Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാപ്പൻ കപ്പടിച്ചപ്പോൾ വീണത് സിക്‌സർ അടിക്കുമെന്ന് മോഹിച്ചവരുടെ 54 വർഷം പഴക്കമുള്ള കിടിലൻ വിക്കറ്റ്; ഇരന്നുവാങ്ങിയ തോൽവിയെന്ന് വിലയിരുത്തുന്ന യുഡിഎഫ് നേതാക്കൾ അഞ്ചിടത്തെയും ഉപതിരഞ്ഞെടുപ്പിലും വെള്ളം കുടിക്കുമോ? പാലായിലെ താക്കീതിൽ പാഠം പഠിക്കാൻ യുഡിഎഫ് ഒരുങ്ങുമ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പേരുദോഷം മാറിയതിന്റെ ആവേശത്തിൽ പുതിയ തന്ത്രങ്ങൾ പയറ്റാൻ എൽഡിഎഫ്; വോട്ടു ചോർന്നില്ലെന്ന് പറയുമ്പോഴും ആത്മപരിശോധനയ്ക്ക് തയ്യാറെടുത്ത് ബിജെപിയും

കാപ്പൻ കപ്പടിച്ചപ്പോൾ വീണത് സിക്‌സർ അടിക്കുമെന്ന് മോഹിച്ചവരുടെ 54 വർഷം പഴക്കമുള്ള കിടിലൻ വിക്കറ്റ്; ഇരന്നുവാങ്ങിയ തോൽവിയെന്ന് വിലയിരുത്തുന്ന യുഡിഎഫ് നേതാക്കൾ അഞ്ചിടത്തെയും ഉപതിരഞ്ഞെടുപ്പിലും വെള്ളം കുടിക്കുമോ? പാലായിലെ താക്കീതിൽ പാഠം പഠിക്കാൻ യുഡിഎഫ് ഒരുങ്ങുമ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പേരുദോഷം മാറിയതിന്റെ ആവേശത്തിൽ പുതിയ തന്ത്രങ്ങൾ പയറ്റാൻ എൽഡിഎഫ്; വോട്ടു ചോർന്നില്ലെന്ന് പറയുമ്പോഴും ആത്മപരിശോധനയ്ക്ക് തയ്യാറെടുത്ത് ബിജെപിയും

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: പാലാക്കാർ മാണിയുടെ പേരിൽ ജയിപ്പിക്കും, ജോസ് ടോമിന്റെയും കേരള കോൺഗ്രസിന്റെയും യുഡിഎഫിനെയും പ്രതീക്ഷ അങ്ങനെയായിരുന്നു. പാലാക്കാർ മാണിക്ക് തന്നെ കുത്തി. ഇടതുപക്ഷത്തിന്റെ മാണി.സി.കാപ്പനാണെന്ന് മാത്രം. കേരള കോൺഗ്രസലെ തമ്മിലടിയും പടലപ്പിണക്കവും പാലാക്കാരെ മടുപ്പിച്ചു. അതോടെ അരനൂറ്റാണ്ട് കേരള കോൺ്ഗ്രസ് കുത്തയാക്കി വച്ച മണ്ഡലം കൈവിട്ടു. യുഡിഎഫിന് തോൽവി ഞെട്ടലായി മാറിയപ്പോൾ എൽഡിഎഫിന് രാഷ്ട്രീയ വിജയവുമായി. ഈ വിജയം രുചിച്ചതിന്റെ ആഹ്ലാദത്തിലാവും ഇനി മറ്റ് അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിനെ ഇടതുമുന്നണി നേരിടുക. പാലായ്ക്ക് മോചനമായെന്ന് കാപ്പൻ പറയുമ്പോൾ യഥാർഥത്തിൽ മോചനമായത് എൽഡിഎഫിനാണ്. ശബരിമല വിഷയം അടക്കമുള്ള പ്രശ്‌നങ്ങളുടെ പേരിൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ഇടതിന് വലിയ മൃതസഞ്ജീവനിയായി മാറി പാലാ ഉപതിരഞ്ഞെടുപ്പിലെ വിജയം.

2943 വോട്ടുകളുടെ ചരിത്ര വിജയവുമായി മാണി സി.കാപ്പൻ ജോസ് ടോമിനെ തറപറ്റിക്കുമ്പോൾ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും കണക്കുകൂട്ടലുകളാണ് പിഴച്ചത്. ലോക്‌സഭാതിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി വിജയം നേടുമെന്ന് മുല്ലപ്പള്ളി ഉറപ്പിച്ച് പറഞ്ഞെങ്കിലും 19 ൽ തൃപതിപ്പെടേണ്ടി വന്നു. പാലാ ഫലം വന്നപ്പോൾ സംഗതികൾ മാറിമറിയുകയാണ്. സിക്‌സർ അടിക്കാൻ വന്നവർ യുഡിഎഫിന്റെ 'മെക്ക'യിൽ ഡക്കായി എന്ന മന്ത്രി എം.എം.മണിയുടെ പരിഹാസം യുഡിഎഫിനുള്ള വലിയ കൊട്ട് തന്നെ. ഉപതിരഞ്ഞടുപ്പിൽ സിക്‌സർ അടിക്കുമെന്ന മു്ല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്കായിരുന്നു മണിയുടെ കൊട്ട്.

വർദ്ധിത വീര്യത്തോടെ ഇടത് ക്യാമ്പ്; തളർന്ന മനസ്സോടെ വലതുക്യാമ്പ്‌

അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിനായി എൽഡിഎഫ് തയ്യാറെടുത്തുകഴിഞ്ഞു. യുഡിഎഫിനും എൻഡിഎയ്ക്കും മുന്നറിയിപ്പ് നൽകി കൊണ്ട് സ്ഥാനാർത്ഥി നിർണയം നേരത്തെ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് ഗോദയിൽ അരയും തലയും മുറുക്കി ഇറങ്ങി. സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ യുഡിഎഫിന് ഇനി രണ്ടുവട്ടം ആലോചിക്കേണ്ടി വരും. ജോസ്.കെ.മാണിയുടെ വാശിക്ക് വഴങ്ങി ജോസ് ടോമിനെ ഇറക്കിയപ്പോൾ ജയം അകലെയായി. ഇനി സൂക്ഷ്മത പുലർത്തിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും.

പാലാ ഉപതെരഞ്ഞെടുപ്പിലെ ജനവിധി കേരള കോൺഗ്രസിന് എതിരെയുള്ളതാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറയുമ്പോൾ, യുഡിഎഫിനു സംഭവിച്ചത് ഞെട്ടിക്കുന്ന തോൽവിയെന്നു വി എം. സുധീരൻ വിലയിരുത്തി. വൻ തിരിച്ചടിയാണ് നേരിട്ടതെന്നും യുഡിഎഫ് നേതാക്കളുടെ മനോഭാവം മാറണമെന്നും അദ്ദേഹം പ്രതികരിച്ചു.എൽഡിഎഫിനു പോലും പാലായിൽ ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഈ പരാജയം എങ്ങനെ സംഭവിച്ചു എന്നതിൽ സത്യസന്ധമായ പരിശോധന ആവശ്യമാണ്. യുഡിഎഫ് നേതൃത്വത്തിന് ജനങ്ങൾ നൽകിയ താക്കീതാണ് ഇതെന്നും സുധീരൻ കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടിയാകട്ടെ പാലായിലെ തോൽവിക്ക് ബിജെപിയെയാണ് പഴിച്ചത്.

ബിജെപി വോട്ടിലും ചോർച്ച

നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന പാലായിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും പാർട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്.2016 നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വോട്ട് പോലും ഇത്തവണ ബിജെപിക്ക് നേടാൻ സാധിച്ചില്ല. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ 24,821 വോട്ടുകൾ നേടിയ എൻ. ഹരിക്ക് ഇത്തവണ 18,044 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്. 6,777 വോട്ടുകളുടെ കുറവാണുണ്ടായത്. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്.വോട്ടെടുപ്പ് കഴിഞ്ഞയുടൻ ബിജെപിക്കുള്ളിലെ പടലപ്പിണക്കം മറനീക്കി പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്ന് ചുണ്ടിക്കാട്ടി നിയോജകമണ്ഡലം പ്രസിഡന്റിനെ ബിജെപി പുറത്താക്കി.

ബിജെപിയുടെ വോട്ട് വിലയ്ക്കു വാങ്ങിയിട്ടും യുഡിഎഫ് രക്ഷപ്പെട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ പറഞ്ഞത്. ബിജെപിയുടെ വോട്ട് യുഡിഎഫ് വാങ്ങിയെന്നു ബിജെപിക്കാരൻ തന്നെ പറഞ്ഞിട്ടുണ്ട്. അയാളെ ബിജെപി പുറത്താക്കിയെന്നും കോടിയേരി ചൂണ്ടിക്കാട്ടി.ബിജെപി സ്ഥാനാർത്ഥിയായി ഇക്കുറി എൻ. ഹരിയെ നിർത്തിയതു തന്നെ യുഡിഎഫ്-ബിജെപി ധാരണയുടെ ഭാഗമാണ്. പാലായിൽ പി.സി. തോമസിനെ മത്സരിപ്പിക്കണമെന്നായിരുന്നു ധാരണ. എന്നാൽ ഇത് അട്ടിമറിച്ചു ഹരിയെ നിശ്ചയിക്കുകയായിരുന്നു. ഇത് ഒത്തുകളിയുടെ ഭാഗമാണ്. എന്നിട്ടും യുഡിഎഫ് രക്ഷപ്പെട്ടില്ല. ബിഡിജെഎസ് ബിജെപിക്കാണു പിന്തുണ കൊടുത്തത്, പക്ഷേ പാലായിൽ എസ്എൻഡിപി പിന്തുണ ഇടതുപക്ഷത്തിനാണ് ലഭിച്ചതെന്നും കോടിയേരി പറഞ്ഞു.

കാപ്പന്റെ ജയം ആവർത്തിക്കാൻ ലക്ഷ്യമിട്ട് എൽഡിഎഫ്

ഇടതുപക്ഷ സർക്കാരിന്റെ സുസ്ഥിരവികസന-ജനക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാൻ കരുത്തുപകരുന്നതാണ് ജനവിധിയെന്നും തുടർന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നുപ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. പാലാ ഉപതെരഞ്ഞെടുപ്പ് വിജയം സർക്കാരിന് അനുകൂലമായ ജനവിധിയായാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ജനവിധിയാകുമെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.. യുഡിഎഫിന്റെ കോട്ട തകർന്നു, ഐക്യ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പു നഷ്ടപ്പെട്ടു, സംഘടന ശിഥിലമായി. ഏതു സാഹചര്യത്തിലും ജയിക്കാൻ കഴിയുന്ന ഒരു മണ്ഡലമാണു യുഡിഎഫിനു നഷ്ടപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.മുൻകാല തെരഞ്ഞെടുപ്പുകളിൽ പാലാ എൽഡിഎഫിന് എതിരായിരുന്നു. ഇക്കുറി അതു മാറി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കു 33,000-ൽ അധികം ഭൂരിപക്ഷം ലഭിച്ച ഒരു മണ്ഡലത്തിലാണ് ഇക്കുറി എൽഡിഎഫ് വിജയിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യമല്ല സംസ്ഥാനത്തു നിലനിൽക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

അഞ്ചുമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ സെമിഫൈനലായിരുന്നു പാലാ. അവിടെ കിട്ടിയ ഊർജ്ജം കൈമോശം വരാതെ നോക്കുകസിപിഎമ്മിന് മുൻപ് ഇല്ലാത്തവിധം ബഹുജന സ്വാധീനം കുറഞ്ഞതായി പാർട്ടി വിലയിരുത്തിയിട്ടുണ്ട്. 2006 ലെ തെരഞ്ഞെടുപ്പിൽ 47 ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. അന്ന് ഇടതുപക്ഷ മുന്നണിക്ക് കൈവരിക്കാൻ കഴിഞ്ഞ ബഹുജനസ്വാധീനം വീണ്ടും ഉണ്ടാക്കിക്കൊണ്ടുവരാനാണ് ശ്രമം. സിപിഐ എമ്മിനുതന്നെ അതിന്റെ സ്വാധീനം വികസിപ്പിക്കണം. മുന്നണിക്ക് പിന്തുണനൽകുന്ന കക്ഷികളും ജനപിന്തുണ വർദ്ധിപ്പിക്കണം. ബഹുജന അടിത്തറ വിപുലീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. വീട് സന്ദർശനം, കുടുംബ സദസുകൾ എന്നിവ വഴി ജനങ്ങളെ അടുപ്പിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ചെങ്ങന്നൂരിലും പാലായിലും ഈ അടവാണ് എൽഡിഎഫ് പയറ്റിയത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും മന്ത്രിമാരെയും ഓരോ മണ്ഡലത്തിലും പ്രചാരണത്തിന്റെ ഏകോപനത്തിനായി നിയമിക്കുകയും ഓരോ പഞ്ചായത്തിലും ഓരോ എംഎ‍ൽഎമാർക്ക് ചുമതല നൽകുകയും ചെയ്യുന്ന തന്ത്രം അഞ്ചിടത്തും പ്രതീക്ഷിക്കാം.

യുഡിഎഫ് പാഠം പഠിക്കുമോ?

തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ തമ്മിലാണ് മത്സരം വേണ്ടത്, മുന്നണിക്കുള്ളിൽ പാർട്ടികൾ തമ്മിൽ മത്സരം പാടില്ലെന്നും യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞത് വലിയ ഓർമ്മപ്പെടുത്തലാണ്, മുന്നറിയിപ്പാണ്. പാലായിലെ ചെറിയ പരാജയം രാഷ്ട്രീയ പരാജയമായി കാണുന്നില്ല. ബിജെപിയുടെ വോട്ട് കച്ചവടം നടന്നെന്ന് സിപിഎം ആരോപിച്ചിരുന്നു. മാണി സി. കാപ്പൻ ആരുമായാണ് പാലം വച്ചതെന്ന് സിപിഎം വ്യക്തമാക്കണമെന്നും ബെഹനാൻ കൂട്ടിച്ചേർത്തു. പാലാ പരാജയമല്ല, പാഠം പഠിക്കാനുള്ള പ്‌ളാറ്റ്‌ഫോം എന്ന നിഷ ജോസ്.കെ.മാണി പറഞ്ഞ ആശ്വാസ വാക്കുകൾ യുഡിഎഫ് സീരിയസ് ആയി എടുക്കേണ്ടി വരും. കോന്നിയിലും അരൂരും സമുദായ സമവാക്യത്തിലും തർക്കങ്ങളിലും തട്ടി സ്ഥാനാർത്ഥി നിർണയം വൈകുകയാണ്. മഞ്ചേശ്വരത്ത് മാത്രമാണ് യുഡിഎഫ് ലീഗിന്റെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. അവിടെയും മുറുമുറുപ്പുകളുണ്ട്. മുന്നണിയെ കെട്ടുറപ്പോടെ കൊണ്ടുപോയില്ലെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ പാളുമെന്ന് യുഡിഎഫ നേതാക്കൾക്ക് ഇതിനകം ബോധ്യം വന്നു കാണണം. പാലായിലേത് ഇരന്നുവാങ്ങിയ തോൽവിയെന്ന് പറയുമ്പോൾ അത് മറ്റിടങ്ങളിലും ആവർത്തിക്കാതിരിക്കാൻ ്സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം സൂ്ക്ഷ്മത പുലർത്തേണ്ടി വരും.

എൻഡിഎയിലും അപസ്വരങ്ങൾ

പാലായിൽ ബിജെപിയിൽ നിന്ന് വോട്ടുചോർച്ച ഉണ്ടായെന്ന ആരോപണം സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള തള്ളിയിരിക്കുകയാണ്. പാലായിൽ എല്ലാമുന്നണികൾക്കും വോട്ടുകുറഞ്ഞിട്ടുണ്ട്. എൻ.ഡി.എ മുന്നണിക്കാണ് വോട്ടുകുറഞ്ഞത്. ഇതിനെക്കുറിച്ച് പരിശോധിക്കും. വോട്ടുചോർച്ചയെന്ന ആരോപണം ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ്. യു.ഡി.എഫിനും എൽ.ഡി.എഫിനും യുക്തിഭദ്രമായ കാരണം പറയാനില്ലാത്തിനാലാണ് ആരോപണം എന്നും ശ്രീധരൻ പിള്ള പറഞ്ഞു.ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ 8489 വോട്ടും 2016 നിയമസഭ തിരഞ്ഞെടുപ്പിനെക്കാൾ 6777 വോട്ടുമാണ് എൻ.ഹരിക്ക് കുറഞ്ഞത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ.ഹരി തന്നെ നേടിയ 24821 വോട്ട് ഇത്തവണ 18,044 വോട്ടായി കുറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തെ തിരഞ്ഞെടുപ്പിൽ സജീവമായില്ലെന്ന് പറഞ്ഞ് എൻ.ഹരി പുറത്താക്കിയിരുന്നു. ഹരി വോട്ടുകച്ചവടം നടത്തിയെന്നായിരുന്നു ബിനുവിന്റെ ആരോപണം.

ഏതായാലും എൻഡിഎയിൽ മറ്റ് അഞ്ചിടത്തും ഇതുവരെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടില്ല. അരൂരിൽ മത്സരിക്കാതെ ബിഡിജെഎസ് പിന്മാറിയതും തിരിച്ചടിയായി. എത്രയും വേഗം സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയില്ലെങ്കിൽ ഇടക്കാലത്ത് പാർട്ടി നേടിയ കുതിപ്പിന് കടിഞ്ഞാൺ വീഴുമെന്ന് ബിജെപി നേതാക്കൾക്കും നന്നായറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP