Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശീയപാത 766-ലെ ഗതാഗതം നിരോധിച്ചാൽ കണ്ണീരു കുടിക്കേണ്ടി വരിക കർണാടകത്തിലെയും നീലഗിരിയിലെയും അതിർത്തിഗ്രാമങ്ങളിലെ കർഷകർ; വയനാട്ടിൽ നിന്നും ഗുണ്ടൽപേട്ടയിൽ പോയി കൃഷിചെയ്തിരുന്ന കർഷകർക്കും തിരിച്ചടിയാകും; കേരളത്തിലേക്ക് പച്ചക്കറി എത്തുന്ന ഗുണ്ടൽപേട്ടയിലെ വിപണി തന്നെ പൂട്ടിപ്പോകുന്ന അവസ്ഥ വരും; സുൽത്താൻ ബത്തേരിയിൽ കർഷകരും വിദ്യാർത്ഥികളും വ്യാപാരികളും ഒരുപോലെ തെരുവിൽ ഇറങ്ങുന്നതിന്റെ കാരണങ്ങൾ ഇവയൊക്കെ

ദേശീയപാത 766-ലെ ഗതാഗതം നിരോധിച്ചാൽ കണ്ണീരു കുടിക്കേണ്ടി വരിക കർണാടകത്തിലെയും നീലഗിരിയിലെയും അതിർത്തിഗ്രാമങ്ങളിലെ കർഷകർ; വയനാട്ടിൽ നിന്നും ഗുണ്ടൽപേട്ടയിൽ പോയി കൃഷിചെയ്തിരുന്ന കർഷകർക്കും തിരിച്ചടിയാകും; കേരളത്തിലേക്ക് പച്ചക്കറി എത്തുന്ന ഗുണ്ടൽപേട്ടയിലെ വിപണി തന്നെ പൂട്ടിപ്പോകുന്ന അവസ്ഥ വരും; സുൽത്താൻ ബത്തേരിയിൽ കർഷകരും വിദ്യാർത്ഥികളും വ്യാപാരികളും ഒരുപോലെ തെരുവിൽ ഇറങ്ങുന്നതിന്റെ കാരണങ്ങൾ ഇവയൊക്കെ

മറുനാടൻ മലയാളി ബ്യൂറോ

സുൽത്താൻ ബത്തേരി: ബന്ദിപ്പൂർ വനമേഖല വഴിയുള്ള യാത്രപൂർണമായും നിരോധിക്കാനുള്ള നീക്കത്തിനെതിരെ വയനാടു നീലഗിരിയും ഉൾപ്പെടുന്ന പ്രദേശം തിളച്ചു മറിയുകയാണ്. വയനാട് ഇന്നുവരെ കണ്ട ഏറ്റവും വലിയ പൊതുജന പ്രക്ഷോഭമായി ഇത് മാറിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയുടെ തെരുവിൽ ഓരോ ദിവസവും ആയിരങ്ങൾ പ്രക്ഷോഭത്തിൽ പങ്കുചേരുന്നു. ഇന്ന് രാഹുൽ ഗാന്ധി എത്തിയതും ഏവർക്കും ആവേശം പകരുന്ന കാര്യമായി മാറി. ബന്ദിപ്പൂർ വനമേഖലയിലൂടെ പോവുന്ന കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766-ലെ ഗതാഗതം നിരോധിച്ചാൽ വയനാട്ടിലെയും കർണാടകത്തിലെ അതിർത്തിജില്ലകളിലെയും കാർഷികമേഖല വൻ പ്രതിസന്ധിയിലാവും. നിരവധി ജീവിതങ്ങൾ താറുമാറാകുന്ന അവസ്ഥ വരും. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ കർഷകരെയും ബാധിക്കും. ചുരുക്കത്തിൽ മൂന്ന് സംസ്ഥാനങ്ങളിലെ അതിർത്തി മേഖലയെ സാരമായി തന്നെ ഈ നീക്കം ബാധിക്കും.

വയനാട്, നീലഗിരി ജില്ലകളിൽനിന്നായി ഏഴായിരത്തിലധികം കർഷകരാണ് കർണാടകത്തിലെ വിവിധ മേഖലകളിൽ ഇഞ്ചി, വാഴ, പൂവ്, പച്ചക്കറി തുടങ്ങിയവ കൃഷിചെയ്യുന്നത്. പാതയടച്ചാൽ യാത്ര മണിക്കൂറുകൾ കൂടും. ഇത്രദൂരം സഞ്ചരിച്ച് കൃഷിചെയ്യുന്നത് പ്രായോഗികമാകില്ല. വർഷങ്ങളായി ഈ മേഖലയിൽ കൃഷി ചെയ്യുന്നവരുടെ അഭിപ്രായം ഇങ്ങനെയാണ്. വയനാട്ടിലെ ബത്തേരി, മീനങ്ങാടി, പുല്പള്ളി, അമ്പലവയൽ തുടങ്ങിയ മേഖലകളിലെ നൂറുകണക്കിന് കർഷകർ ഇക്കൂട്ടത്തിലുണ്ട്. വയനാട്ടിലെ വന്യമൃഗശല്യവും ഉത്പന്നങ്ങളുടെ വിലത്തകർച്ചയും കാരണം എല്ലാ കൃഷിയും നഷ്ടത്തിലായപ്പോഴാണ് കർണാടകത്തിലേക്കും മറ്റും കൃഷിചെയ്യാൻ പോയിത്തുടങ്ങിയത്.

പാത പൂർണമായി അടച്ചാൽ കൃഷിയുപേക്ഷിക്കുകയേ നിവൃത്തിയുള്ളൂവെന്നാണ് കർഷകരുടെ അഭിപ്രായം. ഇഞ്ചിക്കുപുറമേ വാഴയാണ് മലയാളികൾ വ്യാപകമായി കൃഷിചെയ്യുന്നത്. നിറത്തിലും ഗുണത്തിലും കേരളത്തിൽ വിളയുന്ന നേന്ത്രപ്പഴത്തെക്കാൾ മുന്നിൽ നിൽക്കുന്നതിനാൽ ഒരു കിലോയ്ക്ക് കേരളത്തെ അപേക്ഷിച്ച് അഞ്ചുരൂപ അധികം കിട്ടും. ഇഞ്ചിക്ക് ആയിരം രൂപയോളവും ചേനയ്ക്ക് 900 മുതൽ 1200 രൂപവരെയും അധികം കിട്ടും.

കർണാടകയിലെ കൃഷിയിടങ്ങൾ പാട്ടത്തിനെടുത്തവർ മടങ്ങേണ്ടിവരും. ബന്ദിപ്പൂർ ചാമരാജ് നഗർ, മൈസൂരു തുടങ്ങിയ ജില്ലകളിലെ കൃഷിക്കാരും തൊഴിലാളികളും കോഴിക്കോട്-കൊല്ലഗൽ പാതയിലൂടെയാണ് കൃഷിസ്ഥലത്തേക്ക് പോവുന്നതും ഉത്പന്നങ്ങൾ വിപണികളിലെത്തിക്കുന്നതും. ബത്തേരിയിൽനിന്ന് ഈ പാതവഴി അതിർത്തിപട്ടണമായ ഗുണ്ടൽപ്പേട്ടിലേക്ക് 55 കിലോമീറ്ററാണ് ദൂരം. ഈ വഴിയടച്ചാൽ ബത്തേരിയിൽനിന്ന് മാനന്തവാടി-ഗോണിക്കുപ്പ-മൈസൂരുവഴി 246 കിലോമീറ്റർ സഞ്ചരിക്കണം ഗുണ്ടൽപ്പേട്ടിലെത്താൻ. മലയാളികൾ കൂടുതൽ കൃഷിചെയ്യുന്ന സ്ഥലങ്ങളിലൊന്നായ ഹെഡിയാളയിലേക്ക് ബത്തേരിയിൽനിന്ന് 80 കിലോമീറ്ററുണ്ട്. ബദൽപ്പാതയിലൂടെ 150 കിലോമീറ്ററാവും.

മലയാളികൾ കൃഷിനിർത്തി തിരിച്ചുപോരുന്നത് കർണാടകയിലെ വിപണിയെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും തകിടംമറിക്കും. ഗുണ്ടൽപ്പേട്ടിൽ പച്ചക്കറിയും പൂവും കൃഷിചെയ്യുന്നത് പ്രധാനമായും കേരളവിപണിയെ ലക്ഷ്യംവച്ചാണ്. ഇവിടത്തെ മാർക്കറ്റിൽനിന്ന് 10,800 പെട്ടി പച്ചക്കറിയാണ് വയനാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലേക്കെത്തുന്നത്. 2000 തൊഴിലാളികൾ ഇവിടുണ്ട്. നൂറുകണക്കിന് കർഷകരും. കേരളത്തിലെ വിപണികളെ ആശ്രയിച്ചുള്ള കൃഷിയും അവസാനിപ്പിക്കേണ്ടിവരും.

പാതയടച്ചാൽ വയനാട്ടിലെ കളിയടയ്ക്ക കൃഷിയും ഇല്ലാതാവും. വിളവെടുക്കുന്ന അടയ്ക്ക അന്നുതന്നെ ചാമരാജ് നഗറിലേക്കാണ് കയറ്റിയയക്കുന്നത്. രാത്രിയെത്തുന്ന ലോഡ് പുലർച്ചെ തന്നെയിറക്കി സംസ്‌കരണജോലികളിലേക്ക് കടക്കുകയാണ് പതിവ്. കർണാടകയിൽ ഒട്ടേറെ കുടിൽവ്യവസായ യൂണിറ്റുകളാണ് കളിയടയ്ക്ക വിപണിയെ ആശ്രയിച്ച് കഴിയുന്നത്. രാത്രിയാത്ര നിരോധനംതന്നെ അടയ്ക്കക്കൃഷിയെ പ്രതിസന്ധിയിലാക്കിയതാണ്. പകലും നിരോധനം വന്നാൽ പൂർണമായും തകരുന്നത് നിരവധി വ്യവസായങ്ങൾകൂടിയാണ്.

അതിരാവിലെ വിളവെടുത്ത് അന്നന്ന് ഗുണ്ടൽപ്പേട്ടിലെത്തുന്ന പച്ചക്കറിയാണ് ഇപ്പോൾ വിപണികളിലെത്തുന്നത്. ഇവിടന്നുള്ള വരവ് നിലയ്ക്കുന്നതോടെ മൈസൂരുവിൽനിന്നും മറ്റും മറ്റുവഴികളിലൂടെ എത്തിക്കേണ്ടി വരും. അപ്പോൾ പച്ചക്കറിവില ഇപ്പോഴുള്ളതിന്റെ ഇരട്ടിയെങ്കിലുമാവും. 2009ലാണ് ചാമരാജ് നഗർ കലക്ടറുടെ ഉത്തരവ് പ്രകാരം കർണാടകയുടെ ഭാഗത്തുള്ള ബന്ദിപൂർ വനമേഖലയിലെ 22 കിലോമീറ്റർ ദൂരം വരുന്ന ദേശീയപാതയിൽ രാത്രി യാത്രാ നിരോധിച്ചത്. ഇതിനെതിരെ കേരളം സമർപ്പിച്ച അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ ഒറ്റക്കെട്ടായി നടത്തുന്ന സമരത്തിൽ ഇതുവരെആയിരത്തിലധികം സംഘടനകൾ നേരിട്ടുവന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അര ലക്ഷത്തോളം ജനങ്ങൾ പങ്കുകൊണ്ടു.സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിരവധി പ്രതിഷേധ പ്രകടനങ്ങളാണ് ബത്തേരി നഗരത്തിൽ ദിവസവും നടക്കുന്നത്. മുസ്ലിം യൂത്ത്ലീഗ്, യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, യുവമോർച്ച, വ്യാപാരി വ്യവസായി യൂത്ത് വിങ് എന്നീ സംഘടനകളുടെ ഓരോ പ്രതിനിധികളാണ് ബത്തേരി സ്വതന്ത്ര മൈതാനിയിലെ സമര പന്തലിൽ നിരാഹാര സമരം അനുഷ്ഠിക്കുന്നത്. വയനാട്ടിലെ കലാലയങ്ങൾ ബഹിഷ്‌കരിച്ച് വിദ്യാർത്ഥികൾ ഒന്നടങ്കം സമരത്തിന് പിന്തുണ അറിയിക്കാൻ എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP