Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗാന്ധിജി-പട്ടേൽ സ്മരണ പുതുക്കി അതിരാവിലെ എത്തിയ കുമ്മനത്തെ പാർട്ടി ഓഫീസിലെത്തിച്ചത് പ്രഖ്യാപനം വന്നാലുടൻ റോഡ് ഷോ തുടങ്ങണമെന്ന് ആവശ്യം ചൂണ്ടിക്കാട്ടി; പ്രഖ്യാപനം വന്നതോടെ നിരാശനായ കുമ്മനത്തെ തേടിയെത്തിയത് ഇത് തലമുറ മാറ്റമെന്ന എംടി രമേശിന്റെ പ്രസ്താവനയും; രാജഗോപാലിന്റെ മുൻകൂട്ടിയുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം കുമ്മനത്തിന് വിനയായി; വട്ടിയൂർകാവിൽ വമ്പൻ പ്രതിസന്ധി; മഞ്ചേശ്വരത്തും അടിമൂക്കുന്നു; വിവാദങ്ങൾ ഒഴിഞ്ഞ് കോന്നിയും; ബിജെപിയിൽ ഗ്രൂപ്പു കളികൾ ഇനി വീണ്ടും സജീവമാകും

ഗാന്ധിജി-പട്ടേൽ സ്മരണ പുതുക്കി അതിരാവിലെ എത്തിയ കുമ്മനത്തെ പാർട്ടി ഓഫീസിലെത്തിച്ചത് പ്രഖ്യാപനം വന്നാലുടൻ റോഡ് ഷോ തുടങ്ങണമെന്ന് ആവശ്യം ചൂണ്ടിക്കാട്ടി; പ്രഖ്യാപനം വന്നതോടെ നിരാശനായ കുമ്മനത്തെ തേടിയെത്തിയത് ഇത് തലമുറ മാറ്റമെന്ന എംടി രമേശിന്റെ പ്രസ്താവനയും; രാജഗോപാലിന്റെ മുൻകൂട്ടിയുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം കുമ്മനത്തിന് വിനയായി; വട്ടിയൂർകാവിൽ വമ്പൻ പ്രതിസന്ധി; മഞ്ചേശ്വരത്തും അടിമൂക്കുന്നു; വിവാദങ്ങൾ ഒഴിഞ്ഞ് കോന്നിയും; ബിജെപിയിൽ ഗ്രൂപ്പു കളികൾ ഇനി വീണ്ടും സജീവമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി പ്രവർത്തനവുമായി നടന്ന കുമ്മനം രാജശേഖരനെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാക്കിയത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. അതിലും അപ്രതീക്ഷിതമായിരുന്നു വട്ടിയൂർകാവിലെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും കുമ്മനത്തെ വെട്ടി മാറ്റിയതും. രണ്ടും ചെയ്തത് ബിജെപിയുടെ അധ്യക്ഷനായ അമിത് ഷായാണ്. വട്ടിയൂർകാവിൽ മത്സരിക്കാൻ സമ്മർദ്ദം ചെലുത്തി തിരുവനന്തപുരത്ത് എത്തിച്ച ശേഷം കുമ്മനത്തെ ചതിക്കുകയാണ് ചെയ്തതെന്നാണ് ആർ എസ് എസിലെ ഒരു വിഭാഗം പറയുന്നത്. നേരത്തെ കേന്ദ്ര മന്ത്രിയാക്കാമെന്ന് പറഞ്ഞ് ഡൽഹിയിൽ വിളിച്ചു വരുത്തിയും കുമ്മനത്തെ നിരാശനാക്കിയിരുന്നു. ഇപ്പോൾ വട്ടിയൂർകാവിലും. ഇതിനെല്ലാം ഉപരി തലമുറ മാറ്റമാണ് നടന്നതെന്ന ബിജെപി ജനറൽ സെക്രട്ടറി എംടി രമേശിന്റെ പ്രസ്താവനയും കുമ്മനത്തെ ഞെട്ടിച്ചിട്ടുണ്ട്.

കുമ്മനം ബിജെപി അധ്യക്ഷനായിരിക്കുമ്പോഴാണ് മെഡിക്കൽ കോഴ ആരോപണമെത്തുന്നത്. എംടി രമേശും സഹായിയായ ആർ എസ് വിനോദുമായിരുന്നു പ്രതിസ്ഥാനത്ത്. ആർ എസ് വിനോദിനെ മാത്രം ബലിയാടാക്കി എംടി രമേശിനെ രക്ഷിക്കുകയാണ് കുമ്മനം ചെയ്തത്. വി വി രാജേഷിനെ റിപ്പോർട്ട് ചോർത്തലിൽ പുറത്തുമാക്കി. എന്നാൽ ഈ ആരോപണത്തിന് തെളിവൊന്നും ഉണ്ടായിരുന്നില്ല. കുമ്മനം അധ്യക്ഷനാകുമ്പോൾ പാർട്ടിയെ നയിച്ചത് എംടി രമേശായിരുന്നു. ഏറ്റവും വിശ്വസ്തൻ. അത്തരത്തിലൊരാളാണ് തലമുറ മാറ്റമെന്ന് പറഞ്ഞ് കുമ്മനത്തെ വട്ടിയൂർകാവിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കുമ്പോൾ കളിയാക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് തനിക്ക് വമ്പൻ തോൽവി സമ്മാനിച്ച പാർട്ടിയിലെ അട്ടിമറി നേതാക്കൾ വട്ടിയൂർകാവിലും അപമാനിക്കാൻ എത്തിയോ എന്ന സംശയം കുമ്മനത്തിനുണ്ട്. ഇതോടെ വട്ടിയൂർകാവിൽ ബിജെപി അണികൾ സർവ്വത്ര ആശയക്കുഴപ്പത്തിലാണ്. ഇതിനൊപ്പം മഞ്ചേശ്വരത്തും ബിജെപി വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. കെ സുരേന്ദ്രൻ മത്സരിക്കുന്ന കോന്നിയിൽ മാത്രമാണ് ബിജെപി സംഘടനാ തലത്തിൽ കരുത്ത് കാട്ടുന്നത്.

മഞ്ചേശ്വരത്തെ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി.യുടെ സ്ഥാനാർത്ഥിപ്രഖ്യാപനത്തിനു പിന്നാലെ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്ത് എത്തി. മഞ്ചേശ്വരം മണ്ഡലം കൺവെൻഷനിടെ പാർട്ടി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശനെ ബന്ദിയാക്കി. ആർ എസ് എസിന്റെ മുതിർന്ന പ്രചാരകനാണ് ഗണേശ്. സാധ്യതാപ്പട്ടികയിൽ മുന്നിലുണ്ടായിരുന്ന ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്തിനു പകരം പാർട്ടി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാറിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. അഡ്വ. കെ. ശ്രീകാന്ത്, മുൻ പ്രസിഡന്റ് പി. സുരേഷ് കുമാർ ഷെട്ടി, സംസ്ഥാന സമിതിയംഗം വി. ബാലകൃഷ്ണ ഷെട്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രതിഷേധം. പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും വികാരം മനസ്സിലാക്കാതെയാണ് നേതൃത്വം സ്ഥാനാർത്ഥിയെ നിശ്ചയിച്ചതെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തി. സ്ഥാനാർത്ഥിപ്രഖ്യാപനം വൈകിയതിലെ അതൃപ്തിയും ഇവർ പരസ്യമായി പ്രകടിപ്പിച്ചു. കുമ്പള, മീഞ്ച, മംഗൽപ്പാടി, പുത്തിഗെ പഞ്ചായത്തുകളിൽനിന്നുള്ള പ്രവർത്തകരും നേതാക്കളെക്കണ്ട് പ്രതിഷേധമറിയിച്ചു. താഴെ തട്ടിൽ ഇത് ഏറെ ചർച്ചയാകുന്നുണ്ട്. വി മുരളീധര പക്ഷത്തെ നേതാവായതു കൊണ്ടാണ് ശ്രീകാന്തിനെ ഒഴിവാക്കിയതെന്നാണ് ആരോപണം.

വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാനുള്ള ബിജെപി. സംസ്ഥാന നേതൃത്വത്തിന്റെ താത്പര്യത്തെ ആർഎസ്എസ്. അനുകൂലിച്ചിട്ടും കുമ്മനം രാജശേഖരൻ പുറത്താതും ഏവരേയും ഞെട്ടിക്കുന്നു. പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനും മുൻ മിസോറം ഗവർണറുമായ കുമ്മനത്തെ ഒഴിവാക്കിയതിനു പിന്നിൽ ഒരു ദേശീയ നേതാവിന്റെ ഇടപെടലാണെന്നാണ് ആക്ഷേപം. സംസ്ഥാനഘടകം ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ അഞ്ച് ഒന്നാംപേരുകാരിൽ കുമ്മനത്തെ മാത്രമാണു തള്ളിയത്. വട്ടിയൂർക്കാവിലേക്ക് മണ്ഡലം, ജില്ലാ കമ്മിറ്റികൾ മൂന്നുപേരെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഒന്നാംപേരുകാരനായി കുമ്മനം രാജശേഖരനുപുറമേ ഇപ്പോൾ സ്ഥാനാർത്ഥിയായ എസ്. സുരേഷും സംസ്ഥാനകമ്മിറ്റിയംഗം വി.വി. രാജേഷും. അനിശ്ചിതത്വത്തിനൊടുവിൽ കുമ്മനത്തെ ഒഴിവാക്കി. പിന്നെയാരു വേണമെന്നതിൽ ആർഎസ്എസ്. ഇടപെട്ടില്ല. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കാൻ തുടക്കംതൊട്ടേ കുമ്മനത്തെയാണ് പാർട്ടി കണ്ടുവെച്ചത്. ലോക്സഭയിലേക്കു മത്സരിച്ചുതോറ്റ മുതിർന്നനേതാവു കൂടിയായ അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കണോ എന്നതിൽ ആർഎസ്എസ്. ഹിതപരിശോധന നടത്തി. അതിനുശേഷമാണ് അനുവാദം നൽകിയതും കുമ്മനം തയ്യാറായതും. ഇതോടെ കുമ്മനത്തെ ഒന്നാമനാക്കി സംസ്ഥാനനേതൃത്വം പട്ടിക കേന്ദ്രത്തിനയച്ചു. പക്ഷേ, നറുക്കുവീണത് സുരേഷിനാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർകാവിൽ കുമ്മനത്തിന് കിട്ടിയ വോട്ടുകൾ വീണ്ടും കിട്ടിയാൽ ജയിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. ഇതാണ് സുരേഷിന്റെ സ്ഥാനാർത്ഥിത്വത്തോടെ ഇല്ലാതാകുന്നത്.

ഇന്നലെ രാവിലെയാണ് ഗുജറാത്തിൽ നിന്നും കുമ്മനം തിരുവനന്തപുരത്ത് എത്തിയത്. സർദാർ പട്ടേലിന്റെ സ്മാരകവും ഗാന്ധിജിയുടെ ആശ്രമവും സന്ദർശിച്ചാണ് കുമ്മനം ഗുജറാത്തിൽ നിന്ന് മടങ്ങിയത്തിയത്. അപ്പോൾ തന്നെ കുമ്മനമാണ് സ്ഥാനാർത്ഥിയെന്നും ഉച്ചയോടെ പ്രഖ്യാപനമെത്തുമെന്നും കുമ്മനത്തെ ബിജെപിക്കാരും അറിയിച്ചു. സംസ്ഥാന സമിതി ഓഫീസിൽ എത്തണമെന്നും നിർദ്ദേശിച്ചു. പ്രഖ്യാപനം വന്നയുടൻ റോഡ് ഷോ തുടങ്ങാനായിരുന്നു ഇതെന്നായിരുന്നു കുമ്മനത്തോട് പറഞ്ഞത്. ഇതോടെയാണ് പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കുമ്മനം പ്രഖ്യാപിച്ചത്. നേരത്തെ യുവതലമുറയ്ക്കായി മാറി കൊടുക്കുമെന്നായിരുന്നു കുമ്മനം പറഞ്ഞത്. ആർഎസ്എസ് നേതൃത്വവും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കുമ്മനം സ്ഥാനാർത്ഥിയാകൻ സമ്മതം മൂളി. അതിന് ശേഷമാണ് കുമ്മനത്തെ ഒഴിവാക്കിയത്. വേദനയുണ്ടെങ്കിലും ആർഎസ്എസ് നിർദ്ദേശം അനുസരിച്ച് സുരേഷിന്റെ പ്രചരണത്തിൽ സജീവ പങ്കാളിയാകാനാണ് കുമ്മനത്തിന്റെ തീരുമാനം.

അഞ്ചു മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ ഒഴിവാക്കപ്പെട്ടത് എതിരാളികളെപ്പോലും അമ്പരപ്പിച്ചു. പൂഴിക്കടകൻ പ്രയോഗത്തിൽ ആദ്യമൊന്നു പകച്ചെങ്കിലും അസാമാന്യ രാഷ്ട്രീയ മെയ്വഴക്കത്തോടെ സുരേഷിനു പിന്തുണ പ്രഖ്യാപിച്ച് കുമ്മനം അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി. മത്സരത്തിനില്ലെന്ന് ആദ്യം മുതൽ ആവർത്തിച്ചിരുന്ന കുമ്മനത്തിനുമേൽ കടുത്ത സമ്മർദം ചെലുത്തിയാണ് സ്ഥാനാർത്ഥിയാകാൻ സമ്മതിപ്പിച്ചത്. ഗൃഹസമ്പർക്കം അടക്കമുള്ളവയിൽ സജീവമായതിനു പിന്നാലെയായിരുന്നു അപ്രതീക്ഷിത ഒഴിവാക്കൽ. ഇതു കുമ്മനവും പ്രതീക്ഷിച്ചിരുന്നില്ലെന്നു സംസ്ഥാന ഓഫീസിൽനിന്ന് പുറത്തേക്കുവന്നപ്പോഴുള്ള അദ്ദേഹത്തിന്റെ മുഖഭാവത്തിൽത്തന്നെ വ്യക്തം. കുമ്മനം മത്സരിക്കണമെന്നു നിർദ്ദേശിച്ച ആർ.എസ്.എസിനും തീരുമാനം തിരിച്ചടിയായി.

തിരുവനന്തപുരം മേയർ കൂടിയായ എൽ.ഡി.എഫ്. സ്ഥാനാർത്ഥി വി.കെ. പ്രശാന്തും കോൺഗ്രസിലെ കെ. മോഹൻ കുമാറും തമ്മിലുള്ള മത്സരത്തിനിടയിലൂടെ സുരേഷിനെ സുരക്ഷിതമായി നിയമസഭയിൽ എത്തിക്കാമെന്നാണു ബിജെപി. കരുതുന്നത്. മണ്ഡലത്തിൽ ശക്തമായ പിന്തുണയുള്ള സുരേഷ് മികച്ച സംഘാടകനാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് ഒ. രാജഗോപാലിലൂടെ നടാടെ താമര വിരിയിക്കാനും വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞതും സുരേഷിന്റെ സംഘടനാപാടവത്തിനു തെളിവാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 35 സീറ്റ് നേടി 100 വാർഡുകളുള്ള തിരുവനന്തപുരം നഗരസഭയിൽ ബിജെപി. പ്രധാന പ്രതിപക്ഷമായതിനു പിന്നിലും സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനമാണെന്നതും അനുകൂലഘടകമായി.

കുമ്മനം രാജശേഖരന് പകരം വട്ടിയൂർക്കാവിൽ എസ് സുരേഷ് കുമാറിനെ മത്സരിപ്പിക്കാനുള്ള തിരുമാനത്തിൽ പ്രതികരണവുമായി ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ് രംഗത്ത് വന്നിരുന്നു. കുമ്മനത്തെ തഴഞ്ഞതല്ലെന്നും അദ്ദേഹം സ്വയം പിന്മാറുകയായിരുന്നുവെന്നും രമേശ് പറഞ്ഞു. യുവാക്കൾക്കായി വഴി മാറുകയാണെന്ന് കുമ്മനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നും രമേശ് വ്യക്തമാക്കി. താൻ മത്സരിക്കാൻ തയ്യാറാണെന്ന് കുമ്മനം തന്നെ വിശദീകരിച്ചിരുന്നു. അതിന് ശേഷമാണ് ഒഴിവാക്കിയത്. എന്നിട്ടും സ്വയം പിന്മാറിയെന്ന് പറഞ്ഞ് കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വം നിഷേധിക്കലിനെ വിലകുറച്ചു കാട്ടാൻ രമേശ് ശ്രമിച്ചു. ഇതിന് പുറമേയാണ് തലമുറ മാറ്റമെന്ന കളിയാക്കലും. ഇത് അതിരുവിട്ടുവെന്ന വിലയിരുത്തൽ പരിവാറുകാർക്കുണ്ട്. മെഡിക്കൽ കോഴ സമയത്ത് കൂടെ നിന്ന കുമ്മനത്തെ പിന്നിൽ നിന്ന് ചിലർ കുത്തുകയാണ് ചെയ്തതെന്നാണ് പരിവാറിലെ ബഹുഭൂരിഭാഗവും പറയുന്നത്.

ശബരിമല സമരനായകനെന്ന പ്രതിഛായയുമായി കെ.സുരേന്ദ്രൻ ബിജെപി. സ്ഥാനാർത്ഥിയായി എത്തിയതോടെ കോന്നി മണ്ഡലത്തിനു കൈവന്നതു ഗ്ലാമർ പരിവേഷമാണ്. സ്ഥാനാർത്ഥിനിർണയത്തിൽ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി തങ്ങൾക്കു ഗുണകരമാകുമെന്നും മണ്ഡലം പിടിച്ചടക്കാമെന്നുമുള്ള കണക്കുകൂട്ടലുകളാണു കെ. സുരേന്ദ്രനെ രംഗത്തിറക്കാൻ ബിജെപിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മത്സരിച്ച സുരേന്ദ്രന് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ച നിയമസഭാ മണ്ഡലമാണ് കോന്നി. ഇവിടെ 46,540 വോട്ട് നേടിയ സുരേന്ദ്രനും ഇടതുപക്ഷത്തെ വീണാ ജോർജുമായുള്ള വ്യത്യാസം 460 വോട്ടും ജയിച്ചു കയറിയ ആന്റോ ആന്റണിയുമായുള്ള വ്യത്യാസം 2460 വോട്ടുമായിരുന്നു. ഈ സാഹചര്യങ്ങളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 89 വോട്ടിനു തോറ്റ മഞ്ചേശ്വരത്തെക്കാൾ സുരേന്ദ്രനു കോന്നിയിൽ ജയസാധ്യത കൽപ്പിക്കാൻ കേന്ദ്ര നേതൃത്വത്തെ പ്രേരിപ്പിച്ചത്.

അതിനിടെ മഞ്ചേശ്വരം ബിജെപിയിലെ പ്രതിസന്ധി പരഹരിക്കാൻ ആർഎസ്എസ് നേതൃത്വം മഞ്ചേശ്വരത്ത് യോഗം ചേർന്നു. ജില്ലയിലെ മുതിർന്ന നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. അഭിപ്രായ വ്യത്യാസം താഴേത്തട്ടിലെത്താതെ നോക്കാനും ഇത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനുമാണ് മുതിർന്ന നേതാക്കളുടെ ശ്രമം. പ്രശ്‌നം ഉടൻ പരിഹരിച്ചില്ലെങ്കിൽ ബിജെപി വോട്ടുകൾ ചോരുന്ന സാഹചര്യമുണ്ടാകുമെന്ന് നേതൃത്വം ഭയപ്പെടുന്നു. ഇത് തടയാനുള്ള ശ്രമത്തിലാണ് ആർഎസ്എസ് നേതൃത്വം.

ആർഎസ്എസ് നേതൃത്വത്തിന്റെ താൽപര്യപ്രകാരമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർകോട്ട് മത്സരിച്ച രവീശ തന്ത്രി തന്നെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയായത്. പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ ബിജെപി പ്രാദേശിക നേതൃത്വം കലാപക്കൊടി ഉയർത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് കൺവെൻഷനുകളുമായി സഹകരിക്കില്ലെന്ന് കുമ്പള, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കമ്മിറ്റികൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തന്ത്രിയുടെ സ്ഥാനാർത്ഥിത്വം വഴി നിഷ്പക്ഷ വോട്ടുകൾ അകലുമെന്ന് ഒരു വിഭാഗം നേതാക്കൾ ആശങ്കപ്പെടുന്നു.

പാർട്ടി വോട്ടുകൾ സ്വന്തം ചിഹ്നത്തിലുറപ്പിക്കാൻ മഞ്ചേശ്വരത്ത് ബിജെപിക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഏറെക്കാലമായി വിജയകരമായി ബിജെപി അത് നടപ്പാക്കിവരികയും ചെയ്യുന്നുണ്ട്. എന്നാൽ ന്യൂനപക്ഷ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ആകർഷിക്കാൻ കഴിയാഞ്ഞതായിരുന്നു വിജയത്തിന് വിലങ്ങുതടിയായത്. 2016-ൽ കെ.സുരേന്ദ്രൻ ഈ പരിമിതി ഒരു പരിധിവരെ മറികടന്നെങ്കിലും 89 വോട്ടുകൾക്ക് അടിയറവ് പറയേണ്ടി വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP