Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അടൂർ പ്രകാശ് സമുദായത്തിലെ കുലംകുത്തി; കോൺഗ്രസിനുള്ളിൽ ഈഴവ രാഷ്ട്രീയം കളിച്ച മന്ത്രിയും എംപിയുമായ ശേഷം സമുദായത്തെ തള്ളിപ്പറയുന്നു; മതേതരത്വം നോക്കിയാൽ സ്വന്തം തട്ടകമായ പത്തനംതിട്ടയിൽ മത്സരിക്കാതെ ആറ്റിങ്ങലിൽ വന്ന് മത്സരിച്ചത് എന്തിന്? പാലം കടക്കുമ്പോൾ നാരായണ പാലം കഴിഞ്ഞപ്പോൾ കൂരായണ ശൈലി അംഗീകരിക്കാനാകില്ല; ദേവസ്വം ബോർഡ് നിയമനങ്ങളിൽ പ്രാതിനിധ്യത്തിന് ശ്രമിച്ച അടൂർ കുഞ്ഞിരാമന്റെ മകൻ സമുദായത്തെ തിരിഞ്ഞു കൊത്തുന്നു; അടൂർ പ്രകാശിനെതിരെ തുറന്നടിച്ച് വെള്ളാപ്പള്ളി നടേശൻ

അടൂർ പ്രകാശ് സമുദായത്തിലെ കുലംകുത്തി; കോൺഗ്രസിനുള്ളിൽ ഈഴവ രാഷ്ട്രീയം കളിച്ച മന്ത്രിയും എംപിയുമായ ശേഷം സമുദായത്തെ തള്ളിപ്പറയുന്നു; മതേതരത്വം നോക്കിയാൽ സ്വന്തം തട്ടകമായ പത്തനംതിട്ടയിൽ മത്സരിക്കാതെ ആറ്റിങ്ങലിൽ വന്ന് മത്സരിച്ചത് എന്തിന്? പാലം കടക്കുമ്പോൾ നാരായണ പാലം കഴിഞ്ഞപ്പോൾ കൂരായണ ശൈലി അംഗീകരിക്കാനാകില്ല; ദേവസ്വം ബോർഡ് നിയമനങ്ങളിൽ പ്രാതിനിധ്യത്തിന് ശ്രമിച്ച അടൂർ കുഞ്ഞിരാമന്റെ മകൻ സമുദായത്തെ തിരിഞ്ഞു കൊത്തുന്നു; അടൂർ പ്രകാശിനെതിരെ തുറന്നടിച്ച് വെള്ളാപ്പള്ളി നടേശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചതോടെ ഒപ്പം ഈഴവ രാഷ്ട്രീയവും കത്തുന്നു. ഈഴവ രാഷ്ട്രീയത്തിന്റെ തുറുപ്പ് ചീട്ടായി കേരളത്തിൽ നിലനിൽക്കുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് കോന്നി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഈഴവ രാഷ്ട്രീയം കത്തിക്കുന്നത്. ആറ്റിങ്ങൽ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കോന്നി എംഎൽഎ സ്ഥാനം രാജിവെച്ച അടൂർ പ്രകാശ് തന്റെ നോമിനിയായി പ്രമാടം പഞ്ചായത്ത് പ്രസിഡന്റായ റോബിൻ പീറ്ററിന്റെ പേര് നിർദ്ദേശിച്ചതാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്. കോൺഗ്രസിൽ ഈഴവ രാഷ്ട്രീയത്തിന്റെ വക്താവായി നിലകൊള്ളുന്ന അടൂർ പ്രകാശ് എംഎൽഎ സ്ഥാനം രാജി വെച്ചപ്പോൾ ക്രിസ്തനായ റോബിൻ പീറ്ററിന്റെ പേരാണ് കോന്നിയിലേക്ക് നിർദ്ദേശിച്ചത്. ഈഴവൻ മാറുമ്പോൾ പകരം ഈഴവനെ പ്രതിഷ്ടിക്കാതെ അടൂർ പ്രകാശ് മതേതര രാഷ്ട്രീയം കളിച്ചതാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്.

കുലംകുത്തിയെന്നു വിശേഷിപ്പിച്ചാണ് അടൂർ പ്രകാശിനെതിരെ വെള്ളാപ്പള്ളി രംഗത്ത് വന്നത്. ഈഴവ രാഷ്ട്രീയം കളിക്കുകയും ഈഴവൻ എന്ന രീതിയിൽ കോൺഗ്രസിൽ നിന്ന് മുതലെടുപ്പ് നടത്തുകയും അതിന്റെ നേട്ടം കൊയ്യുകയും ചെയ്ത ശേഷം മതേതര രാഷ്ട്രീയം കളിക്കുന്നത് എന്നാണ് അടൂർ പ്രകാശിനെതിരെയുള്ള വെള്ളാപ്പള്ളിയുടെ ആരോപണം. ഇതേ ആരോപണങ്ങൾ തുടർച്ചയായി അടൂർ പ്രകാശിനെതിരെ വെള്ളാപ്പള്ളി ഉന്നയിക്കുന്ന സമയത്ത് തന്നെയാണ് കോന്നിയിൽ തന്റെ നോമിനിയായി റോബിൻ പീറ്ററിന്റെ പേര് അടൂർ പ്രകാശ് നിർദ്ദേശിക്കുന്നത്. ഇതോടെയാണ് ഈഴവ രാഷ്ട്രീയത്തിന്റെ കേരളത്തിലെ അപ്പോസ്തലൻ അടൂർ പ്രകാശിനെതിരെ ശക്തമായി രംഗത്ത് വന്നത്. പത്തിലധികം ഈഴവ എംഎൽഎമാരുണ്ടായിരുന്ന കോൺഗ്രസിൽ ഒരു ഈഴവ എംഎൽഎപോലുമില്ലാത്തത് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ച ഘട്ടത്തിൽ തന്നെയാണ് അടൂർ പ്രകാശ് തന്റെ നോമിനിയായി റോബിൻ പീറ്ററിന്റെ പേര് നിർദ്ദേശിക്കുന്നത്. പാലം കടക്കുമ്പോൾ നാരായണ പാലം കഴിഞ്ഞപ്പോൾ കൂരായണ. ഇതാണ് അടൂർ പ്രകാശിന്റെ ശൈലി. ഇതിനെതിരെയാണ് വെള്ളാപ്പള്ളിയുടെ വിമർശനം.

അടൂർ പ്രകാശ് കൂടി സ്ഥാനം രാജിവെച്ചതോടെ കോൺഗ്രസിൽ ഈഴവ എംഎൽഎമാർ വട്ടപൂജ്യമായി നിലനിൽക്കുകയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് അടൂർ പ്രകാശ് കുലംകുത്തിയല്ലെങ്കിൽ പിന്നെ മറ്റെന്താണ് എന്ന ആരോപണവുമായി വെള്ളാപ്പള്ളി രംഗത്ത് വന്നത്. നിങ്ങൾ പറയൂ അടൂർ പ്രകാശ് കുലംകുത്തിയല്ലെങ്കിൽ പിന്നെ എന്താണ് എന്ന് നിങ്ങൾ തന്നെ പറയൂ? മറുനാടനോട് വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസിൽ എത്ര ഈഴവ എംഎൽഎമാരുണ്ട്. 15 ഈഴവ എംഎൽഎമാരുള്ള കാലമുണ്ടായിരുന്നു. ഇപ്പോൾ ഒരൊറ്റ എംഎൽഎ പോലുമില്ല. ഇതാണ് യാഥാർത്ഥ്യം. ഈ യാഥാർത്ഥ്യം മറന്നുകൊണ്ടാണ് അടൂർ പ്രകാശ് പെരുമാറുന്നത്. അടൂർ പ്രകാശ് എംഎൽഎയായും മന്ത്രിയായും എല്ലാം മാറിയത് കോൺഗ്രസിൽ നിന്ന് ഈഴവ രാഷ്ട്രീയം കളിച്ചു കൊണ്ടാണ്.

ഇപ്പോൾ ആറ്റിങ്ങൽ നിന്ന് എംപിയായതും ഈഴവ രാഷ്ട്രീയത്തിന്റെ തണലിൽ നിന്നാണ്. വർക്കല മഠം എല്ലാം ആറ്റിങ്ങൽ മണ്ഡലത്തിന്റെ ഭാഗമാണ്. ഈഴവ രാഷ്ട്രീയം കളിക്കുകയല്ല മതേതര രാഷ്ട്രീയം കളിക്കുകയാണ് അടൂർ പ്രകാശിന്റെ ഉദ്ദേശ്യമെങ്കിൽ എന്തുകൊണ്ട് പത്തനംതിട്ട എംപിസീറ്റിൽ അടൂർ പ്രകാശ് സ്ഥാനാർത്ഥിയായില്ല. പത്തനംതിട്ട അടൂർ പ്രകാശിന്റെ സ്വന്തം തട്ടകമല്ലേ? ക്രിസ്ത്യൻ മണ്ഡലമാണല്ലോ പത്തനംതിട്ട. ക്രിസ്ത്യാനികളിൽ വിശ്വാസമുണ്ടെങ്കിൽ പത്തനംതിട്ട തന്നെ അടൂർ പ്രകാശിന് മത്സരിക്കാമായിരുന്നു. എന്തുകൊണ്ട് അതിനു അടൂർ പ്രകാശ് തയ്യാറായില്ല. സ്വന്തം നിലനിൽപ്പിന് വേണ്ടി ജാതി പറഞ്ഞു സ്ഥാനാർത്ഥിയായ ആളാണ് അടൂർ പ്രകാശ്. എംഎൽഎ, എംപി, മന്ത്രി ഇതെല്ലാം ജാതി പറഞ്ഞു കരസ്ഥമാക്കിയതാണ്. ഇപ്പോൾ അടൂർ പ്രകാശ് സ്വന്തം സമുദായത്തെ തള്ളിപ്പറയുകയാണ്. അതുകൊണ്ടാണ് കുലംകുത്തി എന്ന വിശേഷണം ഞാൻ അടൂർ പ്രകാശിന് നൽകുന്നത്. അടൂർ പ്രകാശ് വ്യക്തിപരമായ അജണ്ടയാണ് കോന്നി ഉപതിരഞ്ഞെടുപ്പിൽ നടപ്പിലാക്കുന്നത്. ഈ അജണ്ട തിരിച്ചറിയപ്പെടെണ്ടതുണ്ട്.

അടൂർ പ്രകാശിന്റെ അച്ഛൻ അടൂർ കുഞ്ഞിരാമൻ സമുദായത്തിന് വേണ്ടി നിലകൊണ്ട ആളാണ്. അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്റ് ആയപ്പോൾ മാത്രമാണ് സമുദായത്തിനു ദേവസ്വം ബോർഡ് നിയമനങ്ങളിൽ അൽപ്പമെങ്കിലും പ്രാതിനിധ്യം ലഭിച്ചത്. അദ്ദേഹം സമുദായത്തിനു വേണ്ടി പലതും ചെയ്തു. അടൂർ പ്രകാശ് അദ്ദേഹത്തിന്റെ മകൻ ആണ്. ഇതേ മകൻ ആണ് സമുദായത്തിനെ തിരിഞ്ഞു കുത്തുന്നത്. ജാതി പറഞ്ഞു മണ്ഡലത്തിൽ നിന്നും ജയിച്ചതും സീറ്റ് മേടിച്ചതും അതുകൂടാതെ സമുദായം പറഞ്ഞും എല്ലാം നേടിയയാളാണ് അടൂർ പ്രകാശ്. സമുദായത്തിനു നേർക്ക് അനീതിയും നന്ദികേടുമാണ് അടൂർ പ്രകാശ് കാണിക്കുന്നത്.

കോൺഗ്രസിനകത്ത് ഈഴവ എംഎൽഎയില്ല. അടൂർ പ്രകാശും ഒഴിഞ്ഞിരിക്കുന്നു. ഇതേ പ്രാതിനിധ്യം നിലനിർത്താൻ ശ്രമിക്കേണ്ട സമയത്ത് അദ്ദേഹം പറയുന്നത് ഒരു ക്രിസ്ത്യൻ പേര്. അപ്പോൾ അടൂർ പ്രകാശ് കുലംകുത്തിയാണ്. റോബിൻ പീറ്ററും അടൂർ പ്രകാശും തമ്മിലുള്ള ബന്ധം അന്വേഷിക്കണം. റോബിൻ പീറ്റർ അടൂർ പ്രകാശിന്റെ ബിനാമിയാണോ എന്ന് കൂടി സംശയിക്കേണ്ടതുണ്ട്. എംപിയായപ്പോൾ മതേതര ചിന്ത എങ്ങിനെ അടൂർ പ്രകാശിന് വന്നു എന്ന് മനസിലാകുന്നില്ല. ഹിന്ദുക്കൾ മാത്രം മതേതരം പറയണം കേൾക്കണം എന്നതാണ് അവസ്ഥ. അടൂർ പ്രകാശ് പറയുന്ന മതേതരം എല്ലാവർക്കും ബാധകമല്ലേ?-വെള്ളാപ്പള്ളി ചോദിക്കുന്നു.

നേരത്തെ ഉപതിരഞ്ഞെടുപ്പിൽ അരൂരിലും കോന്നിയിലും ന്യൂനപക്ഷങ്ങൾക്ക് സീറ്റ് നൽകരുതെന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടിരുന്നു. ഈഴവ സ്ഥാനാർത്ഥികളില്ലെങ്കിലും രണ്ടിടത്തും ഹിന്ദു സ്ഥാനാർത്ഥി മത്സരിക്കണം. ന്യൂനപക്ഷങ്ങൾക്ക് സീറ്റ് നൽകിയാൽ അത് ഹിന്ദുസമൂഹത്തോടുള്ള അവഗണനയാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അരൂരിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഡിവൈഎഫ്‌ഐ നേതാവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ മനു സി.പുളിക്കൽ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മത്സ്യഫെഡ് ചെയർമാനുമായ പി.പി. ചിത്തരഞ്ജൻ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കേരള സർവകലാശാല സിൻഡിക്കറ്റ് മുൻ അംഗവുമായ കെ.എച്ച്. ബാബുജാൻ എന്നിവരാണ് എൽഡിഎഫിന്റെ സാധ്യതാപട്ടികയിലുള്ളത്.

കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ, മുൻ എംഎൽഎ എ.എ. ഷുക്കൂർ, ഡിസിസി പ്രസിഡന്റ് എം. ലിജു, യൂത്ത് കോൺഗ്രസ് അരൂർ നിയമസഭാ മണ്ഡലം പ്രസിഡന്റ് എസ്.രാജേഷ്, മുൻ ജില്ലാ പഞ്ചായത്ത് അംഗവും ഡിസിസി അംഗവുമായ കെ. രാജീവൻ എന്നിവർ യുഡിഎഫിന്റെ സാധ്യതാപട്ടികയിൽ ഇടം പിടിച്ചപ്പോൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അരൂരിൽ മത്സരിച്ച ടി.അനിയപ്പൻ, ചേർത്തലയിൽ മത്സരിച്ച പി. എസ്.രാജീവ് എന്നിവരാണ് എൻഡിഎയുടെ പരിഗണനയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP