Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നേരത്തെ മത്സരിച്ച ആളുകൾ മത്സരിക്കുമോ മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും? അതിപ്പോ അച്ഛൻ ഇവിടെയും ഇല്ല പത്തായത്തിലും ഇല്ല എന്ന പറഞ്ഞ പോലായല്ലോയെന്ന് ശ്രീധരൻ പിള്ള; മഞ്ചേശ്വരത്ത് മുമ്പ് മത്സരിച്ചവരും കരുത്തരായ ആൾക്കാർ; വട്ടിയൂർക്കാവിൽ കുമ്മനം മത്സരിക്കുമോയെന്ന് ചോദിച്ചപ്പോൾ മത്സരിക്കാൻ സ്ഥാനാർത്ഥികളുടെ ദാരിദ്ര്യമുള്ള പാർട്ടിയല്ല ബിജെപിയെന്നും സംസ്ഥാന അദ്ധ്യക്ഷൻ; മഞ്ചേശ്വരത്തേക്ക് സുരേന്ദ്രനെ വീണ്ടും പട നയിക്കാൻ വിട്ടിട്ട് ശ്രീധരൻ പിള്ള കണ്ണുവയ്ക്കുന്നത് വട്ടിയൂർക്കാവോ?

നേരത്തെ മത്സരിച്ച ആളുകൾ മത്സരിക്കുമോ മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും? അതിപ്പോ അച്ഛൻ ഇവിടെയും ഇല്ല പത്തായത്തിലും ഇല്ല എന്ന പറഞ്ഞ പോലായല്ലോയെന്ന് ശ്രീധരൻ പിള്ള; മഞ്ചേശ്വരത്ത് മുമ്പ് മത്സരിച്ചവരും കരുത്തരായ ആൾക്കാർ; വട്ടിയൂർക്കാവിൽ കുമ്മനം മത്സരിക്കുമോയെന്ന് ചോദിച്ചപ്പോൾ മത്സരിക്കാൻ സ്ഥാനാർത്ഥികളുടെ ദാരിദ്ര്യമുള്ള പാർട്ടിയല്ല ബിജെപിയെന്നും സംസ്ഥാന അദ്ധ്യക്ഷൻ; മഞ്ചേശ്വരത്തേക്ക് സുരേന്ദ്രനെ വീണ്ടും പട നയിക്കാൻ വിട്ടിട്ട് ശ്രീധരൻ പിള്ള കണ്ണുവയ്ക്കുന്നത് വട്ടിയൂർക്കാവോ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗ്ലാമർ മണ്ഡലമായ മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും ശക്തമായ ത്രികോണ മത്സരം നടക്കുമ്പോൾ താമര വിരിയിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് ബിജെപി. മഞ്ചേശ്വരത്ത് ആരു മത്സരിക്കും എന്നതാണ് ചോദ്യം. കെ.സുരേന്ദ്രൻ ഇനി മത്സരിക്കാനില്ലെന്ന തീരുമാനത്തിലാണ്. എന്നാൽ, സുരേന്ദ്രൻ തന്നെ മത്സരിച്ചേക്കുമെന്ന സൂചന നൽകി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള രംഗത്തെത്തി. ജയിക്കാൻ സുരേന്ദ്രൻ തന്നെ വേണമെന്നതാണ് പാർട്ടിക്കാരുടെ മനസ്സിലിരുപ്പ്. അതേസമയം, വട്ടിയൂർക്കാവിൽ കുമ്മനം മത്സരിക്കുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞുവയ്ക്കുന്നു.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മറ്റുമണ്ഡലങ്ങളിലും പാർട്ടി തീരുമാനം എടുക്കും. മഞ്ചേശ്വരത്ത് സുരേന്ദ്രൻ ആയിരിക്കുമെന്ന സൂചന നൽകിയ ബിജെപി സംസ്ഥന അദ്ധ്യക്ഷൻ താൻ അവിടെ മത്സരിക്കാനില്ലെന്ന നിലപാടും വ്യംഗ്യമായി പറയുന്നു. കുമ്മനത്തെ വട്ടിയൂർക്കാവിൽ നിശ്ചയിച്ചിട്ടില്ലെന്ന സൂചനയും പ്രസക്തമാണ്. അവിടെ പാർട്ടി അദ്ധ്യക്ഷനും ഒരുകണ്ണുവയ്ക്കുന്നു. 'നേരത്തെ മത്സരിച്ച ആളുകൾ മത്സരിക്കുമോ മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും എന്ന ചോദ്യത്തിന് അതിപ്പോ അച്ഛൻ ഇവിടെയും ഇല്ല പത്തായത്തിലും ഇല്ല എന്ന പറഞ്ഞ പോലായല്ലോയെന്ന് ശ്രീധരൻ പിള്ള മറുപടി പറഞ്ഞു. മഞ്ചേശ്വരത്ത് മുമ്പ് മത്സരിച്ചവരും കരുത്തരായ ആൾക്കാരാണെന്ന പ്രസ്താവനയും സുരേന്ദ്രൻ മത്സരിച്ചേക്കുമെന്ന സൂചനയാണ്. വട്ടിയൂർക്കാവിൽ കുമ്മനം മത്സരിക്കുമോയെന്ന് ചോദിച്ചപ്പോൾ മത്സരിക്കാൻ സ്ഥാനാർത്ഥികളുടെ ദാരിദ്ര്യമുള്ള പാർട്ടിയല്ല ബിജെപിയെന്നും സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. മഞ്ചേശ്വരത്തേക്ക് സുരേന്ദ്രനെ വീണ്ടും പട നയിക്കാൻ വിട്ടിട്ട് ശ്രീധരൻ പിള്ള കണ്ണുവയ്ക്കുന്നത് മറ്റൊരു എപ്ലസ് മണ്ഡലമായ വട്ടിയൂർക്കാവാണോയെന്നാണ് കണ്ടറിയേണ്ടത്.

മഞ്ചേശ്വരത്ത് ഇനി മത്സരിക്കാനില്ലെന്ന് കെ.സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നുമായിരുന്നു സുരേന്ദ്രൻ പറഞ്ഞിരുന്നു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്തിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. 2011ലും 2016ലും മഞ്ചേശ്വരത്ത് നിന്ന് നിയമസഭയിലേക്ക് സുരേന്ദ്രൻ മത്സരിച്ചിരുന്നു. ബിജെപിയുടെ കേരളത്തിലെ ശക്തികേന്ദ്രങ്ങളിലൊന്നാണ് മഞ്ചേശ്വരമെങ്കിലും, ജയം അകന്നുനിൽക്കുകയാണ്. 1987 ലെ തിരഞ്ഞെടുപ്പ് മുതൽ ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുള്ളത് ബിജെപിയാണ്. ഈ കാലഘട്ടത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും ബിജെപി സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തേക്ക് പോയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

വട്ടിയൂർക്കാവിൽ തോൽവി പിണഞ്ഞെങ്കിലും കുമ്മനത്തെ ബിജെപി തള്ളിക്കളഞ്ഞിട്ടില്ല. ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, വി.വി.രാജേഷ് തുടങ്ങിയ പേരുകളൊക്കെ ഉയരുന്നുണ്ടെങ്കിലും ശ്രീധരൻ പിള്ളയ്ക്കും സീറ്റിൽ നോട്ടമില്ലാതില്ല. ബിജെപിക്കും എൻഡിഎയിലെ മറ്റ് ഘടകക്ഷികൾക്കും കരുത്തരായ സ്ഥാനാർത്ഥികൾ ഉണ്ടാകും. ഏതൊക്കെ മണ്ഡലങ്ങളി. ആരൊക്കെ മത്സരിക്കുമെന്നത് എൻഡിഎ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ബിജെപിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് ദേശീയ നേതൃത്വമാണ്. ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി സംസ്ഥാന നേതൃത്വം പൂർണ്ണ സജ്ജമാണ്. തയ്യാറെടുപ്പുകൾ നേരത്തെ തന്നെ തുടങ്ങിയതാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, തിരുവനന്തപുരത്തും പത്തനംതിട്ടയിലും യഥാക്രമം കുമ്മനത്തെയും കെ. സുരേന്ദ്രനേയും നിർത്തേണ്ടി വന്നത് ആർഎസ്എസ് സമ്മർദ്ദം മൂലമാണെന്നാണ് ശ്രീധരൻ പിള്ള സ്വകാര്യമായി പറയുന്നത്. ഇതിൽ ഏതെങ്കിലുമൊരു മണ്ഡലത്തിൽ താൻ മത്സരിച്ചിരുന്നുവെങ്കിൽ ന്യൂനപക്ഷ വോട്ടുകൾകൂടി പിടിക്കാമെന്നായിരുന്നു പിള്ളയുടെ അവകാശവാദം. അതേസമയം, ശബരിമല വിഷയം ഉൾപ്പെടെ പാർട്ടിക്ക് അനുകൂലമായ സാഹചര്യമുണ്ടായിട്ടും മുതലാക്കാൻ സാധിക്കാതെ പോയത് സംസ്ഥാന അധ്യക്ഷന്റെ കഴിവുകേടാണെന്ന നിലപാടാണ് മുരളീധരപക്ഷത്തിന്. ശബരിമലയുമായി ബന്ധപ്പെട്ട് ശ്രീധരൻപിള്ള അടയ്ക്കടി നിലപാട് മാറ്റിയത് ബിജെപിയുടെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്തിച്ചെന്നും ഇവർ ആരോപിക്കുന്നുണ്ട്. ഏതായാലും മഞ്ചേശ്വരത്ത് സുരേന്ദ്രനെ പട നയിക്കാൻ നിയോഗിക്കുന്ന പിള്ള വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിത്വത്തിന് പിടിമുറുക്കുമോയെന്ന് കണ്ടറിയണം.

മഞ്ചേശ്വരത്ത് നിയമസഭാംഗമില്ലാതായിട്ട് കൃത്യമായി ഒരു വർഷം തികയുമ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 20 ന് മുസ്ലിം ലീഗ് എംഎൽഎ ആയ പി.ബി. അബ്ദുൾ റസാഖ് മരണമടഞ്ഞതോടെയാണ് ഈ നിയമസഭാ സീറ്റ് ഒഴിഞ്ഞു കിടന്നത്. സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റമായ മണ്ഡലത്തിൽ ഇത്രയും കാലം നിയമസഭാംഗമില്ലാതാകാൻ കാരണമായതും തെരഞ്ഞെടുപ്പ് കേസ് മൂലമാണ്. 89 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിന് ജയിച്ച അബ്ദുൾ റസാഖിന്റെ വിജയം കള്ളവോട്ട് കൊണ്ടാണെന്നും തൊട്ടടുത്ത എതിർസ്ഥാനാർത്ഥി ബിജെപി.യിലെ കെ. സുരേന്ദ്രൻ ആരോപണവുമായി രംഗത്ത് വരികയും ഹൈക്കോടതിയിൽ പരാതി നൽകുകയുമായിരുന്നു. 289 കള്ളവോട്ടുകൾ ചെയ്താണ് അബ്ദുൾ റസാഖ് ജയിച്ചതെന്നും അതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രൻ പരാതി നൽകിയത്.

കോടതിയിൽ കേസ് നടക്കവേ അബ്ദുൾ റസാഖ് മരണമടഞ്ഞു. തുടർന്ന് തെരഞ്ഞെടുപ്പ് കേസ് തുടരുന്നുണ്ടോ എന്ന് സുരേന്ദ്രനോട് കോടതി ആരാഞ്ഞിരുന്നു. കേസ് തുടരുമെന്നായിരുന്നു സുരേന്ദ്രൻ മറുപടി നൽകിയതെങ്കിലും പിന്നീട് കേസുമായി മുന്നോട്ട് പോകുന്നില്ലെന്ന് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ കേസ് നിലനിൽക്കാത്തതിനാലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. സാധാരണ നിലയിൽ എംഎൽഎ യോ എം. പി.യോ മരണമടഞ്ഞാൽ സ്പീക്കർ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകുകയാണ് പതിവ്. അതനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയുമായി മുന്നോട്ട് പോകും. എന്നാൽ ഈ കേസിൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി മരണമടഞ്ഞെങ്കിലും കേസ് തുടരുകയായിരുന്നു. അതേ തുടർന്നാണ് ആറ് മാസം കൊണ്ട് നടക്കേണ്ട ഉപതെരഞ്ഞെടുപ്പ് ഇത്രയും കാലം നീണ്ടു പോയത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെ മറ്റ് ഒഴിവുള്ള നിയമസഭാ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ മഞ്ചേശ്വരത്തും നടക്കുമെന്ന പ്രതീക്ഷയിൽ യു.ഡി.എഫും ബിജെപി.യും എൽ.ഡി.എഫും പ്രവർത്തക യോഗങ്ങളും മുന്നണി പരിപാടികളും ഇവിടെ മുറതെറ്റാതെ നടത്തുന്നുണ്ട്. 198 ബൂത്തുകളുള്ള മണ്ഡലത്തിൽ യു.ഡി.എഫാണ് പ്രാദേശിക തലം മുതൽ നിയോജക മണ്ഡലം തലം വരെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയിട്ടുള്ളത്. വരുന്ന 24 ാം തീയ്യതി യു.ഡി.എഫ് എല്ലാ ബൂത്തുകളിലും യോഗം വിളിച്ചു ചേർക്കാൻ തീരുമാനിക്കും.

മുസ്ലിം ലീഗിലെ എം. സി. കമ്റുദ്ദീനെ സ്ഥാനാർത്ഥിയാക്കാനാണ് സംസ്ഥാന ലീഗ് നേതൃത്വം തത്വത്തിൽ തീരുമാനിച്ചിട്ടുള്ളത്. സിപിഎം. ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട സ്ഥാനാർത്ഥിയെ നിർത്താനുള്ള ശ്രമമാണ് നടത്തുന്നത്. അങ്ങിനെ വന്നാൽ കെ.ആർ. ജനാർദ്ദനക്കാണ് പരിഗണന ലഭിക്കുക. മുൻ എംഎൽഎ കൂടിയായ സി.എച്ച് കുഞ്ഞമ്പുവിനെ നിർത്താനും സാധ്യതയുണ്ട്. 11,000 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ രാജ്‌മോഹൻ ഉണ്ണിത്താന് ലഭിച്ചത്. ഈ ഭൂരിപക്ഷത്തിന് അപ്പുറം കടക്കാനുള്ള പ്രവർത്തനം കാഴ്ച വെക്കാൻ യു.ഡി.എഫ് ജില്ലാ നേതൃത്വം ഇറങ്ങിപ്പുറപ്പെട്ടു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP