Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്തൊരു മനുഷ്യൻ! കുഞ്ഞുകാര്യങ്ങളിൽ പോലും ഇത്രയും ശ്രദ്ധയോ? അത്ഭുതം കൂറി അമേരിക്കക്കാർ; ഹൂസ്റ്റണിൽ പറന്നിറങ്ങി സ്വീകരണം ഏറ്റുവാങ്ങുമ്പോൾ ബൊക്കെയിൽ നിന്നടർന്ന് വീണത് ഒരുകുഞ്ഞുപൂവ്; ആരും ചവിട്ടി അരയ്ക്കാതിരിക്കാൻ ഉടൻ പൂവ് കൈയിലെടുത്ത് സുരക്ഷിതമാക്കി മോദി; ഹൗ ഡു യു ഡു എന്ന് ചോദിച്ച് ഹൗഡി മോദിയിൽ പ്രധാനമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങി 50,000 ത്തോളം പേർ; ട്രംപും മോദിയും കൈകോർക്കുന്ന പരിപാടിക്ക് ഒരുക്കം തകൃതി

എന്തൊരു മനുഷ്യൻ! കുഞ്ഞുകാര്യങ്ങളിൽ പോലും ഇത്രയും ശ്രദ്ധയോ? അത്ഭുതം കൂറി അമേരിക്കക്കാർ; ഹൂസ്റ്റണിൽ പറന്നിറങ്ങി സ്വീകരണം ഏറ്റുവാങ്ങുമ്പോൾ ബൊക്കെയിൽ നിന്നടർന്ന് വീണത് ഒരുകുഞ്ഞുപൂവ്; ആരും ചവിട്ടി അരയ്ക്കാതിരിക്കാൻ ഉടൻ പൂവ് കൈയിലെടുത്ത് സുരക്ഷിതമാക്കി മോദി; ഹൗ ഡു യു ഡു എന്ന് ചോദിച്ച് ഹൗഡി മോദിയിൽ പ്രധാനമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങി 50,000 ത്തോളം പേർ; ട്രംപും മോദിയും കൈകോർക്കുന്ന പരിപാടിക്ക് ഒരുക്കം തകൃതി

മറുനാടൻ ഡെസ്‌ക്‌

ഹൂസ്റ്റൺ: കുഞ്ഞുകാര്യങ്ങളുടെയും തമ്പുരാനാണ് താനെന്ന് നരേന്ദ്ര മോദി ഒരിക്കൽ കൂടി തെളിയിച്ചു. ഹൂസ്റ്റണിൽ ഹൗഡി മോദി മെഗാ പരിപാടിക്കായി വിമാനം ഇറങ്ങിയപ്പോൾ ഇന്ത്യൻ -യുഎസ് ഉദ്യോഗസ്ഥരുടെ ഊഷ്മള സ്വീകരണം. അപ്പോഴുണ്ടായ കുഞ്ഞുസംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വാണിജ്യ-അന്താരാഷ്ട്ക കാര്യങ്ങളുടെ ഡയറക്ടർ ക്രിസ്റ്റഫർ ഓൾസൺ, ഇന്ത്യയിലെ യുഎസ് അംബാസഡർ കെന്നത്ത് ജസ്റ്റർ, അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ ഹർഷ് വർദ്ധൻ ശ്രിംഗാല എന്നിവർ മോദിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

ദൃശ്യങ്ങളിൽ മോദി വിമാനത്തിന് പുറത്തേക്ക് വരുന്നതും ഉദ്യോഗസ്ഥരുമായി ആശംസകൾ കൈമാറുന്നതും കാണാം. പ്രധാനമന്ത്രിക്ക് സമ്മാനിച്ച ഒരുബൊക്കെയിൽ നിന്ന് പെട്ടെന്ന് ഒരു പൂവ് അടർന്നുവീണു. പൊടുന്നനെ എല്ലാവരെയും അമ്പരിപ്പിച്ച് കൊണ്ട് മോദി അത് കുനിഞ്ഞ് നിന്ന് എടുത്തു. പിന്നീട് തന്റെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാളെ പൂവ് ഏൽപ്പിച്ചു. ദൃശ്യങ്ങൾ വൈറലായതോടെ, സോഷ്യൽ മീഡിയയിൽ, മോദിയെ പലരും പ്രശംസകളാൽ ചൊരിഞ്ഞു. ചെറിയ കാര്യങ്ങളിൽ കാട്ടുന്ന ഈ ശ്രദ്ധയാണ് പലരെയും ആകർഷിച്ചത്. ആരും ആ പൂവിനെ കാൽക്കീഴിൽ അമർത്തി അരച്ചുകളയാതിരിക്കാനോ, അതോ തന്റെ സ്വച്ഛതാ അഭിയാനോടുള്ള പ്രതിബദ്ധതയോ, ചിലർ കുറിച്ചു.

ഹൂസ്റ്റണിൽ എത്തിയ മോദിക്ക് തിരക്കേറിയ പരിപാടികളാണ്. വൈകിട്ടാണ് ഹൗഡി മോദി മെഗാ ഈവന്റ്. ഊർജ്ജ മേഖലയിലെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തിയതായി മോദി ട്വീറ്റ് ചെയ്തു. പെട്രോനെറ്റ് എൽഎൻജിയും ടെല്ലൂറിയനും തമ്മിൽ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനും സാക്ഷ്യം വഹിച്ചു. ഹൂസ്റ്റണിലെ സിഖ് സമൂഹവുമായും കശ്മീരി പണ്ഡിറ്റുകളുമായും പ്രത്യേക കൂടിക്കാഴ്ച. ദാവൂദി ബോറ സമൂഹവുമായും മോദി ആശയവിനിമയം നടത്തിയതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന ഹൗദി ഡി മോദി പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ ആകാംക്ഷയോടെ കാത്തിരിപ്പാണ് 50,000 ത്തോളം പേർ. എൻ.ആർ.ജി. ഫുട്ബോൾ സ്റ്റേഡിയത്തിലാണ് മൂന്നുമണിക്കൂർ നീളുന്ന പരിപാടി. നരേന്ദ്ര മോദിക്കൊപ്പം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുക്കും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സവിശേഷ ബന്ധത്തിന്റെ സൂചനയായാണ് ട്രംപും മോദിക്കൊപ്പം വേദി പങ്കിടുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു. ട്രംപും മോദിക്കൊപ്പം വേദിയിൽ എത്തുമെന്നത് അമേരിക്കൻ ഇന്ത്യക്കാരെ ശരിക്കും ആവേശത്തിലാക്കിയിട്ടുണ്ട്. ട്രംപ് പങ്കെടുക്കുന്നതോടെ, ഇതാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും 'ഹൗഡി മോദി'ക്ക് ലഭിക്കും.

ട്രംപും മോദിക്കൊപ്പം വേദിയിൽ എത്തുമെന്നത് അമേരിക്കൻ ഇന്ത്യക്കാരെ ശരിക്കും ആവേശത്തിലാക്കിയിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന ഹൗഡി മോദി പരിപാടി സെപ്റ്റംബർ 22നാണ് നടക്കുന്നത്. ചടങ്ങിൽ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. ട്രംപ് പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. പരിപാടിയിൽ ട്രംപ് പങ്കെടുക്കുന്നതോടെ, ഇതാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും 'ഹൗഡി മോദി'ക്ക് ലഭിക്കും.

ഹൗഡി മോദി ഇന്ത്യൻ സമയം വൈകുന്നേരം 7.30 ന്

അമേരിക്കൻ സമയം രാവിലെ ഒമ്പത് മണിക്ക് (ഇന്ത്യൻ സമയം വൈകുന്നേരം 7.30) ആണ് പരിപാടി തുടങ്ങുക. ഇന്ത്യൻ സമയം ഒമ്പത് മണിയോടെ മോദിയും ട്രംപും സംസാരിക്കും. 'നമോ എഗെയ്ൻ' (വീണ്ടും നരേന്ദ്ര മോദി) എന്നു രേഖപ്പെടുത്തിയ ടിഷർട്ടുകൾ ധരിച്ചാണ് വൊളന്റിയർമാരെത്തുക. നമോ വീണ്ടുമെന്ന് ഒരേസ്വരത്തിൽ പാടിയാകും ഇവർ മോദിയെ സ്വാഗതം ചെയ്യുക. ഹൗഡി മോദിയുടെ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി എൻ.ആർ.ജി. സ്റ്റേഡിയം സന്ദർശിച്ച യു.എസിലെ ഇന്ത്യൻ സ്ഥാനപതി ഹർഷ് വി. ശ്രംഗ്ല പറഞ്ഞു. 600 സംഘടനകളുടെയും 1500-ലേറെ വൊളന്റിയർമാരുടെയും നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. മുന്നോടിയായി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ഇന്ത്യയുടെയും യു.എസിന്റെയും പതാകകൾ വഹിച്ച ഇരുനൂറോളം കാറുകൾ പങ്കെടുത്ത റാലി നടന്നു.

ജി-20, ജി-7 ഉച്ചകോടികൾക്കു പിന്നാലെ ആഴ്ചകളുടെ ഇടവേളകൾക്കിടെ മോദിയും ട്രംപും പങ്കെടുക്കുന്ന മൂന്നാമത്തെ പരിപാടിയാണ് 'ഹൗഡി മോദി'. അമേരിക്കയുടെ തെക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ 'ഹൗ ഡു യു ഡു' എന്ന ഇംഗ്ലീഷ് അഭിവാദന വാക്യത്തെ ഹ്രസ്വമാക്കി 'ഹൗഡി' എന്ന് പ്രയോഗിക്കാറുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് പരിപാടിക്ക് ഹൗഡി മോദി എന്ന് പേരു നൽകിയിരിക്കുന്നത്.

മോടി കൂട്ടാൻ ബിയോൺസെയും

ഇന്ത്യയുടെ ശക്തിയും വൈവിധ്യവും സൂചിപ്പിക്കുന്ന 'വോവെൻ' എന്നു പേരിട്ടിട്ടുള്ള പ്രത്യേക സാംസ്‌കാരിക പരിപാടിയുമായി 400 കലാകാരന്മാർ ഹൗഡി മോദിയുടെ അരങ്ങിലെത്തുന്നുണ്ട്. അമേരിക്കൻ പോപ് ഗായിക ബിയോൺസെ, റോക്ക് ബാൻഡുകളായ മെറ്റാലിക്ക, യുടു എന്നിവരുടെ പ്രകടനങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടും. ഇതിനുപുറമേ ഇന്ത്യയുടെയും യു.എസിന്റെയും പാരമ്പര്യ നാടോടി ഗാന-നൃത്ത സന്ധ്യയുമുണ്ടാകും.

ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാകുന്നു

ഒരു യു.എസ് പ്രസിഡന്റ് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പൊതുവേദിയിൽ പ്രസംഗിക്കുന്നത് ഇതാദ്യമാണ്. ഇന്ത്യ-യു.എസ് ബന്ധം കൂടുതൽ ശക്തമാക്കാനുള്ള അവസരമാണിതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. പ്രത്യേകിച്ചു കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യക്കൊപ്പമാണ് അമേരിക്കൻ നിലപാടെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയാണ് ഇത്. കശ്മീർ വിഷയത്തിൽ അമേരിക്കയിലെ നിരവധി നേതാക്കന്മാർ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ പരിപാടി നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കശ്മീർ വിഷയത്തിൽ അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങളുടെ പിന്തുണ നേടാനായി വ്യാപകമായ ശ്രമങ്ങൾ നടത്തുന്ന പാക്കിസ്ഥാനും ഇത് തിരിച്ചടിയാകും.

'ഹൗഡി മോദി' പരിപാടിയിൽ ഏകദേശം 50000 ത്തോളം അമേരിക്കൻ ഇന്ത്യക്കാർ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവരെല്ലാവരും അമേരിക്കൻ പൗരന്മാരും വോട്ടർമാരുമാണ്. അടുത്ത വർഷം തിരഞ്ഞെടുപ്പിനെ നേരിടുന്ന ട്രംപിന് ഇവരെ അവഗണിക്കാനാവില്ല. പരിപാടിക്കായി അമേരിക്കയിൽ എത്തുന്ന മോദി ട്രംപുമായി വിവിധ വിഷയത്തിൽ ചർച്ചകൾ നടത്തുകയും ചെയ്യും. സെപ്റ്റംബർ 28 വരെ അമേരിക്കയിൽ തുടരുന്ന മോദി ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കും. കശ്മീർ വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രസംഗത്തിനും ഏറെ പ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മോദിക്ക് ശേഷം അസംബ്ലിയിൽ സംസാരിക്കുന്നുണ്ട്. വിവിധ ആഗോള കമ്പനികളുടെ സിഇഒമാരുമായും മോദി അമേരിക്കൻ സന്ദർശനത്തിനിടയിൽ ചർച്ച നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP