Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാണിയുടെ സഹതാപതരംഗത്തിലേറി കേരള കോൺഗ്രസ് വാഴുമോ? ലോക്‌സഭയിലേറ്റ തിരിച്ചടിയിൽ നിന്ന് എൽഡിഎഫ് തിരിച്ചു വരുമോ? എൽഡിഎഫിന്റെ അട്ടിമറി പ്രതീക്ഷകൾ പൂവണിഞ്ഞാൽ പി.ജെ ജോസഫിനും രാഷ്ട്രീയ വിജയം; ഇരുട്ടി വെളുക്കുമ്പോൾ പിറക്കുന്നത് മുന്നണി സംവിധാനങ്ങളെപ്പോലും മാറ്റി മറിച്ചേക്കാവുന്ന വിധി; ജനവിധി പ്രേക്ഷകരിലേക്കെത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി ടീം മറുനാടനും; പാലയിൽ നാളെ ഉപതെരഞ്ഞെടുപ്പ് ഫലം

മാണിയുടെ സഹതാപതരംഗത്തിലേറി കേരള കോൺഗ്രസ് വാഴുമോ? ലോക്‌സഭയിലേറ്റ തിരിച്ചടിയിൽ നിന്ന് എൽഡിഎഫ് തിരിച്ചു വരുമോ? എൽഡിഎഫിന്റെ അട്ടിമറി പ്രതീക്ഷകൾ പൂവണിഞ്ഞാൽ പി.ജെ ജോസഫിനും രാഷ്ട്രീയ വിജയം; ഇരുട്ടി വെളുക്കുമ്പോൾ പിറക്കുന്നത് മുന്നണി സംവിധാനങ്ങളെപ്പോലും മാറ്റി മറിച്ചേക്കാവുന്ന വിധി; ജനവിധി പ്രേക്ഷകരിലേക്കെത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി ടീം മറുനാടനും; പാലയിൽ നാളെ ഉപതെരഞ്ഞെടുപ്പ് ഫലം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ പിറക്കുന്നത് കേരള രാഷ്ട്രീയത്തിൽ പല രാഷ്ട്രീയ പാർട്ടികളുടെയും ഭാവി നിർണയിക്കുന്ന പുലരി. പാലാ ഉപതെരഞ്ഞെടുപ്പ് ഫലം കേവലം വിജയത്തിനും അപ്പുറം ഓരോ പാർട്ടിയും സമാഹരിക്കുന്ന വോട്ടുകളും മൂന്ന് മുന്നണികൾക്കും നിർണായകമാകും. പാലാ കാർമൽ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നാളെ രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. കെഎം മാണിക്ക് ശേഷം പാലാ മണ്ഡലത്തെ ആര് പ്രതിനിധീകരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയകേരളം. പത്തു മണിയോടെ ഫലം വ്യക്തമാകുമെന്നാണ് സൂചന.

കെ.എം മാണിയുടെ മരണത്തോടെ ഉപതിരഞ്ഞെടുപ്പ് നടന്ന പാലാ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ, യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം, എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി എന്നിവർ വാശിയേറിയ മത്സരമായിരുന്നു കാഴ്ച വച്ചത്. കേരളാ കോൺഗ്രസിലെ വിഭാഗീയതയുടെ പശ്ചാത്തലത്തിൽ നേതാക്കൾക്കും പാലായിലെ ജനവിധി നിർണായകമാണ്. ഉറച്ച കോട്ടയിൽ തിളക്കമാർന്ന വിജയത്തിൽ കുറഞ്ഞതൊന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നില്ല. വിജയം ഉറപ്പിച്ച് തന്നെയാണ് യുഡിഎഫ് കേന്ദ്രങ്ങൾ പ്രതികരിക്കുന്നതും. ജയിക്കുമെന്ന പൂർണ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ്.

'നിയുക്ത പാലാ എംഎ‍ൽഎ' ജോസ് ടോമിന് യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച 10.30-ന് പാലായിൽ ഉജ്വല സ്വീകരണം നൽകുമെന്ന് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റിയുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നു. ഇതിനുള്ള നടപടികൾ പൂർത്തിയായതായും ഇതിൽ വ്യക്തമാക്കുന്നു.വോട്ടെണ്ണൽ പൂർത്തിയായ ശേഷമാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. നിയുക്ത എംഎൽഎ ജോസ് ടോം കെ.എം.മാണിയുടെ ഭവനത്തിലെത്തി പ്രണാമം അർപ്പിച്ച ശേഷം നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ നഗരത്തിലേക്ക് പ്രകടനമായി പുറപ്പെടുമെന്ന് വാർത്ത കുറിപ്പിൽ അറിയിച്ചിരിക്കുന്നു. കുരിശുപള്ളി കവലയിൽ യു.ഡി.എഫ് നേതാക്കൾ പ്രസംഗിക്കുമെന്നും ഇലക്ഷൻകമ്മിറ്റിയുടെ അറിയിപ്പിലുണ്ട്.

കഴിഞ്ഞ തവണത്തെക്കാൾ വോട്ട് കൂടുതൽ നേടാൻ കഴിയുന്നില്ലെങ്കിൽ അത് ഇടത് മുന്നണിക്ക് കനത്ത ക്ഷീണമാകും. അതേ സമയം, ഇടത് സ്ഥാനാർത്ഥി വിജയിച്ചാൽ ഒരേ സമയം സിപിഎമ്മിനും, യുഡിഎഫിനൊപ്പം എങ്കിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും വലിയ മുന്നേറ്റമാകും സമ്മാനിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ സിപിഎമ്മിനും ഇടത് മുന്നണിക്കും പാലായിലെ തെരഞ്ഞെടുപ്പിൽ വിജയിക്കാനായാൽ ലഭിക്കുക പുതുജീവനാണ്. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലും സിപിഎമ്മിന് അത് ഗുണം ചെയ്യും. അതേസമയം, യുഡിഎഫിന് വോട്ട് വർദ്ധിക്കുകയും ഇടത് മുന്നണിക്ക് കഴിഞ്ഞ തവണ ലഭിച്ചതിലും വോട്ടിൽ കുറവ് വരികയും ചെയ്താൽ ഇടത് മുന്നണിക്കും സംസ്ഥാന സർക്കാരിനും എതിരായ ജനവികാരം നിലനിൽക്കുന്നു എന്ന് വിലയിരുത്തപ്പെടും.

ബിജെപിയെ സംബന്ധിച്ചും പാല ഉപതെരഞ്ഞെടുപ്പ് ഫലം നിർണ്ണായകമാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബിജെപിയിൽ വോട്ടു കച്ചവടം ചർച്ചയായ തെരഞ്ഞെടുപ്പായിരുന്നു നടന്നത്. ബിജെപിയുടെ വോട്ട് ഷെയറിൽ കുറവുണ്ടായാൽ പാർട്ടിക്കുള്ളിൽ അത് വലിയ പൊട്ടിത്തെറിക്ക് വഴിതെളിക്കും. എൽഡിഎഫ് സ്ഥാനാർത്ഥി മാണി.സി.കാപ്പൻ, യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം എൻഡിഎ സ്ഥാനാഡഥി എൻ.ഹരി എന്നിവരുൾപ്പടെ 13 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

പാലാ നിയമസഭാ മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലെയും ഒരു നഗരസഭയിലെയും 176 ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്തിയത്. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ. എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ അര മണിക്കൂറിൽ 15 സർവീസ് വോട്ടും മൂന്ന് പോസ്റ്റൽ വോട്ടും എണ്ണും. തുടർന്നാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണൽ ആരംഭിക്കുക. 10 മണിയോടെ വോട്ടെണ്ണൽ പൂർത്തിയാകും. അഞ്ചു ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളിലെ രസീത് കൂടി എണ്ണിയ ശേഷമേ ഫലം ഔദ്യോഗികമായി പുറത്തുവിടൂ. വിവിപാറ്റ് രസീതുകൾ എണ്ണേണ്ട ബൂത്തുകൾ സ്ഥാനാർത്ഥിയുടെയോ ഏജന്റിന്റെയോ സാന്നിധ്യത്തിൽ നറുക്കിട്ട് തീരുമാനിക്കും.

71.43 ശതമാനമായിരുന്നു പാലായിലെ പോളിങ് ശതമാനം. 2016ൽ പാലായിൽ 77.25 ആയിരുന്നു പോളിങ്. ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത് 72.68 ശതമാനമായി കുറഞ്ഞു. 75.78 ശതമാനം രേഖപ്പെടുത്തിയ മീനച്ചിൽ പഞ്ചായത്തിലായിരുന്നു ഇത്തവണ ഏറ്റവുമധികം പോളിങ്. ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത് മേലുകാവ് പഞ്ചായത്തിലും 66.78%.

പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ ഭൂരിപക്ഷമെന്നായിരുന്നാണ് എക്‌സിറ്റ് പോൾ ഫലപ്രവചനം. ഏഷ്യാനെറ്റും എദ റിസർച്ച് പാർട്ട്‌ണേഴ്‌സും ചേർന്ന് നടത്തിയ എക്‌സിറ്റ് പോൾ ഫല പ്രകാരം യുഡിഎഫിന്റെ ജോസ് ടോമിന് 48 ശതമാനം വോട്ട് ലഭിക്കും. എൽഡിഎഫിന്റെ മാണി സി കാപ്പന് 32 ശതമാനം വോട്ട് ലഭിക്കുമെന്നും എക്‌സിറ്റ് പോൾ പറയുന്നു. മാണി സി കാപ്പനേക്കാൾ 16 ശതമാനം വോട്ടിന്റെ ലീഡുമായി ജോസ് ടോം വിജയത്തിലെത്തുമെന്നാണ് പോൾ ഫലം പറയുന്നത്. മൂന്നാമതുള്ള എൻഡിഎയ്ക്ക് 19 ശതമാനം വോട്ടുകൾ ലഭിക്കുമെന്നും എക്‌സിറ്റ് പോൾ പറയുന്നു. 2016 ൽ യുഡിഎഫിന് പാലായിൽ ലഭിച്ചത് 42 ശതമാനം വോട്ടായിരുന്നു. ആറ് ശതമാനം വോട്ടാണ് എക്‌സിറ്റ് പോൾ പ്രകാരം യുഡിഎഫിന് വർധിക്കുന്നത്. എൽഡിഎഫിന് 39 ശതമാനം വോട്ടാണ് 2016 ൽ ലഭിച്ചത്. എക്‌സിറ്റ് പോൾ പ്രകാരം എൽഡിഎഫിന് ഏഴ് ശതമാനം വോട്ട് കുറയും. എൻഡിഎയുടെ വോട്ട് ഒരു ശതമാനം വർധിക്കുമെന്നും എക്‌സിറ്റ് പോൾ പറയുന്നു.

പാലാ ഉപതെരഞ്ഞെടുപ്പ് ഫലം വായനക്കാരിലേക്കെത്തിക്കാൻ മറുനാടൻ മലയാളി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓരോ നിമിഷത്തെയും തെരഞ്ഞെടുപ്പ് വിശേഷങ്ങൾ മറുനാടൻ മലയാളി വെബ്‌സൈറ്റിലൂടെയും മറുനാടൻ ടിവിയിലൂടെയും ജനങ്ങളിലേക്കെത്തും. വാർത്തയും വിശകലനങ്ങളും തെരഞ്ഞെടുപ്പ് വിശേഷങ്ങളുമായി പാലാ തെരഞ്ഞെടുപ്പ് ഫലം സമഗ്രമായി റിപ്പോർട്ട് ചെയ്യാൻ ടീം മറുനാടനും ഒരുങ്ങിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP