Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിഫ്ബിയിൽ ചെന്നിത്തലയുടെ ആ പത്ത് ചോദ്യങ്ങൾക്ക് മറുപടി നൽകാം; വെല്ലുവിളി ഏറ്റെടുത്ത് മന്ത്രി തോമസ് ഐസക്; കിഫ്ബി സിഇഒ വിശദീകരിക്കുന്നത് പോരെങ്കിൽ കാര്യങ്ങൾ താൻ നേരിട്ട് പറയാം; കിഫ്ബിയിൽ സമ്പൂർണ ഓഡിറ്റിംഗാണ് നടക്കുന്നതെന്നും കാര്യം മനസ്സിലാക്കാതെയാണ് വിമർശനമെന്നും ഐസക് പറയുമ്പോൾ ചോദ്യങ്ങളിൽ ഉറച്ച് പ്രതിപക്ഷ നേതാവ്

കിഫ്ബിയിൽ ചെന്നിത്തലയുടെ ആ പത്ത് ചോദ്യങ്ങൾക്ക് മറുപടി നൽകാം; വെല്ലുവിളി ഏറ്റെടുത്ത് മന്ത്രി തോമസ് ഐസക്; കിഫ്ബി സിഇഒ വിശദീകരിക്കുന്നത് പോരെങ്കിൽ കാര്യങ്ങൾ താൻ നേരിട്ട് പറയാം; കിഫ്ബിയിൽ സമ്പൂർണ ഓഡിറ്റിംഗാണ് നടക്കുന്നതെന്നും കാര്യം മനസ്സിലാക്കാതെയാണ് വിമർശനമെന്നും ഐസക് പറയുമ്പോൾ ചോദ്യങ്ങളിൽ ഉറച്ച് പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിഫബിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബി തികച്ചും സുതാര്യമാണ്. ഓൺലൈനായി വിവരങ്ങൾ പരിശോധിക്കാമെന്നും പ്രതിപക്ഷ നേതാവിന് എന്ത് വിശദീകരണം വേണമെങ്കിലും നൽകാമെന്നും ആദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ സിഇഒ കാര്യങ്ങൾ നേരിൽ വിശദീകരിക്കും. പോരെങ്കിൽ മന്ത്രിയെന്ന നിലയിൽ താൻ കാര്യങ്ങൾ വിശദീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. കിഫ്ബിയെക്കാൾ സുതാര്യമായ ഏത് പദ്ധതിയാണ് കേരളത്തിൽ വേറെയുള്ളതെന്ന് അദ്ദേഹം ചോദിച്ചു. കിഫ്ബിക്ക് സ്റ്റാറ്റിയൂട്ടറി ഓഡിറ്റിങ് ഉണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു. കിഫ്ബിയിൽ സമ്പൂർണ ഓഡിറ്റിംഗാണ് ഉള്ളത്. 14(1) പ്രകാരമാണ് ഓഡിറ്റ് നടക്കുന്നത്. എന്നാൽ ഇതൊന്നും മനസിലാക്കാതെയാണ് പ്രതിപക്ഷം വിമർശനം നടത്തുന്നതെന്നും തോമസ് ഐസക്ക് വിശദമാക്കി.

ഇന്റേർണൽ ഓഡിറ്റ് ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഉള്ള സ്ഥാപനമാണിത്. എല്ലാ കണക്കുകളും നിയമസഭയിൽ വയ്ക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. കെഎസ്ഇബി അടക്കമുള്ള കിഫ്ബി പദ്ധതികളിൽ വൻ ക്രമക്കേടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നത്. കള്ളക്കളികൾ പുറത്തു വരാതിരിക്കാൻ മാത്രമാണ് സിഎജി ഓഡിറ്റ് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പദ്ധതികളുടെ ടെണ്ടർ നടപടികൾ, കിഫ്ബി വായ്പ, എസ്റ്റിമേറ്റ്, ചീഫ് എഞ്ചിനീയർ നിയമനം തുടങ്ങി വിവിധ നടപടികളിൽ നടന്നിട്ടുള്ള ക്രമക്കേടുകൾ സംബന്ധിച്ചാണ് ചെന്നിത്തലയുടെ ചോദ്യങ്ങൾ. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ചെന്നിത്തല ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കിഫ്ബി വഴി വൈദ്യുതി ബോർഡ് നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ നിർമ്മാണ കരാറുകൾ വൻകിട കമ്പനികൾക്ക് നൽകിയതുമായി ബന്ധപ്പെട്ടുയർന്ന് വന്ന അഴിമതിയും ക്രമക്കേടുകളും സംബന്ധിച്ച തന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഉത്തരം നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കിഫ്ബി വഴി വൈദ്യുതി ബോർഡ് നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ നിർമ്മാണ കരാറുകൾ വൻകിട കമ്പനികൾക്ക് നൽകിയതുമായി ബന്ധപ്പെട്ടുയർന്ന് വന്ന അഴിമതിയും ക്രമക്കേടുകളും സംബന്ധിച്ച് എന്റെ പത്ത് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരം നൽകണം.

പത്ത് ചോദ്യങ്ങൾ

1) 2017 ൽ അന്നത്തെ ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറിയും ഇന്നത്തെ കിഫ്ബി സിഇഒയുമായ വ്യക്തി പുറത്തിറക്കിയ സർക്കാർ ഉത്തരവ് പ്രകാരം ഒരു പദ്ധതിയുടെ ടെൻഡർ നടപടിയിൽ ക്വോട്ട് ചെയ്ത ഏറ്റവും കുറഞ്ഞ തുക എസ്റ്റിമേറ്റ് തുകയുടെ പത്തു ശതമാനത്തിൽ കൂടുതലാണെങ്കിൽ അത് റീടെൻഡർ ചെയ്യണമെന്നും, അതിനു ശേഷവും ഇതുതന്നെ സംഭവിക്കുകയാണെങ്കിൽ എസ്റ്റിമേറ്റ് പുതുക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. എന്നാൽ സംസ്ഥാന സർക്കാറിന്റെ തന്നെ സ്ഥാപനമായ കെ എസ് ഇ ബിക്കു സർക്കാറിന്റെ ഉത്തരവുകൾ ബാധകമല്ല എന്ന കെ എസ് ഇ ബിയുടെ വാദം അങ്ങ് അംഗീകരിക്കുന്നുണ്ടോ?

2) കെ എസ് ഇ ബി ട്രാൻസ്ഗ്രിഡ് പദ്ധതികളുടെ നടത്തിപ്പിൽ 8 മുതൽ 9 ശതമാനം വരെ പലിശയുള്ള വായ്പ നൽകുക എന്ന കടമ മാത്രമേ കിഫ്ബിക്കുള്ളു എന്നാണ് കെ എസ് ഇ ബി വിശദീകരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾക്കു കമ്പോള നിരക്കിലും ഉയർന്ന നിരക്കിൽ വായ്പ നൽകുന്ന വട്ടിപലിശക്കാരെന്റെ ജോലിയിലേക്ക് കിഫ്ബി ഒതുങ്ങിപോയതെങ്ങെനെ എന്ന് വിശദമാക്കാമോ?.ഇങ്ങനെ ഒരു വായ്പയാണെങ്കിൽ ഇതിന്റെ ലോൺ എഗ്രിമെന്റ് ലഭ്യമാക്കാമോ?. മസാല ബോണ്ട് അടക്കമുള്ള മാർഗ്ഗങ്ങളിലൂടെ 10 ശതമാനം പലിശക്ക് തുക ലഭ്യമാക്കിയ ശേഷം 8-9 ശതമാനം പലിശയ്ക്ക് വായ്പ നൽകുന്നതിലെ സാമ്പത്തിക ശാസ്ത്രം അങ്ങ് പരിശോധന വിധേയമാക്കാമോ?

3) കെ എസ് ഇ ബി പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാകുന്നത് സംസ്ഥാന സർക്കാർ നിഷ്‌കർഷിക്കുന്ന പി ഡബ്ലൂ ഡി നിരക്കിലല്ല മറിച്ച് ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ് പ്രകാരമാണെന്നാണ് കെ എസ് ഇ ബിയുടെ വാദം. സർക്കാർ കമ്പനികൾ പി ഡബ്ലൂ ഡി നിരക്കിലാണ് എസ്റ്റിമേറ്റുകൾ തയ്യാറാക്കേണ്ടത് എന്നിരിക്കെ ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ് അംഗീകരിച്ചു നടപ്പിലാക്കുന്നത് ബോർഡ് അംഗീകരിച്ചിട്ടുണ്ടോ?. സാധാരണഗതിയിൽ സിവിൽ വർക്കുകൾക്കാണ് ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ് ഉപയോഗിക്കുന്നത്. വെറും ഇരുപതു ശതമാനത്തോളം സിവിൽ വർക്കും എൺപതു ശതമാനത്തോളം ഇലെക്ട്രിക്കൽ വർക്കും വരുന്ന ഈ പദ്ധതിയിൽ ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ് അംഗീകരിച്ചത് എങ്ങനെ എന്ന് വിശദമാക്കാമോ?

4) വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ട്രാൻസ്ഗ്രിഡ് പദ്ധതികൾക്ക് താത്കാലിക അംഗീകാരം നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്.എന്നാൽ ഈ പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ് ഉപഗോഗിക്കാൻ റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽക്കിയിട്ടുണ്ടോ? ഇപ്പോൾ തന്നെ കടബാധ്യതയിൽ പെട്ട് നിൽക്കുന്ന കെ എസ ഇ ബി ഈ തുകകൾ എങ്ങിനെ തിരിച്ചടക്കും എന്ന് വ്യക്തമാക്കാമോ?

5) കിഫ്ബി വഴി നടപ്പിലാക്കുന്ന കെ എസ് ഇ ബി ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക മറ്റു പദ്ധതികളുടെ എസ്റ്റിമേറ്റുകളെക്കാൾ 60 ശതമാനത്തിലും ഉയർന്ന നിരക്കിലാണ് നടത്തിയിരിക്കുന്നത്. കൂടാതെ മറ്റു പദ്ധതികളുടെ എസ്റ്റിമേറ്റു പ്രക്രിയകളിൽ നിന്നും വിഭിന്നമായി ട്രാൻസ്ഗ്രിഡ് പദ്ധതികൾക്കായി നടത്തുന്ന എസ്റ്റിമേറ്റുകൾ ഒരു ഉദ്യോഗസ്ഥന്റെ മാത്രം മേൽനോട്ടത്തിലാണ് നടക്കുന്നത്.ട്രാൻസ്ഗ്രിഡിന്റെ പദ്ധതികൾക്കായി ബോർഡിന്റെ ജൂനിയർ ഡെപ്യുട്ടി ചീഫ് എൻജിനീയറെ ചീഫ് എൻജിനീയരുടെ അധിക ചുമതല കൊടുത്തു അവിടെ നിയമിച്ചു. നിരവധിപേരെ മറികടന്നാണ് അദ്ദേഹത്തെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ അവിടെ നിയമിച്ചത്. പിന്നീട് ഇദേഹം ചീഫ് എൻജിനീയറായപ്പോൾ ഇദ്ദേഹത്തെ ഉത്തരമേഖലാ ചീഫ് എൻജിനീയറായി നിയമിക്കുകയും ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ മുഴുവൻ ചുമതലയും നൽകുകയും ചെയ്തു.തുടർന്ന് ട്രാൻസ്ഗ്രിഡ് ചീഫ് എൻജിനീയരുടെ തസ്തികയുണ്ടാക്കുകയും ഇദ്ദേഹത്തെ തന്നെ നിയമിക്കുകയും ചെയ്തു.
പ്രോജെക്ടിൻന്റെ തുടക്കം മുതൽ ഇതുവരെ ഈ വ്യക്തി മാത്രമാണ് ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് അടക്കം എല്ലാ കാര്യങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് പരിശോധനവിധേയമാക്കാമോ?

6) കെ എസ് ഇ ബി ട്രാൻസ്ഗ്രിഡ് പദ്ധതിയുമായി ബന്ധപെട്ടു പരാതിയുടെ അടിസ്ഥാനത്തിൽ ഷൊർണുർ ഓഫീസിൽ വിജിലൻസിന്റെ ക്വിക്ക് വെരിഫിക്കേഷൻ നടന്നിട്ടുണ്ടോ;ഉണ്ടെകിൽ പ്രസ്തുത നടപടിയുടെ കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നു എന്ന് വിശദമാക്കാമോ?

7) കെ എസ് ഇ ബി ട്രാൻസ്ഗ്രിഡ് പദ്ധതികളുടെ നടത്തിപ്പിനായി ഓപ്പൺ ടെൻഡർ വിളിക്കണമെന്ന് നിഷ്‌കർഷിക്കുയും,ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ സുതാര്യയമില്ലായ്മയെ കുറിച്ച് രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ട്രാൻസ്മിഷൻ ഡയറക്ടറോട് വിശദീകരണം ചോദിക്കുകയും ചെയ്ത രണ്ടു മുൻ കെ എസ് ഇ ബി ചെയർമാന്മാർക്ക് സ്ഥാനഭ്രഷ്ടം സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാമോ?

8) ട്രാൻസ്ഗ്രിഡ് ടെൻഡറുകളിലെ എസ്റ്റിമേറ്റുകൾ ഉയർന്ന നിരക്കിലാണ് ചെയ്തിരിക്കുന്നത് എന്ന എന്റെ വാദം അംഗീകരിച്ചുകൊണ്ട് കെ എസ് ഇ ബി നൽകിയ വിശദീകരണത്തിൽ നിരത്തിയിരിക്കുന്ന കാരണം കേരളത്തിലെ ദിവസക്കൂലി നിരക്ക് 1000 മുതൽ 1200 രൂപവരെയാണെന്നുള്ളതാണ്. കേരളത്തിലെവിടെയാണ് 1200 രൂപ ദിവസക്കൂലി ലഭിക്കുന്നത് എന്ന് അന്വേഷണ വിധേയമമാക്കാമോ?

9) കെ എസ് ഇ ബി ചിത്തിരപുരം യാർഡിൽ മണ്ണുമാറ്റി തറ നിർമ്മാണത്തിനായി 11 ലക്ഷം രൂപയുടെ ഐറ്റം ജോലി അവസാനിപ്പിച്ചപ്പോൾ 1100 ലക്ഷം രൂപ ചെലവായത് എങ്ങനെയെന്ന് അന്വേഷണ വിധേയമാക്കാമോ?

10) കെ എസ് ഇ ബി ട്രാൻസ്ഗ്രിഡ് പദ്ധതികളുടെ നടത്തിപ്പിനായി നടത്തുന്ന ടെൻഡർ നടപടികളിൽ ഏതാനും ചില കമ്പനികൾക്കായി പ്രീ ക്വാളിഫയ് നിബന്ധനകളിൽ അടിക്കടി മാറ്റം വരുത്തുന്ന കാര്യം എന്തിനാണെന്ന് അന്വേഷണ വിധേയമാക്കാമോ?
ചിത്രത്തിൽ ഇനിപ്പറയുന്നത് അടങ്ങിയിരിക്കാം: ആകാശം, ഔട്ട്‌ഡോർ, ടെക്സ്റ്റ് എന്നിവ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP