Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അങ്ങനെയങ്ങ് പിണങ്ങിയാലോ! തോളിലേറ്റി മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ വേദിയിലേക്ക് കൊണ്ടുവന്നപ്പോൾ അപതീക്ഷിതമായി മുത്തം നൽകി അടൂർ പ്രകാശിന്റെ പിണക്കം അലിയിച്ച് പി.മോഹൻ രാജ്; കോന്നി പാലാ ആകാതിരിക്കാൻ തമ്മിലടി മാറ്റി വച്ച് എല്ലാം മറന്നുവെന്ന് പ്രഖ്യാപനം; തന്റെ നോമിനിയെ വെട്ടിയിട്ടും പിണക്കം ചിരിയിൽ ചാലിച്ചെടുത്തെങ്കിലും ഇടഞ്ഞ കൊമ്പനെ പോലെ നിന്ന അടൂർ പ്രകാശിന്റെ മനസ് മാറിയെന്ന് മോഹിച്ച് മോഹൻ രാജ്

അങ്ങനെയങ്ങ് പിണങ്ങിയാലോ! തോളിലേറ്റി മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ വേദിയിലേക്ക് കൊണ്ടുവന്നപ്പോൾ അപതീക്ഷിതമായി മുത്തം നൽകി അടൂർ പ്രകാശിന്റെ പിണക്കം അലിയിച്ച് പി.മോഹൻ രാജ്; കോന്നി പാലാ ആകാതിരിക്കാൻ തമ്മിലടി മാറ്റി വച്ച് എല്ലാം മറന്നുവെന്ന് പ്രഖ്യാപനം; തന്റെ നോമിനിയെ വെട്ടിയിട്ടും പിണക്കം ചിരിയിൽ ചാലിച്ചെടുത്തെങ്കിലും ഇടഞ്ഞ കൊമ്പനെ പോലെ നിന്ന അടൂർ പ്രകാശിന്റെ മനസ് മാറിയെന്ന് മോഹിച്ച് മോഹൻ രാജ്

മറുനാടൻ മലയാളി ബ്യൂറോ

 പത്തനംതിട്ട; പാലാ ഉപതിരഞ്ഞെടുപ്പിൽ തോറ്റമ്പിയതിന്റെ ഷോക്കിൽ നിന്ന് കോൺഗ്രസ് കരകയറുന്നതേയുള്ളു. മറ്റ് അഞ്ചിടത്തും ഇനി കളികൾക്ക് സമയമില്ല. കോന്നിയിൽ തന്റെ നോമിനിയായ റോബിൻ പീറ്ററെ വെട്ടിയതിൽ പ്രതിഷേധിച്ച് കൺവൻഷനുകളിൽ പങ്കെടുക്കാതെ മാറി നിന്ന അടൂർ പ്രകാശ് ഒടുവിൽ ഒത്തുതീർപ്പിന് വഴങ്ങി. മുതിർന്ന നേതാക്കൾ അനുനയിപ്പിച്ചതോടെയാണ് രാവിലത്തെ തിരഞ്ഞെടുപ്പ് കൺവൻഷനിൽ അടൂർ പ്രകാശാ പങ്കെടുത്തത്. പാർട്ടി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടൂർ പ്രകാശുമായി അനുനയ ചർച്ച നടത്തിയത്. ഇതോടെ, തിരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കാൻ അടൂർ പ്രകാശ് സമ്മതിക്കുകയായിരുന്നു.

കൺവൻഷനിൽ അടൂർ പ്രകാശ് പങ്കെടുത്തേക്കില്ല എന്ന ആശങ്കയിലായിരുന്നു കോൺഗ്രസ് നേതൃത്വം. ഡിസിസി തന്നെ അപമാനിച്ചുവെന്ന് അടൂർ പ്രകാശ് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അനാവശ്യ പരാമർശം നടത്തിയെന്നാണ് അടൂർ പ്രകാശ് ആരോപിച്ചത്. കോന്നിയിൽ തിരഞ്ഞെടുപ്പ് കൺവൻഷൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മോഹൻരാജിനെ കോന്നിയിൽ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് അടൂർ പ്രകാശ് എംപിയും റോബിൻ പീറ്ററും പരസ്യമായി രംഗത്തുവന്നിരുന്നു. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ യുഡിഎഫ് കൺവെൻഷന് ഒടുവിൽ പിണങ്ങി മാറിയിരുന്ന അടൂർ പ്രകാശ് എംപിയെത്തി. സ്വന്തം നോമിനിയായ റോബിൻ പീറ്ററിനെ തഴഞ്ഞ് പി മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കിയതിന്റെ പേരിൽ കടുത്ത അതൃപ്തിയോടെ കൺവെൻഷൻ ബഹിഷ്‌കരിക്കാനൊരുങ്ങിയ അടൂർ പ്രകാശിനെ മുല്ലപ്പള്ളിയും ചെന്നിത്തലയും നേരിട്ടെത്തി അനുനയിപ്പിച്ച് കൺവെൻഷനിലെത്തിക്കുകയായിരുന്നു. മണ്ഡലത്തിലെ മുൻ എംഎൽഎ അടൂർ പ്രകാശ് ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ കിണഞ്ഞ് ശ്രമിച്ചു സംസ്ഥാന നേതൃത്വം.

പ്രവർത്തകർ വലിയ സ്വീകരണമാണ് കൺവെൻഷൻ വേദിയിൽ അടൂർ പ്രകാശിന് നൽകിയത്. തോളിലേറ്റി മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ അടൂർ പ്രകാശിനെ വേദിയിലേക്ക് കൊണ്ടുവന്നു. വേദിയിൽ വച്ച് പി മോഹൻരാജ് അടൂർപ്രകാശിന് മുത്തം നൽകി. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി പ്രഖ്യാപിച്ചു. പ്രമാടം പഞ്ചായത്ത് പ്രസിഡന്റായ റോബിൻ പീറ്ററിന് ഇന്നലെ കെപിസിസി പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് പദവി നൽകിയിരുന്നു. പ്രതിഷേധം തണുപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. എന്നാൽ ഇതുകൊണ്ടൊന്നും അടൂർ പ്രകാശ് വഴങ്ങിയില്ല. കൺവെൻഷന് വരില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഇപ്പോഴും. ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അനാവശ്യ പരാമർശം നടത്തിയെന്ന് അടൂർ പ്രകാശ് സംസ്ഥാനനേതൃത്വത്തോട് പരാതിപ്പെട്ടു.

1996 ന് ശേഷം കോൺഗ്രസിനെ കൈവിടാത്ത മണ്ഡലമാണ് കോന്നി. അടൂർ പ്രകാശ് കുത്തകയാക്കിയ മണ്ഡലത്തിൽ അദ്ദേഹം എംപിയായതോടെ ആരു മത്സരിക്കും എന്നതായിരുന്നു മുഖ്യ ചോദ്യം. പത്തനംതിട്ടയിൽ കോൺഗ്രസിന് ആകെയുള്ള മണ്ഡലം നിലവിൽ ഐ ഗ്രൂപ്പിന്റെ കൈവശമാണ്. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററിനെയാണ് അടൂർ പ്രകാശ് മുന്നോട്ട് വച്ചത്. മറ്റൊരു പേര് അദ്ദേഹത്തിന് മുന്നോട്ട് വയ്ക്കാനില്ലായിരുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചയാളാണ്. പൊതുസമ്മതനാണ്. ജില്ലാ പഞ്ചായത്ത് അംഗവും ബ്ലോക്ക് പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റും ആയ ആളാണ് റോബിൻ പീറ്റർ. മണ്ഡലത്തിൽ ഉടനീളം ബന്ധങ്ങളുള്ള വ്യക്തി. ആരോപണങ്ങളുടെ കറ പുരണ്ടിട്ടുമില്ല. ജയസാധ്യത നോക്കിയാൽ റോബിൻ പീറ്ററാണ് വരേണ്ടതെന്ന് അടൂർ പ്രകാശ് ക്യാമ്പ് പറഞ്ഞിരുന്നു.

സാമുദായിക പരിഗണനയല്ല, വിജയസാധ്യതയാണ് പ്രധാനമെന്ന് അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. പാർട്ടി അനുവദിച്ചാൽ സ്ഥാനാർത്ഥിയുടെ പേര് നിർദ്ദേശിക്കുമെന്നും കൂടി അടൂർ പ്രകാശ് പറഞ്ഞുവച്ചു. ഇത് അദ്ദേഹത്തിന്റെ എതിരാളികളെ ചൊടിപ്പിച്ചു. സമുദായ സമവാക്യങ്ങൾ പരിഗണിച്ചാകണം സ്ഥാനാർത്ഥി നിർണയമെന്ന് അവർ നിർബന്ധം പിടിക്കുന്നു. അടൂർപ്രകാശ് മാറിയതോടെ ഈഴവ പ്രാതിനിധ്യം ഇല്ലാതായി. ഒരു ഈഴവ് സ്ഥാനാർത്ഥി തന്നെ കോന്നിയിൽ വേണമെന്നാണ് വാദം. സമുദായ സമവാക്യമല്ല ജയസാധ്യതയാണ് പ്രധാനമെന്ന് അടൂർ പ്രകാശ് പറഞ്ഞാലും മുതിർന്ന നേതാക്കൾക്ക് അക്കാര്യം അനുവദിക്കാൻ സാധ്യമായിരുന്നില്ല. 1996 ൽ നിലവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനെ തോൽപ്പിച്ചുകൊണ്ട് അടൂർ പ്രകാശ് ഇടത് മുന്നണിയിൽ നിന്ന് പിടിച്ചെടുത്ത മണ്ഡലം പിന്നീടൊരിക്കലും കോൺഗ്രസിനെ കൈവിട്ടിട്ടില്ല. അതുകൊണ്ട് തന്നെ മണ്ഡലം കൈവിട്ടുകൊണ്ടുള്ള കളിക്ക് സംസ്ഥാന നേതാക്കൾക്ക് കൂട്ടുനിൽക്കാനാവുമായിരുന്നില്ല..

2016ലെ നിയമസഭ തിരഞ്ഞെടുപ്പിലെ അപേക്ഷിച്ച് രാഷ്ട്രീയ അടിയൊഴുക്കിൽ വലിയ മാറ്റമാണ് കോന്നിയിൽ സംഭവിച്ചത്. അടൂർ പ്രകാശ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 20,748 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലം ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ഭൂരിപക്ഷം 2721 ആയി ഇടിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP