Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഴ് പേരെ വച്ച് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത് ആഴ്ചകൾക്ക് മുൻപ്; എസ്എഫ്ഐ പാളയത്തിൽ തോറ്റിട്ടും ഞെഞ്ചു വിരിച്ച് കെഎസ് യു; യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ നേടിയത് 500ലേറെ വോട്ടുകൾ; കന്നിയങ്കത്തിൽ നേടിയത് 20 ശതമാനത്തോളം വോട്ട് ഷെയർ; അടിച്ചമർത്തി കുത്തകയാക്കുന്ന കോട്ടകൾ ഒരിക്കൽ നിലംപൊത്തുമെന്ന് കെഎസ് യു; ഏഴ് അഞ്ഞൂറായി മാറി എങ്കിൽ ആയിരത്തഞ്ഞൂറായി മാറാൻ അധികം സമയം വേണ്ടെന്ന് വിടി ബൽറാം

ഏഴ് പേരെ വച്ച് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത് ആഴ്ചകൾക്ക് മുൻപ്; എസ്എഫ്ഐ പാളയത്തിൽ തോറ്റിട്ടും ഞെഞ്ചു വിരിച്ച് കെഎസ് യു; യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ നേടിയത് 500ലേറെ വോട്ടുകൾ; കന്നിയങ്കത്തിൽ നേടിയത് 20 ശതമാനത്തോളം വോട്ട് ഷെയർ; അടിച്ചമർത്തി കുത്തകയാക്കുന്ന കോട്ടകൾ ഒരിക്കൽ നിലംപൊത്തുമെന്ന് കെഎസ് യു; ഏഴ് അഞ്ഞൂറായി മാറി എങ്കിൽ ആയിരത്തഞ്ഞൂറായി മാറാൻ അധികം സമയം വേണ്ടെന്ന് വിടി ബൽറാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ 18 വർഷത്തിനുശേഷമാണ് കെഎസ്‌യു യൂണിറ്റ് രൂപീകരിച്ചത്. ആഴ്ചകൾക്കു മുൻപാണ് എസ്എഫ്‌ഐയുടെ ഏറ്റവും വലിയ ശക്തി കേന്ദ്രമായി കോളേജിൽ കെഎസ്‌യു പ്രവർത്തനം തുടങ്ങുന്നത്. അമൽചന്ദ്രൻ പ്രസിഡണ്ടും ആര്യ വൈസ് പ്രസിഡണ്ടുമായ ഏഴംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്.കത്തിക്കുത്ത് കേസിൽ വലിയ കോലഹലങ്ങൾ നടക്കുന്നതിനിടെയായിരുന്നു യൂണിറ്റ് രൂപീകരണവും പ്രവർത്തനവും എല്ലാം. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു കോളേജിൽ തിരഞ്ഞെടുപ്പ്. ഇന്നായിരുന്നു ഫലപ്രഖ്യാപനവും.

പതിവിന് മാറ്റമൊന്നും സംഭവിച്ചില്ല യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐയുടെ സമഗ്രാധിപത്യമാണ്.മത്സരം നടന്ന അഞ്ച് ജനറൽ സീറ്റിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ ആയിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എങ്കിലും കന്നിയങ്കത്തിന് ഇറങ്ങിയ കെഎസ് യുവിന് മത്സരിച്ച ഓരോ സീറ്റിലും 500ലേറെ വോട്ടുകൾ ലഭിച്ചു. എസ്എഫ്‌ഐ കുത്തകയാക്കി വച്ചിരിക്കുന്ന കോളേജിൽ ആഴ്ചകൾ മുൻപ് മാത്രം പ്രവർത്തനം ആരംഭിച്ച കെഎസ് യുവിന് ഇത്രയും അധികം വോട്ടു നേടാനായത് വലിയ കാര്യമെന്നാണ് സംഘടനയും നേതക്കാളും വിലയിരുത്തുന്നത്. ചെയർമാൻ സ്ഥാനത്തേക്ക് 417, വൈസ് ചെയർപേഴ്‌സണ് 536, ജനറൽ സെക്രട്ടറിക്ക് 446, ആർട്ട്‌സ് ക്ലബ്ബ് സെക്രട്ടറിക്ക് 363, യുയുസിക്ക് 589 എന്നിങ്ങനെ വോട്ടുകളാണ് കെ എസ് യു സ്ഥാനാർത്ഥികൾക്ക് നേടിയെടുക്കാൻ കഴിഞ്ഞത്.

കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിനും കെഎസ് യുവിന്റെ കന്നിയങ്കത്തിൽ നേടിയ വോട്ടുകളിൽ ആശങ്കയുണ്ട്. ചെയർമാൻ, വൈസ് ചെയർപേഴ്സൺ, ജനറൽ സെക്രട്ടറി, ആർട്സ് ക്ലബ് സെക്രട്ടറി, ഒരു യുയുസി സ്ഥാനങ്ങളിലേക്കാണ് കെഎസ്‌യു മത്സരിച്ചത്. മികച്ച പ്രകടനം അവർക്ക് കാഴ്ചവയ്ക്കാൻ സാധിച്ചു എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.ക്യാംപസിനുള്ളിലെ കത്തിക്കുത്ത് കേസ്, പിഎസ്‌സി പരീക്ഷാ ക്രമക്കേട് തുടങ്ങിയ വിഷയങ്ങളിൽ എസ്എഫ്ഐ പ്രതിരോധത്തിലായിരിക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് വന്നത്. അതേസമയം തിരഞ്ഞെടുപ്പിൽ കെഎസ് യുവിന്റെ മികച്ച പ്രകടനം വിലയിരുത്തി വിടി ബൽറാം എംഎൽഎ രംഗത്തെത്തി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണ രൂപം

യഥാർത്ഥത്തിൽ ഇന്നത്തെ ദിവസം താത്പര്യത്തോടെ നോക്കിയിരുന്നത് പാലായിലെ റിസൾട്ടിനെയല്ല, പതിറ്റാണ്ടുകൾക്ക് ശേഷം പരിമിതമായെങ്കിലും ജനാധിപത്യപരമായ ഒരു യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ റിസൾട്ടിനെയാണ്.

മഹാത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, ഏവരും പ്രതീക്ഷിച്ച പോലെത്തന്നെ ഇത്തവണ കെ എസ് യുവിന് സീറ്റുകളൊന്നും നേടാനായില്ല എന്നത് യാഥാർത്ഥ്യം. എന്നാൽ ആഴ്ചകൾക്ക് മുൻപ് മാത്രം 7 പേരെ വച്ച് യൂണിറ്റ് പ്രവർത്തനം ആരംഭിക്കാൻ സാധിച്ച കെ എസ് യു വിനൊപ്പം ഈ തെരഞ്ഞെടുപ്പിൽ അണിനിരക്കാൻ കോളേജിലെ അഞ്ഞൂറോളം വിദ്യാർത്ഥികൾ തയ്യാറായി എന്നത് അവിടെ എത്രപേർ ശ്വാസമടക്കിപ്പിടിച്ച് കഴിഞ്ഞുകൂടുന്നുണ്ടെന്നതിന്റെ ഒരു സൂചനയാണ്. ചെയർമാൻ സ്ഥാനത്തേക്ക് 417, വൈസ് ചെയർപേഴ്‌സണ് 536, ജനറൽ സെക്രട്ടറിക്ക് 446, ആർട്ട്‌സ് ക്ലബ്ബ് സെക്രട്ടറിക്ക് 363, യുയുസിക്ക് 589 എന്നിങ്ങനെ വോട്ടുകളാണ് കെ എസ് യു സ്ഥാനാർത്ഥികൾക്ക് നേടിയെടുക്കാൻ കഴിഞ്ഞത്.

അതായത്, ആദ്യത്തെ ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽത്തന്നെ ഏതാണ്ട് 20 ശതമാനത്തോളം വോട്ട് ഷെയർ നേടിയെടുക്കാൻ കെ എസ് യു വിന് സാധിച്ചിരിക്കുന്നു. അതൊട്ടും നിസ്സാരമായ നേട്ടമല്ല. 'ഞങ്ങളൊണ്ടല്ല്, പിന്നെ എന്തരിനാണ് വ്യേറെ സംഘടനകള് ഇവിടെ പ്രവർത്തിക്കുന്നത് ?' എന്ന ഒറിജിനൽ/ഡ്യൂപ്ലിക്കേറ്റ് എസ്എഫ്‌ഐക്കാരന്റെ ഒരേ സ്വരത്തിലുള്ള ഫാഷിസ്റ്റ് ധാർഷ്ട്യത്തിന് വിദ്യാർത്ഥികൾ ജനാധിപത്യ ഭാഷയിൽ നൽകിയ അന്തസ്സുള്ള മറുപടിയാണിത്. കുത്തുന്നവരുടേയും കുത്തു കൊള്ളുന്നവരുടേയും എസ്എഫ്‌ഐകൾ എന്ന ദ്വന്ദ്വത്തിനപ്പുറം ഒരു യഥാർത്ഥ ആൾട്ടർനേറ്റീവിനെ സ്വീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറായിത്തുടങ്ങിയിരിക്കുന്നു.

എതിരഭിപ്രായക്കാരെ ക്രൂരമായി അടിച്ചമർത്തി ഒരു പാർട്ടി കോട്ടയായി കൊണ്ടു നടക്കുന്നതു കൊണ്ട് മാത്രമാണ് എസ് എഫ് ഐ ക്ക് ആ ക്യാമ്പസിൽ വിജയിക്കാൻ സാധിക്കുന്നതെന്ന് കൃത്യമായി തെളിയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. അദ്ധ്യാപകരടക്കമുള്ളവരുടെ പിന്തുണയാൽ പതിറ്റാണ്ടുകളായി കെട്ടിയുയർത്തിയിരിക്കുന്ന ഒരു വലിയ ക്രിമിനൽ എസ്റ്റാബ്ലിഷ്‌മെന്റ് ഒറ്റയടിക്ക് ഇല്ലാതാകും എന്നാരും കരുതുന്നില്ല. എന്നാൽ, ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും കടന്നുചെന്നാൽ പിന്നെ കമ്മ്യൂണിസ്റ്റ് ഇരുമ്പുമറകൾ തകർന്നു വീഴാൻ അധികം കാലതാമസമില്ല എന്ന് ലോക ചരിത്രത്തിലെന്നപോലെ ഇവിടെയും ബോധ്യമാവുന്നുണ്ട്.

ഏഴ് അഞ്ഞൂറായി മാറി എങ്കിൽ അതൊരു ആയിരത്തഞ്ഞൂറായി മാറാൻ അധികം സമയം വേണ്ട, അതിനാവശ്യമായ പ്രവർത്തന സ്വാതന്ത്ര്യം ആ ക്യാമ്പസിനകത്ത് നിലനിർത്താൻ കഴിഞ്ഞാൽ മാത്രം മതി. മാധ്യമങ്ങളുടേയും പൊതുസമൂഹത്തിന്റേയും ശ്രദ്ധ ഇത്രമേൽ ഉള്ളതുകൊണ്ടായിരിക്കാം ഈ ഇലക്ഷൻ സമയത്ത് പതിവ് കയ്യിലിരിപ്പ് ഒരു പരിധിക്കപ്പുറം പുറത്തെടുക്കാൻ എസ്എഫ്‌ഐക്ക് കഴിയാതെ പോയത്. എന്നാൽ കൈക്കരുത്തിലും ആൾക്കൂട്ട നെഗളിപ്പിലും മാത്രം രാഷ്ട്രീയം ശീലിച്ചിട്ടുള്ള എസ്എഫ്‌ഐ അവരുടെ സ്ഥിരം ശൈലി എളുപ്പം കയ്യൊഴിയുമെന്ന് പ്രതീക്ഷിക്കേണ്ട. ഇപ്പോഴുണ്ടായ ജനാധിപത്യ ഉണർവിനെ തുടർന്നും സംരക്ഷിക്കാനുള്ള ദൗത്യം നാമേവരും ചേർന്ന് ഏറ്റെടുക്കേണ്ടതുണ്ട്.

കെ എസ് യു വിന്റെ ധീരമായ പോരാട്ടത്തിന് നേതൃത്വം നൽകിയ അമൽ ചന്ദ്രക്കും സഹപ്രവർത്തകർക്കും പ്രബുദ്ധത തെളിയിച്ച വിദ്യാർത്ഥികൾക്കും അഭിവാദ്യങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP