Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ന് ഗാന്ധി ആശ്രമത്തിന്റെ മുന്നിൽ നിറയെ ബിജെപി പതാകയും മോദിയും ട്രംപും ഒക്കെ നിറഞ്ഞു നിൽക്കുന്നു; ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചിത്രം ആശ്രമത്തിനു മുന്നിൽ നിറഞ്ഞു നിന്നോട്ടെ, എതിർപ്പില്ല; അദ്ദേഹം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്; എന്തിനായിരുന്നു ട്രംപ്? സുധ മേനോൻ എഴുതുന്നു

ഇന്ന് ഗാന്ധി ആശ്രമത്തിന്റെ മുന്നിൽ നിറയെ ബിജെപി പതാകയും മോദിയും ട്രംപും ഒക്കെ നിറഞ്ഞു നിൽക്കുന്നു; ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചിത്രം ആശ്രമത്തിനു മുന്നിൽ നിറഞ്ഞു നിന്നോട്ടെ, എതിർപ്പില്ല; അദ്ദേഹം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്; എന്തിനായിരുന്നു ട്രംപ്? സുധ മേനോൻ എഴുതുന്നു

സുധ മേനോൻ

ബർമതി ആശ്രമത്തിൽ ഇരുന്നാണ് ഞാൻ ഇതെഴുതുന്നത്. കഴിഞ്ഞ പതിനഞ്ചു വര്ഷങ്ങളായി, ഒക്ടോബർ രണ്ടിന് അഹമ്മദാബാദിൽ ഉണ്ടെങ്കിൽ മുടങ്ങാതെ പോകുന്ന ഒരിടമാണ് സബർമതി ആശ്രമം. പണ്ട്, സബർമതി നദീ മുഖം, മനോഹരമായ ഇന്നത്തെ ' River front' ആകുന്നതിനു മുൻപ്, ഹൃദയകുഞ്ചിൽ(ഗാന്ധിജിയുടെ വീട്) നിന്നും മുന്നോട്ടു നടന്നു പടവുകൾ ഇറങ്ങിയാൽ, നേരെ നദിയിലെത്താമായിരുന്നു. ഇന്ന്, ഗാന്ധി ആശ്രമത്തിനും സബർമതിക്കും ഇടയിൽ മതിലുകളുടെയും, രാജവീഥിയുടെയും വിടവുണ്ട്..മഹാത്മാ ഗാന്ധിയുടെ പേരിൽ നടത്തപ്പെടുന്ന അർത്ഥശൂന്യമായ അസംഖ്യം പരിപാടികളും, ഗാന്ധി ചിന്തയും തമ്മിലുള്ള അതെ വിടവ്...ബിജെപി ഇന്ന് മുതൽ രാജ്യവ്യാപകമായി ആഘോഷിക്കാൻ പോകുന്ന 'ഗാന്ധി സങ്കൽപ്പ യാത്രയും, ഗാന്ധിചിന്തയും തമ്മിലുള്ള വിടവ്..

'മൻ മേ ബാപ്പു' - ഹൃദയത്തിൽ ബാപ്പു എത്ര മനോഹരമായ, ഇമ്പമുള്ള പേര്. ഗാന്ധി സങ്കല്പയാത്രയുടെ സന്ദേശം ആണിത്. ഗാന്ധിജിയുടെ ആശയങ്ങൾ ആയ അഹിംസയും, ശുചിത്വവും, സ്വദേശിയും, സ്വരാജും ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള യാത്ര. അതേസമയം, ബാപ്പുജിക്ക് ഏറെ പ്രിയപ്പെട്ട സഹിഷ്ണുതയും, സമാധാനപരമായ സഹവർത്തിത്വവും, മതസൗഹാർദവും, അയിത്തോച്ചാടനവും, സമർത്ഥമായി, നിശബ്ദമായി അവർ നിരാകരിക്കുകയും ചെയുന്നു. വർത്തമാനകാല ഇന്ത്യയിൽ ഏറ്റവും പ്രസക്തമായത് ഇതൊക്കെ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ!

കോൺഗ്രസ്സുകാരനായിരുന്നു RSS സ്ഥാപകനായ ഹെഡ്‌ഗെവാർ. ലോകമാന്യ തിലകന്റെ അടുത്ത അനുയായി. ഗാന്ധിജിയുടെ രണ്ടു നയങ്ങളെ-അഹിംസയും, മത സൗഹാർദവും- ശക്തമായി എതിർത്തുകൊണ്ടാണ് ഹെഡ്‌ഗേവാറും, ബി. എസ്. മൂൻജെ യും കോൺഗ്രസ് വിട്ടുപോയത്. ഹെഡ്‌ഗേവാർ് പിന്നീട് രാഷ്ട്രീയ സ്വയം സേവക സംഘത്തിനു തുടക്കമിട്ടുവെങ്കിൽ മൂൻ്‌ജെ ഹിന്ദു മഹാസഭയുടെ പ്രസിഡണ്ട് ആയി. എങ്കിലും ഗാന്ധിജിയുടെ മരണം വരെ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയത്തില് ചുവടുറപ്പിക്കാന് അവർക്ക് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ, ഇന്നും അതേ ഹിന്ദുരാഷ്ട്ര പ്രത്യയശാസ്ത്രം ഒരു മാറ്റവുമില്ലാതെ, കുറേക്കൂടി ഗൗരവത്തോടെ പിന്തുടരുന്നവർ, സവർക്കറുടെ ചിത്രം മതേതര രാജ്യമായ, ഇന്ത്യയുടെ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രതിഷ്ഠിച്ചവർ, ബാപ്പുവിനെ ഹൃദയത്തിലേറ്റാൻ ജനസമ്പർക്ക യാത്ര നടത്തുന്നത് സമാനതകളില്ലാത്ത വിരോധാഭാസമാണ്.

ഇന്ന് ഗാന്ധി ആശ്രമത്തിന്റെ മുന്നിൽ നിറയെ BJP പതാകയും, മോദിയും, ട്രംപും ഒക്കെ നിറഞ്ഞു നിൽക്കുന്നു. ഇന്ത്യൻ് പ്രധാനമന്ത്രിയുടെ ചിത്രം ആശ്രമത്തിനു മുന്നിൽ നിറഞ്ഞു നിന്നോട്ടെ, എതിർപ്പില്ല. അദ്ദേഹം ജനാധിപത്യ പരമായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. എന്തിനായിരുന്നു ട്രംപ്? ഗാന്ധിജിയുടെ ആശ്രമത്തില് അമേരിക്കന് പ്രസിഡണ്ടിനു എന്ത് കാര്യം?

ഇതിലൂടെ ആരുടെ മനസിലേക്ക്, ഏതു ബാപ്പുവിനെയാണ് പ്രതിഷ്ഠിക്കാൻ നോക്കുന്നത്? നാഥൂറാം ഗോഡ്‌സെ , ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയാണെന്നു പറഞ്ഞ കമൽഹാസനെ നിന്ദ്യമായി ആക്ഷേപിച്ചവർ, ഇതേ സബർമതി ആശ്രമത്തിൽ വെച്ച് മേധാപട്കരെ അകാരണമായി ആക്രമിച്ചവർ, ജനാധിപത്യപരമായ എല്ലാ എതിര്‌സ്വരങ്ങളോടും പ്രകടമായ അസഹിഷ്ണുത കാണിച്ചവര്, ഇതേ നദിയുടെ അങ്ങേക്കരയിൽ ഒരുകൂട്ടം നിസ്സഹായരായ മനുഷ്യരെ വംശഹത്യ നടത്തിയവർ ഏതു ബാപ്പുവിനെ ആയിരിക്കും ഹൃദയത്തിൽ കൊണ്ടുനടക്കുന്നത്?

ഈ നിമിഷം സബർമതി ആശ്രമത്തിൽ, ബാപ്പുവിന്റെ സ്വന്തം ഹൃദയകുന്ജില്, തിരിയുന്ന ചർക്കക്ക് അരികിൽ ഇരുന്നു ഈ വരികൾ കുറിക്കുമ്പോഴും ഒന്നേ പറയാനുള്ളൂ. ഭിഖു പരേഖും, തൃദീപ് സുഹൃദും, രാമചന്ദ്രഗുഹയും (Gandhian Scholars) എടുത്തു പറഞ്ഞതുപോലെ അടിസ്ഥാനപരമായി സംവാദത്തിന്റെ അനന്തസാധ്യതകളെ രാഷ്ട്രതന്ത്രത്തിൽ ഉപയോഗപ്പെടുത്തിയ മനുഷ്യനാണ് ഗാന്ധിജി. തന്നോടു തന്നെയും,സുഹൃത്തുക്കളോടും, എതിരാളികളോടും, ഗ്രാമീണരോടും... അംബേദ്കറോടും, നാരായണഗുരുവിനോടും,മനുവിനോടും, മഹാദേവ ദേശായിയോടും, മാത്രമല്ല, ഹെഡഗേവാറിനോടും, സവർക്കരിനോടും, ജിന്നയോടും ഒക്കെ ഗാന്ധിജി നിരന്തരം സംവദിച്ചു. 'സത്യഗ്രഹം' തന്നെ ആത്മശുദ്ധീകരണത്തിലേക്ക് നയിക്കുന്ന ശക്തിയായിട്ടാണ് ഗാന്ധിജി കണ്ടത്.

നിർഭാഗ്യവശാൽ സംവാദത്തിന്റെ സാധ്യതകളെ ഭയപ്പെടുന്ന, ഏകശിലാരൂപമായ,ഭൂരിപക്ഷകേന്ദ്രീകൃതമായ, ഒരു ആശയമായി രൂപാന്തരം പ്രാപിക്കുകയാണ് ഇന്ത്യ. ഇന്ന് വ്യാപകമായി ആഘോഷിക്കപ്പെടുന്ന, സംഘപരിവാർ ഏറ്റെടുക്കാൻ ശ്രമിക്കുന്ന, ഗാന്ധിജി ഒരിക്കിലും നവഖാലിയിലും, ദാണ്ടിയിലും, അതിർത്തിയിലെ കലാപമേഖലയിലും, കനവും, അഭയവും വിളക്കുമായി നിന്ന നമ്മുടെ അർദ്ധനഗ്‌നനായ ആ ഫക്കീർ അല്ല. സ്ഥാപനവൽക്കരിക്കപ്പെട്ട, ആഗോളതലത്തിൽ ഏറെ വിപണിമൂല്യമുള്ള ഒരു ബ്രാൻഡ് മാത്രമാണ്.

അവസാനമായി,വേദനയോടെ പറയട്ടെ. ആത്മബലിയിലൂടെയാണ് ഗാന്ധിജി വർഗീയതയെ പ്രതിരോധിച്ചത്, സങ്കുചിത-ആണത്ത ദേശിയതയുടെ ആളിക്കത്തിക്കലിലൂടെയല്ല. ഓഗസ്റ്റ് പതിനാലിന് അർദ്ധരാത്രി, രാജ്യം മുഴുവൻ ചരിത്രവുമായുള്ള കൂടിക്കാഴ്ച ആഘോഷിക്കുമ്പോള്, ക്യാമറകൾക്ക് മുന്നില് നിൽക്കാതെ, നാടകീയമായ ആണത്തഘോഷങ്ങളില്ലാതെ, വർഗീയകലാപങ്ങൾ ദുരിതം വിതച്ച നവഖാലിയിലെ ഗ്രാമങ്ങളിലൂടെ, സമാധാനസന്ദേശവുമായി നടക്കുകയായിരുന്നു, അനുഗാമികളില്ലാത്ത ആ ബാപ്പു.

ആ ഗാന്ധിജിയെയാണ് നിങ്ങൾ ഹൃദയത്തില് ചേർക്കാൻ ആഗ്രഹിക്കുന്നതെങ്കില്, തെളിഞ്ഞ മനസ്സോടെ ഈ മഹാരാജ്യത്തിന്റെ തനതായ വൈവിധ്യങ്ങളെ, ബഹുസ്വരതയുടെ മനോഹാരിതയെ, സംവാദത്തിന്റെ ഉദാത്ത സാധ്യതകളെ അംഗീകരിക്കൂ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP