Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശബരിമലയിൽ സ്ത്രീകളടക്കം ആരായാലും ആചാരം പാലിക്കണം എന്ന നിലപാടിൽ ഉറച്ച് ശങ്കർ റൈ; ഏതുവിധേനയും ശബരിമല ചർച്ചയാകാതിരിക്കാൻ ശ്രമിക്കുന്ന സിപിഎമ്മിന് തലവേദനയായി മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയുടെ പ്രസ്താവന; വിശ്വാസ പ്രശ്‌നങ്ങൾ ചർച്ചയാക്കാതെ പാലാരിവട്ടം അഴിമതി അടക്കമുള്ള വിഷയം ചർച്ചയാക്കാൻ തന്ത്രം മെനയുന്നു; ഭരണനേട്ടമായി ദേശീയപാതാ വികസനത്തിലെ സർക്കാർ ഇടപെടൽ ഉയർത്തിക്കാട്ടും; ബിജെപി എറിയുന്ന ശബരിമല ചൂണ്ടയിൽ കൊത്താതിരിക്കാൻ നേതാക്കൾക്ക് നിർദ്ദേശം

ശബരിമലയിൽ സ്ത്രീകളടക്കം ആരായാലും ആചാരം പാലിക്കണം എന്ന നിലപാടിൽ ഉറച്ച് ശങ്കർ റൈ; ഏതുവിധേനയും ശബരിമല ചർച്ചയാകാതിരിക്കാൻ ശ്രമിക്കുന്ന സിപിഎമ്മിന് തലവേദനയായി മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയുടെ പ്രസ്താവന; വിശ്വാസ പ്രശ്‌നങ്ങൾ ചർച്ചയാക്കാതെ പാലാരിവട്ടം അഴിമതി അടക്കമുള്ള വിഷയം ചർച്ചയാക്കാൻ തന്ത്രം മെനയുന്നു; ഭരണനേട്ടമായി ദേശീയപാതാ വികസനത്തിലെ സർക്കാർ ഇടപെടൽ ഉയർത്തിക്കാട്ടും; ബിജെപി എറിയുന്ന ശബരിമല ചൂണ്ടയിൽ കൊത്താതിരിക്കാൻ നേതാക്കൾക്ക് നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല വിഷയമാകും ഈ തെരഞ്ഞെടുപ്പിലും ചർച്ചാ വിഷയം ആകുക എന്നാണ് ബിജെപി നേതാക്കൾ മത്സരത്തിന് ഇറങ്ങും മുമ്പ് പരാതിപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഏറ്റവും ഗുണം ചെയ്തത് യുഡിഎഫിനായിരുന്നു. അതുകൊണ്ട് തന്നെ ഈ വിഷയം ഉപതിരഞ്ഞെടുപ്പിലും ചർച്ചയാക്കാനാണ് ശ്രമം. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ ദയനീയ തോൽവിയുടെ പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തിയത് ശബരിമല വിഷയം ആയിരുന്നു. അതുകൊണ്ട് തന്നെ വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ശബരിമല വിഷയമായി വരുന്ന അവസ്ഥ ഒഴിവാക്കാനായിരുന്നു ഇടതുമുന്നണിയുടേയും സിപിഎമ്മിന്റെയും ശ്രമം. പാലാ തെരഞ്ഞെടുപ്പിൽ അക്കാര്യത്തിൽ വിജയിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഇക്കുറി ശബരിമല വിഷയം ചർച്ചയാകാതിരിക്കാനാണ് സിപിഎം ശ്രമിച്ചെങ്കിലും മഞ്ചേശ്വരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ശങ്കർ റൈ ഈ വിഷയത്തിൽ പ്രതികരണം നടത്തിയതോടെ തെരഞ്ഞെടുപ്പു വേദിയിൽ ശബരിമല വിഷയം ചർച്ചയായി കഴിഞ്ഞിൽ. റൈയുടെ പ്രസ്താവനയിൽ സിപിഎം നേതാക്കൾക്കും അതൃപ്തിയുണ്ട്. ശബരിമലയിൽ ആചാരലംഘനം അനുവദിക്കാനാകില്ലെന്നായിരുന്നു ശങ്കർ റൈയുടെ പ്രതികരണം. ശബരിമലയിൽ വിശ്വാസമുള്ളവർക്ക് അവിടുത്തെ ആചാരങ്ങളനുസരിച്ച് പോകാമെന്നും ശങ്കർ റൈ പറഞ്ഞു.

സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശങ്കർ റൈയുടെ വാക്കുകളോട് പ്രതികരിച്ചു. പാർട്ടി വിരുദ്ധമായൊന്നും ശങ്കർ റൈ പറഞ്ഞിട്ടില്ല. ശബരിമല ചർച്ചാവിഷയമാകില്ലെന്നും അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം അനുസരിച്ചാണോ സുപ്രീം കോടതി പുനഃ പരിശോധന നടത്താൻ പോകുന്നത് എന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം. എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സിപിഐ.എം സ്ഥാനാർത്ഥിയും വിഷയത്തിൽ പ്രതികരിച്ചതോടെ ശബരിമല വിഷയം സജീവമാക്കാനാണ് കോൺഗ്രസ്, ബിജെപി ശ്രമം. ശങ്കർ റൈയുടേയും കോടിയേരിയുടെയും വാക്കുകളെ മുൻ നിർത്തി തുടരെ അഭിപ്രായ പ്രകടനങ്ങൾ നടത്തണമെന്നാണ് ബിജെപി നിർദ്ദേശം.

അതേസമയം രാഷ്ട്രീയ എതിരാളികൾ കൊളുത്തുന്ന ചൂണ്ടയിൽ കുരുക്കാതെ നോക്കണമെന്ന് സിപിഎമ്മും നേതാക്കളോട് പറഞ്ഞിട്ടുണ്ട്. തന്ത്രപൂർവ്വമായി വഴുതിമാറാനാണ് നിർദ്ദേശം. പാലായിലും ഇതേ തന്ത്രമാണ് മുന്നണി പയറ്റിയത്. അതേരീതിയിൽ മറ്റ് വിഷയങ്ങൾക്ക് ഊന്നൽകൊടുത്ത് പ്രചാരണം ആ വഴിക്ക് തിരിക്കാനാണ് ഇടതുമുന്നണിയുടെശ്രമം. പാലായിൽ നടത്തിയ പരീക്ഷണത്തിലൂടെ അഞ്ച് മണ്ഡലങ്ങളിലും വിജയിച്ചുകയറാമെന്ന തന്ത്രമാണ് ഇടതിന്റെ അണിയറയിൽ തയാറാകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ശബരിമല വിഷയത്തിലെ പാർട്ടി നിലപാട് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിയാത്തതിനാലാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി തന്നെ വിലയിരുത്തിയിരുന്നു.

ഇതേതുടർന്നാണ് പരിഹാര നടപടികളുമായി സിപിഎം ഗൃഹ സമ്പർക്കത്തിനിറങ്ങിയത്. ശബരിമല വിഷയത്തിൽ മുന്നണി നിലപാട് ഗൃഹസമ്പർക്കത്തിലൂടെ സിപിഎം വ്യക്തമാക്കുകയും ചെയ്തു. ശബരിമലയിൽ കോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും കോടതി വിധി മറിച്ചായാൽ അതും നടപ്പിലാക്കുമെന്നുമാണ് പാർട്ടിയും മുന്നണിയും പറയുന്നത്. മാത്രമല്ല, ഉപതിരഞ്ഞെടുപ്പുകളിൽ ശബരിമല വിഷയം പ്രധാന ചർച്ചയായി ഉയർന്നുവരില്ലെന്ന പ്രതീക്ഷയും സിപിഎമ്മിനുണ്ട്.സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ പ്രധാന പ്രചാരണ വിഷയമാക്കി വോട്ട് തേടുക എന്ന തന്ത്രമാണ് ഉപതിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി സ്വീകരിക്കുക. ദേശീയ പാതാ വികസനത്തിലുൾപ്പെടെ സർക്കാരിന്റെ കാര്യമായ ഇടപെടലും ഉയർത്തിക്കാട്ടും. അതിനൊപ്പം പാലാരിവട്ടം പാലം അഴിമതി ഉൾപ്പെടെയുള്ള വിഷയം ഉയർത്തി യു.ഡി.എഫിന് തിരിച്ചടി നൽകുക എന്ന തന്ത്രവും സ്വീകരിക്കും.

പാലാരിവട്ടം വിഷയത്തിൽ മുന്മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലൻസ് കരങ്ങൾ നീണ്ടാൽ അതും ഇടതുമുന്നണി തിരഞ്ഞെടുപ്പ് ആയുധമാക്കും.പാലായിലെ വിജയം മറ്റ് മണ്ഡലങ്ങളിലെ വിജയ സാദ്ധ്യതയെ വർദ്ധിപ്പിക്കുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ യു.ഡി.എഫ് അനുകൂല തരംഗം ഇപ്പോഴില്ലെന്നും ഇടതുമുന്നണി കണക്കുകൂട്ടുന്നു. അതിനാൽ, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചില യു.ഡി.എഫ് സീറ്രുകളിൽ കൂടി ജയിച്ചുകയറാം എന്നതാണ് ഇടത് വിശ്വാസം. സ്ഥാനാർത്ഥി നിർണയം തീരെ പ്രശ്‌നങ്ങളില്ലാതെ നടത്തിയതും യു.ഡി.എഫിലും ബിജെപിയിലും അതുണ്ടായതും തങ്ങൾക്ക് ഗുണകരമാവുമെന്നും ഇടതുമുന്നണി കണക്കുകൂട്ടുന്നു. രംഗത്തിറക്കിയ സ്ഥാനാർത്ഥികളെല്ലാം യുവാക്കളാണെന്നതും അനുകൂല ഘടകമായി വിലയിരുത്തുന്നു.

പത്തനംതിട്ടയിൽ മാത്രമാണ് സ്ഥാനാർത്ഥി നിർണയത്തിനെതിരെ ചില അപസ്വരങ്ങൾ ഉയർന്നത്. എന്നാൽ, അത് വലിയ വിഷയമാകാതെ ഒഴിവാക്കാനും സിപിഎമ്മിന് കഴിഞ്ഞു. കോന്നി, എറണാകുളം മണ്ഡലങ്ങളിൽ മികച്ച പ്രതീക്ഷ പാർട്ടി വച്ചുപുലർത്തുന്നുണ്ട്. മേയറെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ച വി.കെ. പ്രശാന്തിനെ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കിയതും വിജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ്.മഞ്ചേശ്വരത്തും വിജയ പ്രതീക്ഷയിലാണ് പാർട്ടി. അരൂരിൽ അട്ടിമറിയൊന്നും നടക്കില്ലെന്നും സീറ്റ് നിലനിർത്തുമെന്നും പാർട്ടി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP