Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശ്രീനാരായണ സമാധി ദിനത്തിൽ കലാശക്കൊട്ടു നടത്തിയാൽ ഈഴവർ പിണങ്ങുമെന്ന് ഭയം; മൂന്ന് പാർട്ടികളും ഇന്ന് പ്രചാരണം പൊടിപൂരമാക്കാൻ ശ്രമം തുടങ്ങി; അനായാസ വിജയം കാത്തിരിക്കുന്ന യുഡിഎഫ് ക്യാമ്പിൽ ആശങ്ക; മികച്ച സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ വിജയം ഉറപ്പായിരുന്നുവെന്ന് പഴിച്ച് എൽഡിഎഫും; നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിൽ ബിജെപി: പാലായുടെ ചരിത്രത്തിലെ രണ്ടാമത്തെ എംഎൽഎ ആരായിരിക്കും?

ശ്രീനാരായണ സമാധി ദിനത്തിൽ കലാശക്കൊട്ടു നടത്തിയാൽ ഈഴവർ പിണങ്ങുമെന്ന് ഭയം; മൂന്ന് പാർട്ടികളും ഇന്ന് പ്രചാരണം പൊടിപൂരമാക്കാൻ ശ്രമം തുടങ്ങി; അനായാസ വിജയം കാത്തിരിക്കുന്ന യുഡിഎഫ് ക്യാമ്പിൽ ആശങ്ക; മികച്ച സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ വിജയം ഉറപ്പായിരുന്നുവെന്ന് പഴിച്ച് എൽഡിഎഫും; നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിൽ ബിജെപി: പാലായുടെ ചരിത്രത്തിലെ രണ്ടാമത്തെ എംഎൽഎ ആരായിരിക്കും?

മറുനാടൻ മലയാളി ബ്യൂറോ

പാലാ: പാലാക്കാർ വിധിയെഴുതുന്നത് തിങ്കളാഴ്‌ച്ചയാണ്. വാശിയേറിയ പ്രചരണത്തിന് സമാപനം കുറിച്ചുള്ള കലാശക്കൊട്ടു നടക്കേണ്ടത് നാളയാണ്. എന്നാൽ, നാളെ ശ്രീനാരാണയണ സമാധി ദിനം ആയതിനാൽ ഇന്ന് കലാശക്കൊട്ടു നടത്താനാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. അടുത്ത 2 ദിനം നിശ്ശബ്ദ പ്രചാരണം മാത്രയി ഒതുങ്ങും. നാളെ വൈകിട്ടു വരെ പരസ്യ പ്രചാരണം നടത്താമെങ്കിലും ശ്രീനാരായണ ഗുരു സമാധി ദിനം ആയതിനാൽ നാളെ പ്രചാരണം വേണ്ടെന്ന് മൂന്നു മുന്നണികളും തീരുമാനിച്ചു.

മുന്നണികളുടെ പ്രചാരണ സമാപനം പാലാ നഗരത്തിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ പ്രചാരണ സമാപന പരിപാടി മൂന്നിന് തുടങ്ങും. ടൗൺ ബസ് സ്റ്റാൻഡ് മുതൽ ടൗൺ ഹാൾ വരെയാണ് പരിപാടി. എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന്റെ പ്രചാരണത്തിന്റെ കലാശക്കൊട്ടും മൂന്നിന് ടൗൺ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കും. ളാലം പാലം വരെയാണ് പരിപാടികൾ. എൻഡിഎ സ്ഥാനാർത്ഥി എൻ. ഹരിയുടെ പ്രചാരണ പരിപാടികളുടെ സമാപനം 2.30ന് ടൗൺ ഹാളിനു സമീപത്തു നിന്നാരംഭിക്കും. ഇന്ന് ഉച്ചമുതൽ പാലാ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തകർപ്പൻ നേട്ടം പാലായിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണു യുഡിഎഫ്. എന്നാൽ, ആ മുന്നേറ്റം കാഴ്‌ച്ചവെക്കുന്ന വികാരങ്ങൾ മണ്ഡലത്തിൽ ഉണ്ടോ എന്ന കാര്യത്തിൽ ഏവർക്കും സംശയമുണ്ട്. അവരുടെ ആത്മവിശ്വാസത്തിൽ വിള്ളൽ വീഴ്‌ത്താൻ പോന്ന അട്ടിമറി സ്വപ്നത്തിൽ ഇടതുമുന്നണിയും. 2016 ൽ പാലായിൽ കാഴ്ച വച്ച ഭേദപ്പെട്ട പ്രകടനമാണു ബിജെപി മോഹങ്ങളുടെ അടിത്തറ. മന്ത്രമാർ നേിട്ടാണ് ഇടതുമുന്നണിക്ക് വേണ്ടി മണ്ഡലത്തിൽ പ്രചരണം നടത്തുന്നത്. കാടിളക്കിയുള്ള പ്രചരണത്തിന് പകരം വീടുകയറിയുള്ള പ്രചരണമാണ് ഇടതു മുന്നണി ശൈലി

ശ്രീനാരായണഗുരു സമാധി ദിനമായതിനാൽ നാളെ പൊതു പ്രചാരണത്തിൽ നിന്നു പിൻവാങ്ങാൻ മുന്നണികൾ തീരുമാനിച്ചത് മണ്ഡലത്തിലെ ഈഴവ വോട്ടിന്റെ കൂടി കാര്യം പരിഗണിച്ചു കൊണ്ടാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ബലാബലത്തിൽ പാലാ എന്തെങ്കിലും മാറ്റം വരുത്തുമോയെന്നതാണു ശ്രദ്ധേയ ചോദ്യം. ഇരുപതിൽ 19 സീറ്റും നേടി ഇടതുമുന്നണിയെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് തള്ളിവിട്ടതിന്റെ തിളക്കം മങ്ങാതെ നോക്കുകയാണ് യുഡിഎഫ്. പാലായിൽ വോട്ടെടുപ്പു നടക്കുന്ന 23നു കൃത്യം 4 മാസം മുൻപു പുറത്തുവന്ന ജനവിധിക്കു ശേഷം സർക്കാരും ഇടതുമുന്നണിയും കൂടുതൽ പ്രതിസന്ധികളിലേക്ക് നീങ്ങിയിട്ടേയുള്ളുവെന്ന് മുന്നണി വിലയിരുത്തുന്നു.

അതുകൊണ്ടു തന്നെ 54 വർഷം കെ.എം. മാണിക്കൊപ്പം നിന്ന സ്വാധീന മണ്ഡലത്തിൽ എൽഡിഎഫിന് ആശിക്കാനൊന്നുമില്ലെന്ന വിശ്വാസത്തിലാണു ജോസ് ടോമിനു വേണ്ടി യുഡിഎഫ് പാലാപ്പട നയിക്കുന്നത്. മാണി അനുകൂല വികാരം തുണയാകുമെന്നും അവർ കണക്കു കൂട്ടുന്നു. എന്നാൽ, മാണിയോടെ മൂന്ന് തവണ തോറ്റ മാണി സി കാപ്പനോട് പാലാക്കാർ ഇത്തവണ അനുഭാവം കാട്ടുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിന്. സർക്കാരിന്റെ വികസന നേട്ടങ്ങളും കർഷക ആഭിമുഖ്യവും പറഞ്ഞ് പാലാക്കാരുടെ മനസ്സ് ഉണർത്താൻ കഴിയുമോയെന്നാണ്,

പാർട്ടി പൊളിറ്റ് ബ്യൂറോ യോഗം പോലും മാറ്റിവച്ചുള്ള 3 ദിവസത്തെ പ്രചാരണത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നോക്കുന്നത്. വിവാദങ്ങളിൽ കക്ഷി ചേരാത്ത സൂക്ഷ്മത പിണറായി പുലർത്തിയപ്പോൾ ശബരിമലയെ അവസാന ലാപ്പിൽ പ്രചാരണ വിഷയമാക്കാൻ കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണിക്കു സാധിച്ചു. എന്നാൽ, ശബരിമല വിഷയത്തിൽ നിന്നും തിരിച്ചു വിട്ട് അഴിമതി വിഷയത്തിൽ ഊന്നിയാണ് ഇടതു മുന്നണിയുടെ പ്രചരണം.

ശബരിമല വിഷയത്തിൽ പ്രതികരണം വേണ്ടെന്ന പൊതുവികാരം ഇടതു നേതാക്കൾക്കിടയിലുണ്ട്. ശബരിമലയിൽ തെറ്റുപറ്റിയെന്ന് പാലായിൽ വച്ചു തുറന്നു പറയാൻ പിണറായി തയാറുണ്ടോയെന്ന ആന്റണിയുടെ ചൂണ്ടയിൽ മുഖ്യമന്ത്രി കൊത്തിയില്ല. ശബരിമലയും നവോത്ഥാനവും സംബന്ധിച്ച നിലപാടുകൾ ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയിൽ വിശദീകരിക്കാതെ പോയതു തിരിച്ചടിക്കു വഴിവച്ചുവെന്ന് വിലയിരുത്തിയ സിപിഎം, പക്ഷേ എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും ശക്തമായ താലൂക്ക് യൂണിയനുകളുള്ള പാലായിൽ ശബരിമലയെക്കുറിച്ചു മൗനത്തിലാണ്.

വിശ്വാസികൾക്കായി നിയമനിർമ്മാണത്തിന് തയാറാണെന്ന് ആന്റണിക്കു മറുപടി നൽകിയ കേന്ദ്രമന്ത്രി മുരളീധരൻ ഒരു ദിവസം പാലായിലുണ്ടായെങ്കിലും എൻ. ഹരിക്കു വേണ്ടി ബിജെപി അദ്ദേഹത്തെ പൊതു യോഗത്തിനിറക്കിയില്ല. കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. മാണി സി. കാപ്പനു വേണ്ടി നേരത്തെ സംസാരിച്ച എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തിരുത്താൻ ഇതാദ്യമായി പ്രചാരണത്തിന് എത്തിയ തുഷാർ വെള്ളാപ്പള്ളി തയാറായത് ബിജെപിക്ക് ആശ്വാസവുമായി.

1965ൽ പാലാ മണ്ഡലം ഉണ്ടായ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത്. അതുകൊണ്ട മാണിക്ക് പകരം മണ്ഡലത്തിൽ ആരു വരും എന്ന ആകാംക്ഷ നിറഞ്ഞു നിൽക്കുന്ന അവസ്ഥയാണുള്ളത്. കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയഭാവി കൂടി നിർണയിക്കുന്ന വിധത്തിൽ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP