Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അടൂർ പ്രകാശിന്റെ എതിർപ്പ് കണക്കിലെടുക്കാതെ കോന്നിയിൽ മോഹൻരാജ് തന്നെ സ്ഥാനാർത്ഥി; എറണാകുളത്ത് ടി ജെ വിനോദും അരൂരിൽ ഷാനിമോൾ ഉസ്മാനും വട്ടിയൂർക്കാവിൽ കെ മോഹൻകുമാറും സ്ഥാനാർത്ഥികൾ; ഔദ്യോഗിക പ്രഖ്യാപനം നടത്തി ഹൈക്കമാൻഡ്; സ്ഥാനാർത്ഥി പ്രഖ്യാപനം വന്നെങ്കിലും അസ്വാരസ്യങ്ങളിൽ പുകഞ്ഞ് കോൺഗ്രസ് ക്യാമ്പ്; ഗ്രൂപ്പു വീതംവെയ്‌പ്പ് നടന്നപ്പോൾ സ്ഥാനാർത്ഥികൾ പോരെന്ന വികാരം ശക്തം

അടൂർ പ്രകാശിന്റെ എതിർപ്പ് കണക്കിലെടുക്കാതെ കോന്നിയിൽ മോഹൻരാജ് തന്നെ സ്ഥാനാർത്ഥി;  എറണാകുളത്ത് ടി ജെ വിനോദും അരൂരിൽ ഷാനിമോൾ ഉസ്മാനും വട്ടിയൂർക്കാവിൽ കെ മോഹൻകുമാറും സ്ഥാനാർത്ഥികൾ; ഔദ്യോഗിക പ്രഖ്യാപനം നടത്തി ഹൈക്കമാൻഡ്; സ്ഥാനാർത്ഥി പ്രഖ്യാപനം വന്നെങ്കിലും അസ്വാരസ്യങ്ങളിൽ പുകഞ്ഞ് കോൺഗ്രസ് ക്യാമ്പ്; ഗ്രൂപ്പു വീതംവെയ്‌പ്പ് നടന്നപ്പോൾ സ്ഥാനാർത്ഥികൾ പോരെന്ന വികാരം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഹൈക്കമാന്റ് പ്രഖ്യാപിച്ചു. ടി.ജെ. വിനോദ് (എറണാകുളം), അഡ്വ. ഷാനിമോൾ ഉസ്മാൻ (അരൂർ), പി. മോഹൻ രാജൻ (കോന്നി), ഡോ. കെ. മോഹൻകുമാർ (വട്ടിയൂർക്കാവ്) എന്നിവരാണ് സ്ഥാനാർത്ഥികൾ. ഗ്രൂപ്പു അടിസ്ഥാനത്തിലുള്ള വീതംവെയ്‌പ്പാണ് നടന്നതെന്ന ആക്ഷേപ ശക്തമായി നിലനിൽക്കേയാണ് സ്ഥാനാർത്ഥി ലിസ്റ്റ് ഔദ്യോഗികമായി പുറത്തുവന്നത്. കോന്നിയയിൽ എ ഗ്രൂപ്പിന്റെ പ്രതിനിധിയായി മോഹൻരാജിനെയാണ് സ്ഥാനാർത്ഥിയാക്കിയത്.

അടൂർ പ്രകാശിന്റെ സ്ഥാനാർത്ഥി റോബിൻ പീറ്ററിനെ വെട്ടിയാണ് പി.മോഹൻ രാജിനെ ഉൾപ്പെടുത്തിയത്. അടൂർ പ്രകാശ് തന്റെ നിലപാടിൽ ഉറഞ്ഞു നിന്നതോടെ കോന്നി മണ്ഡലത്തിലെ കോൺഗ്രസിൽ കലാപക്കൊടി ഉയർന്നിരുന്നു. റോബിനല്ലാതെ ഏതു സ്ഥാനാർത്ഥി വന്നാലും ഒന്നടങ്കം രാജി വയ്ക്കുമെന്ന് യൂത്ത്കോൺഗ്രസിന്റെ കമ്മറ്റികൾ ഭീഷണി മുഴക്കി. എന്നാൽ, ഇതെല്ലാം അവഗണിച്ചാണ് തീരുമാനം.
എൻഎസ്എസ് നോമിനി ആയിട്ടാണ് മോഹൻരാജ് മൽസരിക്കാനെത്തുന്നത്. 2001 ലും 2006 ലും പത്തനംതിട്ട മണ്ഡലത്തിൽ മോഹൻരാജിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നു. പോസ്റ്റർ ഒട്ടിച്ച് പ്രചാരണവും തുടങ്ങി. 2001 ൽ കെകെ നായർക്ക് വേണ്ടി മോഹൻരാജ് മാറിക്കൊടുക്കേണ്ടി വന്നു.

2006 ൽ ശിവദാസൻ നായർക്ക് വേണ്ടിയാണ് മാറി നിൽക്കേണ്ടി വന്നത്. 2009 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും മോഹൻരാജിനെ സ്ഥാനാർത്ഥിയായി കെപിസിസി നിശ്ചയിച്ചു. പക്ഷേ, അന്ന് എകെ ആന്റണി ആന്റോ ആന്റണിയെ ഇവിടേക്ക് കെട്ടിയിറക്കി. പത്തനംതിട്ട നഗരസഭയുടെ മുൻചെയർമാൻ കൂടിയായ മോഹൻരാജിന് നിയമസഭാ സീറ്റ് എന്നേ കിട്ടേണ്ടിയിരുന്നതാണ്. ഓരോ കാലങ്ങളിൽ ഓരോരുത്തർ വന്നപ്പോൾ അദ്ദേഹം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു. കഴിഞ്ഞ തവണയും കോന്നിയിലേക്ക് മോഹൻരാജിനെ പരിഗണിച്ചിരുന്നു. അന്ന് അടൂർ പ്രകാശിന് സീറ്റിന് വേണ്ടി മോഹൻരാജിനെ വെട്ടിയത് തലതൊട്ടപ്പനായ ഉമ്മൻ ചാണ്ടി ആയിരുന്നു.

നേരത്തേ അടൂർ പ്രകാശിന്റെ സ്ഥാനാർത്ഥിയായ റോബിൻ പീറ്ററിന് എതിരേ ഒന്നിച്ചവരാണ് എ,ഐ ഗ്രൂപ്പുകാർ. അപ്പോൾ ഇവർ പറഞ്ഞത് റോബിൻ ഒഴികെ ആരെങ്കിലും വന്നോട്ടെ എന്നാണ്. ഇപ്പോൾ മോഹൻരാജ് വരുമ്പോൾ 'അങ്ങനെ പറയരുത്' എന്നാണ് ഇവരുടെ നിലപാട്. സുകുമാരൻ നായരുടെ നിർബന്ധമാണ് മോഹൻരാജിന് സീറ്റ് കിട്ടാൻ കാരണമായിരിക്കുന്നത്.

സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് നിരവധി മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടതും അരൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവുമാണ് ഷാനിമോളെ തിരഞ്ഞെടുക്കാൻ കാരണം. അരൂരിൽ ഈഴവ സ്ഥാനാർത്ഥി വേണമെന്ന് ആവശ്യമുയർന്നിരുന്നു. എം ലിജുവിനെ മത്സരിപ്പിക്കാൻ തീരുമാനം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് താൽപ്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ അരൂരിൽ ലീഡ് നില ഉയർത്തിയ ഷാനിമോളെ തന്നെ മത്സരിപ്പിക്കാൻ ഐ ഗ്രൂപ്പിൽ നിന്ന് തന്നെ ആവശ്യമുയർന്നിരുന്നു. കെ മുരളീധരൻ എംപിയും ഷാനി മോൾക്ക് പിന്തുണയുമായി എത്തിയിരുന്നു.

വട്ടിയൂർക്കാവിൽ മുൻ എംഎൽഎ കെ മോഹൻ കുമാർ യുഡിഎഫ് സ്ഥാനാർത്ഥിയായി. നിലവിൽ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായ അദ്ദേഹം ഗവർണർക്ക് രാജിക്കത്ത് കൈമാറിയിരുന്നു. കെ മുരളീധരൻ വടകര എംപിയായപ്പോൾ ഒഴിവു വന്ന മണ്ഡലത്തിൽ മുരളീധരന്റെ നോമിനിയായ പീതാംബരക്കുറുപ്പിനെ വെട്ടിയാണ് കെ മോഹൻ കുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. മോഹൻകുമാറിന്റെ സ്ഥാനാർത്ഥിത്വം ആദ്യം എതിർത്ത കെ.മുരളീധരനെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചതോടെയാണ് വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചത്

ദേശിക നേതൃത്വം ഉയർത്തിയ പ്രതിച്ഛായ പ്രശ്‌നവും എതിർസ്ഥാനാർത്ഥികളേയും പരിഗണിച്ചപ്പോൾ വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പിന് പകരം മോഹൻകുമാറിന് നറുക്ക് വീഴുകയായിരുന്നു. പ്രാദേശിക നേതൃത്വം ഉയർത്തിയ പ്രതിച്ഛായ പ്രശ്‌നവും എതിർസ്ഥാനാർത്ഥികളേയും പരിഗണിച്ചപ്പോൾ വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പിന് പകരം മോഹൻകുമാറായിരിക്കും നല്ലതെന്ന ആലോചനയാണ് നേതൃത്വത്തിലുണ്ടായത്. ആദ്യം മുതൽ തന്നെ കെ മോഹൻ കുമാറിന്റെ പേര് അംഗീകരിക്കാൻ കെ മുരളീധരന് താൽപര്യമുണ്ടായിരുന്നില്ല. വളരെ നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് മുരളീധരനെ അനുനയിപ്പിച്ചത്.

പീതാംബരക്കുറുപ്പിനെ തഴഞ്ഞ് മോഹൻകുമാറിനെ പരിഗണിക്കുന്നതിൽ മുരളീധരന് എതിർപ്പുള്ളതായുള്ള വാർത്തകൾ ഇതിനിടെ പുറത്തുവന്നിരുന്നു. ഇതോടെ മുരളീധരന്റെ വസതിയിലെത്തിയ മോഹൻ കുമാർ അദ്ദേഹത്തെ നേരിൽ കണ്ട് ചർച്ച നടത്തി.
2001ൽ അന്ന് തിരുവനന്തപുരം നോർത്ത് ആയിരുന്ന മണ്ഡലത്തിൽ നാലാം ജയം തേടി മത്സരിച്ച എം വിജയകുമാറിനെ 6384 വോട്ടുകൾക്ക് കെ മോഹൻ കുമാർ അട്ടിമറിച്ചിരുന്നു. എന്നാൽ 2006ൽ വീണ്ടും വിജയകുമാറുമായി മത്സരിച്ചപ്പോൾ 9724 വോട്ടുകൾക്ക് മോഹൻകുമാർ പരാജയപ്പെട്ടിരുന്നു. പിന്നീട് സംഘടന രംഗത്തേക്ക് മാറിയ അദ്ദേഹം മണ്ഡലം വട്ടിയൂർക്കാവായി പുനർനിർണയിക്കപ്പെട്ടപ്പോൾ സീറ്റ് കെ മുരളീധരന് നൽകാൻ ധാരണയാവുകയായിരുന്നു. ഇപ്പോൾ 13 വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രയത്തിലേക്ക് മടങ്ങുമ്പോൾ മറുവശത്ത് ജനകീയനും യുവ നേതാവുമായ വികെ പ്രശാന്ത ആണ് സ്ഥാനാർത്ഥി.

കെവി തോമസ് സ്ഥാനാർത്ഥിത്വത്തിനായി ശക്തമായി രംഗത്ത് വന്നെങ്കിലും ടി.ജെ.വിനോദിനാണ് എറണാകുളം മണ്ഡലത്തിൽ നറുക്കു വീണത്. കൊച്ചി ഡെപ്യൂട്ടി മേയർക്കാണ് പാർട്ടി മുൻതൂക്കം നൽകിയത്. എംഎൽഎ ആയിരുന്ന ഹൈബിക്കും താൽപര്യം വിനോദിനെ മത്സരിപ്പിക്കാനായിരുന്നു. പാർലമെന്റ് സീറ്റ് ലഭിക്കാത്തതിന്റെ പിണക്കം കെവി തോമസിന് ഉണ്ട്. അവസാന നിമിഷംവരെ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കെവി തോമസ്. എന്നാൽ സിറ്റിങ് എംപിയായ തോമസിന് പകരം ഹൈബി ഈഡൻ എംഎൽഎക്ക് സീറ്റ് നൽകാനായിരുന്നു പാർട്ടി തീരുമാനം. ഇതോടെ അതൃപ്തി പരസ്യമാക്കി കെവി തോമസ് രംഗത്ത് എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP