Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാക്കോബായ സഭ വിശ്വസിക്കുന്നത് കോടതി വിധിയിലല്ല, ബൈബിളിലാണ്; സഭയുടെ സ്വത്ത് കയ്യേറി കടം വീട്ടാമെന്ന വ്യാമോഹം ആർക്കും വേണ്ട; പള്ളിയുടെയും സെമിത്തേരിയുടെയും അവകാശം ഇടവകക്കാർക്കു നൽകാൻ സർക്കാർ നിയമനിർമ്മാണം നടത്തണം; ദേവലോകം അരമനയിലേക്കുള്ള മാർച്ച് തടഞ്ഞപ്പോൾ റോഡിൽ പ്രതിഷേധിച്ച യാക്കോബായ സഭാ മെത്രാന്മാർ പറഞ്ഞത് ഇങ്ങനെ; സിപിഎമ്മിനൊപ്പം നിന്നിട്ടും നീതി കിട്ടിയില്ലെന്ന പരാതിയുമായി വിശ്വാസികൾ

യാക്കോബായ സഭ വിശ്വസിക്കുന്നത് കോടതി വിധിയിലല്ല, ബൈബിളിലാണ്; സഭയുടെ സ്വത്ത് കയ്യേറി കടം വീട്ടാമെന്ന വ്യാമോഹം ആർക്കും വേണ്ട; പള്ളിയുടെയും സെമിത്തേരിയുടെയും അവകാശം ഇടവകക്കാർക്കു നൽകാൻ സർക്കാർ നിയമനിർമ്മാണം നടത്തണം; ദേവലോകം അരമനയിലേക്കുള്ള മാർച്ച് തടഞ്ഞപ്പോൾ റോഡിൽ പ്രതിഷേധിച്ച യാക്കോബായ സഭാ മെത്രാന്മാർ പറഞ്ഞത് ഇങ്ങനെ; സിപിഎമ്മിനൊപ്പം നിന്നിട്ടും നീതി കിട്ടിയില്ലെന്ന പരാതിയുമായി വിശ്വാസികൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നവോത്ഥാന മതിലിൽ പങ്കാളികളായവരാണ് യാക്കോബായക്കാർ. ചെങ്ങന്നൂരിൽ സിപിഎം നേതാവ് സജി ചെറിയാന് ജയമൊരുക്കാൻ പണിയെടുത്തവർ. എന്നിട്ടും പള്ളി കേസിൽ ഒടുവിൽ പിണറായി സർക്കാർ യാക്കോബായക്കാരെ കൈവിട്ടു. പിറവം പള്ളി പൂട്ടി താക്കലെടുത്തു. ഓർത്തഡോക്‌സുകാർക്ക് അനുകൂലമായ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. പ്രശ്‌ന പരിഹാരത്തിന് നിയമ നിർമ്മാണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുകയാണ് യാക്കോബായക്കാർ.

പള്ളിയുടെയും സെമിത്തേരിയുടെയും അവകാശം ഇടവകക്കാർക്കു നൽകാൻ സർക്കാർ നിയമനിർമ്മാണം നടത്തണമെന്നു യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മാർ തിമോത്തിയോസ് ആവശ്യപ്പെട്ടു. കോട്ടയം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധി മുൻനിർത്തി യാക്കോബായ സഭയുടെ പള്ളികൾ കയ്യടക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു സഭാ നേതൃത്വവും വിശ്വാസികളും അണിനിരന്ന മാർച്ച്. പള്ളിയും സെമിത്തേരിയും ഇടവകക്കാരുടേതാണ്. എറണാകുളം ജില്ലയിലെ പള്ളി കയ്യേറ്റങ്ങൾ മറ്റിടങ്ങളിലും തുടങ്ങിയാൽ ഗുണം ചെയ്യില്ലെന്ന് നമ്മൾ ബോധ്യപ്പെടുത്തുമെന്ന് ഡോ. തോമസ് മാർ തിമോത്തിയോസ് പറഞ്ഞു. യാക്കോബായ സഭയുടെ സമരം ധർമസമരമാണെന്നു നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് പ്രഖ്യാപിച്ചു.

നീതി കിട്ടുന്നതുവരെ സമാധാനപരമായി സമരം ചെയ്യും. ഒരു വിധിയും ശാശ്വതമല്ല. പട്ടിക വിഭാഗത്തെ ബാധിക്കുന്ന വിധി സുപ്രീം കോടതി തിരുത്തിയത് ഓർക്കണം. സഭയുടെ സ്വത്ത് കയ്യേറി കടം വീട്ടാമെന്ന വ്യാമോഹം ആർക്കും വേണ്ട. യാക്കോബായ സഭ വിശ്വസിക്കുന്നത് കോടതി വിധിയിലല്ല, ബൈബിളിലാണ് എന്നും ഡോ. ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. വിശ്വാസികൾ കഷ്ടപ്പെട്ടു പടുത്തുയർത്തിയ പള്ളികൾ പിടിച്ചെടുക്കാനുള്ള നീക്കം ശരിയല്ലെന്ന് ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത പറഞ്ഞു.

ഡോ. തോമസ് മാർ തിമോത്തിയോസ്, ഡോ.ഗീവർഗീസ് മാർ കൂറിലോസ്, സക്കറിയാസ് മാർ പീലക്സിനോസ്, തോമസ് മാർ അലക്സന്ത്രയോസ്, ഡോ. മാത്യൂസ് മാർ അന്തീമോസ്, മാത്യൂസ് മാർ തിമോത്തിയോസ്, ഏലിയാസ് മാർ യൂലിയോസ്, ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത എന്നിവരും വിവിധ ദേവാലയങ്ങളിലെ വൈദികരും പ്രതിഷേധ മാർച്ച് നയിച്ചു. ശാസ്ത്രി റോഡിലെ സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ നിന്ന് ആരംഭിച്ച മാർച്ച് കഞ്ഞിക്കുഴി കവലയ്ക്കു സമീപം പൊലീസ് തടഞ്ഞു.

നീതി നിഷേധത്തിനെതിരെയും ഇടവക പള്ളികൾ കൈയേറി വിശ്വാസികളെ പുറത്താക്കുന്നതിനെതിരെയുമാണ് യാക്കോബായ സഭയുടെ നേതൃത്വത്തിൽ ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്കു മാർച്ച് നടത്തിയത്. കോലഞ്ചേരി മുതൽ കട്ടച്ചിറ, പിറവം വരെയുള്ള ദേവാലയങ്ങളിൽ വലിയ ഭൂരിപക്ഷമുണ്ടായിട്ടും യാക്കോബായ സഭാംഗങ്ങളെ കോടതിവിധിയുടെ പേരിൽ സർക്കാരിനെയും ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിച്ച് ഇറക്കി വിടുകയാണെന്നു തോമസ് മാർ തിമോത്തിയോസും ഭദ്രാസന അൽമായ സെക്രട്ടറി ഷിബു പുള്ളോലിക്കലും ആരോപിച്ചിരുന്നു. മൃതദേഹത്തോടു പോലും നീതി പുലർത്താത്ത ഓർത്തഡോക്സ് നേതൃത്വത്തിന്റെ ധാർഷ്ട്യത്തോടുള്ള പ്രതിഷേധമാണ് മാർച്ചെന്നും ഇരുവരും പറഞ്ഞിരുന്നു.

പിറവം സെന്റ് മേരീസ് പള്ളിയുടെ (വലിയ പള്ളി) സ്വത്തും ചാപ്പലുകളും ആരുടെ കൈവശമാണെന്ന് അറിയിക്കാൻ കലക്ടർക്കു ഹൈക്കോടതി ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്ു. പിറവം വലിയ പള്ളിയിൽ ആരാധന നടത്താൻ സംരക്ഷണം തേടി ഓർത്തഡോക്‌സ് സഭ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഈ നിർദ്ദേശം. കഴിഞ്ഞ ഞായറാഴ്ച ഓർത്തഡോക്സ് സഭയ്ക്കു പള്ളിയിൽ ആരാധന നടത്താൻ സൗകര്യം ഒരുക്കിയെന്നും ഇതിനായി പൊലീസ് സംരക്ഷണം നൽകിയെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. പള്ളിയിലും പരിസരത്തും സെപ്റ്റംബർ 27ലെ സ്ഥിതി തുടരണമെന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ, പിറവം പള്ളിയുമായി ബന്ധപ്പെട്ട 11 ചാപ്പലുകളുടെ നിയന്ത്രണം യാക്കോബായ സഭയ്ക്കാണെന്ന് ഓർത്തഡോക്സ് സഭയും ഈ ചാപ്പലുകളിലെ 25 ജീവനക്കാർക്കു പ്രതിഫലവും മറ്റു സൗകര്യങ്ങളും നൽകുന്നതു തങ്ങളാണെന്ന് യാക്കോബായ സഭയും വ്യക്തമാക്കി.

സുപ്രീം കോടതിയുടെ വിധി പള്ളി വക സ്വത്തുക്കൾക്കും ചാപ്പലിനും ബാധകമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതു നടപ്പാക്കുമ്പോൾ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ പരിഹാരം കാണേണ്ടതു പൊലീസാണെന്നും വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ പിറവം പള്ളിത്തർക്കം പരിഹരിക്കാൻ കൂടുതൽ പൊലീസിനെ വിന്യസിപ്പിക്കുന്നതു പ്രായോഗികമല്ലെന്ന് സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. തർക്കത്തിനു പരിഹാരം കാണേണ്ടതുണ്ടെങ്കിലും ഇരുകൂട്ടരുടെയും 'മിക്കി മൗസ്' കളിക്കു കൂട്ടുനിൽക്കാനാവില്ലെന്നും ഇരുകൂട്ടരും സ്വയം പരിഹാരം കണ്ടെത്തണമെന്നും സർക്കാർ വാദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP