Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു മാസം നീണ്ട പ്രചാരണത്തിൽ ചർച്ചയായത് `മാണി സാറിന്റെ ഓർമ്മകൾ` മുതൽ അഴിമതി വരെ; നാലാം അങ്കത്തിലെങ്കിലും നിയമസഭയിലേക്ക് ഒരു അവസരം ചോദിച്ച് മാണി സി കാപ്പൻ; മുൻതൂക്കം യുഡിഎഫിനെങ്കിലും അടിയൊഴുക്കുകൾ തിരിച്ചടിയാകുമോ എന്നും ആശങ്ക; 176 പോളിങ് ബൂത്തുകളിലായി 1,79,107 വോട്ടർമാർ; മുന്നണി സ്ഥാനാർത്ഥികളുൾപ്പടെ രംഗത്തുള്ളത് 13 പേർ; പാലായിൽ നാളെ ജനവിധി

ഒരു മാസം നീണ്ട പ്രചാരണത്തിൽ ചർച്ചയായത് `മാണി സാറിന്റെ ഓർമ്മകൾ` മുതൽ അഴിമതി വരെ; നാലാം അങ്കത്തിലെങ്കിലും നിയമസഭയിലേക്ക് ഒരു അവസരം ചോദിച്ച് മാണി സി കാപ്പൻ; മുൻതൂക്കം യുഡിഎഫിനെങ്കിലും അടിയൊഴുക്കുകൾ തിരിച്ചടിയാകുമോ എന്നും ആശങ്ക; 176 പോളിങ് ബൂത്തുകളിലായി 1,79,107 വോട്ടർമാർ; മുന്നണി സ്ഥാനാർത്ഥികളുൾപ്പടെ രംഗത്തുള്ളത് 13 പേർ; പാലായിൽ നാളെ ജനവിധി

മറുനാടൻ മലയാളി ബ്യൂറോ

പാലാ: ഒരു മാസത്തെ ചൂടേറിയ പ്രചാരണത്തിന് ഒടുവിൽ പാലാ മണ്ഡലത്തിലെ വോട്ടർമാർ നാളെ പോളിങ് ബൂത്തിലേക്ക്. പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.176 പോളിങ് ബൂത്തുകളിലായി 1,79,107 വോട്ടർമാർ നാളെ പോളിങ് ബൂത്തിലേക്ക്. ത്രികോണ മത്സരം നടക്കുന്ന പാലായിൽ മൊത്തം 13 സ്ഥാനാർത്ഥികളാണുള്ളത്. തെരഞ്ഞെടുപ്പിനായി നിയോഗിച്ച ഉദ്യോഗസ്ഥർക്ക് പാലാ കാർമൽ സ്‌കൂളിൽ നിന്ന് പോളിങ് സാമഗ്രികൾ വിതരണം ചെയ്തു. അത്യാധുനിക സംവിധാനങ്ങളുള്ള എം ത്രീ വോട്ടിങ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.സുരക്ഷയ്ക്കായി 700 കേന്ദ്രസേനാംഗങ്ങളെ പാലായിൽ വിന്യസിച്ചു. അഞ്ച് പ്രശ്‌ന സാധ്യതാ ബൂത്തുകളിലും പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു. ഇവിടത്തെ മുഴുവൻ നടപടി ക്രമങ്ങളും വീഡിയോയിൽ പകർത്തും. മണ്ഡലത്തിൽ അഞ്ച് മാതൃകാ ബൂത്തുകളും ഒരു വനിതാ നിയന്ത്രിത ബൂത്തും ക്രമീകരിച്ചിട്ടുണ്ട്.

യുഡിഎഫ് സ്ഥാനാർത്ഥിയായ ജോസ് ടോം പുലിക്കുന്നേലും ഇടത് സ്ഥാനാർത്ഥിയായി മാണി സി കാപ്പനും ബിജെപി സാരഥിയായി ജില്ലാ പ്രസിഡന്റ് എൻ ഹരിയും തമ്മിലാണ് പ്രധാന പോരാട്ടം. കെഎം മാണിയുടെ നിര്യാണത്തെ തുടർന്ന് ഒവിവ് വന്ന നിയമസഭ മണ്ഡലത്തിൽ കേരള കോൺഗ്രസിലെ വിഭാഗീയത തന്നെയാണ് യുഡിഎഫിന് തിരിച്ചടിയായത്. സ്ഥാനാർത്ഥി നിർണയം മുതൽ ഉടക്കി നിന്ന പിജെ ജോസഫ്, ജോസ് കെ മാണി എന്നിവർ തമ്മിലുള്ള വ്യക്തിവൈരാഗ്യം ആദ്യ ഘട്ടത്തിൽ യുഡിഎഫിന് തിരിച്ചടിയായിരുന്നു. മണ്ഡലത്തിൽ തന്റെ സ്ഥാനാർത്ഥിയെ നിർ്ത്താൻ കഴിയാതെ വരികയും തന്റെ ചെയർമാൻ സ്ഥാനം അംഗീകരിക്കാൻ ജോസ് കെ മാണി വിഭാഗം മടിച്ചതിലുള്ള പകയും കാരണം സ്ഥാനാർത്ഥിക്ക രണ്ടില ചിഹ്നം ലഭിക്കാത്ത സാഹചര്യവും മണ്ഡലത്തിലുണ്ടായിരുന്നു.

തുടക്കം തന്നെ യുഡിഎഫിന് ആകെ അങ്കലാപ്പും ആശയക്കുഴപ്പവുമായിരുന്നു. രണ്ടിലച്ചിഹ്നത്തിന്മേലും സ്ഥാനാർത്ഥിയെച്ചൊല്ലിയും ജോസ് കെ മാണിയും ജോസഫും തമ്മിലടിച്ചു. നിഷ ജോസ് കെ മാണി മത്സരിക്കാനിറങ്ങുമെന്ന് ജോസ് പക്ഷം. സമ്മതിക്കില്ലെന്ന് ജോസഫ് പക്ഷം. വിട്ടുവീഴ്ചയില്ലാതെ കടുത്ത നിലപാടെടുത്തു. ഒടുവിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എന്തിന് കുഞ്ഞാലിക്കുട്ടിയും വരെ എത്തി സമവായനീക്കം നടത്തി. പക്ഷേ ചിഹ്നം വിട്ടുകൊടുത്തില്ല ജോസഫ്. ഒടുവിൽ കൈതച്ചക്ക ചിഹ്നത്തിൽ ജോസ് ടോം എന്ന സ്ഥാനാർത്ഥിയിറങ്ങി.

മൂന്ന് തവണ കെഎം മാണിയോട് തോറ്റ മാണി സി കാപ്പൻ ഒരു തവണ അവസാന ഒന്നര വർഷത്തേക്ക് തനിക്ക് അവസരം തരണം എന്ന് പറഞ്ഞ് വോട്ട് ചോദിച്ചതും ഒപ്പം തന്നെ ഭരണപക്ഷ എംഎൽഎ ആയാൽ ഗുണം പാലാക്കാർക്ക് തന്നെയാണ് എന്ന മു്ഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകളും രംഗം ചൂട് പിടിപ്പിച്ചു. കെഎം മാണിയുടെ മരണവും തുടർന്നുള്ള സഹതാപ തരംഗവും വോട്ടായി മാറും എന്ന് തന്നെയാണ് യുഡിഎഫ് കണക്കു കൂട്ടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അഴിമതി ആരോപണങ്ങളാണ് ഇരു മുന്നണികളും പരസ്പരം ആരോപിച്ചത്. പാലാരിവട്ടം പാലം അഴിമതിയിൽ ഊന്നിയും പാലായിലെ വികസന മുരടിപ്പും പറഞ്ഞായിരുന്നു എൽഡിഎഫ് വോട്ട് ചോദിച്ചത്. കിഫ്ബിയിലെ അഴിമതിയാണ് പ്രധാനമായും യുഡിഎഫ് ആരോപിക്കുന്നത്.

യുഡിഎഫിന് തന്നെയാണ് മുൻതൂക്കമെങ്കിലും അടിയൊഴുക്കുകൾ ഉണ്ടായാൽ കളം മാറുമെന്നത് ഉറപ്പാണ്. ഒ രാജഗോപാൽ നേമത്ത് വിജയിച്ചു കയറിയതിൽ മുഖ്യമായ കാര്യം ഈ സഹാതാപ തരംഗമായിരുന്നു. അതുപോലെ ഒന്നര കൊല്ലമെങ്കിലും എന്നെ എംഎൽഎ ആക്കുമോ എന്ന മാണി സി കാപ്പന്റെ ചോദ്യത്തിന് മുമ്പിൽ സഹതാപത്തോടെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട് പാലാക്കാർ. ഇത് വോട്ടായി മാറിയാൽ ജോസ് ടോമിന് മുന്നിൽ പ്രതിസന്ധിയാകും. മുമ്പുള്ള തെരഞ്ഞെടുപ്പുകളിൽ ബിജെപി വോട്ടുകളിൽ ഒരു പങ്ക് കെ എം മാണിക്ക് ലഭിച്ചിരുന്നു. ഇക്കുറി അതുണ്ടാകില്ലെന്നതും യുഡിഎഫിന് പ്രതിബന്ധമായി മാറുന്ന കാര്യമാണ്.

അതേസമയം ഇക്കുറി ബിജെപി കൂടുതൽ വോട്ടുകൾ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 30,000 വോട്ടു വരെ ബിജെപി നേടിയേക്കുമെന്നാണ് റിപ്പോർട്ടുള്ളത്. കോട്ടയത്തെ കോൺഗ്രസുകാർക്ക് കേരളാ കോൺഗ്രസ് പ്രാദേശിയ നേതൃത്വത്തോട് അത്രയ്ക്ക് മതിപ്പില്ല. ജില്ലാ പഞ്ചായത്തിൽ അടക്കം ദ്വീർഘകാലം ഭരണം കോൺഗ്രസിന് മുമ്പ് നഷ്ടമാകാൻ ഇടയാക്കിയത് അടക്കമുള്ള പ്രദേശിക വികാരം അവിടെ നിലനിൽക്കുന്നു. ഇവർ അവസരം മുതലെടുത്ത് അടിയൊഴുക്കിന് വഴിമരുന്നിട്ടാൽ അത് തിരിച്ചടിയാകുക കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിക്കാകും.

അടുത്തിടെ പി ജെ ജോസഫിനോട് ചേർന്നു നിൽക്കുന്നത് കേരളാ കോൺഗ്രസുകാരും പാലം വലിക്കുമോ എന്ന ഭയം യുഡിഎഫ് സ്ഥാനാർത്ഥിക്കുണ്ട്. എങ്കിലും നേരിയ ഭൂരിപക്ഷത്ത് എങ്കിലും വിജയിക്കാമെന്ന പ്രതീക്ഷയിലാണ് കേരളാ കോൺഗ്രസ് വൃത്തങ്ങൾ. മുമ്പിൽ നിന്നും പോരാടി പിന്നിൽ നിന്നും പണി കൊടുക്കുന്ന കോൺഗ്രസ് തന്ത്രം കൂടിയായാൽ ജോസ് ടോമിനെ കാത്തിരിക്കുന്നത് പരാജയം തന്നെയാകും. വമ്പൻ ഭൂരിപക്ഷമെന്ന് കോൺഗ്രസ് വൃത്തങ്ങൾ വിശ്വസിക്കുമ്പോഴും പാലയിൽ അട്ടിമറിക്കുള്ള സാധ്യത ഇപ്പോഴും തുടരുന്നുണ്ട്.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ നാൽപ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് പാലാ മണ്ഡലത്തിൽ നേടിയത്. ഇത്രയും വോട്ടിന്റെ ഭൂരിപക്ഷം ഇക്കുറിയും ഉണ്ടാകുമെന്ന് ജോസ് കെ മാണിയും കൂട്ടരും പ്രതീക്ഷിക്കുന്നത്. അതിനിടെ പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിൽ രഹസ്യധാരണ ഉണ്ടെന്ന് ഇടത് മുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ ആരോപിച്ചിച്ചിട്ടുണ്ട്. യുഡിഎഫിന് വോട്ട് മറിക്കാനാണ് ബിജെപി ധാരണ. ഒരോ ബൂത്തിൽ നിന്നും 35 വോട്ട് വീതം യുഡിഎഫിന് നൽകാൻ ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുള്ളതെന്നും മാണി സി കാപ്പൻ ആരോപിച്ചു. യുഡിഎഫിന് പരാജയ ഭീതിയാണ്. അതുകൊണ്ടാണ് ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുള്ളതെന്നും മാണി സി കാപ്പൻ പറഞ്ഞു.

പോളിങ് ബൂത്തുകളിൽ ഉപയോഗിക്കുവാനുള്ള പുതിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച എം3 വോട്ടിങ് മെഷീനുകളും വി.വി.പാറ്റുകളും ഫസ്റ്റ് ലെവൽ ചെക്കിങ് പൂർത്തിയാക്കിയിട്ടുണ്ട്. ഫസ്റ്റ് ലെവൽ ചെക്കിങ് കഴിഞ്ഞ 5% മെഷിനുകളിൽ 1000 വോട്ട് വീതം ചെയ്ത് മോക്ക് പോൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഫോട്ടോ പതിച്ച ബാലറ്റ് പേപ്പറുകളാണ് വോട്ടിങ് മെഷീനിൽ ഉപയോഗിച്ചിട്ടുള്ളത്.പോളിങ് ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. എല്ലാ പോളിങ് ബൂത്തുകളിലും റാമ്പുകൾ നിർമ്മിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. മഴയുടെ ആധിക്യം പരിഗണിച്ച് എല്ലാ പോളിങ് ബൂത്തുകളിലും ഷേഡുകൾ സ്ഥാപിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കുടിവെള്ളം, ശുലിമുറി, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP