Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടി എടുക്കുന്ന ഏത് തീരുമാനവും ശിരസാ വഹിക്കുമെന്ന് കുമ്മനം; കുമ്മനം തന്നെ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയെന്ന് ഉറപ്പിച്ചിടത്ത് കേന്ദ്ര നേതൃത്വം പേരുവെട്ടിയതിന്റെ ഞെട്ടലിൽ ബിജെപി സംസ്ഥാന നേതാക്കളും പ്രവർത്തകരും; കുമ്മനത്തെ ഒഴിവാക്കിയതല്ല; യുവാക്കൾക്കായി പിന്മാറിയതാണെന്ന് വിശദീകരിച്ച എം ടി രമേശ്; നേതാവിന് വേണ്ടി ആർഎസ്എസ് കടുംപിടുത്തം നടത്താത്തതും ഒഴിവാക്കലിന് കാരണമായെന്ന വിലയിരുത്തൽ

പാർട്ടി എടുക്കുന്ന ഏത് തീരുമാനവും ശിരസാ വഹിക്കുമെന്ന് കുമ്മനം; കുമ്മനം തന്നെ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയെന്ന് ഉറപ്പിച്ചിടത്ത് കേന്ദ്ര നേതൃത്വം പേരുവെട്ടിയതിന്റെ ഞെട്ടലിൽ ബിജെപി സംസ്ഥാന നേതാക്കളും പ്രവർത്തകരും; കുമ്മനത്തെ ഒഴിവാക്കിയതല്ല; യുവാക്കൾക്കായി പിന്മാറിയതാണെന്ന് വിശദീകരിച്ച എം ടി രമേശ്; നേതാവിന് വേണ്ടി ആർഎസ്എസ് കടുംപിടുത്തം നടത്താത്തതും ഒഴിവാക്കലിന് കാരണമായെന്ന വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മുതിർന്ന നേതാവ് കുമ്മനം രാജശേഖരനെ അപ്രതീക്ഷിതമായി ഒഴിവാക്കിയതിന്റെ ഞെട്ടലിൽ നേതാക്കളും പ്രവർത്തകരും. കുമ്മനം തന്നെയാണ് സ്ഥാനാർത്ഥിയെന്ന് ഏതാണ്ട് ഉറപ്പിച്ച ഘട്ടത്തിലാണ് അദ്ദേഹത്തെ മാറ്റി ബിജെപി ജില്ലാ അധ്യക്ഷൻ എസ് സുരേഷിനെ സ്ഥാനാർത്ഥിയാക്കിയത്. കുമ്മനത്തിന്റെ പിന്മാറ്റം ബിജെപിക്കാരിൽ ആവേശം കുറയ്ക്കാൻ ഇടയായിട്ടുണ്ട്.

വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥി എസ്. സുരേഷിന്റെ സ്ഥാനാർത്ഥിത്വത്തെ അനുകൂലിച്ച് മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. എസ്.സുരേഷിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം താൻ ശിരസാ വഹിക്കുന്നുവെന്നും കുമ്മനം അറിയിച്ചു. അങ്ങേയറ്റം അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തകനായ താൻ അങ്ങേയറ്റം സന്തോഷത്തോടെ എസ്.സുരേഷിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. എന്ത് ത്യാഗം സഹിച്ചായാലും സുരേഷിന്റെ വിജയത്തിനായി താൻ പ്രവർത്തിക്കുമെന്നും കുമ്മനം രാജശേഖരൻ അറിയിച്ചു.

അതേസമയം, കേന്ദ്ര നേതൃത്വം തന്നെ ഒരു ചുമതല ഏൽപ്പിച്ചിരിക്കുകയാണെന്നും ആ ചുമതല ഭംഗിയായി പൂർത്തീകരിക്കാൻ സാധിക്കുമെന്നും വട്ടിയൂർക്കാവിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കാൻ സാധിക്കുമെന്നും കുമ്മനം രാജശേഖരനോടൊപ്പമുണ്ടായിരുന്ന എസ്. സുരേഷ് പ്രതികരിച്ചു. കുമ്മനം രാജശേഖരനെ പോലെ ഒരു സമുന്നതനായ വ്യക്തിത്വം വട്ടിയൂർക്കാവിൽ വരണം എന്നാണ് താനുൾപ്പെടെയുള്ളവർ ആഗ്രഹിച്ചതെന്നും പാർട്ടിയുടെ കേന്ദ്ര നേതൃത്വം വട്ടിയൂർക്കാവിന്റെ ചില സാഹചര്യങ്ങളും മറ്റ് മാനദണ്ഡങ്ങളും നോക്കിയാണ് തന്നെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതെന്നും എസ്.സുരേഷ് പറഞ്ഞു.

അതേസമയം ഉപതെരഞ്ഞടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനം രാജശേഖരനെ ഒഴിവാക്കിയതല്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി എംടി രമേശ് വിശദീകരിച്ചു. അദ്ദേഹം സ്വയം പിന്മാറുകയായിരുന്നു. യുവാക്കൾക്ക് അവസരം നൽകണമെന്ന് കുമ്മനം രാജശേഖരൻ പാർട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതിന്റെ അടിസ്ഥാത്തിലാണ് യുവാക്കൾ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചതെന്നും രമേശ് പറഞ്ഞു. സംസ്ഥാന നേതൃത്വം കൈമാറിയ പട്ടികയിൽ ഒന്നാമത് കുമ്മനവും രണ്ടാമത് സുരേഷുമായിരുന്നു. കുമ്മനം പിന്മാറിയ സാഹചര്യത്തിലാണ് സുരേഷ് സ്ഥാനാർത്ഥിയായതെന്നും രമേശ് കൂട്ടിച്ചേർത്തു.

കോന്നിയിൽ കെ.സുരേന്ദ്രൻ മൽസരിക്കും. മഞ്ചേശ്വരത്ത് രവീശതന്ത്രി കുണ്ടാർ സ്ഥാനാർത്ഥി. അരൂരിൽ കെ.പി.പ്രകാശ് ബാബു. എറണാകുളത്ത് സി.ജി.രാജഗോപാലും മൽസരിക്കും. ഉപതിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ മൽസരിക്കേണ്ടതില്ലെന്ന് ആർഎസ്എസിലെ ഒരു പക്ഷം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് അംഗീകാരം കിട്ടിയ പട്ടികയാണ് പുറത്തിറങ്ങിയിരിക്കുന്നത്. കെ.സുരേന്ദ്രന്റെ കാര്യത്തിൽ മാത്രമാണ് വ്യത്യാസം. പാർട്ടി പറഞ്ഞാൽ മൽസരിക്കാൻ തയാറാണെന്ന് കുമ്മനം പറഞ്ഞിരുന്നു. ബിജെപിയുടെ മുതിർന്ന നേതാവ് ഒ.രാജഗോപാലാണ് കുമ്മനത്തിന്റെ പേര് പ്രഖ്യാപിച്ചത്.

സംസ്ഥാന നേതൃത്വം തന്റെ പേരാണ് നിർദേശിച്ചതെന്നും അന്തിമ തീരുമാനം കേന്ദ്രനേതൃത്വം ഉടൻ പ്രഖ്യാപിക്കുമെന്നു കുമ്മനം രാജശേഖരൻ രാവിലെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഒരാൾ തന്നെ നിരന്തരം സ്ഥാനാർത്ഥിയാകുന്നത് ദോഷമാകുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ ബിജെപി സ്ഥാനാർത്ഥിയാവുന്നതിന് എതിരേ ഒരു വിഭാഗം നേതാക്കൾ രംഗത്ത്. കുമ്മനം പ്രചരണത്തിനിറങ്ങുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാകുന്നത്. ജില്ലാഘടകമാണ് കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.

തുടർന്ന് കുമ്മനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ജില്ലാഘടകത്തിനു സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയെന്നാണു വിവരം. വട്ടിയൂർക്കാവിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകുമെന്നു മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാലാണു പ്രഖ്യാപിച്ചത്. മത്സരിക്കാൻ കുമ്മനം സമ്മതം അറിയിച്ചതായും സംസ്ഥാനത്തിനു പുറത്തുള്ള കുമ്മനം ഞായറാഴ്ച രാവിലെ വട്ടിയൂർക്കാവിലെത്തി പ്രചാരണം തുടങ്ങുമെന്നും രാജഗോപാൽ അറിയിച്ചിരുന്നു. പ്രചാരണത്തിന് തുടക്കം കുറിച്ച് മണ്ഡലത്തിൽ നടത്തിയ ഗൃഹസന്ദർശനത്തിലാണ് രാജഗോപാൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.

കുമ്മനത്തെ മത്സരിപ്പിക്കാൻ ആർഎസ്എസ്സാണ് സമ്മർദ്ദം ചെലുത്തുന്നത്. എന്നാൽ ഇത് ഒരു വിഭാഗം ബിജെപി നേതാക്കൾ അംഗീകരിച്ചിട്ടില്ല. 2016 നിയമസഭാ തെരഞ്ഞെടുപ്പിലും കുമ്മനം വട്ടിയൂർക്കാവിൽ മത്സരിച്ചിരുന്നു. അന്ന് 7622 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ കെ. മുരളീധരൻ കുമ്മനത്തെ പരാജയപ്പെടുത്തി. 32 ശതമാനം വോട്ടാണ് അന്നു കുമ്മനത്തിനു ലഭിച്ചത്. സിപിഎം സ്ഥാനാർത്ഥി ടി.എൻ. സീമ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഏറ്റവും കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. തിരുവനന്തപുരം മേയർ വി.കെ പ്രശാന്താണ് സിപിഎമ്മിന് വേണ്ടി മത്സരിക്കുന്നത്. മോഹൻകുമാറാണ് കോൺഗ്രസ് സ്ഥാനാർത്ഥി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP