Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാർ സൂസപാക്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരവേ പരിഹാസവുമായി യുക്തിവാദി ഗ്രൂപ്പുകൾ; കേരളത്തിന്റെ സൈന്യം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവർത്തനത്തിന് ഇറക്കിയ ക്യാപ്ടനെ മറക്കരുതെന്ന് വിശ്വാസികൾ; മതവും ജാതിയും നോക്കാതെ ആതുര ശുശ്രൂഷയ്ക്ക് ഇറങ്ങുകയും പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന മെത്രാന് വേണ്ടി എങ്ങും പ്രാർത്ഥന

മാർ സൂസപാക്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരവേ പരിഹാസവുമായി യുക്തിവാദി ഗ്രൂപ്പുകൾ; കേരളത്തിന്റെ സൈന്യം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവർത്തനത്തിന് ഇറക്കിയ ക്യാപ്ടനെ മറക്കരുതെന്ന് വിശ്വാസികൾ; മതവും ജാതിയും നോക്കാതെ ആതുര ശുശ്രൂഷയ്ക്ക് ഇറങ്ങുകയും പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന മെത്രാന് വേണ്ടി എങ്ങും പ്രാർത്ഥന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലത്തീൻ കത്തോലിക്ക സഭ ആർച്ച് ബിഷപ്പ് ഡോ. എം സൂസപാക്യത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. ആർച്ച് ബിഷപ്പ് കടുത്ത പനിയെതുടർന്ന് ഗുരുതരാവസ്ഥയിലെന്ന് സഭ വാർത്താകുറിപ്പിൽ അറിയിച്ചു. കിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമിപ്പോൾ. ഒക്ടോബർ ഒന്നിന് ദോഹയിൽനിന്ന് തിരികെ വരുമ്പോഴാണ് പനി തുടങ്ങിയത്. തുടർന്ന് തിരുവനന്തപുരം ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യുമോണിയ ബാധയെ തുടർന്ന് വിദഗ്ദ ചികിൽസക്കായി കിംസിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും സഹായ മെത്രാൻ വ്യക്തമാക്കി.

വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയേയും തിരുസംഘത്തെയും അതിരൂപതയിൽ നിന്നും വിവിധ രാജ്യങ്ങളിൽ വൈദിക പഠനം നടത്തുന്ന വിദ്യാർത്ഥികളെയും സ്ഥാപനാധികൃതരേയും സന്ദർശിച്ച ശേഷം ഈ മാസം ഒന്നിനാണ് ഡോ.സൂസപാക്യം തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. നേരിയ പനി അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഉച്ചയോടെ പനി കൂടുകയും അണുബാധ കലശലാവുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതോടെ വിദഗ്ധ ചികിത്സയ്ക്കായി കിംസിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ ആർച്ച് ബിഷപ്പിന്റെ ആരോഗ്യത്തിന് വേണ്ടി ഏവരും പ്രാർത്ഥിക്കണമെന്ന് വിശ്വാസിയായ ക്ലിന്റൺ ഡാമിയൻ പോസ്റ്റ് ഇട്ടിരുന്നു. ഇതിനെ യുക്തിവാദികൾ കളിയാക്കി. പ്രാർത്ഥിക്കുകയല്ല ആശുപത്രിയിൽ പോവുകയാണ് വേണ്ടതെന്നായിരുന്നു കളിയാക്കൽ. അനാവശ്യമായ ഈ കളിയാക്കലിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ആളികത്തുകയാണ്.

പാവങ്ങളുടെ ആർച്ച് ബിഷപ്പായിരുന്നു സൂസപാക്യം. തെക്കൻ കേരളത്തിലെ തീരമേഖലയിൽ വലിയ സ്വാധീനമുണ്ടായിരുന്ന മത നേതാവ്. കേരളം പ്രളയത്തിലേക്ക് പോയപ്പോൾ രക്ഷകരായെത്തിയത് മത്സ്യത്തൊഴിലാളികളായിരുന്നു. ഇവരെ പിന്നീട് കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രി പോലും വിശേഷിപ്പിച്ചു. ഈ സൈന്യത്തിന്റെ കരുത്തും ചാലക ശക്തിയുമായിരുന്നു സൂസപാക്യം. പാവങ്ങളുടെ വേദന തൊട്ടറിഞ്ഞ പിതാവ്. ഓഖി പോലുള്ള ദുരന്തമെത്തിയപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് പരമാവധി ആശ്വാസമെത്തിക്കാൻ ഓടി നടന്ന വ്യക്തികൂടിയാണ് സൂസപാക്യം. അങ്ങനെ സമൂഹത്തിൽ വലിയ സ്വാധീനമുള്ള ആർച്ച് ബിഷപ്പിനെതിരായ കളിയാക്കലുകളെ ജാതി മത വ്യത്യാസം ഇല്ലാതെയാണ് ആളുകൾ ചോദ്യം ചെയ്യുന്നത്.

അടിയന്തര പ്രാർത്ഥനാ അഭ്യർത്ഥന..... പ്രിയരേ, ഒക്ടോബർ ഒന്നാം തിയതി, വത്തിക്കാനിൽ വച്ചു നടന്ന കേരള ലത്തീൻ മെത്രാന്മാരുടെ Adi Limina സന്ദർശനത്തിനു ശേഷം രോഗബാധിതനായി മടങ്ങിയെത്തിയ അഭിവന്ദ്യ സൂസപാക്യം പിതാവിനെ, ശ്വാസസംബന്ധമായ അസുഖത്തെത്തുടർന്ന് ആദ്യം ജൂബിലി ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. നിങ്ങളുടെ പ്രാർത്ഥന സഹായം അഭ്യർത്ഥിക്കുന്നു.-ഇതായിരുന്നു ക്ലിന്റൺ ഡാമിയൻ ഇട്ട പോസ്റ്റ്. ഞങ്ങളുടെ ബിഷപ്പിനെ ദൈവം രക്ഷിക്കും , #ഹോസ്പിറ്റലിൽ കൊണ്ടുപോക്കരുത് . . .കൊണ്ടുപോക്കരുത് . .ഞങ്ങൾ എല്ലാ വിശ്വാസികളും പ്രാർത്ഥിക്കാം-ഇതായിരുന്നു ഒരു കളിയാക്കൽ. ഞങ്ങൾ പ്രാർത്ഥിക്കുന്നതിന് പകരം വട്ടായിലച്ചൻ പ്രാർത്ഥിച്ചാൽ അല്ലേ വല്ല അത്ഭുതവും നടക്കുകയുള്ളൂ എന്ന് മറ്റൊരു പരിഹാസം. ഇദ്ദേഹം ഏതെങ്കിലും ധ്യാന ഗുരുവിനെ വിളിച്ചുവരുത്തി ഒന്ന് പ്രാർത്ഥിച്ചാൽ പോരേ? അല്ലെങ്കിൽ അഭിഷിക്തൻ സ്വയം അങ്ങ് ചെയ്യൂ. എന്തിനാണീ ദരിദ്രവാസികളുടെ പ്രാർത്ഥന-ഇങ്ങനേയും കളിയാക്കൽ എത്തി.

ഇതുമായി ബന്ധപ്പെട്ട് ക്ലിന്റൺ ഡാമിയൻ ഇട്ട പോസ്റ്റ് ചുവടെ

ഞങ്ങളുടെ തിരുവനന്തപുരം ലത്തീൻ അതിരൂപതാദ്ധ്യക്ഷൻ റോമിൽ നിന്നും സന്ദർശനം കഴിഞ്ഞ് മടങ്ങിവരുന്ന വേളയിൽ അസുഖബാധിതനാകുകയും ആദ്യം അതിരൂപതയുടെ കീഴിലുള്ള ജൂബിലി ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് കിംസ് ആശുപത്രിയിലെയ്ക്ക് മാറ്റിയ വിവരം നിങ്ങൾ ഏവരും അറിഞ്ഞിരിക്കുമല്ലോ. രോഗവസ്ഥയിൽ പ്രാർത്ഥിക്കണം എന്ന സന്ദേശം ഞാൻ ഉൾപ്പെടെ ഒത്തിരി പേർ ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു. എന്നാൽ അതിനെ അപമാനിക്കുന്നവിധവും പിതാവിനെ അവഹേളിക്കുന്നതരത്തിലും ചില യുക്തിവാദി വ്യക്തിത്വങ്ങൾ അധിക്ഷേപങ്ങൾ എഴുതി പിടിപ്പിക്കുന്നത് കണ്ടിട്ടിരുന്നു.

അവരോട് ഒന്നു രണ്ടു കാര്യങ്ങൾ പറയാനുണ്ട്. നിങ്ങളൊക്കെ പല പേരിലും വലിയ 'ബുദ്ധിജീവി പരിപാടികൾ ' നടത്തി സമൂഹത്തെ ശാസ്ത്ര ചിന്തയിലൂടെ നവീകരിക്കാൻ നടക്കുന്നവരാണല്ലോ...... നിങ്ങൾക്കു മുമ്പിൻ ആദ്യം കാട്ടിതരുന്നത് അതേ ശാസ്ത്രത്തിനു വേണ്ടി ഭാരതത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്കു വേണ്ടി ഒരു പള്ളിയും ഇടവകയും വിട്ടുനൽകിയ തിരുവനന്തപുരം ലത്തീൻ അതിരൂപതയെ കുറിച്ച് അറിയുക......

അതിന് ജനത്തെ നയിച്ച പീറ്റർ ബർണാഡ് പെരേര തിരുമേനിയെ അറിയുക..... തിരുവിതാകൂറിൽ വസൂരിയും മറ്റും നടനമാടിയിരുന്ന കാലത്ത് ആരംഭിച്ച ജനറൽ ഹോസ്പിറ്റലിൽ ജാതി ചിന്തകൾക്ക് അതീതമായി ലോകത്തര നിലവാരത്തിൽ സേവനം നൽകാൻ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് സമീപിച്ചത് അലോഷ്യസ് മരിയ ബെൻസിർ പിതാവിനെയാണ്. തുടർന്ന് പിതാവ് സ്വിസർലാൻഡിൽ നിന്ന് ഹോളിക്രോസ് സന്യാസ സമൂഹത്തെ ക്ഷണിക്കുകയും അവരെ സേവനം ചെയ്യാൻ നിയോഗിച്ചു.ഇന്നും ജനറൽ ആശുപത്രിയിൽ അവർ സേവനം ചെയ്യുന്നുണ്ട്. കേരളത്തിൽ ചാരായ നിരോധനത്തിനു മുഖ്യ പങ്കുവഹിച്ചത് ആരെന്ന് ഒന്ന് ചരിത്രം ചികഞ്ഞ് നോക്കുക ..... പൊലീസും മറ്റും കയറാൻ മുട്ടിടിച്ചു നിന്നയിടത്ത് ആ ജനതയുടെ ഇടയിൽ ബോധവൽക്കരണം നടത്തി രക്തചൊരിച്ചിൽ ഇല്ലാതെ പിന്തിരിപ്പിച്ച് തിരുവനന്തപുരത്തിന്റെ തെക്കൻ മേഖലയിൽ വിപ്ലവാത്മകമായ മാറ്റം കൊണ്ടു വന്ന വലിയ മനുഷ്യനാണ് ഞങ്ങളുടെ സൂസപാക്യം പിതാവ്.

കത്തോലിക്കാ സഭ ഒരിക്കലും തന്നെ വൈദ്യശാസ്ത്രത്തോട് മുഖം തിരിഞ്ഞു നിന്നിട്ടില്ല... ഡോക്ടർമാരും നേഴ്‌സുമാരുമായ ഞങ്ങളുടെ വൈദീകരും സന്യസ്തരും ഞങ്ങളുടെ ആശുപത്രികളുമാണ് അതിന് ഉത്തരമായി ഞങ്ങൾ നിങ്ങൾക്കു മുൻപിൽ ഉയർത്തി കാട്ടുന്നത്. കത്തോലിക്ക സഭ ഒരിക്കലും തന്റെ വിശ്വാസികളോട് ആശുപത്രിയിൽ പോകാൻ പാടില്ല എന്നു വിലക്കിയിട്ടുമില്ല...... സൂസപാക്യം പിതാവ് എന്നതിലുപരി അസുഖ ബാധിതനായി ചികിത്സ തേടുന്ന ഒരു വന്ദ്യവയോധികനെ അപമാനിക്കുന്ന... ഇതുവരെ ഒരു കോപ്പും കേരള സമൂഹത്തിന് നൽകാത്ത നിങ്ങളുടെ മുഖത്തു നോക്കി ഒരു രണ്ടു വാക്കു പറഞ്ഞില്ലെങ്കിൽ പിന്നെ ഞാനെന്തു കത്തോലിക്കൻ.... ഞങ്ങളുടെ ഇടയനു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കും....

പിൻകുറിപ്പ്: ഇന്ന് കേരളത്തിലെ ഏതൊരു മത സാമുദായിക നേതൃത്വത്തിൽ നിൽക്കുന്ന ഒരു മനുഷ്യനെ എളിമ , സ്‌നേഹം, ലാളിത്യം എന്നിവയുടെ ത്രാസ് കൊണ്ട് അളന്നാൽ സൂസപാക്യം പിതാവിന്റെ തട്ട് ഒരു പടി താഴ്ന്ന് തന്നെ ഇരിക്കും.....

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP