Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖംമൂടിയണിഞ്ഞെത്തിയ നാല് കള്ളന്മാരെയും ഒരുപോലെ നേരിട്ട് ഓടിച്ചുവിട്ട് കുടിയേറ്റക്കാരനായ ബ്രിട്ടീഷുകാരൻ; സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സൈബർ ലോകത്ത് താരമായി ആസിഫ്

മുഖംമൂടിയണിഞ്ഞെത്തിയ നാല് കള്ളന്മാരെയും ഒരുപോലെ നേരിട്ട് ഓടിച്ചുവിട്ട് കുടിയേറ്റക്കാരനായ ബ്രിട്ടീഷുകാരൻ; സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സൈബർ ലോകത്ത് താരമായി ആസിഫ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ആയുധധാരികളായ നാല് കള്ളന്മാരെ ഒറ്റയ്ക്ക് നേരിട്ട് തുരത്തുക. ആസിഫ് അലി എന്ന 35-കാരന്റെ ധീരതയാണ് ഇപ്പോൾ സൈബർലോകത്തെ തരംഗം. ചൊവ്വാഴ്ച രാത്രി 9.15-ഓടെ തന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ കള്ളന്മാരെ ആസിഫ് നേരിടുന്ന സിസിടിവി ദൃശ്യങ്ങളാണ് വൈറലായത്. ഉറക്കത്തിലായിരുന്ന ഭാര്യ ഷാർലറ്റിനെ അറിയിക്കാതെ എങ്ങനെ കള്ളന്മാരെ ഓടിക്കാമെ്ന്നതായിരുന്നു അപ്പോൾ താൻ ചിന്തിച്ചതെന്ന് ആസിഫ് പറയുന്നു.

ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബാംഫഡിലുള്ള വീട്ടിലാണ് സംഭവമുണ്ടായത്. ആദ്യം ഒരു കള്ളനാണ് വീട്ടിനുള്ളിലേക്ക് കയറുന്നത്. മുഖംമറച്ച്് കൈയിൽ ആയുധവുമായി വന്ന ഇയാളെ ആസിഫ് കടന്നുപിടിക്കുകയും മുഖമടക്കം ഇടികൊടുക്കുകയുമായിരുന്നു. തുടർന്ന് ഒന്നിനുപിറകെ ഒന്നായി രണ്ടുപേർകൂടി അകത്തേക്കുവന്നു. കുരച്ച് ബഹളമുണ്ടാക്കി ആസിഫിന്റെ വളർത്തുനായയും കള്ളന്മാരെ നേരിട്ടു.

മൂന്നുകള്ളന്മാരെയും പുറത്താക്കി വാതിലടയ്ക്കാൻ ആസിഫ് ശ്രമിക്കുമ്പോൾ, നാലാമതൊരാൾ വാതിൽ തള്ളിപ്പിടിക്കുന്നുണ്ട്. ഇതോടെ, ആസിഫ് അടുക്കളയിലേക്ക് ഓടിക്കയറി അവിടെനിന്ന് രണ്ട് കത്തിയുമായി കള്ളന്മാരെ നേരിടാനായെത്തി. ഇതോടെ മോഷ്ടാക്കൾ പിന്തിരിഞ്ഞു. വീടിന്റെ പൂന്തോട്ടത്തിൽനിന്ന് വലിയൊരു കല്ലെടുത്ത് ഒരാൾ വാതിലിനുനേർക്കെറിയുകയും ചെയ്തു.

അവരുടെ പിന്നാലെയോടിയെത്തിയ ആസിഫ് കള്ളന്മാരെ വീണ്ടും നേരിട്ടു. മുകളിലത്തെ നിലയിൽ ഉറങ്ങുകയായിരുന്ന ഷാർലറ്റ് ശബ്ദം കേട്ട് താഴേക്കെത്തുകയും മോഷ്ടാക്കളെ തുരത്താൻ ഭർത്താവിനൊപ്പം ചേരുകയും ചെയ്തു. അതേസമയം തന്നെ, ആസിഫ് പൊലീസിനെയും വിവരമറിയിച്ചു. കള്ളന്മാർ നാലുപേരും പോയശേഷമാണ് ആസിഫും ഷാർലറ്റും വീട്ടിലേക്ക് തിരിച്ചുപോന്നത്.

റോക്ക്‌ഡേലിൽ റിയൽ എസ്‌റ്റേറ്റ് സ്ഥാപനവും വസ്ത്രവിൽപനശാലയും നടത്തുന്നയാളാണ് ആസിഫ്. കള്ളന്മാർ വീട്ടിനകത്തുകയറിയപ്പോൾ, തന്റെ ഭാര്യയെ സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് അവരെ നേരിട്ടതെന്ന് ആസിഫ് പറഞ്ഞു. ബിസിനസ് സംബന്ധമായ ഫോൺവിളിയുമായി ഇരിക്കുമ്പോഴാണ് നായ നിർത്താതെ കുരയ്ക്കുന്നത് കേട്ടതും നോക്കാനായി ആസിഫ് മുൻവശത്തേക്കുവരുന്നതും. അപ്പോഴാണ് വീട്ടിനുള്ളിൽ കള്ളന്മാരിലൊരാളെ കണ്ടത്.

കള്ളന്മാരെ പിടികൂടുന്നതിനുവേണ്ടി ആസിഫ് തന്നെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്. അവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5000 പൗണ്ട് പാരിതോഷികവും ആസിഫ് പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളന്മാർ പിടിയിലായെന്നുറപ്പായാൽ മാത്രമേ തനിക്ക് മനസ്സമാധാനം തിരികെക്കിട്ടുവൂവെന്നും അദ്ദേഹം പറയുന്നു. താനും ഭാര്യയും വീട്ടിലുണ്ടെന്ന് മനസ്സിലാക്കിയ ആരോ ആണ് മോഷണത്തിന് തുനിഞ്ഞതെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP