Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ട്വന്റി 20 ലോകകപ്പിന് മുമ്പ് 'പന്ത്' മാറ്റേണ്ടിവരും; ടീം ഇന്ത്യയക്ക് തലവേദനയായി യുവതാരത്തിന്റെ മോശം പ്രകടനം; ധോണിയുടെ പിൻഗാമിയായി വാഴ്‌ത്തപ്പെടുന്ന പന്തിന് അവസാന ഒൻപത് ഇന്നിങ്‌സിൽ നേടാനായത് ഒറ്റ അർധ സെഞ്ച്വറിമാത്രം; ആവശ്യഘട്ടത്തിൽ ഉത്തരവാദിത്തം മറക്കുന്ന താരത്തിന്റെ കാര്യത്തിൽ ബാറ്റിങ്‌കോച്ചിനും ആശങ്ക; കലിപ്പിലായി ആരാധകരും; അവസരം കാത്ത് ഇഷാനും സഞ്ചുവും

ട്വന്റി 20 ലോകകപ്പിന് മുമ്പ് 'പന്ത്' മാറ്റേണ്ടിവരും; ടീം ഇന്ത്യയക്ക് തലവേദനയായി യുവതാരത്തിന്റെ മോശം പ്രകടനം; ധോണിയുടെ പിൻഗാമിയായി വാഴ്‌ത്തപ്പെടുന്ന പന്തിന് അവസാന ഒൻപത് ഇന്നിങ്‌സിൽ നേടാനായത് ഒറ്റ അർധ സെഞ്ച്വറിമാത്രം; ആവശ്യഘട്ടത്തിൽ ഉത്തരവാദിത്തം മറക്കുന്ന താരത്തിന്റെ കാര്യത്തിൽ ബാറ്റിങ്‌കോച്ചിനും ആശങ്ക; കലിപ്പിലായി ആരാധകരും; അവസരം കാത്ത് ഇഷാനും സഞ്ചുവും

മറുനാടൻ ഡെസ്‌ക്‌

മൊഹാലി; ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് മുന്നേറുമ്പോൾ ടീം ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക ഋഷഭ് പന്തിന്റെ മോശം പ്രകടനമാണ്. ടീമും സെലക്ടർമാരും പ്രതീക്ഷിക്കുന്ന പ്രകടനം നടത്താൻ പന്തിന് കഴിയുന്നില്ല. ബാറ്റ്‌സ്മാന്മാർ ഉത്തരവാദിത്തം മറക്കരുതെന്ന ബാറ്റിങ്‌കോച്ച് വിക്രം റാത്തറിന്റെ വാക്കുകളുടെ ചൂടാറുംമുൻപ് ക്രീസിലെത്തിയിട്ടും റിഷഭ് പന്തിന് മാറ്റമൊന്നും ഉണ്ടായില്ല.നിർഭയ ക്രിക്കറ്റിനും അശ്രദ്ധയ്ക്കും ഇടയിൽ ഒരു രേഖയുണ്ട്.

യുവതാരങ്ങൾ ഇതു തിരിച്ചറിയണം,' ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായി സ്ഥാനം ഏറ്റെടുത്ത ശേഷം വിക്രം റാത്തോഡിന്റെ ആദ്യ പ്രതികരണം ഇതായിരുന്നു. ഇതിന് പിന്നാലെയും താരം നിറം മങ്ങിപ്പോയിരുന്നു.ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി20യിൽ അരങ്ങേറ്റക്കാരൻ ബ്യോൺ ഫോർച്യൂണിന്റെ നിരുപദ്രവകരമായ പന്തിൽ മോശം ഷോട്ടെടുത്ത് പന്ത് പുറത്തായി. പവിലിയനിലേക്കു മടങ്ങുമ്പോൾ പന്തിന്റെ മുഖം കുറ്റബോധം കൊണ്ടു കുനിഞ്ഞിരുന്നു.

ധോണിയുടെ പിൻഗാമിയായി ടീമും സെലക്ടർമാരും കരുതുന്ന പന്തിന് അവസാന ഒൻപത് ഇന്നിങ്‌സിൽ നേടാനായത് ഒറ്റ അർധസെഞ്ച്വറിമാത്രം. ആറ് തവണ രണ്ടക്കം കണ്ടില്ല. കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റൻ വിരാട് കോലിയും പന്തിന്റെ പ്രകടനത്തിൽ തൃപ്തരല്ല. സമ്മർദഘട്ടങ്ങളിൽ പതറാതെ പൊരുതി ടീമിനെ വിജയത്തിലെത്തിക്കുന്ന 'ധോണി മാജിക്' പന്തിന് ഇപ്പോഴും അന്യമാണ്. ഐപിഎല്ലിൽ തകർത്തടിക്കുമ്പോഴും, രാജ്യാന്തര മത്സരങ്ങളിൽ തുടർച്ചയായി നിരാശപ്പെടുത്തുകയാണ് ഈ ഇരുപത്തിയൊന്നുകാരൻ.ചെറിയ സ്‌കോറിനു പുറത്താകുന്നു എന്നതിലുപരി, മോശം ഷോട്ടിലൂടെ വിക്കറ്റു വലിച്ചെറിയുന്ന പന്തിന്റെ ശൈലിയാണ് ടീം മാനേജ്‌മെന്റിനെ ചൊടിപ്പിക്കുന്നത്. ഈ നില തുടർന്നാൽ, അടുത്ത വർഷത്തെ ട്വന്റി20 ലോകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം പന്തിനു നഷ്ടമാകാൻ അധികം സമയം എടുക്കില്ല.

പന്ത് പ്രതീക്ഷിച്ച പ്രകടനം നടത്താതെ നിരാശപ്പെടുത്തുമ്പോൾ മലയാളിതാരം സഞ്ജു സാംസന്റെയും ഇഷാൻ കിഷന്റെയും സാധ്യതകളാണ് കൂടുന്നത്. ലോകകപ്പിന് മുൻപ് ടീമിൽ യുവതാരങ്ങളുടെ പരീക്ഷണം തുടരുമെന്ന് കോലിയും സെലക്ടർമാരും ആവർത്തിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി20ക്കു മുൻപ്, ഷോട്ട് സിലക്ഷനിൽ അൽപം കൂടി അച്ചടക്കം പാലിക്കണം എന്നും ഋഷഭ് പന്തിനു റാത്തോഡ് നിർദ്ദേശം നൽകി. എത്ര പ്രതിഭാസമ്പന്നനാണെങ്കിലും, മോശം ഷോട്ടിലൂടെ പുറത്തായാൽ ചെവിക്കു പിടിക്കുമെന്നു പരിശീലകൻ രവി ശാസ്ത്രി പന്തിനെ താക്കീതും ചെയ്തു. പക്ഷേ, പന്ത് നന്നായ ലക്ഷണം കാണുന്നില്ല.

അടുത്ത ട്വന്റി20 ലോകകപ്പിൽ കൂടുതൽ കെട്ടുറപ്പുള്ള ഒരു നിരയെ ഒരുക്കുക എന്നതാണു ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ദൗത്യം. സമ്മർദഘട്ടങ്ങളെ അതിജീവിക്കുന്നതിൽ കൂടുതൽ മികവു പുലർത്തുന്ന താരങ്ങളെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ എന്നു കോലി വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച ബെംഗളൂരുവിൽ നടക്കുന്ന മൂന്നാം ട്വന്റി20യിലും പന്ത് പരാജയപ്പെട്ടാൽ, ഇഷാൻ, സഞ്ജു എന്നിവർക്ക് സ്വാഭാവികമായും ഇന്ത്യൻ ടീമിലേക്കു വഴി തുറക്കും.

(ഇന്നിങ്‌സ് റൺസ് ഉയർന്ന സ്‌കോർ, ശരാശരി, സ്‌ട്രൈക്ക് റേറ്റ്)

18 - 306 - 65 - 20.40 - 123.89

ഈ വർഷം കളിച്ച 9 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ 3 തവണ മാത്രമാണ് ഋഷഭ് പന്ത് രണ്ടക്കം കണ്ടത്. 4, 40*, 28, 3, 1, 0, 4, 65*, 4 എന്നിങ്ങനെയാണ് ഈ വർഷം ഇന്ത്യയ്ക്കായി കളിച്ച ട്വന്റി20 മത്സരങ്ങളിൽ പന്തിന്റെ സ്‌കോറുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP