Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവസാന ഓവറിൽ മൂന്നു വിക്കറ്റ് കയ്യിലിരിക്കെ വേണ്ടിയിരുന്നത് എട്ടു റൺസാണ്; രണ്ടു റൺസ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും നഷ്ടമായത് ശേഷിച്ച മൂന്നു വിക്കറ്റ്; അവസാന അഞ്ചു വിക്കറ്റുകൾ നഷ്ടമായത് വെറും 19 റൺസിനിടെ; സഞ്ജുവും സച്ചിൻ ബേബിയും തകർത്തടിച്ചിട്ടും നിരാശ; ഝാർഖണ്ഡിനെതിരെ കേരളം തോറ്റത് അഞ്ച് റൺസിന്; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് പ്രതീക്ഷ മങ്ങുന്നു

അവസാന ഓവറിൽ മൂന്നു വിക്കറ്റ് കയ്യിലിരിക്കെ വേണ്ടിയിരുന്നത് എട്ടു റൺസാണ്; രണ്ടു റൺസ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും നഷ്ടമായത് ശേഷിച്ച മൂന്നു വിക്കറ്റ്; അവസാന അഞ്ചു വിക്കറ്റുകൾ നഷ്ടമായത് വെറും 19 റൺസിനിടെ; സഞ്ജുവും സച്ചിൻ ബേബിയും തകർത്തടിച്ചിട്ടും നിരാശ; ഝാർഖണ്ഡിനെതിരെ കേരളം തോറ്റത് അഞ്ച് റൺസിന്; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് പ്രതീക്ഷ മങ്ങുന്നു

സ്വന്തം ലേഖകൻ

ബംഗളൂരു: കേരളത്തിന് വിജയ് ഹസാരെ ട്രോഫിയിൽ വീണ്ടും തോൽവി. ഇഷാൻ കിഷൻ നയിക്കുന്ന ജാർഖണ്ഡാണ് കേരളത്തെ തകർത്തത്. അഞ്ചു റൺസിനാണ് കേരളത്തിന്റെ തോൽവി. മഴമൂലം 36 ഓവറാക്കി ചുരുക്കിയ മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ജാർഖണ്ഡ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 258 റൺസാണ് നേടിയത്. 259 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 36 ഓവറിൽ 253 റൺസിന് പുറത്തായി.

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്റെ മൂന്നാം തോൽവിയാണിത്. സൗരാഷ്ട്ര, കർണാടക എന്നിവരാണ് കേരളത്തെ തോൽപ്പിച്ച മറ്റു ടീമുകൾ. ഇതുവരെ കേരളത്തിന് തോൽപ്പിക്കാനായത് ഹൈദരാബാദിനെ മാത്രം. ഇതോടെ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്റെ സാധ്യതയും മങ്ങി. ജാർഖണ്ഡ് ഉയർത്തിയ 259 റൺസ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത കേരളത്തിന്റെ തുടക്കം ഉജ്വലമായിരുന്നു. ഓപ്പണർമാരായ വിഷ്ണു വിനോദും ജലജ് സക്‌സേനയും ചേർന്ന് ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് (66) തീർത്തു. രണ്ടാം വിക്കറ്റിൽ വിഷ്ണു വിനോദ് സഞ്ജു സാംസൺ സഖ്യവും അർധസെഞ്ചുറി കൂട്ടുകെട്ട് (63) തീർത്തതോടെ കേരളം അനായാസം വിജയത്തിലെത്തുമെന്ന തോന്നലുയർന്നു.

20 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 166 റൺസെന്ന നിലയിലായിരുന്നു കേരളം. സ്‌കോർ 170ൽ നിൽക്കെ ക്യാപ്റ്റൻ റോബിൻ ഉത്തപ്പയും മടങ്ങിയെങ്കിലും അഞ്ചാം വിക്കറ്റിൽ മറ്റൊരു അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് സച്ചിൻ ബേബി പി. രാഹുൽ സഖ്യം രക്ഷകരായി. ഇരുവരും ചേർന്ന് 64 റൺസാണ് കൂട്ടിച്ചേർത്തത്. സ്‌കോർ 234ൽ നിൽക്കെ അഞ്ചാം വിക്കറ്റായി സച്ചിൻ ബേബി പുറത്തായതാണ് മൽസരത്തിൽ വഴിത്തിരിവായത്. അവസാന അഞ്ചു വിക്കറ്റുകൾ വെറും 19 റൺസിനിടെയാണ് കേരളത്തിന് നഷ്ടമായത്. അനുകൂൽ റോയി എറിഞ്ഞ അവസാന ഓവറിൽ മൂന്നു വിക്കറ്റ് കയ്യിലിരിക്കെ കേരളത്തിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് എട്ടു റൺസാണ്. എന്നാൽ, രണ്ടു റൺസ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ശേഷിച്ച മൂന്നു വിക്കറ്റും കേരളത്തിന് നഷ്ടമായി.

കേരളത്തിനായി ഓപ്പണർ വിഷ്ണു വിനോദ് (44 പന്തിൽ ആറു ഫോറും രണ്ടു സിക്‌സും സഹിതം 56), മുൻ ക്യാപ്റ്റൻ സച്ചിൻ ബേബി (49 പന്തിൽ ആറു ഫോറും ഒരു സിക്‌സും സഹിതം 60) എന്നിവർ അർധസെഞ്ചുറി നേടി. തകർത്തടിച്ച് മുന്നേറിയ സഞ്ജു സാംസൺ അർധസെഞ്ചുറിക്ക് രണ്ടു റൺസ് അകലെ പുറത്തായി. 40 പന്തിൽ ആറു ഫോറും രണ്ടു സിക്‌സും സഹിതം 48 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇവർക്കു പുറമെ കേരള നിരയിൽ രണ്ടക്കം കടന്നത് ഓപ്പണർ ജലജ് സക്‌സേന (18 പന്തിൽ 25), പത്താമനായി പുറത്തായ പി.രാഹുൽ (42 പന്തിൽ 36) എന്നിവർ മാത്രം.

ക്യാപ്റ്റൻ റോബിൻ ഉത്തപ്പ (മൂന്നു പന്തിൽ ഒരു റൺ) ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. മുഹമ്മദ് അസ്ഹറുദ്ദീൻ (ആറു പന്തിൽ മൂന്ന്), ബേസിൽ തമ്പി (11 പന്തിൽ അഞ്ച്), എം.ഡി. നിധീഷ് (പൂജ്യം), സന്ദീപ് വാരിയർ (പൂജ്യം) എന്നിവരിലാർക്കും തിളങ്ങാനായില്ല. നേരത്തെ, കുമാർ ദിയോബ്രാട്ടിന്റെ അർധസെഞ്ചുറിയും (45 പന്തിൽ 54), ക്യാപ്റ്റൻ ഇഷാൻ കിഷൻ (46 പന്തിൽ 47), സൗരഭ് തിവാരി (36 പന്തിൽ 49 റിട്ടയേർഡ് ഹർട്ട്) എന്നിവരുടെ ഇന്നിങ്‌സുകളുമാണ് ഝാർഖണ്ഡിന് മികച്ച സ്‌കോർ സമ്മാനിച്ചത്.

കേരളത്തിനായി സന്ദീപ് വാരിയർ ഏഴ് ഓവറിൽ 38 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തി. ആസിഫ്, നിധീഷ് എന്നിവർക്കും ഓരോ വിക്കറ്റ് ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP