Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടൻ ക്യാഷ് ലെസ് ആയി മാറാൻ തടസം മോദിയുടെ നോട്ടു നിരോധനം; ഇന്ത്യയുടെ പരീക്ഷണം പരാജയമെന്നു ഹാർവാർഡ് യൂണിവേഴ്സിറ്റി; ബാങ്ക് ബ്രാഞ്ചുകൾ പൂട്ടിയും എടിഎം മെഷീനുകൾ ഇല്ലാതാക്കിയും ബ്രിട്ടൻ നടത്തുന്ന നീക്കം അപകടത്തിലേക്ക് എന്ന് വാദിക്കുന്നവർക്കും ഉദാഹരണം ഇന്ത്യ തന്നെ; 'മോദിഫിക്കേഷൻ' വിദേശ രാജ്യങ്ങളും ഏറ്റെടുക്കുമ്പോൾ

ബ്രിട്ടൻ ക്യാഷ് ലെസ് ആയി മാറാൻ തടസം മോദിയുടെ നോട്ടു നിരോധനം; ഇന്ത്യയുടെ പരീക്ഷണം പരാജയമെന്നു ഹാർവാർഡ് യൂണിവേഴ്സിറ്റി; ബാങ്ക് ബ്രാഞ്ചുകൾ പൂട്ടിയും എടിഎം മെഷീനുകൾ ഇല്ലാതാക്കിയും ബ്രിട്ടൻ നടത്തുന്ന നീക്കം അപകടത്തിലേക്ക് എന്ന് വാദിക്കുന്നവർക്കും ഉദാഹരണം ഇന്ത്യ തന്നെ; 'മോദിഫിക്കേഷൻ' വിദേശ രാജ്യങ്ങളും ഏറ്റെടുക്കുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: 2016 നവംബർ എട്ട്. ഇന്ത്യൻ സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് ഭൂമികുലുക്കം സൃഷ്ടിച്ചാണ് പ്രധാനമന്ത്രി രാജ്യത്തു നോട്ട് നിരോധന വാർത്ത പുറത്തു വിട്ടത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ചു പകരം പുതിയ നോട്ടുകൾ ഇറക്കുന്ന തീരുമാനത്തിന്റെ ഭാഗമായുള്ള പ്രഖ്യാപനം. അതിനെ തുടർന്ന് മാസങ്ങളോളം പല തരം ചർച്ചകൾ ഇന്ത്യയിൽ ഉണ്ടായി. കള്ളപ്പണം ഇല്ലാതാക്കുന്നത് മുതൽ തീവ്രവാദികൾക്ക് പണം ലഭിക്കുന്ന സ്രോതസ് ഇല്ലാതാക്കുക അടക്കമുള്ള കാര്യങ്ങൾ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞു.

അതല്ല, ഇന്ത്യയെ പടിപടിയായി ക്യാഷ്ലെസ് സാമ്പത്തിക ശക്തിയാക്കുകയാണ് ലക്ഷ്യമെന്ന് ധനകാര്യ വിദഗ്ദ്ധർ വാദിച്ചു. ഇതിനെ എതിർക്കാൻ എത്തിയവർ ചൂണ്ടിക്കാട്ടിയത് ഇന്നും മലവിസർജ്ജനത്തിനു തുറസായ പറമ്പുകൾ ആശ്രയിക്കുന്ന രാജ്യത്താണോ മോദിയുടെ ക്യാഷ് ലെസ് പരിഷ്‌കാരം എന്ന ചോദ്യമായിരുന്നു. എന്നാൽ നോട്ട് നിരോധനം ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നു ഒടുവിൽ റിസർവ് ബാങ്കിൽ നിന്ന് പോലും സൂചനയുണ്ടായി. പലവട്ടം ആർബിഐ ഗവർണർമാർ മാറേണ്ടി വന്നു. ഉദ്ദേശിച്ച വിധം കള്ളപ്പണം പിടിക്കാനായില്ല.

പുതിയ നോട്ടുകളുടെ മൂല്യത്തിന് ഏറെക്കുറെ തുല്യമാകും വിധം നിരോധിച്ച പഴയ നോട്ടുകൾ ആർബിഐയിൽ മടങ്ങിയെത്തി. ഏറെപ്പേരുടെ മരണത്തിനു പോലും നോട്ട് നിരോധനം നേരിട്ടും അല്ലാതെയും കാരണമായി. തുഗ്ലക് പരിഷ്‌ക്കാരമെന്നു രാഷ്ട്രീയ എതിരാളികൾ കൂക്കിവിളിച്ചു. ഇന്നും ഈ പരിഷ്‌ക്കാരത്തിന്റെ ഗുണദോഷങ്ങൾ ഇന്ത്യയിൽ ചർച്ചാവിഷയമാണ്.

ഒടുവിൽ, ഇപ്പോഴിതാ അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും പുറത്തിറങ്ങുന്ന ക്വാർട്ടർലി ജേണൽ ഓഫ് ഇക്കണോമിക്സും മോദിയുടെ മോദിഫിക്കേഷൻ അത്ര വിജയമായില്ലെന്നു തുറന്നു പറയുന്നു. അടുത്ത ഒൻപതു വർഷത്തിനുള്ളിൽ കാഷ്ലെസ്സ് ഇക്കോണമി എന്ന ആശയവുമായി മുന്നോട്ട് പോകുന്ന ബ്രിട്ടനുള്ള താക്കീതു കൂടിയാണ് പ്രസിദ്ധീകരണം മുന്നോട്ടു വയ്ക്കുന്നത്. ഇതിനുള്ള സമകാലിക ഉദാഹരണമായാണ് ഇന്ത്യയിൽ നടന്ന നോട്ടു നിരോധനം പ്രസിദ്ധീകരണം ഉയർത്തിക്കാട്ടുന്നത്.

കഴിഞ്ഞ ഏതാനും വർഷമായി ബ്രിട്ടനിൽ ബാങ്കുകളുടെ ബ്രാഞ്ച് അടച്ചു പൂട്ടലും എടിഎം മെഷീനുകളുടെ സാന്നിധ്യക്കുറവും ഒക്കെ രാജ്യം കാഷ്ലെസ്സ് എന്ന ആശയത്തിലേക്കു നീങ്ങുന്നു എന്നതിന്റെ സൂചനയാണ്. പാശ്ചാത്യ രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്ന ഓൺലൈൻ കച്ചവടവും ഇതിന്റെ മുന്നൊരുക്കമായി വ്യാഖ്യാനിക്കപ്പെടുന്നു. ആഘോഷവേളകളിൽ കടകളിൽ നടക്കുന്നതിന്റെ പലമടങ്ങു കച്ചവടം ഓൺലൈൻ ആയി നടക്കാൻ തുടങ്ങിയതോടെ കാഷ്ലെസ്സ് ആശയത്തിന് വർധിച്ച പ്രചാരമാണ് ലഭിക്കുന്നത്.

ഒട്ടുമിക്ക സേവനങ്ങളും ഡിജിറ്റൽ ഫോർമാറ്റിലേക്കു മാറിത്തുടങ്ങിയതോടെ ഘട്ടങ്ങളായുള്ള നോട്ടു നിരോധന വഴിയിലാണ് ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾ എന്ന സന്ദേഹമാണ് വർദ്ധിക്കുന്നത്. ബ്രിട്ടൻ ഔദ്യോഗികമായി ക്യാഷ്ലെസ്സ് എക്കണോമി എന്ന വാദം ഉയർത്തുന്നില്ലെങ്കിലും രാജ്യം ഉടൻ ഡിജിറ്റൽ എക്കണോമി ആയി മാറും എന്ന് വിശ്വസിക്കുന്നവരാണ് അധികവും.

ഇക്കഴിഞ്ഞ വേനൽക്കാല റിപ്പോർട്ടിൽ ബ്രിട്ടീഷ് ധനകാര്യ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ 2028 ആകുമ്പോൾ രാജ്യത്തു വെറും ഒൻപതു ശതമാനം മാത്രമായിരിക്കും കറൻസി പണമിടപാടുകൾ എന്ന മുന്നറിയിപ്പ് നൽകുന്നു. മോദി ഇന്ത്യയിലെ 86 ശതമാനം പണവും ഒറ്റ രാത്രിയിൽ പിൻവലിച്ച നടപടി പല രാജ്യങ്ങളിലും പടിപടിയായി സംഭവിക്കുന്നു എന്നതാണ് ബ്രിട്ടീഷ് ധന റിപ്പോർട്ട് വ്യംഖ്യമായി സൂചിപ്പിക്കുന്നത്.

അതായതു ഒൻപതു വർഷം കൊണ്ട് രാജ്യത്തെ 91 ശതമാനം പണമിടപാടും അദൃശ്യമായിട്ടാകും സംഭവിക്കുക എന്ന് ചുരുക്കം. അതേ സമയം കാഷ്ലെസ്സ് ആകാൻ ഇറങ്ങി പുറപ്പെട്ട ഇന്ത്യ അതിവേഗം പഴയ നിലയിലേക്ക് മടങ്ങിയ കാര്യവും ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ പഠനം ഉയർത്തിക്കാട്ടുന്നു. ഏകദേശം എട്ടുമാസത്തോളം ഇന്ത്യയിലെ ജനകോടികൾ പണം കൈകൊണ്ടു തൊടാനാകാത്ത ഗതികേട് നേരിട്ട കാര്യവും റിപ്പോർട്ടിലുണ്ട്.

ഇന്ത്യ 2016 നവംബർ എട്ടിന് രാത്രി എന്ത് ചെയ്തു എന്ന രസകരമായ പഠനം പോലും ഹാർവാർഡ് യൂണിവേഴ്സിറ്റി നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപന ശേഷം വെളിച്ചത്തിന്റെ ചലനം പോലും യൂണിവേഴ്സിറ്റി പഠനത്തിൽ നിരീക്ഷണ വിധേയമായി. ഇതിനായി ഉപഗ്രഹ ചിത്രങ്ങളെയാണ് അവർ ആശ്രയിച്ചത്. പലപ്പോഴും രാജ്യങ്ങളുടെ ജിഡിപി സംബന്ധിച്ച കണക്കുകൾ അത്ര കിറുകൃത്യം ആയിരിക്കണമെന്നില്ല. എന്നാൽ രാത്രികാലങ്ങളിൽ വീടുകൾ, ഫാക്ടറികൾ, റസ്റ്റോറന്റുകൾ അടക്കമുള്ളവ എത്ര നേരം ഉണർന്നിരിക്കുന്നു എന്നതൊക്കെ ഇത്തരം പഠനത്തിൽ ഇപ്പോൾ ഉൾപ്പെടുകയാണ്.

സജീവമായ രാത്രികാല ജീവിതവും ഇപ്പോൾ വികസിത രാജ്യങ്ങളുടെ പണമിടപാടുകൾ സംബന്ധിച്ച അളവുകോലായി കണക്കാക്കപ്പെടുകയാണ്. സാമ്പത്തിക വളർച്ചയും രാത്രികാല ജീവിതവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആധുനിക ധനശാസ്ത്രജ്ഞർ പറയുന്നത്. പണം കൈകൊണ്ടു തൊടാനാകാത്ത സാഹചര്യത്തെ ഇന്ത്യക്കാർ വിമ്മിട്ടത്തോടെയാണ് കണ്ടതെന്നും പണം ആവശ്യത്തിൽ അധികം കൈയിൽ സൂക്ഷിക്കാനുള്ള ആഗ്രഹം വളരെക്കാലം കൊണ്ട് ഉണ്ടായ ശീലം ആണെന്നും അതുപേക്ഷികാൻ ജനം തയ്യാറല്ല എന്നുമാണ് പഴയ നോട്ടുകൾക്കു തുല്യമാകും വിധം പുതിയ നോട്ടുകൾ മടങ്ങിയെത്തിയതിലൂടെ ഇന്ത്യ തെളിയിച്ചതെന്നും ഹാർവാർഡ് യൂണിവേഴ്സിറ്റി ചൂണ്ടിക്കാട്ടുന്നു.

പണം രാജ്യത്തിന്റെ ചലനത്തിൽ പ്രധാന റോൾ വഹിക്കുന്നു എന്നതാണ് ഇന്ത്യൻ ഉദാഹരണം പഠിപ്പിക്കുന്നത്. എന്നാൽ ഇത് എല്ലാ സ്ഥലത്തും ഒരുപോലെ ആയിരിക്കണം എന്നില്ല. പക്ഷെ മാനസികമായി ജനം പണം കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്നു എന്നത് പൊതുതത്വമാണ്. ഇന്ത്യയിൽ നോട്ടുനിരോധന ശേഷം എ ടി എം പണം പിൻവലിക്കൽ കുറഞ്ഞതായാണ് ട്രെൻഡ് വ്യക്തമാകുന്നത്.

ലോകത്ത് ഏറ്റവും വലിയ ഡിജിറ്റൽ പേയ്മെന്റ് നടക്കുന്ന രാജ്യങ്ങളിൽ ഒന്നായിട്ടു പോലും ഇന്ത്യയിൽ 2017ൽ ആകെ ധനകൈമാറ്റത്തിന്റെ വെറും ആറു ശതമാനമേ ഡിജിറ്റൽ ആയി ചെയ്യാൻ സാധിച്ചുള്ളൂ എന്ന വസ്തുതയും പുറത്തു വന്നിട്ടുണ്ട്. നോട്ട് നിരോധന ശേഷം കാർഡ് പേയ്മെന്റുകൾ ഇന്ത്യയിൽ വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എടിഎം ഉപയോഗം കുറഞ്ഞത് കറൻസി ഉപയോഗത്തെ കാലക്രമേണ നിരുത്സാഹപ്പെടുത്താൻ ജനം സ്വയം തയ്യാറാക്കുന്നതിന്റെ സൂചനയായും കണക്കാക്കാമെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്.

ഇതാണ് യുകെയും അതിവേഗം ക്യാഷ്ലെസ്സ് ആയി മാറുമെന്ന സൂചന ശക്തമാകാൻ കാരണം. രണ്ടു വർഷം മുൻപ് ഉള്ള കണക്കിൽ ഡിജിറ്റൽ പേയ്മെന്റിൽ ലോകത്തെ ആദ്യ നാലു രാജ്യങ്ങളിൽ ഒന്നാണ് യുകെ. മുതിർന്നവരിൽ ആറിൽ ഒരാൾ എന്ന നിലയിൽ മൊബൈൽ അടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പണം കൈമാറ്റം നടത്തുന്നത്. പണം വിപണിയിൽ ഇല്ലാതായാൽ ഇ വാലറ്റ് അടക്കമുള്ള പകരം സംവിധാനത്തിലേക്ക് മാറാൻ ജനം സ്വാഭാവികമായും നിർബന്ധിതരാകും.

എന്നാൽ നോട്ടു നിരോധനം വഴി രാജ്യത്തെ മുഴുവൻ ധന ഇടപാടുകളും ഇടർച്ച നേരിട്ടതായാണ് ഇന്ത്യൻ അനുഭവം പഠിപ്പിക്കുന്നത്, രാജ്യത്തിന്റെ പൊതു ധനവളർച്ചയിൽ ഒന്നര ശതമാനം ഇടിവ് ഉണ്ടാക്കാനും നോട്ട് നിരോധനം കാരണമായെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റി പറയുന്നു. ഇന്ത്യൻ അനുഭവത്തിൽ പൊടുന്നനെ ഉള്ള ഒരു നോട്ടു നിരോധനം ഇനി ഒരു രാജ്യവും ആഗ്രഹിക്കില്ല എന്നതാണ് പഠന റിപ്പോർട്ടിലെ കാതൽ. കാഷ്ലെസ്സ് ഇക്കോണമി എന്നത് പല രാജ്യങ്ങളുടെയും പൊതുധന ഉപയോഗ, വിതരണ സമ്പ്രദായത്തിൽ അത്ര നല്ല ആശയം ആയിരിക്കില്ല എന്ന മുന്നറിയിപ്പും യൂണിവേഴ്സിറ്റി നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP