Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരിയയിൽ പ്രതികളെ എത്തിച്ചത് സിപിഎം നേതാക്കൾ; ക്രഷർ ഉടമ ശാസ്താ ഗംഗാധരന്റെ പങ്ക് അന്വേഷിക്കാതെ പൊലീസ് ഒത്തുകളിച്ചു; കല്ല്യാട്ടെ കണ്ണൂർ സംഘത്തിന്റെ സാന്നിധ്യത്തെ കുറിച്ചും പരിശോധിച്ചില്ല; പ്രാദേശിക തർക്കം എന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ചത് ഗൂഢാലോചന കണ്ടില്ലെന്ന് നടിച്ച്; പൊളിയുന്നത് ഡമ്മി പ്രതികളെ ഇറക്കി ജനരോഷം ശമിപ്പിച്ച ശേഷം വിചാരണയിൽ രക്ഷപ്പെടുന്ന പതിവു വഴി; പെരിയയിൽ സിബിഐ എത്തുമ്പോൾ നെഞ്ചിടിക്കുക സിപിഎമ്മിന് തന്നെ

പെരിയയിൽ പ്രതികളെ എത്തിച്ചത് സിപിഎം നേതാക്കൾ; ക്രഷർ ഉടമ ശാസ്താ ഗംഗാധരന്റെ പങ്ക് അന്വേഷിക്കാതെ പൊലീസ് ഒത്തുകളിച്ചു; കല്ല്യാട്ടെ കണ്ണൂർ സംഘത്തിന്റെ സാന്നിധ്യത്തെ കുറിച്ചും പരിശോധിച്ചില്ല; പ്രാദേശിക തർക്കം എന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ചത് ഗൂഢാലോചന കണ്ടില്ലെന്ന് നടിച്ച്; പൊളിയുന്നത് ഡമ്മി പ്രതികളെ ഇറക്കി ജനരോഷം ശമിപ്പിച്ച ശേഷം വിചാരണയിൽ രക്ഷപ്പെടുന്ന പതിവു വഴി; പെരിയയിൽ സിബിഐ എത്തുമ്പോൾ നെഞ്ചിടിക്കുക സിപിഎമ്മിന് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങൾ നിരന്തരം നടത്തുന്നതിൽ തെല്ലും മടിയില്ലാത്ത സിപിഎം പക്ഷെ അതിനു അനുപൂരകമായി വരുന്ന സിബിഐ അന്വേഷണങ്ങളെ ഭയക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം വരുമ്പോൾ കേരളത്തിലെ സിപിഎമ്മിനു നെഞ്ചു വേദന വരും. ഇപ്പോൾ കാസർകോട് പെരിയയിൽ സിപിഎം നടത്തിയ ഇരട്ടക്കൊലപാതകങ്ങളിലും സിബിഐ അന്വേഷണം എത്തുകയാണ്ു. സിപിഎം ക്രിമിനൽ സംഘത്തിനാൽ നിഷ്ടൂരമായി കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചതും കോടതി അതം അംഗീകരിച്ചതും.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി സിബിഐ അന്വേഷണ ആവശ്യത്തിന്നെതിരെ സിംഹഗർജനം തന്നെയാണ് മുഴക്കിയിട്ടുള്ളത്. കേന്ദ്രം ഭരിക്കുന്നത് ശത്രുസ്ഥാനത്ത് നിൽക്കുന്ന ബിജെപി സർക്കാരാണ്. രാഷ്ട്രീയ ആയുധമാണ് സിബിഐ എന്ന് ആരോപിക്കാൻ കഴിയുമെങ്കിലും സിബിഐ അന്വേഷണം വന്നാൽ കഥ മാറും. പെരിയ രാഷ്ട്രീയ കൊലപാതകത്തിലെ പ്രതികൾ സിപിഎം ഏരിയാ കമ്മറ്റി അംഗം പീതാംബരൻ അടക്കമുള്ളവരാണ് എന്നാണ് കോടിയേരി പറയുന്നത്. പീതാംബരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസിനെക്കാളും മുൻപ് ഈ കേസിൽ പ്രതിയാരെന്നു പ്രഖ്യാപിച്ച പാർട്ടി സെക്രട്ടറിയാണ് കോടിയേരി എന്നുകൂടി ഓർക്കേണ്ടതുണ്ട്. പൊലീസ് അന്വേഷണം നടക്കുന്നു. പിന്നെന്തിനു സിബിഐ അന്വേഷണം ഇതാണ് കോടിയേരി ചോദിച്ചത്. സിപിഎം ഭരിക്കുമ്പോൾ പൊലീസ് സിപിഎം പറയുന്നത് കേൾക്കും. അതിനു അപ്പുറം പോകില്ല. പക്ഷെ സിബിഐ ഗൂഢാലോചനാ സിദ്ധാന്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് സിപിഎമ്മിനെ നെഞ്ചു വേദനയിലേക്ക് ആഴ്‌ത്താൻ പര്യാപ്തമാണ്.

സിബിഐ അന്വേഷണങ്ങളെ എന്തിനാണ് സിപിഎം ഭയക്കുന്നത്? രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കുമ്പോൾ സിബിഐ കൊന്നവരെയല്ല കൊല്ലിച്ചവരിലേക്കാണ് പോകുക. കൊല്ലിച്ചവരിലേക്ക് പോകുമ്പോൾ കുടുങ്ങുക സിപിഎമ്മിന്റെ ഉന്നത നേതൃത്വങ്ങൾ തന്നെയാകും. ഇതാണ് സിബിഐ അന്വേഷണം വരുമ്പോൾ സിപിഎമ്മിന് നെഞ്ചുവേദന വരുന്നത്. ഈ നെഞ്ചുവേദനയിൽ നിന്ന് മുൻപ് പാർട്ടി സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും വിമുക്തനാവുന്നില്ല. കാരണം ലാവ്ലിൻ കേസിൽ സിബിഐ പിണറായിയുടെ പിറകെയുണ്ട്. ലാവ്ലിൻ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുകയാണ്. പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയതിൽ സിബിഐ നൽകിയ അപ്പീലും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ഇബി മുൻ ഉദ്യോഗസ്ഥൻ കസ്തൂരി രംഗ അയ്യർ, ആർ ശിവദാസൻ, കെജി രാജശേഖരൻ എന്നിവർ നൽകിയ ഹർജികളുമാണ് കോടതി പരിഗണിക്കുന്നത്.

പെരിയയിൽ സിബിഐ എത്തുമ്പോൾ അത് സിപിഎമ്മിന് ഏറെ നിർണ്ണായകമാണ്. സമാന രാഷ്ട്രീയ കൊലപാതകങ്ങളിൽ സിപിഎമ്മിന്റെ ക്രിമിനൽ സംഘം എതിരാളികളെ മുൻപ് കൊലചെയ്തത് സിബിഐ പഠിക്കും. സമാന മുറിവുകൾ, വെട്ടിന്റെ ആഴം എന്നിവയെല്ലാം പഠിക്കും. സ്വാഭാവികമായും സിപിഎം ക്വട്ടേഷൻ സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിക്കും. ടിപി വധത്തിൽ അന്നത്തെ ഡിജിപി ടി.പി.സെൻകുമാർ ചെയ്തത് പോലെ ക്വട്ടേഷൻ സംഘത്തെ പൊക്കും. കൊല്ലിച്ചവർ ആരെന്നതിലേക്ക് അന്വേഷണം നീക്കും. അപ്പോൾ സിപിഎമ്മിന് നെഞ്ചു വേദന വരും. സിബിഐ അന്വേഷിക്കുന്ന കതിരൂർ മനോജ് വധം, അരിയിൽ ഷുക്കൂർ വധം. ഫസൽ വധം തുടങ്ങിയ അന്വേഷണങ്ങൾ പോലെ സിപിഎമ്മിലെ ഉന്നത നേതൃത്വങ്ങളിലേക്ക് അന്വേഷണം വരും. പെരിയയിൽ പ.ജയരാജനെപോലുള്ളവർക്കെതിരെ ആരോപണമുണ്ട്. അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനും ടി.വി.രാജേഷ് എംഎൽയുമാണ് സിബിഐ പ്രതിചേർത്തത്. സിബിഐ അന്വേഷിക്കുന്ന കതിരൂർ മനോജ് വധത്തിലും പി.ജയരാജൻ അടക്കമുള്ളവരെയാണ് സിബിഐ പ്രതി ചേർത്തിരിക്കുന്നത്. ഈ കേസിൽ ജയരാജൻ ജയിൽ വാസം അനുഭവിക്കുകയും ചെയ്തിരുന്നു.

പെരിയ ഇരട്ടക്കൊലപാതകത്തിൽ പീതാംബരനു മാത്രമാണു പങ്കെന്നു സിപിഎം പറയുമ്പോഴും കൊലപാതക വിവരം ജില്ലാ നേതാവ് അടക്കം കൂടുതൽ നേതാക്കൾ അറിഞ്ഞിരുന്നതായി സൂചന പുറത്തു വന്നിരുന്നു. പല പ്രതികളെയും പൊലീസിനു മുൻപിൽ ഹാജരാക്കിയത് ജില്ലയിലെ പ്രമുഖ നേതാവായിരുന്നു. ഡമ്മി പ്രതികളെ സിപിഎം പൊലീസിന് നൽകുന്നത് ഈ ശൈലിയിലൂടെയാണ്. എവിടെ എങ്കിലും പ്രശ്നമുണ്ടായാൽ നേതൃത്വം തന്നെ പൊലീസിന് പ്രതികളെ കൈമാറും. ഈ രീതി ഇവിടേയും നടന്നിരിക്കുന്നു. കൃപേഷിനേയും ശരത്തിനേയും കൊലപ്പെടുത്തിയാൽ ആരൊക്കെയാവണ പ്രതികൾ എന്ന തരത്തിലും സിപിഎം ചർച്ച നടത്തിയെന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് പ്രതികളെ സിപിഎം നേതാവ് തന്നെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. കൊലപാതകത്തിനു പിന്നിൽ പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന വിവരം പ്രചരിപ്പിച്ചാണ് പ്രതികളെ പൊലീസിന് കൈമാറിയത്. ഇതിനിടെ പൊലീസ് ചോദ്യം ചെയ്യുമ്പോൾ പറയേണ്ട ഉത്തരങ്ങൾ അഭിഭാഷകന്റെ സഹായത്തോടെ പഠിക്കാനായി ഒരു ദിവസം മാറ്റിവച്ചു. തുടർന്നു ജില്ലാ നേതാവ് എസ്‌പി ഓഫിസിൽ പ്രതികളെ എത്തിച്ചു.

ഏഴാം പ്രതി ഗിജിന്റെ പിതാവും അഞ്ചാം പ്രതി അശ്വിന്റെ മാതാവിന്റെ സഹോദരനുമായ പ്രദേശത്തെ ക്രഷർ ഉടമ ശാസ്താ ഗംഗാധരന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നു കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടരുന്നു. ഗംഗാധരന്റെ പറമ്പിലെ പൊട്ടക്കിണറ്റിലാണു പ്രതികൾ വാളും ഇരുമ്പു ദണ്ഡുകളും ഉപേക്ഷിച്ചത്. സംഭവദിവസം രാത്രി സ്ഥലത്തുണ്ടായിരുന്നില്ലെന്നാണു ഗംഗാധരൻ നാട്ടുകാരോടു പറഞ്ഞത്. എന്നാൽ കൊലപാതകം നടക്കാൻ പോകുന്ന സമയത്തിനു തൊട്ടുമുൻപ് അതുവഴി വരാൻ ഒരുങ്ങിയ തന്നെ ഗംഗാധരൻ ഇടപെട്ടു യാത്ര വൈകിപ്പിച്ചതായി ശരത്ലാലിന്റെ പിതാവ് സത്യനാരായണൻ ആരോപിച്ചിരുന്നു. ഹോട്ടലിൽ കൂട്ടിക്കൊണ്ടുപോയി ചായ കുടിക്കാൻ നിർബന്ധിച്ചുവെന്നാണു ആരോപണം. ഇതിന് പിന്നിൽ ഗൂഢാലോചന വ്യക്തമാണെന്നാണ് സത്യനാരായണൻ പറയുന്നത്. ഇതിനൊപ്പം അയ്യപ്പ ഭക്തജന സംഗമവുമായി അടിപിടിയും കൊലപാതകത്തിന് കാരണമായി ശരത്തിന്റെ അച്ഛൻ ഉന്നയിക്കുന്നു. എന്നാൽ ഇതൊന്നും പൊലീസ് മുഖവിലയ്ക്ക് പോലും എടുക്കുന്നില്ല. ശാസ്താ ഗംഗാധരനെ തൊടാതെ അന്വേഷണം മുമ്പോട്ട് കൊണ്ടു പോയി പൊലീസ്.

ശബരിമലയിലെ ആചാര സംരക്ഷണ വിഷയം ആളിക്കത്തിയത് ഒക്ടോബറിലാണ്. അന്ന് തന്നെ ശബരിമലയിലെ ആചാര സംരക്ഷണ മുദ്രാവാക്യം കല്ല്യാട്ടും ഉയർന്നു. ഇതിനിടെ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ശരത് ലാലും കൃപേഷുംജാഥയും സംഘടിപ്പിച്ചു. ഇതിലേക്ക് രാഷ്ട്രീയം മറന്ന് ആളുകൾ പങ്കെടുക്കാനെത്തി. ഇതിൽ സിപിഎമ്മുകാരും ഉൾപ്പെട്ടു. ഈ ജാഥയാണ് പീതാംബരന്റെ ശരത്തിനോടുള്ള വൈരാഗ്യത്തിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം. ജാഥയിൽ പങ്കെടുത്ത രണ്ടു പേരെ പീതാംബരൻ സിപിഎമ്മുകാരെ വച്ചു തല്ലി. പാർട്ടി നിലപാടിന് വിരുദ്ധമായി പങ്കെടുത്തതു കൊണ്ടായിരുന്നു ഇത്. ഇതിനെ ശരത് ലാൽ ചോദ്യം ചെയ്തു. ഇതായിരുന്നു കല്ല്യാട്ടെ പ്രശ്‌നങ്ങളുടെ മൂലകാരണം. ഈ സംഘർഷത്തിന്റെ തുടർച്ചയായിരുന്നു പീതാംബരന്റെ കൈ തല്ലിയൊടിക്കലും. ഇതിന് ശേഷം ശരത് നാട്ടിൽ നിന്ന് മാറി നിന്നു. കലാകാരനായിരുന്നു ശരത്ത് നാട്ടിലെ വാദ്യ സംഘത്തിലുണ്ടായിരുന്നു. സിപിഎമ്മുകാരെ ഭയന്നാണ് മംഗാലപുരത്ത് പഠിച്ചിരുന്ന ശരത് പോണ്ടിച്ചേരിക്ക് മാറിയത്. എന്നാൽ എന്ന് നാട്ടിലേക്ക് വന്നാലും ശരത്തിനെ വകവരുത്താൻ തീരുമാനിച്ചു. ഇതിനിടെയാണ് ക്ഷേത്രത്തിലെ ഉത്സവത്തിൽ സജീവമാകാൻ വാദ്യകലാകാരനായ ശരത്ത് എത്തിയത്. കുടുംബത്തിന്റെ ഈ സംശങ്ങൾ ബോധപൂർവ്വം വിട്ടുകളയുകയാണ് പൊലീസ് ചെയ്തത്. ക്രൈംബ്രാഞ്ചും ഉന്നതരെ തൊട്ടില്ല.

തെളിവുകൾ കണ്ടില്ലെന്ന് നടിച്ച് പൊലീസ്

അന്വേഷണം പ്രാദേശിക തലത്തിൽ ഒതുങ്ങിയപ്പോൾ അവഗണിക്കപ്പെട്ടത് ആദ്യഘട്ടത്തിൽ നിർണായകമെന്ന് അന്വേഷണസംഘം വിലയിരുത്തിയ തെളിവുകളാണ്. പ്രാദേശിക നേതാക്കളുടെ സഹായത്തോടെ പുറത്തു നിന്നുള്ള ക്വട്ടേഷൻ സംഘം നടത്തിയ കൊലപാതകമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നിഗമനം. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും ശേഖരിച്ചു. എന്നാൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം ഉൾപ്പെടെയുള്ളവരെ ഉന്നതനേതാക്കൾ ഇടപെട്ടു ഹാജരാക്കിയതോടെ അന്വേഷണത്തിന്റെ ഗതിമാറി. കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി നടന്ന സംഘാടക സമിതി യോഗത്തിൽ ശരത്‌ലാലും കൃപേഷും പങ്കെടുത്തിരുന്നു. ഇവരുടെ നീക്കങ്ങൾ കണ്ണൂർ രജിസ്റ്റ്രേഷനിലുള്ള ജീപ്പിലെത്തിയ സംഘം നിരീക്ഷിച്ചിരുന്നു. ഇത് പൊലീസിനും അറിയാം. എന്നാൽ കണ്ണൂരിലെ ക്വട്ടേഷൻ ഗുണ്ടകളിലേക്ക് അന്വേഷണമെത്തിയാൽ സിപിഎം പ്രതിക്കൂട്ടിലാകും. അതുകൊണ്ട് തന്നെ അന്വേഷണം അട്ടിമറിച്ചു.

സിപിഎമ്മിന്റെ ഒരു പ്രാദേശിക നേതാവ് ശരത്‌ലാലിനെയും സംഘത്തെയും ജീപ്പിലെത്തിയവർക്കു കാണിച്ചു കൊടുത്തെന്നും ചിലർ മൊഴി നൽകി. അന്നു രാത്രിയായിരുന്നു കൊലപാതകം. രാത്രി കണ്ണൂർ രജിസ്റ്റ്രേഷനിലുള്ള വാഹനം അമിതവേഗത്തിൽ ചെറുവത്തൂർ വഴി കണ്ണൂർ ഭാഗത്തേക്കു പോകുന്നതു ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതു കല്യോട്ട് ഭാഗത്തു നിന്നു വന്നതാകാൻ സാധ്യതയുണ്ടെന്നു പൊലീസ് കരുതുന്നു. കൊല്ലപ്പെട്ട യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്നു 2 വിരലടയാളങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇതും പൊലീസ് ഇപ്പോൾ അവഗണിക്കുകയാണ്. കൊലപാതകം നടന്ന സ്ഥലത്തു നിന്നു 3 മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു. ഇതിൽ രണ്ടെണ്ണം കൊല്ലപ്പെട്ട യുവാക്കളുടേതായിരുന്നു. ശേഷിക്കുന്ന ഫോൺ ആരുടേതെന്നു കണ്ടു പിടിക്കാനും പൊലീസ് താൽപ്പര്യം കാട്ടിയില്ല.

കൃപേഷിനെ ആദ്യം വെട്ടിയത് മൂന്നാംപ്രതി കെ.എം. സുരേഷ് ആണെന്ന് പൊലീസിന്റെ റിപ്പോർട്ട്. സംഘത്തിലെ പ്രതികളെല്ലാം സുഹൃത്തുക്കളും മുൻപരിചയക്കാരുമാണ്. തന്നെ ആക്രമിച്ചവരോടു പക വീട്ടാനായി രാഷ്ട്രീയ ബന്ധം ഉപയോഗിച്ചു മറ്റുള്ള പ്രതികളെയെല്ലാം ചേർത്ത് ഒന്നാംപ്രതി പീതാംബരൻ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കെ.എം. സുരേഷ്, ജി.ഗിജിൻ, എ.അശ്വിൻ, ആർ.ശ്രീരാഗ്, കെ.അനിൽകുമാർ എന്നീ 5 പ്രതികളും കൊലപാതകത്തിൽ നേരിട്ടു പങ്കാളികളായവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ കഥയിൽ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു പൊലീസ്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകക്കേസിൽ പ്രതികളായ 2 പേർ സംഭവദിവസം കല്യോട്ട് എത്തിയിരുന്നതായി സൂചനയുണ്ട്. കൊലപാതകങ്ങൾ ഉണ്ടായ അന്നു മുതൽ ഇവർ അപ്രത്യക്ഷരാണെന്നു പൊലീസ് കണ്ടെത്തി. ഇവർ കൊലപാതക സമയത്ത് കല്യോട്ട് എത്തിയിരുന്നോ എന്നതു സ്ഥിരീകരിക്കാൻ മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ ശേഖരിച്ചാൽ മതി.

കറുത്ത നിറമുള്ള കാറിൽ അതിവേഗം ദേശീയപാതവഴി കടന്നു പോയത് ഇവരാണെന്നു സംശയിക്കുന്നു. കൊലപാതകം നടത്തിയതിനു ശേഷം പീതാംബരൻ ഉൾപ്പെടെയുള്ള സംഘം കാഞ്ഞങ്ങാട് ഭാഗത്തുള്ള ചാലിങ്കാൽ-മൊട്ട-രാവണീശ്വരം വരെ ആദ്യം സഞ്ചരിച്ചിട്ടുണ്ട്. അവിടെ ആരെയെങ്കിലും എത്തിച്ചതാകാനാണ് സാധ്യത. അതിനു ശേഷമാണ് ഇവർ തിരിച്ചു പാർട്ടി ഓഫിസിൽ എത്തിയത്. പ്രതികളിൽ ചിലർ കണ്ണൂരിലെ പാർട്ടിഗ്രാമത്തിലെത്തി ആയുധപരിശീലനം നേടിയിരുന്നതായി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇതും പൊലീസ് ഗൗരവത്തിൽ എടുക്കുന്നില്ല. ഇതെല്ലാം സിബിഐ പരിശോധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP