Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മികച്ച ജയസാധ്യത ഉള്ള മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും നേതാക്കളുടെ പിടിവാശി വിനയാകുമോ? കുമ്മനത്തിനും സുരേന്ദ്രനും മേൽ ആർഎസ്എസ് ചെലുത്തുന്നത് അസാധാരണ സമ്മർദ്ദം; വട്ടിയൂർകാവിൽ കുമ്മനവും മഞ്ചേശ്വരത്ത് സുരേന്ദ്രനും മത്സരിച്ചേ തീരുവെന്ന നിലപാടിൽ പരിവാറുകാർ; കോന്നിയിൽ ജയസാധ്യത ശോഭാ സുരേന്ദ്രനെന്നും വിലയിരുത്തൽ; അഞ്ചിടത്തും സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ വലഞ്ഞ് ബിജെപി; അന്തിമ തീരുമാനം എടുക്കുക അമിത് ഷാ

മികച്ച ജയസാധ്യത ഉള്ള മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും നേതാക്കളുടെ പിടിവാശി വിനയാകുമോ? കുമ്മനത്തിനും സുരേന്ദ്രനും മേൽ ആർഎസ്എസ് ചെലുത്തുന്നത് അസാധാരണ സമ്മർദ്ദം; വട്ടിയൂർകാവിൽ കുമ്മനവും മഞ്ചേശ്വരത്ത് സുരേന്ദ്രനും മത്സരിച്ചേ തീരുവെന്ന നിലപാടിൽ പരിവാറുകാർ; കോന്നിയിൽ ജയസാധ്യത ശോഭാ സുരേന്ദ്രനെന്നും വിലയിരുത്തൽ; അഞ്ചിടത്തും സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ വലഞ്ഞ് ബിജെപി; അന്തിമ തീരുമാനം എടുക്കുക അമിത് ഷാ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വട്ടിയൂർകാവിലും കോന്നിയിലും മഞ്ചേശ്വരത്തും എറണാകുളത്തും അരൂരിലും നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് ഇനിയുള്ളത് രണ്ട് നാൾ കൂടി. ഇടതിനും വലതിലും സ്ഥാനാർത്ഥികളായി. എന്നാൽ ബിജെപിയിൽ മാത്രം സർവ്വത്ര അനിശ്ചിതത്വം. വട്ടിയൂർകാവിലും മഞ്ചേശ്വരത്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാമതായിരുന്നു ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർകാവിൽ വീണ്ടും വോട്ട് കൂടി. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ കെ സുരേന്ദ്രൻ തോറ്റത് വെറും 84 വോട്ടിലും. വട്ടിയൂർകാവിലും മഞ്ചേശ്വരത്തും മികച്ച സ്ഥാനാർത്ഥികളെങ്കിൽ ബിജെപിക്ക് സാധ്യത ഏറെയാണ്. പത്തനംതിട്ടയിലെ കോന്നിയിലും ബിജെപിക്ക് കരുത്ത് കാട്ടാനാകും. എന്നാൽ ജയസാധ്യതയുള്ള ഈ മണ്ഡലങ്ങളിലേക്ക് മത്സരിക്കാൻ ആളുകളില്ല.

കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും മത്സരിക്കാനില്ലെന്ന് പറയുന്നതാണ് ബിജെപി നേരിടുന്ന വലിയ വെല്ലുവിളി. ഇവർ മത്സരിച്ചാൽ വട്ടിയൂർകാവിലും മഞ്ചേശ്വരത്തും ബിജെപിക്ക് ജയിക്കാമെന്ന സാഹചര്യമാണുള്ളത്. ഇത് ഈ നേതാക്കളും തിരിച്ചറിയുന്നില്ല. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ.സുരേന്ദ്രനും കുമ്മനം രാജശേഖരനും മേൽ സംഘപരിവാറിന്റെ കടുത്ത സമ്മർദ്ദമാണുള്ളത്. ലോകസഭയിലേക്കു മത്സരിച്ചതിനാൽ ഇത്തവണ സ്ഥാനാർത്ഥിയാകാൻ ഇല്ലെന്നും പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നുമാണ് ഇരുവരുടെയും നിലപാട്. ഇതു മാറ്റിയെടുക്കാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണ് ആർഎസ്എസ് സംസ്ഥാന നേതൃത്വമെന്നാണു സൂചന. ബിജെപി കേന്ദ്ര നേതൃത്വവും വിഷയത്തിൽ ഇടപെടും. അരൂരിൽ മത്സരിക്കേണ്ടത് ബിഡിജെഎസാണ്. ഇവിടെ ബിഡിജെഎസും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നില്ല. ഈ സാഹചര്യത്തിൽ അമിത് ഷാ വിഷയങ്ങളിൽ നേരിട്ട് ഇടപെടും.

വട്ടിയൂർക്കാവിൽ കുമ്മനവും മഞ്ചേശ്വരത്ത് സുരേന്ദ്രനും മത്സരിക്കണമെന്നാണ് ആർഎസ്എസ് നിർദ്ദേശം. സുരേന്ദ്രന് വേണമെങ്കിൽ കോന്നിയേയും തെരഞ്ഞെടുക്കാം. കോന്നിയിൽ സുരേന്ദ്രൻ മത്സരിച്ചാൽ മഞ്ചേശ്വരത്ത് മറ്റൊരാളെ കണ്ടെത്തും. ഇതെല്ലാം അമിത് ഷായെ ആർഎസ്എസ് അറിയിച്ചിട്ടുണ്ട്. പാലായിലെ വോട്ടു കുറവും ശ്രദ്ധയിൽപ്പെട്ടു. അതുകൊണ്ട് തന്നെ അഞ്ച് ഉപതെരഞ്ഞെടുപ്പിലും ബിജെപി വോട്ട് കൂടിയേ തീരുവെന്ന നിലപാടിലാണ് അമിത് ഷാ. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയോട് കാര്യങ്ങൾ ദേശീയ നേതൃത്വം വിശദീകരിച്ചിട്ടുണ്ട്.

മഞ്ചേശ്വരത്ത് മത്സരിക്കാൻ സുരേന്ദ്രൻ വഴങ്ങിയാൽ കോന്നിയിൽ ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകും.കുമ്മനം വട്ടിയൂർകാവിലും സുരേന്ദ്രൻ കോന്നിയിലും മത്സരിക്കണമെന്നാണു സംഘടനാ ആവശ്യം. ഇക്കാര്യം അവരുമായി നേരിട്ടും സംസാരിച്ചു. കുമ്മനവും സുരേന്ദ്രനും വിജയിക്കുമെന്നാണു കണക്കുകൂട്ടൽ. സംഘപരിവാറിനു വലിയ സ്വാധീനമുള്ള രണ്ടു മണ്ഡലത്തിലും ഇവർ യോജിച്ച സ്ഥാനാർത്ഥികളെന്നും ആർഎസ്എസ് വിലയിരുത്തുന്നു. നിയമസഭാതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 84 വോട്ടിനു പരാജയപ്പെട്ട സുരേന്ദ്രൻ ഇനി അവിടെ മത്സരിക്കാനില്ലെന്ന് നേരത്തേ നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പ് കേസും പിന്നീട് പിൻവലിച്ചു. ആർഎസ്എസ് നേതൃത്വം നേരിട്ട് ഇടപെട്ടതിനാൽ കുമ്മനവും സുരേന്ദ്രനും സ്ഥാനാർത്ഥിയാകാൻ സാധ്യത വർധിച്ചു.

വട്ടിയൂർ കാവിൽ എം ടി.രമേശ്, കോന്നിയിൽ എ.എൻ.രാധാകൃഷ്ണൻ, അരൂരിൽ എൻ.ശിവരാജൻ, എറണാകുളത്ത് സി.കെ.പത്മനാഭൻ, മഞ്ചേശ്വരത്ത് പി.കെ.കൃഷ്ണദാസ് എന്നിവർക്കു തിരഞ്ഞെടുപ്പ് ചുമതല നൽകാനും ധാരണയായി. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ സ്ഥാനാർത്ഥി പട്ടിക ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. നേതൃത്വം ഒന്നടങ്കം തമ്പടിച്ചു പ്രവർത്തിച്ചിട്ടും പാലയിൽ വോട്ടു കുറഞ്ഞതിനെചൊല്ലി പാർട്ടിക്കുള്ളിൽ അമർഷം ശക്തമാണ്.

കീഴ്ഘടകങ്ങളുടെ ആവർത്തിച്ചുള്ള നിർദ്ദേശം അവഗണിച്ചു സ്ഥാനാർത്ഥി നിർണയം നടത്തിയെന്നാണു തുടക്കം മുതലുള്ള ആരോപണം. അതുകൊണ്ട് തന്നെ വട്ടിയൂർകാവും കോന്നിയും മഞ്ചേശ്വരവും ബിജെപിക്ക് നിർണ്ണായകമാണ്. മികച്ച സ്ഥാനാർത്ഥിയുണ്ടെങ്കിൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ. ഈ സാഹചര്യം കുമ്മനത്തെ മനസ്സിലാക്കിപ്പിക്കാനാണ് നീക്കം. നേരത്തെ ഇനി മത്സരത്തിനില്ലെന്ന് കുമ്മനം പരസ്യമായി പറഞ്ഞിരുന്നു. വട്ടിയൂർകാവിലും മറ്റും ഇടത് വലത് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായിരുന്നു. ഇത് കൂടി വിലയിരുത്തിയാണ് കുമ്മനത്തിന്റെ ജയസാധ്യത ആർ എസ് എ് മുന്നിൽ കാണുന്നത്.

വട്ടിയൂർകാവിൽ സിപിഎം സ്ഥാനാർത്ഥിയായി എത്തുന്നത് മേയർ വികെ പ്രശാന്താണ്. ഇത് കാരണം അതിശക്തമായ ത്രികോണ മത്സരം നടക്കും. ബിജെപി വോട്ടുകൾ കൃത്യമായി നേടിയാൽ തന്നെ ജയിക്കാനാകും. പ്രശാന്ത് മത്സരിക്കുന്നതുകൊണ്ട് തന്നെ കോൺഗ്രസിലേക്ക് സിപിഎം വോട്ടുകൾ ഒഴുകില്ല. നിയമസഭയിലും ലോക്‌സഭയിലും ബിജെപിക്ക് വട്ടിയൂർകാവിൽ ഒന്നാമത് എത്താൻ കഴിയാത്തതിന് കാരണം സിപിഎമ്മിന്റെ വോട്ട് മറിക്കലായിരുന്നു. സിപിഎം വോട്ടുകൾ മുഴുവൻ പ്രശാന്ത് നേടുമ്പോൾ കുമ്മനം സ്ഥാനാർത്ഥിയായെത്തിയാൽ സാധ്യത കൂടുമെന്നാണ് ആർഎസ്എസ് വിലയയിരുത്തൽ.

എന്നാൽ മഞ്ചേശ്വരത്ത് ബിജെപി കരുത്ത് കാട്ടിയാൽ സിപിഎം ക്രോസ് വോട്ട് ചെയ്യാനും സാധ്യതയുണ്ട്. കോന്നിയിൽ സുരേന്ദ്രനോ ശോഭാ സുരേന്ദ്രനോ എത്തിയാൽ മികച്ച പോരാട്ടം നടത്താനാകുമെന്നാണ് ആർഎസ്എസ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP