Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേഠിക്ക് പിന്നാലെ റായ്ബറേലിയിലും കോൺഗ്രസിന്റെ അടിത്തറ ഇളകുന്നു; പ്രിയങ്ക ഗാന്ധി നേതൃത്വം നൽകി പദയാത്രയിൽ നിന്നു വിട്ടുനിന്നു കോൺഗ്രസ് എംഎൽഎ അദിതി സിങ്; കോൺഗ്രസ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത യോഗി സർക്കാരിന്റെ ഗാന്ധി ജയന്തി ദിനത്തിലെ പരിപാടിയിലും പങ്കെടുത്തു; ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെയും പിന്തുണച്ച അദിതി ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തം; വികസനത്തിന ഒപ്പമെന്നും കോൺഗ്രസ് എംഎൽഎ

അമേഠിക്ക് പിന്നാലെ റായ്ബറേലിയിലും കോൺഗ്രസിന്റെ അടിത്തറ ഇളകുന്നു; പ്രിയങ്ക ഗാന്ധി നേതൃത്വം നൽകി പദയാത്രയിൽ നിന്നു വിട്ടുനിന്നു കോൺഗ്രസ് എംഎൽഎ അദിതി സിങ്; കോൺഗ്രസ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത യോഗി സർക്കാരിന്റെ ഗാന്ധി ജയന്തി ദിനത്തിലെ പരിപാടിയിലും പങ്കെടുത്തു; ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെയും പിന്തുണച്ച അദിതി ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തം; വികസനത്തിന ഒപ്പമെന്നും കോൺഗ്രസ് എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ അടിത്തറ ഇളകിയ കോൺഗ്രസ് സോണിയ ഗാന്ധിയുടെ മണ്ഡലത്തിലും തിരിച്ചടി നേരിടുന്നു. സ്വന്തം പാളയത്തിൽ നിന്നും ഒരു എംഎൽഎ കൂടി മറുകണ്ടം ചാടാനുള്ള തയ്യാറെടുപ്പു തുടങ്ങിയതാണ് കോൺഗ്രസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. റായ്ബറേലി മണ്ഡലത്തിൽ നിന്നുള്ള എംപി സോണിയ ഗാന്ധി ആണെങ്കിലും കുറച്ചുകാലമായി മണ്ഡലം നോക്കുന്നത് പ്രിയങ്ക ഗാന്ധിയാണ്. ഈ പ്രിയങ്ക പങ്കെടുത്ത പരിപാടിയിൽ നിന്നും മാറി നിന്നത് കോൺഗ്രസ് എംഎൽഎ അദിതി സിങ്.

ഗാന്ധി ജയന്തി ദിനത്തിൽ ലക്‌നൗവിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേതൃത്വം നൽകിയ പദയാത്രയിൽനിന്നുമാണ് കോൺഗ്രസ് എംഎൽഎ വിട്ടു നിന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലത്തിൽപ്പെടുന്ന റായ്ബറേലി ജില്ലയിലെ എംഎൽഎ അദിതി സിങ് ആണ് പദയാത്രയിൽ പങ്കെടുക്കാതെ ഇടഞ്ഞുനിന്നത്. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനമായ ഇന്നലെ യുപി നിയമസഭയിലെ പ്രത്യേക സമ്മേളനത്തിന് എത്തിയ അദിതി സിങ്, സംയുക്ത പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിലും പങ്കാളിയായില്ല.

പ്രിയങ്ക ഗാന്ധിയുടെ അടുത്തയാളാണ് അദിതി. പിതാവ് അഖിലേഷ് സിങ്ങിനു ഗാന്ധി കുടുംബവുമായി നല്ല ബന്ധമാണ്. എന്നിട്ടും, ഉത്തർപ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക സംസ്ഥാനത്തു നടത്തിയ പ്രകടനത്തിൽ അദിതി പങ്കെടുക്കാത്തതു രാഷ്ട്രീയ ഊഹാപോഹങ്ങൾക്കു തിരികൊളുത്തി. അദിതി സിങ് ബിജെപിയിലേക്കു പോകുന്നു എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽനിന്നുള്ള സൂചനകൾ. ഇതേപ്പറ്റി ഔദ്യോഗികമായി അദിതി പ്രതികരിച്ചിട്ടില്ല.

പാർട്ടി നിലപാടിനെ വീണ്ടും പരസ്യമായി തള്ളി അദിതി സിങ് കോൺഗ്രസ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത യോഗി സർക്കാരിന്റെ ഗാന്ധി ജയന്തി ദിനത്തിലെ പരിപാടിയിൽ അദിതി പങ്കെടുത്തു. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേർത്ത് യുപി സർക്കാർ നടത്തിയ ഗാന്ധി ജന്മദിന പരിപാടിയിലാണ് അദിതി പങ്കെടുത്തത്. കോൺഗ്രസ്, സമാജ്വാദി പാർട്ടി, ബിഎസ്‌പി തുടങ്ങിയ പ്രധാന പ്രതിപക്ഷ പാർട്ടികൾ പരിപാടി ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരുന്നു.

തന്റെ മണ്ഡലത്തിലെ കുടിവെള്ള, ശുചിത്വ പ്രശ്നങ്ങൾ അദിതി പരിപാടിയിൽ സംസാരിക്കുന്നതിനിടെ ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ പ്രശ്നങ്ങൾ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിന് ഇത് നല്ലൊരവസരമായി കണ്ടുവെന്ന് ന്യൂസ്18-ന് നൽകിയ അഭിമുഖത്തിനിടെ അവർ പ്രതികരിച്ചു. വികസനം കൊണ്ടുവരാനാണ് ജനങ്ങൾ വോട്ട് ചെയ്ത് എന്നെ തിരഞ്ഞെടുത്തത്. പാർട്ടി എടുക്കുന്ന തീരുമാനം അനുസരിക്കാൻ ഞാൻ ബാധ്യസ്ഥയാണ്. അതേ സമയം എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഞാൻ ചെയ്തുവെന്നും അദിതി പറഞ്ഞു.

ജമ്മുകശ്മിരിന് പ്രത്യേക പദവി നൽകുന്ന 370-ാം അനുച്ഛേദം എടുത്ത് കളഞ്ഞ കേന്ദ്ര സർക്കാർ നടപടിയേയും അവർ നേരത്തെ പിന്തുണച്ചിരുന്നു. യോഗി സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്തെങ്കിലും ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രിയങ്കഗാന്ധിയുടെ നേതൃത്വത്തിൽ ലഖ്നൗവിൽ സംഘടിപ്പിച്ച സമാധാന സന്ദേശ റാലിയിൽ നിന്ന് അദിതി വിട്ട് നിൽക്കുകയും ചെയ്തു.

റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിലെ അഞ്ച് നിയമസഭാ സീറ്റുകളിൽ രണ്ടെണ്ണമാണു കോൺഗ്രസിന്റെ കയ്യിൽ. ബാക്കി രണ്ടെണ്ണത്തിൽ ബിജെപിയും ഒരെണ്ണത്തിൽ സമാജ്വാദി പാർട്ടിയുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സോണിയയോടു മത്സരിച്ചുതോറ്റ ബിജെപി സ്ഥാനാർത്ഥി ദിനേഷ് സിങ്, ഹർചന്ദ്പുരിലെ കോൺഗ്രസ് എംഎൽഎയുടെ സഹോദരനാണ്. പൊതുതിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണു കോൺഗ്രസ് വിട്ട് ദിനേഷ് ബിജെപിയിൽ ചേർന്നത്.

ദിനേഷിന്റെ മാതൃക പിന്തുടർന്ന് അദിതിയും ബിജെപിയും ചേർന്നാൽ കോൺഗ്രസിനു വലിയ തിരിച്ചടിയാവും. യുപിയിൽ കോൺഗ്രസിനു കിട്ടിയ ഏക ലോക്‌സഭാ സീറ്റാണു റായ്ബറേലി എന്നതു തന്നെ കാരണം. സോണിയയുടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞപ്പോൾ, മകനും മുൻ കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി സമീപ മണ്ഡലമായ അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടു പരാജയപ്പെട്ടു. നിലവിൽ വയനാട്ടിൽനിന്നുള്ള എംപിയാണു രാഹുൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP