Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗുജറാത്തിൽ നിന്ന് കുമ്മനം നാളെ തിരുവനന്തപുരത്ത് പറന്നിറങ്ങും; വാങ്ങി വച്ച നാല് നാമനിർദ്ദേശ പത്രികകളിൽ ഒപ്പിട്ട് തിങ്കളാഴ്ച പത്രിക സമർപ്പിക്കും; കോന്നിയിൽ സ്ഥാനാർത്ഥിയാകാൻ സമ്മതം മൂളി കെ സുരേന്ദ്രൻ; മഞ്ചേശ്വരത്ത് മണ്ഡലം പ്രസിഡന്റ് സ്ഥാനാർത്ഥിയാകും; അരൂരിൽ ബിഡിജെഎസിന് അന്ത്യശാസനം നൽകി ആർഎസ്എസ്; തുഷാർ നോ പറഞ്ഞാൽ പ്രകാശ് ബാബു സ്ഥാനാർത്ഥിയാകും; എറണാകുളത്ത് മത്സരിക്കുക പ്രാദേശിക നേതാവ്; വട്ടിയൂർക്കാവിലും കോന്നിയിലും മത്സരം കടുപ്പിക്കാൻ ബിജെപി

ഗുജറാത്തിൽ നിന്ന് കുമ്മനം നാളെ തിരുവനന്തപുരത്ത് പറന്നിറങ്ങും; വാങ്ങി വച്ച നാല് നാമനിർദ്ദേശ പത്രികകളിൽ ഒപ്പിട്ട് തിങ്കളാഴ്ച പത്രിക സമർപ്പിക്കും; കോന്നിയിൽ സ്ഥാനാർത്ഥിയാകാൻ സമ്മതം മൂളി കെ സുരേന്ദ്രൻ; മഞ്ചേശ്വരത്ത് മണ്ഡലം പ്രസിഡന്റ് സ്ഥാനാർത്ഥിയാകും; അരൂരിൽ ബിഡിജെഎസിന് അന്ത്യശാസനം നൽകി ആർഎസ്എസ്; തുഷാർ നോ പറഞ്ഞാൽ പ്രകാശ് ബാബു സ്ഥാനാർത്ഥിയാകും; എറണാകുളത്ത് മത്സരിക്കുക പ്രാദേശിക നേതാവ്; വട്ടിയൂർക്കാവിലും കോന്നിയിലും മത്സരം കടുപ്പിക്കാൻ ബിജെപി

എം മനോജ് കുമാർ/ശ്രീലാൽ വാസുദേവൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടു ബിജെപിയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പത്തിനു അവസാനമാകുന്നു. ആർഎസ്എസിന്റെ ശക്തമായ ഇടപെടലോടെയാണ് ബിജെപി സ്ഥാനാർത്ഥി നിർണ്ണയകാര്യത്തിൽ തീരുമാനമായത്. രണ്ടു മണ്ഡലത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്തപ്പോൾ ബിഡിജെഎസിന് നൽകിയ അരൂർ മണ്ഡലത്തിലും തീരുമാനം വൈകരുതെന്നും ഇന്നു തന്നെ സ്ഥാനാർത്ഥി നിർണ്ണയം കൈക്കൊള്ളണമെന്നും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് നിർദ്ദേശവും ആർഎസ്എസ് നൽകിയിട്ടുണ്ട്. ദുബായിലെ ജയിൽവാസ സമയത്ത് കേന്ദ്രത്തിനു കത്തെഴുതിയ മുഖ്യമന്ത്രി പിണറായി വിജയനോട് മൃദു സമീപനവുമായി തുഷാർ നിലകൊള്ളുന്നത് മനസിലാക്കിയാണ് തുഷാറിനു അന്ത്യശാസനം നൽകാൻ ആർഎസ്എസ് തീരുമാനിച്ചത്.

ആർഎസ്എസ് തീരുമാനം വന്നതോടെ മത്സരിക്കാൻ സുരേന്ദ്രനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ തന്നെ എന്നും ആർഎസ്എസ് തീരുമാനിച്ചിട്ടുണ്ട്. ഗവർണർ പദവിയുടെ ആലസ്യം വിടാതെ നിൽക്കുന്ന കുമ്മനത്തിനും വട്ടിയൂർക്കാവിൽ മത്സരിക്കാൻ വിമുഖതയുണ്ടായിരുന്നു. ആർഎസ്എസ് നിർദ്ദേശം വന്നയുടൻ വട്ടിയൂർക്കാവിൽ മത്സരിക്കാൻ കുമ്മനവും തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഗുജറാത്തിലുള്ള കുമ്മനം നാളെ തിരുവനന്തപുരത്ത് തിരിച്ചെത്തും. നാല് സെറ്റ് പത്രികകൾ തിരുവനന്തപുരത്ത് കുമ്മനത്തിനു വേണ്ടി തയ്യാറായി കഴിഞ്ഞിട്ടുണ്ട്. ഇനി കുമ്മനം ഒപ്പുവച്ചാൽ മാത്രം മതി. ബിജെപിയിൽ നിലനിൽക്കുന്ന അനിശ്ചിതത്വവും ഗ്രൂപ്പ് പോരുകളും തിരിച്ചറിഞ്ഞാണ് ആർഎസ്എസിന്റെ നേരിട്ടുള്ള ഇടപെടൽ. പതിറ്റാണ്ടുകൾക്ക് ശേഷം പാല നിയോജകമണ്ഡലം ഇടത് പക്ഷം തിരികെ പിടിച്ച രീതി മാതൃകയാക്കാനും ആർഎസ്എസ് സ്ഥാനാർത്ഥി തീരുമാനം അറിയിച്ച വേളയിൽ ബിജെപി നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കോന്നിയിലാകും സുരേന്ദ്രൻ മത്സരിക്കുക.

ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന രീതിയല്ല അനുവർത്തിക്കേണ്ടതെന്നും വട്ടിയൂർക്കാവ് പിടിച്ചടക്കുകയാണ് തീരുമാനമെന്ന് കുമ്മനത്തിനെയുംവേണ്ടത് എല്ലാം ചെയ്യണമെന്നു സുരേന്ദ്രനെയും ആർഎസ്എസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ വട്ടിയൂർക്കാവിൽ രണ്ടാമത് എത്തിയെങ്കിൽ ഇത്തവണ ഒന്നാമത് എന്നാണ് ആർഎസ്എസ് കുമ്മനത്തിനെ ഓർമ്മിപ്പിച്ചത്. ഗവർണർ പദവിയുടെ തലക്കനം വിട്ടു ജനങ്ങളോടു സ്വതന്ത്രമായി ഇടപെടാനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടി ഇതിനുണ്ട്. കെ.മുരളീധരൻ വട്ടിയൂർക്കാവിൽ ഇല്ലാത്തതും കോൺഗ്രസിൽ നിലനിൽക്കുന്ന ഭിന്നതകളും പൂർണമായി ഉപയോഗപ്പെടുത്താനാണ് ആർഎസ്എസ് കുമ്മനത്തിനു നിർദ്ദേശം നല്കിയിരിക്കുന്നത്. 8000 താഴെ വോട്ടുകൾക്കാണ് കഴിഞ്ഞ തവണ കെ.മുരളീധരനോടു കുമ്മനം പരാജയപ്പെട്ടത്. മുരളീധരന്റെ അഭാവവും വട്ടിയൂർക്കാവ് കയ്യൊഴിഞ്ഞതിൽ കെ.മുരളീധരന് എതിരെ മണ്ഡലത്തിൽ നിലനിൽക്കുന്ന കടുത്ത ജനവികാരവും പൂർണമായി പ്രയോജപ്പെടുത്താനാണ് ആർഎസ്എസ് നൽകിയിരിക്കുന്ന നിർദ്ദേശം. മണ്ഡലത്തിലെ നായർ വോട്ടുകൾ പരമാവധി സമാഹരിക്കാനും കുമ്മനത്തിനു കഴിയുമെന്ന് ആർഎസ്എസ് കണക്കുകൂട്ടുന്നുണ്ട്.

അഞ്ചു മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ പത്രികാ സമർപ്പണത്തിന് ഇനി ബാക്കിയുള്ളത് ഏതാനും മണിക്കൂറുകളാണ്. ഇന്നും നാളെയും പത്രിക നൽകാൻ കഴിയില്ല. തിങ്കളാഴ്ച രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെയുള്ള ചുരുങ്ങിയ സമയം കൊണ്ട് പത്രികാ സമർപ്പണം നടത്തണം. എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾ രംഗത്ത് ഇറങ്ങി കഴിഞ്ഞു. അപ്പോഴും ആരെ മൽസരിപ്പിക്കണമെന്ന കാര്യത്തിൽ ബിജെപിയിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. വട്ടിയൂർക്കാവിൽ കുമ്മനവും കോന്നിയിൽ കെ സുരേന്ദ്രനും സ്ഥാനാർത്ഥിത്വം ുറപ്പിക്കുമ്പോൾ അരൂരിൽ ബിഡിജെഎസ് പിന്മാറിയാൽ യുവമോർച്ചാ നേതാവ് പ്രകാശ്ബാബുവും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു കഴിഞ്ഞു. മഞ്ചേശ്വരത്ത് മണ്ഡലം പ്രസിഡന്റ് സ്ഥാനാർത്ഥിയാകും. എറണാകുളത്ത് പ്രാദേശിക നേതാവാകും മത്സരിക്കുക. വട്ടിയൂർകാവിലും കോന്നിയിലുമാകും ബിജെപിയുടെ പ്രധാന പോരാട്ടം.

മൽസരിക്കാനില്ലെന്ന് പറഞ്ഞ് പിന്മാറിയ സുരേന്ദ്രന് മേൽ കോന്നിയിലെ സ്ഥാനാർത്ഥിത്വം അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ആർഎസ്എസ് നൽകിയ പട്ടിക പ്രകാരമുള്ള സ്ഥാനാർത്ഥി നിർണയമാണ് നടന്നിരിക്കുന്നത്. ഇരു മുന്നണികളുടെയും സ്ഥാനാർത്ഥികളെ അറിഞ്ഞതിന് ശേഷം തങ്ങളുടെ ആൾക്കാരെ പ്രഖ്യാപിക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. വട്ടിയൂർക്കാവിലും കോന്നിയിലും ഇരുമുന്നണികളുടെയും സ്ഥാനാർത്ഥികൾ തങ്ങളുടെ ആളുകളേക്കാൾ മികച്ചതല്ല എന്ന അഭിപ്രായം കേന്ദ്രനേതൃത്വത്തിനുണ്ട്. അതു കൊണ്ടു തന്നെയാണ് തുറുപ്പുചീട്ടുകളായ കുമ്മനത്തെയും സുരേന്ദ്രനെയും ഇറക്കി കളിക്കുന്നത്. ഇതിൽ ഏറ്റവും അനുകൂല സാഹചര്യം ഉള്ളത് കോന്നിയിൽ തന്നെയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അലയൊലികൾ നിലച്ചിട്ടില്ലാത്ത കോന്നിയിൽ 2170 വോട്ടിന് മാത്രമാണ് ബിജെപി പിന്നിലുള്ളത് എന്നതാണ് വസ്തുത. രണ്ടാമത് വന്ന സിപിഎമ്മിനേക്കാൾ വെറും 440 വോട്ട് മാത്രമാണ് സുരേന്ദ്രൻ പിന്നിലുള്ളതും. ഇവിടുത്തെ കാലാവസ്ഥ ഇപ്പോൾ ഏറ്റവും അനുകൂലം ബിജെപിക്കാണ്. കടുത്ത വിഭാഗീയതയാണ് കോൺഗ്രസിലും സിപിഎമ്മിലുമുള്ളത്. സിപിഎം സ്ഥാനാർത്ഥി കെയു ജനീഷ്‌കുമാർ പാർട്ടിയിലെ വലിയൊരു വിഭാഗത്തിന് അനഭിമതനാണ്. സീറ്റ് നഷ്ടമായ എംഎസ് രാജേന്ദ്രന്റെ നേതൃത്വത്തിൽ പിന്നണിയിൽ ജനീഷിനെതിരേ പടയൊരുങ്ങി കഴിഞ്ഞു. സുരേന്ദ്രനെ മൽസരിപ്പിച്ചാൽ തങ്ങൾ വോട്ടുചെയ്യാമെന്ന് നേതാക്കൾ ബിജെപിക്കാരോട് പറയുന്നിടം വരെ കാര്യങ്ങൾ എത്തിക്കഴിഞ്ഞു. യുവജനവിഭാഗം നേതാവാണ് ജനീഷ്‌കുമാറെങ്കിലും ഡിവൈഎഫ്ഐയിലെയും എസ്എഫ്ഐയിലെയും വലിയൊരു വിഭാഗം ഇദ്ദേഹത്തിന് എതിരാണ്.

സിപിഎമ്മിനുള്ളിലും ജനീഷ്‌കുമാറിനോട് താൽപര്യമില്ല. ഏതാണ്ടിതേ അവസ്ഥ തന്നെയാണ് കോൺഗ്രസിലുമുള്ളത്. മോഹൻരാജിനെ കാലുവാരാനൊരുങ്ങി കോൺഗ്രസിലെ അടൂർ പ്രകാശ് അനുകൂലികൾ രംഗത്തുണ്ട്. ഇവരും സുരേന്ദ്രൻ മൽസരിക്കണമെന്ന് താൽപര്യപ്പെടുന്നവരാണ്. ഇതും സുരേന്ദ്രന് അനുകൂല സാഹചര്യമൊരുക്കുന്നു. സുരേന്ദ്രന് അനുകൂലമായ മറ്റൊരു ഘടകം സാമുദായിക സമവാക്യമാണ്. കോന്നി മണ്ഡലത്തിൽ ഹൈന്ദവർക്കിടയിൽ ഏറ്റവും കൂടുതൽ വോട്ടുള്ളത് ഈഴവർക്കാണ്. ഈഴവ വോട്ടുകൾ ഒന്നടങ്കം നേടിയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ ഇവിടെ മികച്ച പ്രകടനം കാഴ്ചവച്ചത്. മോഹൻരാജ് നായർ സമുദായാംഗമാണ്. ജനീഷ്‌കുമാർ ഈഴവനാണെങ്കിലും സുരേന്ദ്രൻ മൽസര രംഗത്തേക്ക് വരുന്നതോടെ സമുദായ വോട്ടുകൾ ലഭിക്കാതെ പോകും.

സുരേന്ദ്രനാണ് ഇവിടെ സ്ഥാനാർത്ഥിയെങ്കിൽ മൽസരം എൻഡിഎയും യുഡിഎഫും തമ്മിലായി മാറുകയും ചെയ്യും. ആർഎസ്എസ് നേതൃത്വമാണ് സുരേന്ദ്രന്റെ പേര് നിർദ്ദേശിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP