Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നൂറ്റമ്പതാം ജന്മദിനത്തിൽ രാഷ്ട്രപിതാവിനായി തർക്കിച്ച് ആർഎസ്എസും കോൺഗ്രസും; ഗാന്ധിയൻ ദർശനങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നത് തങ്ങളെന്ന് സംഘപരിവാർ; ഗാന്ധിജിയുടെ കാൽപാടുകളെ പിന്തുടരാൻ ഒരിക്കലും ആർഎസ്എസിനാവില്ലെന്ന് കോൺഗ്രസ് അധ്യക്ഷ; ബിജെപി ഒരിക്കലും ഗാന്ധിജിയെ അംഗീകരിച്ചിരുന്നില്ലെന്ന് അഖിലേഷ് യാദവും; ഐൻസ്റ്റീൻ ചലഞ്ചിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയുടെ ലേഖനത്തിന് പിന്നാലെ ഗാന്ധിജിയെ ഏറ്റെടുക്കാൻ മത്സരിച്ച് രാഷ്ട്രീയ കേന്ദ്രങ്ങൾ

നൂറ്റമ്പതാം ജന്മദിനത്തിൽ രാഷ്ട്രപിതാവിനായി തർക്കിച്ച് ആർഎസ്എസും കോൺഗ്രസും; ഗാന്ധിയൻ ദർശനങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നത് തങ്ങളെന്ന് സംഘപരിവാർ; ഗാന്ധിജിയുടെ കാൽപാടുകളെ പിന്തുടരാൻ ഒരിക്കലും ആർഎസ്എസിനാവില്ലെന്ന് കോൺഗ്രസ് അധ്യക്ഷ; ബിജെപി ഒരിക്കലും ഗാന്ധിജിയെ അംഗീകരിച്ചിരുന്നില്ലെന്ന് അഖിലേഷ് യാദവും; ഐൻസ്റ്റീൻ ചലഞ്ചിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയുടെ ലേഖനത്തിന് പിന്നാലെ ഗാന്ധിജിയെ ഏറ്റെടുക്കാൻ മത്സരിച്ച് രാഷ്ട്രീയ കേന്ദ്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാഷ്ട്രപിതാവിന്റെ നൂറ്റമ്പതാം ജന്മദിനത്തിൽ ഗാന്ധിയൻ പിന്തുടർച്ചയെ ചൊല്ലി ആർഎസ്എസ് - കോൺഗ്രസ് വാക്‌പോര്. ഗാന്ധിയൻ ദർശനങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നത് തങ്ങളാണെന്ന് ആർഎസ്എസും ഇന്ത്യയിലെ സംഭവവികാസങ്ങളോർത്ത് ഗാന്ധിജിയുടെ ആത്മാവ് വേദനിക്കുന്നുണ്ടാകാം എന്ന് സോണിയ ഗാന്ധിയും രംഗത്തെത്തി. പശുസംരക്ഷണം, സ്വദേശി ഭാഷ പ്രോത്സാഹനം തുടങ്ങിയ ഗാന്ധിജിയുടെ ആശയങ്ങളാണ് സംഘടന പിന്തുടരുന്നതെന്ന് മുഖപത്രമായ ഓർഗനൈസറിലൂടെ ആർഎസ്എസ് വ്യക്തമാക്കി. ആർഎസ്എസ് നിലപാടിനെതിരെ സോണിയാ ഗാന്ധിയും അഖിലേഷ് യാദവും രംഗത്തെത്തി. ഗാന്ധിജിയുടെ കാൽപാടുകളെ പിന്തുടരാൻ ഒരിക്കലും ആർഎസ്എസിനാവില്ലെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി പറഞ്ഞു. ബിജെപി ഒരിക്കലും ഗാന്ധിജിയെ അംഗീകരിച്ചിരുന്നില്ലെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഗാന്ധി അനുസ്മരണത്തിൽ പറഞ്ഞു.

ആർഎസ്എസ് ജോയിന്റ് ജനറൽസെക്രട്ടറി മന്മോഹൻ വൈദ്യ ഓർഗനൈസറിന്റെ പുതിയ ലക്കത്തിൽ എഴുതിയ ലേഖനത്തിലാണ് ഗാന്ധി അനുകൂല നിലപാട് വ്യക്തമാക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി ചിലർ ഗാന്ധിജിയുടെ പേര് ദുരുപയോഗം ചെയ്യുന്നു. എന്നാൽ ഗാന്ധിയുടെ ആദർശങ്ങൾ യഥാർത്ഥത്തിൽ പിന്തുടരുന്നത് ആഎസ്എസാണ്. ഹൈന്ദവതയോടുള്ള ഗാന്ധിജിയുടെ അടുപ്പവും,താൽപര്യവും നിഷേധിക്കാനാവില്ല, താൻ തീവ്രഹിന്ദുവാണെന്ന് ഗാന്ധിജി പറയുമായിരുന്നുവെന്നും മന്മോഹൻ വൈദ്യ അവകാശപ്പെടുന്നു.

രാഷ്ട്രീയത്തിനും, സത്യത്തിനും, അഹിംസക്കും ഗാന്ധിജി നൽകിയ പ്രാധാന്യത്തിന് പിന്നിൽ ഹിന്ദുത്വ നിലപാടായിരുന്നുവെന്ന് സ്ഥാപിക്കാനും ലേഖനം ശ്രമിക്കുന്നുണ്ട്. ഗാന്ധി വധത്തെ അന്നത്തെ ആർഎസ്എസ് തലവനായ ഗോൾവാക്കർ അപലപിച്ചതും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. 1934 ൽ വാർധയിലെ ആർഎസ്എസ് ക്യാമ്പ് ഗാന്ധി സന്ദർശിച്ചതിന്റെ രേഖാചിത്രവും ലേഖനത്തിനൊപ്പം നൽകിയിട്ടുണ്ട്.

അതേസമയം, രാജ്ഘട്ടിലെ യോഗത്തിലാണ് സോണിയാ ഗാന്ധി ബിജെപിയെയും ആർഎസ്എസിനെയും വിമർശിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എന്താണ് ഇന്ത്യയിൽ നടക്കുന്നതെന്നോർത്ത് ഗാന്ധിയുടെ ആത്മാവ് വേദനിക്കുന്നുണ്ടാവുമെന്ന് സോണിയാ ഗാന്ധി പറഞ്ഞു. കപട രാഷ്ട്രീയത്തിന്റെ വക്താക്കൾക്ക് മഹാത്മാഹഗാന്ധിയെ മനസ്സിലാകില്ല. സ്വയം വലിയവരാണെന്ന് കരുതുന്നവർക്ക് എങ്ങനെയാണ് മഹാത്മാ ഗാന്ധിയുടെ ത്യാഗത്തെ മനസ്സിലാക്കാനാകുക. ഇന്ത്യയും ഗാന്ധിയും പര്യായങ്ങളാണ്. എന്നാൽ, ചിലർക്ക് ഇന്ത്യയുടെ പര്യായമായി ആർഎസ്എസിനെ അവരോധിക്കണം. ഗാന്ധിയൻ ആശയങ്ങളിൽ മുറുകെപിടിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതിജ്ഞയെടുക്കണമെന്നും സോണിയ പറഞ്ഞു.

ഗാന്ധിജയന്തി ദിനത്തിൽ ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച നരേന്ദ്ര മോദിയുടെ ലേഖനത്തിലും ഗാന്ധിജിയെ പ്രകീർത്തിക്കുന്നുണ്ട്. ഗാന്ധിയൻ ദർശനങ്ങൾ വരും തലമുറകൾക്ക് പകർന്ന് നൽകാൻ ഐൻസ്റ്റീൻ ചലഞ്ചിനാണ് ലേഖനത്തിലൂടെ മോദി ആഹ്വാനം ചെയ്യുന്നത്. 

ഗാന്ധിജിയെക്കുറിച്ച് ഐൻസ്റ്റീൻ പറഞ്ഞ വാക്കുകളെ ആധാരമാക്കിയാണ് മോദി ഇത്തരത്തിൽ ഒരു ചലഞ്ച് നിർദ്ദേശിച്ചിരിക്കുന്നത്. ''രക്തമാംസങ്ങളാൽ ഇതുപോലൊരു മനുഷ്യൻ ഈ ഭൂമിയിലൂടെ കടന്നുപോയെന്ന് വരും തലമുറകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞെന്ന് വരില്ല.'' ഗാന്ധിജിയെക്കുറിച്ച് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. വരും തലമുറക്ക് അവിശ്വസനീയമായി തോന്നാവുന്ന ജീവിതത്തെ അടയാളപ്പെടുത്താനാണ് വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരോട് മോദി ആഹ്വാനം ചെയ്യുന്നത്.

ഒരു നുള്ള് ഉപ്പ് കൊണ്ട് ഒരു മഹാപ്രക്ഷോഭം സംഘടിപ്പിക്കാൻ ആർക്കുകഴിയുമെന്നായിരുന്നു ദണ്ഡി മാർച്ചിനെ പ്രതിപാദിച്ചുള്ള മോദിയുടെ വാക്കുകൾ. രാജ്യത്തെ നയിക്കുന്ന ഒരു മികച്ച അദ്ധ്യാപകനാണ് ഗാന്ധിയെന്നും പ്രധാനമന്ത്രി ലേഖനത്തിൽ വ്യക്തമാക്കി.

ഇന്ത്യയിൽ നടപ്പാക്കുന്ന ഏറ്റവും വലിയ ശുചിത്വപദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. പ്രിയപ്പെട്ട ബാപ്പു, ലോകം നിങ്ങൾക്കുമുന്നിൽ വണങ്ങുന്നു എന്ന വാചകത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലേഖനം അവസാനിക്കുന്നത്.

ഗാന്ധിയെ അനുസ്മരിച്ച് മോഹൻ ഭാഗവതും

മഹാത്മാഗാന്ധിക്ക് ആർഎസ്എസ്സുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്ന തരത്തിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് മാതൃഭൂമിയിൽ ഇന്ന് ലേഖനം എഴുതിയിരുന്നു. 1922-ൽ ഗാന്ധിജിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് നാഗ്പുരിൽ കോൺഗ്രസ് നടത്തിയ പൊതുയോഗത്തിൽ ഹെഡ്‌ഗേവാർ ഗാന്ധിജിയെ 'പുണ്യപുരുഷൻ' എന്നു വിളിച്ചതായും 1936-ൽ അദ്ദേഹം ആർഎസ്എസ് ശിബിരം സന്ദർശിച്ചതായും ലേഖനത്തിൽ പറയുന്നു. വിഭജനകാലത്ത് ഗാന്ധിജി ആർഎസ്എസ് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയും അച്ചടക്കം, ജാതി-ഉപജാതി ചിന്തകളുടെ അഭാവം എന്നിവയിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തതിന്റെ വാർത്ത 'ഹരിജൻ' പ്രസിദ്ധീകരിച്ചിരുന്നുവെന്നും ഭാഗവത് എഴുതുന്നു.

ഭാരതത്തിന്റെ ആധുനിക ചരിത്രത്തിലും ഭാരതത്തിന്റെ ഉത്ഥാനത്തിന്റെ യശോഗീതത്തിലും ഏതൊരു മഹാന്മാരുടെ പേരുകൾ എന്നന്നേക്കുമായി മുദ്രണം ചെയ്യപ്പെട്ടുവോ സനാതന കാലം തൊട്ട് തുടർന്നു വരുന്ന ഭാരതത്തിന്റെ ചരിത്രഗാഥയുടെ ഉത്സവപ്രഭയായി ആരെല്ലാം മാറിയോ, അതിൽ ഏറ്റവും പ്രമുഖായത് മഹാത്മാഗാന്ധിയുടെ നാമധേയമാണ്. ഭാരതത്തിന്റെ രാജനീതിയെ ആധ്യാത്മികതയുടെ അടിത്തറയിൽ പടുത്തുയർത്താനുള്ള ശ്രമം നടത്തി എന്ന് പറഞ്ഞാണ് ഭാഗവതിന്റെ ലേഖനം തുടങ്ങുന്നത്. അതേസമയം, ഗാന്ധിജിയുടെ കൊലപാതകം സംബന്ധിച്ച് ഒന്നും പറയാതെയാണ് ലേഖനം അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP