Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുഹൃത്തിന്റെ കുത്തേറ്റ് മകൻ ചിപ്പി മരിച്ചതോടെ വൃദ്ധദമ്പതികളുടെ മനസ് തകർന്നു; അന്ത്യകർമങ്ങൾ കഴിഞ്ഞ് ഉറങ്ങാൻ കിടന്ന അച്ഛൻ സുബ്രഹ്മണ്യൻ പിറ്റേന്ന് വിടവാങ്ങി; ചടങ്ങുകൾ തീരും മുമ്പേ അമ്മ വള്ളിക്കുട്ടിയും; വീട്ടുമുറ്റത്തിട്ട പന്തൽ അഴിച്ചുമാറ്റാതെ അന്ത്യകർമങ്ങൾ നടത്തിയത് ഒരേ കുടുംബത്തിലെ മൂന്നുപേർക്ക്; അച്ഛനെയും മുത്തശ്ശനെയും മുത്തശിയെയും തിരക്കുന്ന കുഞ്ഞുമക്കളോട് മറുപടിയില്ലാതെ സുമ

സുഹൃത്തിന്റെ കുത്തേറ്റ് മകൻ ചിപ്പി മരിച്ചതോടെ വൃദ്ധദമ്പതികളുടെ മനസ് തകർന്നു; അന്ത്യകർമങ്ങൾ കഴിഞ്ഞ് ഉറങ്ങാൻ കിടന്ന അച്ഛൻ സുബ്രഹ്മണ്യൻ പിറ്റേന്ന് വിടവാങ്ങി; ചടങ്ങുകൾ തീരും മുമ്പേ അമ്മ വള്ളിക്കുട്ടിയും; വീട്ടുമുറ്റത്തിട്ട പന്തൽ അഴിച്ചുമാറ്റാതെ അന്ത്യകർമങ്ങൾ നടത്തിയത് ഒരേ കുടുംബത്തിലെ മൂന്നുപേർക്ക്; അച്ഛനെയും മുത്തശ്ശനെയും മുത്തശിയെയും തിരക്കുന്ന കുഞ്ഞുമക്കളോട് മറുപടിയില്ലാതെ സുമ

സുവർണ പി.എസ്

കരുമാല്ലൂർ: വല്യപ്പൻപടി വി.എച്ച്. കോളനി സതീഷ് ഭവനിലെ വീട്ടിൽ ഇന്ന് ആ അമ്മയും മൂന്ന് കുഞ്ഞു മക്കളും തനിച്ചാണ്. മൂന്ന് ദിവസങ്ങളിലായി ഈ കുടുംബത്തിന് നഷ്ടമായത് മൂന്ന് പേരെയാണ്. അതുകൊണ്ട് തന്നെ കുടുംബത്തിന് അത്താണിയായിരുന്നവരെ നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് അവർ. സതീഷ് ഭവനിൽ സുബ്രഹ്മണ്യൻ, ഭാര്യ വള്ളിക്കുട്ടി ഇവരുടെ മകൻ ചിപ്പി എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്‌ച്ചയാണ് ചിപ്പി ആലുവ സർക്കാർ ആശുപത്രിയിൽ വെച്ച് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. അച്ഛനും അമ്മയും ഭാര്യ സുമയും കുഞ്ഞുമക്കളായ അദ്വൈതും ആദിദേവും, ആര്യലക്ഷ്മിയും അടങ്ങുന്നതായിരുന്നു ചിപ്പിയുടെ കുടുംബം. ചിപ്പിയുടെ പെട്ടെന്നുണ്ടായ മരണം കുടുംബത്തിനെ ആകെ തളർത്തിയിരുന്നു. വ്യാഴാഴ്‌ച്ച രാവിലെ ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിൽ എത്തിച്ചപ്പോഴാണ് ചിപ്പി മരിച്ച വിവരം മാതാപിതാക്കളെയും ഭാര്യയെയും അറിയിച്ചത്. മകന്റെ മരണ വിവരം അറിഞ്ഞതോടെ ശാരീരിക അവശതകളുള്ള വൃദ്ധരായ മാതാപിതാക്കളുടെ മനസ്സ് തകർന്നു. മകന്റെ അന്ത്യകർമങ്ങൾ കഴിഞ്ഞ് ഉറങ്ങാൻ കിടന്ന അച്ഛൻ സുബ്രഹ്മണ്യൻ പിറ്റേ ദിവസം മരിച്ചു. സുബ്രഹ്മണ്യന്റെയും മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് മടങ്ങുന്നതിന് മുമ്പ് തന്നെ അമ്മ വള്ളിക്കുട്ടിയും മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് വള്ളിക്കുട്ടി മരിച്ചത്. ഭർത്താവിന് പിന്നാലെ അച്ഛനും അമ്മയും കൂടി പോയപ്പോൾ എന്ത് ചെയ്യുമെന്ന് അറിയാതെ മൂന്ന് മക്കളെയും ചേർത്ത് നിർത്തി വിങ്ങിപ്പൊട്ടുകയാണ് സുമ. ഇടയ്ക്ക് അച്ഛനെ തിരക്കുന്ന മക്കളോട് എന്ത് പറയണമെന്ന് സുമയ്ക്ക് അറിയില്ല.

ചിപ്പിയുടെ മരണാനന്തര കർമങ്ങൾക്കായി വീട്ടുമുറ്റത്തിട്ട പന്തലിൽ മൂന്ന് പേരുടെ അന്ത്യകർമങ്ങളാണ് നടന്നത്. മൂന്ന് ദിവസങ്ങളിലായി അച്ഛനുൾപ്പെടെ മൂന്ന് പേർക്കാണ് കുഞ്ഞ് അദ്വൈതും സഹോദരങ്ങളും അന്ത്യകർമങ്ങൾ ചെയ്തത്. അച്ഛൻ മരിച്ചത് അറിയാതെ ഇടയ്ക്ക് അച്ഛൻ എവിടെയെന്ന് അമ്മ സുമയോട് മക്കൾ ചോദിക്കുന്നുമുണ്ട്. അത് മറക്കുമ്പോൾ വീട്ടിൽ കൂടിയിട്ടുള്ള ബന്ധുക്കൾക്കൊപ്പം കളിച്ചുനടക്കും.

ആലുവ സർക്കാർ ആശുപത്രിയിൽ മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ചിപ്പി മരിച്ചത്. ചൂണ്ടി സ്വദേശിയായ മണികണ്ഠനാണ് ചിപ്പിയെ കുത്തിയത്. ആലുവ ജില്ലാ ആശുപത്രിയിൽ ലഹരി വിമോചന ചികിത്സയുടെ ഭാഗമായുള്ള മരുന്ന് വാങ്ങാനെത്തിയതായിരുന്നു ചിപ്പിയും സുഹൃത്തുക്കളും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയെ കാണാനെത്തിയതാണ് മണികണ്ഠൻ. ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്നുണ്ടായ സംഘർഷത്തിൽ മണികണ്ഠൻ ചിപ്പിയെയും സംഘത്തെയും കുത്തിപ്പരിക്കേൽപ്പിച്ചു. എന്നാൽ സംഭവസ്ഥലത്ത് വച്ച് തന്നെ ചിപ്പി മരിക്കുകയായിരുന്നു. ചിപ്പിയുടെ മരണത്തിന് പിന്നാലെയുണ്ടായ മാതാപിതാക്കളുടെയും വിയോഗം സുമയെയും മക്കളെയും തനിച്ചാക്കി. കുടുംബത്തിന്റെ അത്താണിയായിരുന്ന ഭർത്താവും അച്ഛനും, അമ്മയും ഇനി ഇല്ല എന്ന് സുമയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല തുടർച്ചയായ മൂന്നു ദിവസങ്ങളിലും ഒരേ കർമ്മങ്ങൾ ചെയ്ത അദ്വൈതിനും സഹോദരങ്ങൾക്കും അറിയില്ല തന്റെ അച്ഛനും അപ്പൂപ്പനും അമ്മൂമ്മയും ഇനി തിരിച്ചു വരില്ലെന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP