ജീപ്പ് ജന്മഭൂമി പത്രമാണ് ഉപയോഗിക്കുന്നതെന്ന് സജീവൻ ആറളം പൊലീസിനെ അറിയിച്ചിരുന്നു.

പാനൂർ സിഐ ഓഫീസിൽ വണ്ടിയുമായി എത്തണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഈ ബോളോറ പാനൂർ സിഐ ഓഫീസിൽ ജന്മഭൂമിക്കാർ തന്നെ എത്തിച്ചിരുന്നു. ഈ വണ്ടി സംശയാസ്പദമായ സാഹചര്യത്തിൽ എവിടെയും സഞ്ചരിച്ചിട്ടില്ലെന്നു പൊലീസിന് ജന്മഭൂമിക്കാർ അറിയിച്ചിട്ടുമുണ്ട്. പാനൂർ ഡിവൈഎസ്‌പിയെ വിളിച്ചപ്പോൾ ഡിവൈഎസ്‌പി സിഐയെ വിളിച്ചു. ചില ആളുകൾ ഈ വണ്ടിയിൽ കറങ്ങുന്നു എന്നാണ് സിഐ ഡിവൈഎസ്‌പിയെ അറിയിച്ചത്. പിറ്റേന്ന് സിപിഎമ്മിന്റെ ചില ഗ്രൂപ്പുകളിൽ തുടർന്ന് ചില വിവരങ്ങൾ പ്രത്യക്ഷപ്പെട്ടു. കതിരൂർ മനോജിന്റെ കൗണ്ടർ ചെയ്യാൻ ചില ആർഎസ്എസ് നേതാക്കൾ ഒരുങ്ങുന്നു എന്നാണ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്. അതിനായാണ് ബോളോറ ജീപ്പിൽ ആർഎസ്എസ് ടീം കറങ്ങുന്നത് എന്നാണ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്. കതിരൂർ മനോജ് വധത്തിനു കൗണ്ടർ ചെയ്യാനോ സംഘർഷം സൃഷ്ടിക്കാനോ ഒന്നും ആർഎസ്എസ് ഭാഗത്ത് നിന്നും ശ്രമമില്ലാതെയിരിക്കെ ഇത്തരം പ്രചരണങ്ങൾക്ക് സിപിഎമ്മിന്റെ ഗ്രൂപ്പ് പോരുകളുമായി ബന്ധമുണ്ട് എന്ന സംശയത്തിലാണ് ഇപ്പോൾ ആർഎസ്എസ് നീങ്ങുന്നത്.

മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ വിചാരണ തുടങ്ങാനിരിക്കുകയാണ്. സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷ് എംഎൽഎയുമടക്കമുള്ളവരാണു പ്രതികൾ. ഈ വിചാരണ തലശ്ശേരി എറണാകുളം സിബിഐ കോടതിയിൽ തന്നെയാണ് നടക്കാൻ പോകുന്നത്. കതിരൂർ മനോജിനെ കൊലപ്പെടുത്തിയ കേസിലും പി.ജയരാജൻ പ്രതിയാണ്. ഈ കേസിൽ സിബിഐ കുറ്റപത്രം കൊടുത്തെങ്കിലും വിചാരണ ഏതു കോടതിയിൽ വേണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഒരാൾക്കെതിരെ ആക്രമണം നടത്തുമ്പോൾ സിപിഎം നടത്തുന്ന മുന്നൊരുക്കങ്ങളും രീതികളും സജീവന്റെ കാര്യത്തിൽ ഒത്തുവരുന്നു എന്നാണ് ആർഎസ്എസ് നേതാക്കൾ നിഗമനത്തിലെത്തുന്നത്.

കതിരൂർ മനോജ് വധവും ഷുക്കൂർ വധവുമൊക്കെ മുഖ്യധാരയിൽ നിൽക്കുമ്പോൾ സിപിഎമ്മിന്റെ ഗ്രൂപ്പുകൾ തന്നെ കടുംകൈയ്ക്ക് മുതിർന്നേക്കും എന്ന സൂചനകൾ ഇപ്പോൾ പ്രബലമായി നിൽക്കുകയുമാണ്. കണ്ണൂർ നിലവിൽ ശാന്തമാണെങ്കിലും അശാന്തമാകും വിധം കണ്ണൂരിന്റെ ഉള്ളിൽ പ്രതികാര രാഷ്ട്രീയം ഉള്ളിൽ തിളച്ചു തുടങ്ങുന്നു എന്നതിലേക്ക് തന്നെയാണ് കണ്ണൂരിലെ ഈ സംഭവവികാസങ്ങൾ വിരൽ ചൂണ്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP