Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തീവ്രവാദികൾക്കും കുറ്റവാളികൾക്കും ഇന്ത്യയിൽ ഇനി രക്ഷയില്ല; രാജ്യത്താകമാനമുള്ള ജനങ്ങളെയും നിരീക്ഷിക്കാൻ സ്ഥാപിക്കുന്നത് ഫേയ്‌സ് റെക്കഗ്നേഷൻ ക്യാമറകൾ; സ്ഥാപിക്കുക മുഖം പ്ലാസ്റ്റിക് സർജറി ചെയ്താലും തിരിച്ചറിയാനാകുന്ന സാങ്കേതിക വിദ്യ; ചൈനീസ് മാതൃകയിൽ രാജ്യസുരക്ഷക്ക് പുതിയ സംവിധാനങ്ങൾ ഒരുക്കാൻ കേന്ദ്രസർക്കാർ നീക്കം

തീവ്രവാദികൾക്കും കുറ്റവാളികൾക്കും ഇന്ത്യയിൽ ഇനി രക്ഷയില്ല; രാജ്യത്താകമാനമുള്ള ജനങ്ങളെയും നിരീക്ഷിക്കാൻ സ്ഥാപിക്കുന്നത് ഫേയ്‌സ് റെക്കഗ്നേഷൻ ക്യാമറകൾ; സ്ഥാപിക്കുക മുഖം പ്ലാസ്റ്റിക് സർജറി ചെയ്താലും തിരിച്ചറിയാനാകുന്ന സാങ്കേതിക വിദ്യ; ചൈനീസ് മാതൃകയിൽ രാജ്യസുരക്ഷക്ക് പുതിയ സംവിധാനങ്ങൾ ഒരുക്കാൻ കേന്ദ്രസർക്കാർ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ചൈനിസ് മാതൃകയിൽ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ(ഫെയ്‌സ് റെക്കഗ്നേഷൻ) പൊതുസ്ഥലങ്ങളിൽ നടപ്പിലാക്കുന്നതോടെ രാജ്യത്തെ മുഴുവൻ പൗരന്മാരും ഭരണകൂടത്തിന്റെ നിരീക്ഷണത്തിൻ കീഴിലാകും. സംവിധാനത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഉയർത്തിക്കാട്ടുന്നതും ഇതാണ്. കേന്ദ്രീകൃതമായ മുഖം തിരിച്ചറിയൽ സംവിധാനം വികസിപ്പിക്കാനാവശ്യമായ നടപടികൾക്ക് കേന്ദ്രസർക്കാർ അടുത്തമാസം തുടക്കമിടുമെന്ന് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തതോടെയാണ് ഇത് സംബന്ധിച്ച ചർച്ചകൾ സജീവമായത്. രാജ്യമെമ്പാടും സ്ഥാപിക്കുന്ന നിരീക്ഷണ ക്യാമറകളിൽ ഈ സാങ്കേതിക വിദ്യയാകും ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ടിലുള്ളത്.

അംഗബലം കുറഞ്ഞ ഇന്ത്യയിലെ പൊലീസ് സംവിധാനത്തിനെ ശക്തിപ്പെടുത്താണ് ഈ നീക്കമെന്നാണ് വിശദീകരണം. 724 പേർക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന രീതിയിലാണ് ഇന്ത്യയിലെ പൊലീസ് സംവിധാനത്തിന്റെ അംഗബലം. ലോകത്തിലേറ്റവും കുറഞ്ഞ അനുപാത നിരക്കാണ് ഇത്. കാര്യക്ഷമമായ ഡേറ്റാ സംരക്ഷണ നിയമം നിലവിലില്ലാത്ത ഇന്ത്യയിൽ പുതിയ സംവിധാനം കൊണ്ടുവരുന്നത് ആശങ്കകൾക്കിടയാക്കും. ചൈനയിലേതുപോലെ ജനങ്ങളെ മുഴുവൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ ഇന്ത്യയ്ക്ക് ഇനിയും പരിമിതികളുണ്ട്. ഡാറ്റകൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള സുരക്ഷിതത്വം സജ്ജമാക്കുന്നതിൽ ഇന്ത്യ ഇപ്പോഴും വളരെ പിന്നിലാണെന്നതാണ് ഇതിന് കാരണം.

പാസ്പോർട്ട് വിവരങ്ങൾ, കുറ്റവാളികൾ, കാണാതായവർ, അജ്ഞാത മൃതദേഹങ്ങൾ തുടങ്ങിയവയുൾപ്പെടെയുള്ള ഡേറ്റാബാങ്കുമായി പുതിയ സംവിധാനം ബന്ധിപ്പിക്കാനാകും. രാജ്യത്തെ മുഴുവൻ പൗരന്മാരും സർക്കാരിന്റെ നിരീക്ഷണത്തിൻകീഴിലാകുമെന്നതാണ് ഇതിന്റെ ഗുണവും ദോഷവും. മുഖം പ്ലാസ്റ്റിക് സർജറി നടത്തി മാറ്റിയവരെപ്പോലും തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കാൻ പോകുന്നത്. കുറ്റകൃത്യങ്ങൾ നേരിടാൻ ഇത് സഹായിക്കുമെന്നാണ് സുരക്ഷാ സേനകളുടെ വിലയിരുത്തൽ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടെ 100ൽ അധികം ഭീകരാക്രമണങ്ങളാണ് ഇന്ത്യയിൽ ഉണ്ടായത്. അതിനാൽ ആഭ്യന്തര സുരക്ഷയ്ക്കും ലഹരിമരുന്ന് കടത്തുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കും നിയന്ത്രണം കൊണ്ടുവരാൻ ഇതിലൂടെ സാധിച്ചേക്കാം.

കഴിഞ്ഞ വർഷം ചർച്ചചെയ്ത പുതിയ ഡേറ്റാ സംരക്ഷണ നിയമം ഇതുവരെയും പാർലമെന്റിലോ മന്ത്രിസഭയുടെയോ പരിഗണനയിൽ വന്നിട്ടുമില്ല. ലോകത്തിലേതന്നെ ഏറ്റവും വലിയ ബയോമെട്രിക് സംവിധാനമായ ആധാർ നടപ്പിലാക്കിയിട്ടും വിവരങ്ങൾ ചോരുന്നതിനെപ്പറ്റിയുള്ള ആരോപണങ്ങൾ നിരന്തരം ഉയരുന്നുമുണ്ട്. എന്തിനും ഏതിനും ആധാർ വേണമെന്ന അവസ്ഥ നിലനിൽക്കെ തന്നെയാണ് ഈ പ്രശ്നങ്ങളും ഉള്ളത്.

ഈ പ്രതിസന്ധികൾക്കിടയിലേക്കാണ് മുഖം തിരിച്ചറിയാനുള്ള വമ്പൻ പദ്ധതി നടപ്പിലാക്കാനുള്ള നീക്കം അണിയറയിൽ ഒരുങ്ങുന്നത്. പദ്ധതി ഏറ്റെടുത്ത് നടത്താൻ ഏത് കമ്പനി മുന്നോട്ടുവരുമെന്നതാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്. അതേസമയം നിരീക്ഷണ ക്യാമറകൾ ഉൾപെടെയുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനികൾക്ക് ഇതൊരു ചാകരയാകും തുറന്നു നൽകുക. 2024 ആകുമ്പോഴേക്കും ഈ മേഖലയിലുള്ള വിപണിയുടെ മൂല്യം 430 കോടി ഡോളറിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.

അതേ സമയം, ചൈന ഇപ്പോൾ ഫേസ് റെക്കഗ്നേഷൻ വിദ്യയെയും മറികടന്ന് പുതിയ പുതിയ സംവിധാനങ്ങളിലേക്ക് എത്തിയിട്ടുണ്ട്. ആളെ തിരിച്ചറിയാൻ നിരീക്ഷണകാമറകളിൽ ഗെയ്റ്റ് റെക്കഗ്നീഷൻ എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഒരാളുടെ നടത്തത്തിലെ സവിശേഷ താളമളന്ന് അയാളെ തിരിച്ചറിയാനുള്ള വിദ്യയാണിത്. നടക്കുന്നയാളുടെ മുഖം ക്യാമറയ്ക്ക് എതിരെയാണെങ്കിൽ പോലും, അല്ലെങ്കിൽ മുഖം മറച്ചു നടന്നാൽ പോലും അയാളെ തിരിച്ചറിയാമെന്നതാണ് ഇതിന്റെ ഗുണം. ഫേസ് റെക്കഗ്നിഷൻ ശരിയായി പ്രവർത്തിക്കണമെങ്കിൽ ഒരാളുടെ മുഖത്തിന്റെ, ക്ലോസ് അപിലുള്ള, ഹൈ റെസലൂഷൻ ഫോട്ടോ ലഭിക്കണം. എന്നാൽ, 50 മീറ്റർ, അല്ലെങ്കിൽ 165 അടി അകലെ നടക്കുന്ന ഒരാളെപ്പോലും അയാളുടെ നടത്ത രീതിയിൽ നിന്നു തിരിച്ചറിയാമെന്നാണ് ചൈനീസ് അധികൃതർ പുതിയ സാങ്കേതിക വിദ്യയെ കുറിച്ച് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP