Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിഷാ ജോസ് കെ മാണിയെ മത്സരിപ്പിക്കാനുള്ള സമ്മർദ്ദങ്ങളെ അതിജീവിച്ചതിന് ഇനി ജോസ് കെ മാണിക്ക് ആശ്വസിക്കാം; നിഷയായിരുന്നു മത്സരിച്ച് തോറ്റതെങ്കിൽ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കേണ്ടി വരുമായിരുന്ന ജോസിന് ഈ തോൽവിയുടെ ഉത്തരവാദിത്തം കോൺഗ്രസിനും പിജെ ജോസഫിനും നൽകാം; തോൽവി ഉറപ്പായ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലെ നിർണ്ണായക നീക്കം ജോസ് കെ മാണിക്ക് തോൽവിയിലും ഗുണം ചെയ്യുന്നത് ഇങ്ങനെ

നിഷാ ജോസ് കെ മാണിയെ മത്സരിപ്പിക്കാനുള്ള സമ്മർദ്ദങ്ങളെ അതിജീവിച്ചതിന് ഇനി ജോസ് കെ മാണിക്ക് ആശ്വസിക്കാം; നിഷയായിരുന്നു മത്സരിച്ച് തോറ്റതെങ്കിൽ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കേണ്ടി വരുമായിരുന്ന ജോസിന് ഈ തോൽവിയുടെ ഉത്തരവാദിത്തം കോൺഗ്രസിനും പിജെ ജോസഫിനും നൽകാം; തോൽവി ഉറപ്പായ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലെ നിർണ്ണായക നീക്കം ജോസ് കെ മാണിക്ക് തോൽവിയിലും ഗുണം ചെയ്യുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: നിഷ ജോസ് കെ മാണിയെ പാലയിൽ സ്ഥാനാർത്ഥിയാക്കിയാൽ പൊട്ടിത്തെറിച്ചു കൊണ്ട് രംഗത്തുവരാൻ കാത്തിരുന്നവർക്ക് കടുത്ത നിരാശയാണ് ജോസ് ടോം പുലിക്കുന്നേലിന്റെ സ്ഥാനാർത്ഥിത്വം. പാർട്ടിക്കുള്ളിൽ കലാപം ഉണ്ടാക്കാൻ കാത്തിരുന്ന പി ജെ ജോസഫിനെയും സൈബർ ലോകത്ത് ട്രോളാൻ കാത്തിരുന്നവരെയും കടത്തിവെട്ട് തികച്ചും രാഷ്ട്രീയമായ വിജയാണ് ജോസ് കെ മാണി പാലയിലെ സ്ഥാനാർത്ഥി നിർണയത്തിലൂടെ നേടിയത്. കുതികാൽവെട്ട് രാഷ്ട്രീയം കണ്ടുപിടിച്ച കേരളാ കോൺഗ്രസിനെ മുന്നോട്ടു കൊണ്ടുപോകാൻ എന്തുകൊണ്ടും മിടുക്കൻ താൻ തന്നെയാണെന്ന് തുടക്കത്തിൽ തെളിയിച്ച ജോസ് കെ മാണിക്ക് നിരാശ നൽകുന്നതാണ് പാലായിലെ തെരഞ്ഞെടുപ്പ് ഫലം. ജോസ് കെ മാണിയുടെ സ്വന്തം സ്ഥാനാർത്ഥി ജോസ് ടോം തോറ്റു. ഇടതുപക്ഷം പോലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. അക്ഷരാർത്ഥത്തിൽ കേരളാ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അട്ടിമറി വിജയമാണ് മാണി സി കാപ്പൻ നേടുന്നത്.

മാധ്യമലോകത്ത് നിഷയുടെ പേര് ഉയരുകയും അതിനെ അനുകൂലിച്ചു കൊണ്ട് ജോസ് കെ മാണിയുടെ സ്തുതിപാഠക വൃന്ദം രംഗത്തുവരികയും ചെയ്തതോടെ തന്നെ അദ്ദേഹം അപകടം മണത്തിരുന്നു. ഒരു കുടുംബത്തിലെ രണ്ട് പേർ രാഷ്ട്രീയ രംഗത്ത് ഇറങ്ങുന്നത് ഗുണകരമാകില്ലെന്നും ഇത് എൽഡിഎഫ് രാഷ്ട്രീയ ആയുധമാക്കുമെന്നും കണ്ട് തന്ത്രപരമായാണ് പിന്നീട് ജോസ് മുന്നോട്ടു നീങ്ങിയത്. ജനാധിപത്യപരമായ വഴിയിൽ തന്നെയായി പിന്നീടുള്ള കാര്യങ്ങൾ. സ്ഥാനാർത്ഥി നിർണയത്തിന് ഏഴംഗ സമിതിയെ ചുമതലപ്പെടുത്തി മാറി നിന്നിടത്തു നിന്ന് തുടങ്ങിയതാണ് അടവുകളുടെ വിജയമാണ് പുലിക്കുന്നേലിനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ വിജയിച്ചത്.

എന്നാൽ അന്തിമ പോരാട്ടത്തിൽ ഈ വിജയം ജോസ് കെ മാണിക്ക് സ്വന്തമായില്ല. അപ്പോഴും നിഷാ ജോസ് കെ മാണിയെ മത്സരിപ്പിക്കാനുള്ള സമ്മർദ്ദങ്ങളെ അതിജീവിച്ചതിന് ഇനി ജോസ് കെ മാണിക്ക് ആശ്വസിക്കാം. നിഷയായിരുന്നു മത്സരിച്ച് തോറ്റതെങ്കിൽ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കേണ്ടി വരുമായിരുന്ന ജോസിന് ഈ തോൽവിയുടെ ഉത്തരവാദിത്തം കോൺഗ്രസിനും പിജെ ജോസഫിനും നൽകാം. വോട്ട് മറിക്കലിൽ കുറ്റപ്പെടുത്തുകയും ചെയ്യാം. അതുകൊണ്ട് തന്നെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ നിർണ്ണായക നീക്കം ജോസ് കെ മാണിക്ക് തോൽവിയിലും ഗുണം ചെയ്യുകയാണ്. നിഷാ ജോസ് കെ മാണിയാണ് മത്സരിച്ച് തോറ്റതെങ്കിൽ അത് ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവിയെ പോലും തകർക്കുമായിരുന്നു.

മണ്ഡലം പിറവിയെടുത്തതു മുതൽ മരണം വരെ എംഎൽഎയായിരുന്ന കെ.എം മാണിയുടെ പിൻഗാമിയായി വരേണ്ടത് മരുമകളാണോ മറ്റു മക്കളിൽ ആരെങ്കിലുമാണോ എന്ന ചോദ്യം കുടുംബ സദസ്സുകളിൽ ഉയർന്നു വരാൻ തുടങ്ങിയതോടെ കുടുംബത്തിൽ നിന്ന് ആരും മൽസരിക്കില്ലെന്ന സൂചന ജോസ് കെ. മാണി പാർട്ടി നേതാക്കളെ ധരിപ്പിച്ചിരുന്നു. എന്നാൽ യോഗങ്ങളിൽ നിഷയുടെ സ്ഥാനാർത്ഥിത്വം അദ്ദേഹം നിഷേധിച്ചുമില്ല. പാർട്ടിയിൽ രണ്ട് പക്ഷത്തായി നിലയുറപ്പിച്ചിരിക്കുന്ന നേതാക്കൾ പാലാ സീറ്റിനായി മൽസരിച്ചാൽ പാർട്ടിയിലുണ്ടാകുമായിരുന്ന അസ്വസ്ഥതകൾ ഇല്ലാതാക്കാനാണ് ഈ തന്ത്രം പയറ്റിയത്. എല്ലാ ശ്രദ്ധയും നിഷയിൽ കേന്ദ്രീകരിച്ചിരിക്കെയാണ് ഒരു യഥാർത്ഥ കർഷകൻ തന്നെ സ്ഥാനാർത്ഥിയാകണമെന്ന നിർദ്ദേശം പാർട്ടി കോർ കമ്മറ്റിയിൽ ജോസ് കെ. മാണി അവതരിപ്പിച്ചത്. നിലവിലെ സാഹചര്യത്തിൽ പാർട്ടിയെ കർഷകപാർട്ടിയായി പുനരുജ്ജീവിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തിനാണ് ജോസ് കെ. മാണി പ്രാധാന്യം നൽകിയത്. ജോസ് ടോമിനെ സ്ഥാനാർത്ഥിയാക്കിയതോടെ പാലാ മാണി കുടുംബം കുത്തകയാക്കിവെക്കുന്നുവെന്ന പ്രചരണത്തിന്റെ മുനയൊടിക്കാൻ ജോസ് കെ മാണിക്കായി.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇ ജെ അഗസ്തിക്ക് വേണ്ടി നിലകൊണ്ട പി ജെ ജോസഫിനെയും സമർത്ഥമായാണ് ജോസ് കെ മാണി വെട്ടിയത്. ഏറ്റവും സീനിയറായ നേതാവിനെ വെട്ടാൻ പ്രാദേശിക പരിഗണനകളും ജോസ് കെ മാണി ആയുധമാക്കി. ചിഹ്നം നിഷേധിച്ച് പിജെ ജോസഫ് തിരിച്ചടിച്ചു. കെ.എസ്.സിയിലൂടെ രാഷ്ട്രീയജീവിതത്തിന് തുടക്കംകുറിച്ച ജോസ് ടോം പുലിക്കുന്നേൽ മാണി കുടുംബത്തിന്റെ വിശ്വസ്തനും മഹാത്മാ ഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായിരുന്നു. പാലാ ബാറിലെ അഭിഭാഷകനായ അദ്ദേഹം മുൻ മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റും കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ്. ജോസ് ടോമും പ്രതീക്ഷയോടെയാണ് മത്സരത്തെ കണ്ടത്. ജയിക്കുമെന്ന് തന്നെ കരുതി. പിജെ ജോസഫിനെ ചെന്ന് കണ്ട് വോട്ട് ചോദിച്ചതും സമവായത്തിന്റെ സാധ്യത തേടിയാണ്. എന്നാൽ ഇതൊന്നും കേരളാ കോൺഗ്രസിലെ പടലപിണക്കങ്ങളെ ഇല്ലായ്മ ചെയ്തില്ല. ഇത് ജോസ് ടോമിനു തോൽവി നൽകുകയും ചെയ്തു.

ഇത് ജോസ് കെ മാണിയുടെ വ്യക്തിപരമായ തോൽവിയാകുന്നില്ല. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതും പ്രചരണം നയിച്ചതും യുഡിഎഫായിരുന്നു. അതുകൊണ്ട് തന്നെ ജോസ് കെ മാണിക്ക് രാഷ്ട്രീയ വനവാസത്തിന് അപ്പുറം തിരിച്ചുവരവിന്റെ സാധ്യതയും ഈ തിരിച്ചടി നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP