Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാർത്ഥികൾ വേണം; വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെയും പരിഗണിക്കണം; സംഘടനാപരമായി എൽഡിഎഫിന് ശക്തിയുണ്ടെങ്കിലും സിപിഎമ്മിന്റെ എടാ പോടാ ശൈലി മാറ്റണം; പാലായിൽ എൽഡിഎഫിന്റേത മികച്ച പ്രവർത്തനം; ചെറിയ ഭൂരിപക്ഷത്തിൽ മാണി സി കാപ്പൻ വിജയിക്കും: ഉപതിരഞ്ഞെടുപ്പിനെ കുറിച്ചു വെള്ളാപ്പള്ളി നടേശന്റെ അവലോകനം ഇങ്ങനെ

അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാർത്ഥികൾ വേണം; വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെയും പരിഗണിക്കണം; സംഘടനാപരമായി എൽഡിഎഫിന് ശക്തിയുണ്ടെങ്കിലും സിപിഎമ്മിന്റെ എടാ പോടാ ശൈലി മാറ്റണം; പാലായിൽ എൽഡിഎഫിന്റേത മികച്ച പ്രവർത്തനം; ചെറിയ ഭൂരിപക്ഷത്തിൽ മാണി സി കാപ്പൻ വിജയിക്കും: ഉപതിരഞ്ഞെടുപ്പിനെ കുറിച്ചു വെള്ളാപ്പള്ളി നടേശന്റെ അവലോകനം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചതോടെ അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാർത്ഥികൾ വേണമെന്ന ആവശ്യവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. കോന്നിയിലും, അരൂരിൽ ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുക മര്യാദയെന്നാണ് വെള്ളാപ്പള്ളിയുടെ നിരീക്ഷണം. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെയും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെയും പരിഗണിക്കണം. സംഘടനാപരമായി എൽഡിഎഫിന് ശക്തിയുണ്ടെങ്കിലും ശൈലി മാറണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സിപിഎമ്മിന്റെ എടാ പോടാ ശൈലി മാറ്റണമെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. എന്നാൽ പാലായിൽ എൽഡിഎഫിന്റേത് മികച്ച പ്രവർത്തനമാണെന്നും ചെറിയ ഭൂരിപക്ഷത്തിൽ മാണി സി കാപ്പൻ വിജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അഞ്ചിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി നിർണയ ചർച്ചകളുടെ തിരക്കിലേക്ക് നീങ്ങുകയാണ് മുന്നണികൾ. ചൊവ്വാഴ്ച എൽഡിഎഫ് യോഗം ചേരും. നാളെയും മറ്റന്നാളുമായി യുഡിഎഫ് നേതാക്കൾ കൂടിയാലോചനകൾ നടത്തും. വട്ടിയൂർകാവ്, മഞ്ചേശ്വരം, കോന്നി എന്നിവിടങ്ങളിൽ വലിയ പ്രതീക്ഷയാണ് ബിജെപിക്ക്. പാർട്ടി ജയസാധ്യത മുന്നിൽ കാണുന്ന ഇവിടങ്ങളിൽ മികച്ച സ്ഥാനാർത്ഥികളെ തന്നെ അവതരിപ്പിക്കണം എന്നതാണ് പൊതുവികാരം. ഉപതെരഞ്ഞെടുപ്പ് പ്രതീക്ഷിച്ച് മഞ്ചേശ്വരത്ത് എല്ലാ പാർട്ടികളും നേരത്തെ തന്നെ പ്രവർത്തനം തുടങ്ങിയിരുന്നു. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളുടെയും നേതാക്കൾ.

കോന്നിയിലും അരൂരിലും ഈഴവ സ്ഥാനാർത്ഥി വേണമെന്ന ആവശ്യമാണ് വെള്ളാപ്പള്ളി മുന്നോട്ടു വെച്ചിരിക്കുന്നത്. കോന്നിൽ അടൂർ പ്രകാശ് ലോക്‌സഭയിൽ വിജയിച്ചതോടെ ഈഴവ സമുദായ പ്രാതിനിധ്യം തന്നെ കോൺഗ്രസിൽ ഇല്ലാതായിട്ടുണ്ട്. ഇവിടെ ഇതേ സമുദായത്തിൽ നിന്നും സ്ഥാനാർത്ഥി വേണമെന്ന ആവശ്യമാണ് വെള്ളാപ്പള്ളിയുടെത്. പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കായിരുന്നു വെള്ളാപ്പള്ളിയുടെ പിന്തുണ.

എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം തീർച്ചയായും വിജയിക്കേണ്ട സീറ്റ് അരൂരിലേതാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഡിവൈഎഫ്ഐ നേതാവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ മനു സി.പുളിക്കൽ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മത്സ്യഫെഡ് ചെയർമാനുമായ പി.പി. ചിത്തരഞ്ജൻ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കേരള സർവകലാശാല സിൻഡിക്കറ്റ് മുൻ അംഗവുമായ കെ.എച്ച്. ബാബുജാൻ എന്നിവരെയാണ് സിപിഎം പരിഗണിക്കുന്നത്. അതേസമയം യുഡിഎഫിൽ നിന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാന്റെ പേരിനാണ് മുൻതൂക്കം. മുൻ എംഎൽഎ എ.എ.ഷുക്കൂർ, ഡിസിസി പ്രസിഡന്റ് എം.ലിജു, യൂത്ത് കോൺഗ്രസ് അരൂർ നിയമസഭാ മണ്ഡലം പ്രസിഡന്റ് എസ്.രാജേഷ്, മുൻ ജില്ലാ പഞ്ചായത്ത് അംഗവും ഡിസിസി അംഗവുമായ കെ. രാജീവൻ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നു. മുസ്ലിം സമുദായത്തിലെ സ്ഥാനാർത്ഥിക്കാണ് കൂടുതൽ പരിഗണന ലഭിക്കുക. ഇവിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അരൂരിൽ മത്സരിച്ച ടി.അനിയപ്പനെയാണ് എൻഡിഎ പരിഗണിക്കുന്നത്. ചേർത്തലയിൽ മത്സരിച്ച പി. എസ്.രാജീവിനെയും പരിഗണിക്കുന്നു.


യുഡിഎഫിനെ സംബന്ധിച്ചിടത്തോളം വിജയം അനിവാര്യമായ മണ്ഡലമാണ് കോന്നി. ഇവിടെ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററിനാണ് സാധ്യത എങ്കിലും സമുദായ പ്രാതിനിധ്യം പ്രശ്‌നമാകും. അതിനാൽ പഴകുളം മധുവിന്റെ പേരാണ് സജീവമായി ഉയർന്നു കേൾക്കുന്നത്. ഡിസിസി മുൻ പ്രസിഡന്റ് പി. മോഹൻരാജ്, ഡിസിസി പ്രസിഡന്റ് ബാബു ജോർജ് എന്നിവരെയും പരിഗണിക്കുന്നു. എൽഡിഎഫ് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, റാന്നി പെരുനാട് ഏരിയാ കമ്മിറ്റി അംഗം എം.എസ്. രാജേന്ദ്രൻ, യുവജന കമ്മിഷൻ അംഗം കെ.യു. ജനീഷ്‌കുമാർ എന്നിവരെ പരിഗണിക്കുമ്പോൾ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് അശോകൻ കുളനട എന്നിവരെയാണ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.

അതേസമയം അരൂരിൽ വാശിയേറിയ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മുന്നണികൾ. സ്ഥാനാർത്ഥികളാകാൻ സാധ്യതയുള്ളവരെ ഇറക്കിയാണ് സിപിഎമ്മിന്റെ കാൽനടജാഥകൾ. പദയാത്രകളുമായി കോൺഗ്രസും മണ്ഡലത്തിൽ സജീവമാണ്. എന്നാൽ സാമുദായിക ഘടങ്ങൾ കൂടി പരിഗണിച്ചുള്ള സ്ഥാനാർത്ഥി നിർണ്ണയം മൂന്ന് മുന്നണികൾക്കും ഒരുപോലെ വെല്ലുവിളിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP