Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സംസ്ഥാന നേതൃത്വത്തിന്റെ താൽപര്യം ജനീഷ് കുമാറിലാണെന്ന് അറിഞ്ഞപ്പോൾ ഉദയഭാനു പിന്മാറിയത് വയസാംകാലത്തെ ശാരീരിക അസ്വസ്ഥതകൾ പറഞ്ഞ്; എം എസ് രാജേന്ദ്രൻ സാമുദായിക നേതാക്കളെ കണ്ടപ്പോൾ ജനീഷ്‌കുമാർ പിടിച്ചത് തലസ്ഥാനത്ത്; പുറമേ ശാന്തമെങ്കിലും കോന്നിയിൽ സിപിഎമ്മിനുള്ളിൽ വൻ പൊട്ടിത്തെറി; കാലുവാരൽ സാധ്യതയുമെന്ന് ആക്ഷേപം; ഈഴവ സ്ഥാനാർത്ഥി വേണമെന്ന വെള്ളാപ്പള്ളിയുടെ നിർദേശവും അംഗീകരിച്ചു സിപിഎം

സംസ്ഥാന നേതൃത്വത്തിന്റെ താൽപര്യം ജനീഷ് കുമാറിലാണെന്ന് അറിഞ്ഞപ്പോൾ ഉദയഭാനു പിന്മാറിയത് വയസാംകാലത്തെ ശാരീരിക അസ്വസ്ഥതകൾ പറഞ്ഞ്; എം എസ് രാജേന്ദ്രൻ സാമുദായിക നേതാക്കളെ കണ്ടപ്പോൾ ജനീഷ്‌കുമാർ പിടിച്ചത് തലസ്ഥാനത്ത്; പുറമേ ശാന്തമെങ്കിലും കോന്നിയിൽ സിപിഎമ്മിനുള്ളിൽ വൻ പൊട്ടിത്തെറി; കാലുവാരൽ സാധ്യതയുമെന്ന് ആക്ഷേപം; ഈഴവ സ്ഥാനാർത്ഥി വേണമെന്ന വെള്ളാപ്പള്ളിയുടെ നിർദേശവും അംഗീകരിച്ചു സിപിഎം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോന്നിയിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വൻ പൊട്ടിത്തെറി എന്നായിരുന്നു ഇന്നലെ ചാനലുകളിലെ ന്യൂസ് ഫ്ളാഷ്. ഒരു പൊട്ടിത്തെറിയും അവിടെ ഉണ്ടായിരുന്നില്ല എന്നുള്ളതായിരുന്നു സത്യം. സംസ്ഥാന സെക്രട്ടറിയേറ്റ് നിർദേശിച്ച കെയു ജനീഷ്‌കുമാറിനെ അംഗീകരിക്കുകയും ചെയ്തു. ജയസാധ്യത ജനീഷ്‌കുമാറിനെക്കാൾ കൂടുതൽ എംഎസ് രാജേന്ദ്രന് ആയിരുന്നുവെന്ന് ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, സെക്രട്ടറിയേറ്റംഗം പിബി ഹർഷകുമാർ എന്നിവർ അഭിപ്രായപ്പെട്ടുവെന്നതൊഴിച്ചാൽ മറ്റു പൊട്ടിത്തെറികൾ ഒന്നും ഉണ്ടായതുമില്ല. എന്നാൽ, ശരിക്കുമുള്ള പൊട്ടിത്തെറി വരാനിരിക്കുന്നതേയുള്ളൂ.

ജനീഷ്‌കുമാറും എംഎസ് രാജേന്ദ്രനും മലയോരമേഖലകളായ ചിറ്റാർ, സീതത്തോട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. നിലവിൽ ഇവിടെ ഇവരുടെ പേരിൽ രണ്ടു ഗ്രൂപ്പുകളായി പാർട്ടി പിരിഞ്ഞിരിക്കുകയുമാണ്. സിപിഎമ്മിന്റെ രക്തസാക്ഷി എംഎസ് പ്രസാദിന്റെ സഹോദരനാണ് എംഎസ് രാജേന്ദ്രൻ. 2011 ൽ കോന്നിയിൽ അടൂർ പ്രകാശിനെതിരേ മത്സരിച്ചു. അന്ന് മാത്രമാണ് പ്രകാശ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചത്. ശക്തമായ വെല്ലുവിളി ഉയർത്താൻ രാജേന്ദ്രന് കഴിഞ്ഞു. കഴിഞ്ഞ തവണ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ സനൽകുമാർ കോന്നി സീറ്റ് പിടിച്ചു വാങ്ങി മത്സരിക്കുകയായിരുന്നു. അന്നും സീറ്റിന് അവകാശം ഉന്നയിച്ച് എംഎസ് രാജേന്ദ്രൻ രംഗത്തുണ്ടായിരുന്നു.

അടൂർ പ്രകാശ് ഇരുപതിനായിരത്തിൽപ്പരം വോട്ടിന് ജയിച്ചപ്പോൾ സനൽകുമാറിന്റെ പ്രകടനം ദയനീയമായിപ്പോയി. എംഎസ് രാജേന്ദ്രന്റെ നേതൃത്വത്തിൽ തന്നെ കാലുവാരിയെന്ന് അന്ന് സനൽ ആരോപണം ഉന്നയിച്ചിരുന്നു. ജയത്തെക്കാളുപരി മറ്റ് ലക്ഷ്യങ്ങൾ മുൻനിർത്തി മൽസരിച്ച സനൽകുമാർ പിന്നീട് ഈ പരാതിയുമായി മുന്നോട്ട് പോയില്ല. അടൂർ പ്രകാശില്ലാത്ത കോന്നി പിടിക്കുക എളുപ്പമാണെന്ന് സിപിഎം ജില്ലാ നേതൃത്വം കരുതിയിരുന്നു. അതിനായി അവർ കണ്ടത് രാജേന്ദ്രനെയുമായിരുന്നു. എന്നാൽ, തനി രാഷ്ട്രീയക്കാരനായ ജനീഷ്‌കുമാർ ഇത് മാനത്ത് കണ്ടു. തലസ്ഥാനത്ത് തന്നെ പിടിമുറുക്കുകയും ചെയ്തു. കോന്നിയിലെ സിപിഎം സ്ഥാനാർത്ഥി സാധ്യതാ ലിസ്റ്റിൽ ഒന്നാമത് ഉണ്ടായിരുന്ന പേര് ജില്ലാ സെക്രട്ടറി കെപി ഉദയ ഭാനുവിന്റേതായിരുന്നു. ശാരീരിക അസ്വസ്ഥതകളാൽ തന്നെ പട്ടികയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉദയഭാനു സംസ്ഥാന നേതൃത്വത്തിന് കത്തു നൽകിയിരുന്നു.

ഇതോടെ സംസ്ഥാന കമ്മറ്റിക്ക് മുന്നിൽ ജില്ലാ കമ്മറ്റിയംഗം കെയു ജനീഷ്‌കുമാറിന്റെയും മുൻ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംഎസ് രാജേന്ദ്രന്റെയും പേരുകൾ മാത്രമായി. ഇതിൽ നിന്ന് ജനീഷ്‌കുമാറിനെ സ്ഥാനാർത്ഥിയായി സംസ്ഥാന നേതൃത്വം നിശ്ചയിക്കുകയും ചെയ്തു. സിപിഎം ഏരിയാ സെക്രട്ടറി ആയിരിക്കേ രാജി വച്ച് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകാൻ പോയ എംഎസിന്റെ തീരുമാനം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയിരുന്നു. ഇതു തന്നെയാണ് പിന്നീട് രണ്ടു തവണയും രാജേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിന് വിലങ്ങു തടിയായത്. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഉപരി കമ്മറ്റിയിൽ നിന്ന് എത്തിയ കെജെ തോമസ്, കെഎൻ ബാലഗോപാൽ എന്നിവർ സംസ്ഥാന കമ്മറ്റി തീരുമാനം റിപ്പോർട്ട് ചെയ്തു.

ജനീഷ്‌കുമാറിനേക്കാൾ വിജയ സാധ്യത എംഎസ് രാജേന്ദ്രനാണെന്നും അതിനാൽ അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കുന്നതാകും ഉചിതമെന്നും ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവും സെക്രട്ടറിയേറ്റ് അംഗം പിബി ഹർഷകുമാറും അഭിപ്രായം പ്രകടപ്പിച്ചു. തുടർന്ന് സംസ്ഥാന കമ്മറ്റി തീരുമാനം കോന്നി ഏരിയാ കമ്മറ്റി ഓഫീസിൽ ചേർന്ന് മണ്ഡലം കമ്മറ്റി യോഗത്തിലും റിപ്പോർട്ട് ചെയ്തു. ഇതോടെ ജനീഷിന്റെ പേര് കോന്നിയിലെ സ്ഥാനാർത്ഥിയായി സ്ഥിരീകരിച്ചു. പ്രഖ്യാപനം നാളെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാകും ഉണ്ടാവുക. കോന്നി മണ്ഡലത്തിലെ സാഹചര്യം പരിഗണിക്കാതെയാണ് സംസ്ഥാന നേതൃത്വം ജനീഷിനെ സ്ഥാനാർത്ഥിയാക്കിയത് എന്ന അഭിപ്രായം മുതിർന്ന നേതാക്കൾക്ക് ഇടയിലുണ്ട്.

രണ്ട് പതിറ്റാണ്ടായി യുഡിഎഫ് കോട്ടയായി അടൂർ പ്രകാശ് നിലനിർത്തിയ കോന്നി മണ്ഡലം യുവനേതാവായ ജനീഷ് കുമാറിലൂടെ തിരിച്ചു പിടിക്കാനാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കു കൂട്ടൽ. പാർട്ടി സംസ്ഥാന നേതൃത്വം ജില്ലയിൽ സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കുന്നതായാണ് ജില്ലാ നേതൃത്വത്തിന്റെ പരാതി. ജില്ലാ ആസ്ഥാനത്തെ ആറന്മുള നിയമസഭാ നിയോജക മണ്ഡലത്തിലും പത്തനംതിട്ട പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പിലും ജില്ലയിലെ മുതിർന്ന നേതാക്കളെ അവഗണിച്ചാണ് വീണാ ജോർജിനെ അടിച്ചേൽപ്പിച്ചത് എന്ന ആക്ഷേപം ശക്തമാണ്. സാദമുദായിക സമവാക്യം പരിഗണിച്ചാണ് ജനീഷിനെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. കോന്നിയിൽ ഈഴവനെ സ്ഥാനാർത്ഥിയാക്കണമെന്ന വെള്ളാപ്പള്ളിയുടെ നിർദേശവും അംഗീകരിച്ചിട്ടുണ്ട്. ജനീഷ് കുമാർ സീതത്തോട് സ്വദേശിയാണ്.

നിലവിൽ സിപിഎം ജില്ലാ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റും യുവജന കമ്മിഷൻ അംഗവുമാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും എൽഎൽബിയുമാണ് വിദ്യാഭ്യാസ യോഗ്യത. പത്തനംതിട്ട ബാറിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. സീതത്തോട് കെആർപിഎംഎച്ച്എസ്എസിൽ പഠിക്കുമ്പോൾ എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. സീതത്തോട് ഗ്രാമപഞ്ചായത്തിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനായും പ്രവർത്തിച്ചു. ഭാര്യ: അനുമോൾ(സീതത്തോട് സർവീസ് സഹകരണ ബാങ്ക്). മക്കൾ: നൃപൻ, അസിഫ അനു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP