Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രശാന്തിനെ കൗൺസിലറും റെക്കോഡ് ഭൂരിപക്ഷം നേടി വന്നപ്പോൾ മേയറാക്കിയതും ഞാൻ ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ എന്ന് കുമ്മനത്തിന് അറിയില്ലേ? ഗവർണർ സ്ഥാനം രാജി വെച്ച് കേന്ദ്ര മന്ത്രിയാകാൻ വന്ന് നാണംകെട്ടത് പോലെയാണോ എല്ലവരും; കുമ്മനം ശ്രമിക്കുന്നത് സുരേഷിന്റെ മൂന്നാം സ്ഥാനം ഉറപ്പിക്കാൻ; അനാഥ പ്രേതം പോലെ നടക്കുന്ന അദ്ദേഹത്തോട് സഹതാപമുണ്ട്; പ്രശാന്തിനെ കഴക്കൂട്ടത്ത് നിന്ന് ഒഴിവാക്കിയത് ചതിയെന്ന ആരോപണത്തിൽ കുമ്മനത്തിനെതിരെ കടകംപള്ളി

പ്രശാന്തിനെ കൗൺസിലറും റെക്കോഡ് ഭൂരിപക്ഷം നേടി വന്നപ്പോൾ മേയറാക്കിയതും ഞാൻ ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ എന്ന് കുമ്മനത്തിന് അറിയില്ലേ? ഗവർണർ സ്ഥാനം രാജി വെച്ച് കേന്ദ്ര മന്ത്രിയാകാൻ വന്ന് നാണംകെട്ടത് പോലെയാണോ എല്ലവരും; കുമ്മനം ശ്രമിക്കുന്നത് സുരേഷിന്റെ മൂന്നാം സ്ഥാനം ഉറപ്പിക്കാൻ; അനാഥ പ്രേതം പോലെ നടക്കുന്ന അദ്ദേഹത്തോട് സഹതാപമുണ്ട്; പ്രശാന്തിനെ കഴക്കൂട്ടത്ത് നിന്ന് ഒഴിവാക്കിയത് ചതിയെന്ന ആരോപണത്തിൽ കുമ്മനത്തിനെതിരെ കടകംപള്ളി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വികെ പ്രശാന്തിനെ വട്ടിയൂർക്കാവിൽ മത്സരിപ്പിച്ചത് കടകംപള്ളിക്ക് കഴക്കൂട്ടം നിയമസഭ മണ്ഡലം സേഫ് ആക്കാൻ വേണ്ടിയാണെന്ന കുമ്മനം രാജശേഖരന്റെ ആരോപണത്തിന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രൻ. എല്ലാവരും ബിജെപി നേതാക്കളെപ്പോലെ പരസ്പരം പാര പണിയുന്നവരാണ് എന്ന ധാരണയിലാണ് കുമ്മനം അത്തരത്തിലൊരും ആരോപണം ഉന്നയിച്ചതെന്ന് മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ മറുപടി നൽകി. തിരുവനന്തപുരം എംപിയാകാൻ വന്ന് തോറ്റ കുമ്മനം ഗതികിട്ടാ പ്രേതം പോലെ അലയുന്നത് കാണുമ്പോൾ സഹതാപമുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. എന്നാൽ തനിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു താൽപര്യവും ഇല്ലെന്നും പാർട്ടി പറഞ്ഞാൽ പഞ്ചായത്ത് മെമ്പർ സ്ഥാനത്തേക്ക് മത്സരിക്കാൻ വരെ തയ്യാറാണെന്നും കുമ്മനം മറുപടി നൽകി. തിരുവനന്തപുരത്ത് മത്സരിക്കാൻ വന്നപ്പോൾ തന്നെ വർഗ്ഗീയവാതിയായി ചിത്രീകരിച്ച ആളുകളാണ് ഇപ്പോൾ തനിക്ക് സീറ്റ് കിട്ടാത്തതിൽ പരിതപിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

കടകംപള്ളി സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വട്ടിയൂർക്കാവിൽ കുമ്മനടിക്കാനാകാത്തതിന്റെ നിരാശ കുമ്മനം രാജശേഖരൻ അസത്യപ്രചാരണത്തിലൂടെ മറികടക്കാൻ ശ്രമിക്കുന്നതിന്റെ വാർത്തകൾ കണ്ടു. ഗവർണർ സ്ഥാനം രാജിവെച്ച് തിരുവനന്തപുരം എംപിയാകാൻ വന്ന കുമ്മനം ഗതികെട്ടാ പ്രേതമായി അലയുന്നതിൽ സഹതാപമുണ്ട്. ഗവർണർ സ്ഥാനത്ത് നിന്ന് രാജിവെച്ച് ലോക് സഭയിലേക്ക് മത്സരിക്കാൻ വന്ന സമയത്ത് കുമ്മനത്തിന് കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന സ്ഥിതിയുണ്ടാകുമെന്ന് ഞാൻ പറഞ്ഞതിന്റെ അർത്ഥം അദ്ദേഹത്തിന് ഇപ്പോൾ മനസിലായിട്ടുണ്ടാകും.

വട്ടിയൂർക്കാവിൽ മത്സരിക്കാൻ കച്ചകെട്ടിയ കുമ്മനത്തിനെ ബിജെപി നേതൃത്വം കുതികാൽ വെട്ടിയതാണെന്ന് പരസ്യമായി സമ്മതിച്ചത് കുമ്മനം തന്നെയാണ്. പരാജയ ഭീതി മൂലം പിന്മാറിയതാണെന്ന കഥ പ്രചരിക്കുന്നതിനിടെയാണ് സ്ഥാനാർത്ഥിയാക്കാത്തതിന്റെ കാരണം അറിയില്ലെന്ന വിലാപവുമായി അദ്ദേഹം രംഗത്തെത്തിയത്. ഗവർണർ സ്ഥാനം കൊടുത്തിട്ടും അതിൽ തൃപ്തനാകാതെ കേന്ദ്രമന്ത്രി സ്ഥാനം സ്വപ്നം കണ്ട് രാജിവെച്ച് നാണം കെട്ടിട്ടും, വീണ്ടും മത്സര മോഹവുമായി വന്ന തന്നെ പോലെയാണ് എല്ലാവരുമെന്ന ധാരണ കുമ്മനത്തിനുണ്ടാകും. അതുകൊണ്ടാകാം അഡ്വ. വി.കെ പ്രശാന്തിനെ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കിയത് കടകംപള്ളി സുരേന്ദ്രന്റെ ചതിയാണെന്നൊക്കെ നിലവാരമില്ലാതെ കുമ്മനം പ്രസംഗിച്ചു നടക്കുന്നത്.

വികെ പ്രശാന്തിനെ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി തീരുമാനിച്ചത് ഞാനടങ്ങുന്ന പ്രസ്ഥാനമാണ്. പ്രശാന്തിനെ കൗൺസിലറായി കോർപ്പറേഷനിലേക്ക് മത്സരിപ്പിക്കാനും, ജയിച്ച് വന്നപ്പോൾ മേയറാക്കാനും തീരുമാനിച്ചത് ഞാൻ സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണെന്ന് കുമ്മനം അറിഞ്ഞിട്ടുണ്ടാവില്ല. വട്ടിയൂർക്കാവിൽ പ്രശാന്ത് വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ഉറപ്പായപ്പോൾ അടിസ്ഥാനമില്ലാത്ത വിവരദോഷ പ്രചാരണവുമായി കുമ്മനംജി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്.

കഴക്കൂട്ടത്ത് മാത്രമല്ല സംസ്ഥാനത്തെ ഏത് മണ്ഡലത്തിലും മത്സരിക്കാനുള്ള സ്ഥാനാർത്ഥിയെ നേരത്തെ തീരുമാനിക്കുന്ന പാർലമെന്ററി വ്യാമോഹികളുടെ പാർട്ടിയല്ല സിപിഐഎമ്മെന്ന പ്രാഥമിക ജ്ഞാനം കുമ്മനത്തിന് ഉണ്ടാകാൻ വഴിയില്ല. പക്ഷേ, വട്ടിയൂർക്കാവ് എംഎൽഎയായി വി.കെ പ്രശാന്ത് തെരഞ്ഞെടുക്കപ്പെടുമെന്നത് പരോക്ഷമായി അംഗീകരിക്കുന്നതാണ് തന്റെ പ്രസ്താവനയെന്ന ബോധ്യം കുമ്മനത്തിനുണ്ടാകും. തന്നെ വെട്ടി വട്ടിയൂർക്കാവിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയുടെ മൂന്നാം സ്ഥാനം ഉറപ്പ് വരുത്തുന്നതിനാണ് ഇത്തരം പ്രസ്താവനകൾ കുമ്മനം നടത്തുന്നത്.

ഒരു കാര്യം അർത്ഥശങ്കയില്ലാതെ വ്യക്തമാക്കുന്നു. സിപിഐഎമ്മിലെ യുവ തലമുറയെ ഉയർത്തിക്കൊണ്ടുവന്ന ചരിത്രമാണ് കടകംപള്ളി സുരേന്ദ്രനുള്ളതെന്ന് കുമ്മനം മനസിലാക്കുന്നത് നല്ലതാകും. അല്ലാതെ, തെരഞ്ഞെടുപ്പ് എന്ന് കേട്ട ഉടൻ സ്ഥാനാർത്ഥി കുപ്പായമിട്ട് ഇറങ്ങുന്ന ആളുകളെ നാട്ടുകാർക്കറിയാം.

കുമ്മനത്തെ വെട്ടിയെന്ന് പറയുന്നവർ കുമ്മനത്തെ തട്ടിയിട്ടും മുട്ടിയിട്ടും നടക്കാൻ കഴിയില്ലെന്ന് ഇനി പറയുമെന്ന് അദ്ദേഹം സ്വയം വിമർശനം നടത്തിയതിൽ സന്തോഷമുണ്ട്. കുറേക്കാലമായി കുമ്മനത്തെ തട്ടിയിട്ടും, മുട്ടിയിട്ടും നടക്കാനാകുന്നില്ലെന്ന് പരാതിയുള്ളവരാണ് ബിജെപിയിലെ സ്ഥാനാർത്ഥി മോഹികൾ. കുമ്മനടി നാട്ടുകാർ അംഗീകരിക്കില്ലെന്ന് ബിജെപി ദേശീയ നേതൃത്വം തിരിച്ചറിഞ്ഞതിന്റെ സങ്കടം തീർക്കാൻ മറ്റുള്ളവരുടെ മേലല്ല കുതിര കയറേണ്ടതെന്ന് മാത്രമേ പറയാനുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP