Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറയുന്ന പാർട്ടിക്ക് ദൈവ വിശ്വാസികളെ രമ്യതയിലാക്കേണ്ടുന്ന ഗതികേട്; ദൈവ സ്‌നേഹത്തെക്കുറിച്ച് പറഞ്ഞു തള്ളിമറിക്കുന്ന പാതിരിമാർക്കും മെത്രാന്മാർക്കും നാണമില്ലേ? ഇടവകയിലുള്ളവർക്ക് വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടല്ലേ തർക്ക പരിഹാരത്തിനായി രാഷ്ടീയ നേതൃത്വത്തെ ആശ്രയിക്കേണ്ടി വന്നത്? ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി തർക്കം പരിഹരിക്കാൻ സിപിഎം ഏരിയാ കമ്മറ്റി ഓഫീസിൽ രഹസ്യചർച്ച; ചർച്ചയുടെ പേരിൽ സഭയ്ക്കുള്ളിൽ കടുത്ത വിമർശനം

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറയുന്ന പാർട്ടിക്ക് ദൈവ വിശ്വാസികളെ രമ്യതയിലാക്കേണ്ടുന്ന ഗതികേട്; ദൈവ സ്‌നേഹത്തെക്കുറിച്ച് പറഞ്ഞു തള്ളിമറിക്കുന്ന പാതിരിമാർക്കും മെത്രാന്മാർക്കും നാണമില്ലേ? ഇടവകയിലുള്ളവർക്ക് വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടല്ലേ തർക്ക പരിഹാരത്തിനായി രാഷ്ടീയ നേതൃത്വത്തെ ആശ്രയിക്കേണ്ടി വന്നത്? ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി തർക്കം പരിഹരിക്കാൻ സിപിഎം ഏരിയാ കമ്മറ്റി ഓഫീസിൽ രഹസ്യചർച്ച; ചർച്ചയുടെ പേരിൽ സഭയ്ക്കുള്ളിൽ കടുത്ത വിമർശനം

എം മനോജ് കുമാർ

പത്തനംതിട്ട: മാർത്തോമാ സഭയുടെ പള്ളി പുതുക്കി പണിയുന്ന പ്രശ്‌നം തർക്ക വിഷയമായപ്പോൾ പ്രശ്‌നം പരിഹരിക്കാൻ സിപിഎം ഏരിയാ കമ്മറ്റി ഓഫീസിൽ രഹസ്യ ചർച്ച. പള്ളി വഴക്ക് പാർട്ടി ഓഫീസിൽ എത്തിയ പ്രശ്‌നം സഭയിലും സിപിഎമ്മിലും പുകയുകയുമാണ്. ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനാണ് സിപിഎം ഏരിയാ കമ്മറ്റി ഓഫീസിൽ രഹസ്യ ചർച്ച നടന്നത്. ചർച്ച ഇനിയും തുടരും. തിങ്കളാഴ്ച നടന്ന ചർച്ചയിൽ തീരുമാനമായിട്ടില്ല. ചർച്ച നടന്നതോടെ ഒപ്പം വിവാദവും തലപൊക്കി. ഈ തിങ്കളാഴ്ചയാണ് സഭാ വിശ്വാസികളുടെ മനസ്സിൽ ഭൂകമ്പത്തിനു തുടക്കമിട്ടു സഭാ നേതാക്കൾ സിപിഎമ്മിന്റെ ഇരവിപേരൂർ ഏരിയാ കമ്മറ്റി ഓഫീസിൽ ചർച്ചയ്ക്ക് എത്തിയത്. സിപിഎം സംസ്ഥാന കമ്മറ്റിയംഗം അഡ്വ. അനന്ത ഗോപന്റെ നേതൃത്വത്തിലായിരുന്നു മധ്യസ്ഥ ചർച്ച. ഇടവക ഭാരവാഹികളും പള്ളി സംരക്ഷണ സമിതിക്കാരും ഒരുമിച്ചാണ് സിപിഎം ഏരിയാ കമ്മറ്റി ഓഫീസിൽ ചർച്ചയ്ക്ക് എത്തിയത്. പ്രശ്‌നം മാർത്തോമാ സഭയ്ക്കുള്ളിൽ ഇപ്പോൾ കൊടുങ്കാറ്റായി ആഞ്ഞുവീശുകയാണ്.

മാർത്തോമ്മ പള്ളി പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ സിപിഎം ഏരിയാ കമ്മറ്റി ഓഫീസിൽ ചർച്ച നടത്തിയെന്നും ചർച്ചയ്ക്ക് താൻ നേതൃത്വം നൽകിയെന്നും സിപിഎം സംസ്ഥാന കമ്മറ്റിയംഗം അനന്തഗോപൻ മറുനാടൻ മലയാളിയോട് സ്ഥിരീകരിക്കുകയും ചെയ്തു. ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിനാണ് സിപിഎം ഏരിയാ കമ്മറ്റി ഓഫീസിൽ രഹസ്യ ചർച്ച നടത്തിയത്. സഭാ തർക്കങ്ങൾ പരിഹരിക്കാൻ സഭയ്ക്ക് ഒട്ടനവധി സംവിധാനങ്ങളും കോടതികളും മുന്നിൽ നിൽക്കെയാണ് സഭാ നേതാക്കൾ എല്ലാം ഒഴിവാക്കി സിപിഎം ഏരിയാ കമ്മറ്റി ഓഫീസിൽ ചർച്ചയ്ക്ക് എത്തിയത്. ഇരവിപേരൂർ വ് പള്ളി പൊളിച്ചുപണിയാനുള്ള നീക്കത്തിനെതിരെ വിശ്വാസികൾ ഹർജി നൽകിയപ്പോൾ ഈ ജനുവരിയിൽ പള്ളി പൊളിച്ചു പണിയുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പള്ളിത്തർക്കം ആദ്യമായി പുറം ലോകത്ത് എത്തിച്ചത് മറുനാടനായിരുന്നു. 120 വർഷം മുൻപ് തച്ചു ശാസ്ത്ര പ്രകാരം നിർമ്മിച്ച ചരിത്ര സ്മാരകം പൊളിക്കാനുള്ള നീക്കത്തിനാണ് വിശ്വാസികൾ എതിര് നിൽക്കുന്നത്. അനുരഞ്ജന നീക്കത്തിനാണ് സിപിഎം അനന്തഗോപന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയത്.

കോളിളക്കമുണ്ടാക്കിയ സഭാ ചർച്ചയെക്കുറിച്ച് അനന്തഗോപന്റെ പ്രതികരണം:

ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ച സിപിഎം ഏരിയാ കമ്മറ്റി ഓഫീസിൽ നടന്നു. ഞാൻ ചർച്ചയിൽ സംബന്ധിച്ചിരുന്നു. പള്ളി തർക്കം ചർച്ച ചെയ്തില്ല. ചർച്ചയിൽ തീരുമാനമായില്ല. ഇനി അടുത്ത ചർച്ച നടക്കും.

പള്ളിതർക്ക നിർമ്മാണവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ലൈസൻസ് സംബന്ധമായ പ്രശ്‌നമാണ് ചർച്ച നടത്തിയത്. പള്ളി പൊളിക്കണം എന്നും പൊളിക്കേണ്ടതില്ല എന്നും പറഞ്ഞും തർക്കം നിലനിൽക്കുന്നുണ്ട്. കോടതി കേസ് നിലനിൽക്കുന്നു. കൂടുതൽ ആരാധകരും കുടുംബങ്ങളും ഉള്ള സ്ഥലമാണ്. പള്ളി പുതുക്കിപ്പണിയുന്നതിൽ കുഴപ്പം പറയാൻ കഴിയില്ല. വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമാണ് നിലനിൽക്കുന്നത്. വ്യക്തിയുടെതാണ് സ്ഥലം എന്നും അതല്ല പള്ളിയുടെതാണ് സ്ഥലം എന്നും തർക്കം നിലനിൽക്കുന്നുണ്ട്.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ഉറച്ചു വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ ഓഫീസിൽ പള്ളി തർക്കം പരിഹരിക്കാൻ ചർച്ച നടത്തിയത് സഭാ വിശ്വാസികളുടെ നെറ്റി ചുളിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ ഇരമ്പിയാർക്കുന്ന പ്രതിഷേധമാണ് മാർത്തോമാ സഭാ വിശ്വാസികൾ പങ്കു വഹിക്കുന്നത്.

ദൈവസ്‌നേഹത്തെക്കുറിച്ച് മൈക്കിനു മുന്നിൽ തള്ളിമറിക്കുന്ന പാതിരിമാർക്കും മെത്രാന്മാർക്കും നാണമില്ലേ? ഇടവക ജനങ്ങൾക്ക് നിങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടല്ലേ തർക്ക പരിഹാരത്തിനായി രാഷ്ടീയ നേതൃത്വത്തെ ഇരുകൂട്ടരും ആശ്രയിക്കുന്നത്? അല്ലെങ്കിൽ എന്തിനാണ് രാഷ്ട്രീയ നേതൃത്വത്തെ ഇടപെടാൻ അനുവദിച്ചത്? സോഷ്യൽ മീഡിയകളിൽ തുരുതുരെ പോസ്റ്റുകളാണ് ഈ രീതിയിൽ പ്രത്യക്ഷപ്പെടുന്നത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന തത്വസഹിംതയിൽ വിശ്വസിക്കുന്ന പാർട്ടിക്കിപ്പോൾ, ദൈവത്തിൽ വിശ്വസിക്കുന്നു എന്നവകാശപ്പെടുന്ന മണ്ടന്മാരെ രമ്യതയിലാക്കേണ്ടുന്ന ഗതികേടും! പള്ളി ഭാരവാഹികളും, പള്ളി സംരക്ഷണ സമിതിക്കാരും തമ്മിൽ പാർട്ടി നേതാക്കളുമായി ഒരേ ചർച്ച - ( യേശു ക്രിസ്തുവിന്റെ വചനങ്ങൾ പെട്ടിയിൽ പൂട്ടി വെച്ചിട്ടായിരുന്നു ചർച്ച). അപ്പോ, നമുക്ക് നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്‌നേഹിക്കുക എന്നെഴുതിയ ബൈബിളങ്ങ് കത്തിച്ചു കളയാം. - ഒപ്പം വിശ്വാസ പ്രമാണവും.

സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് ഇങ്ങനെ:

ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ സി പി എം ഏര്യാ കമ്മറ്റി ഓഫീസിൽ ഇരു കൂട്ടരുമായി മധ്യസ്ഥ ചർച്ച നടന്നു. സി പി എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ. അനന്ത ഗോപന്റെ നേതൃത്വത്തിലായിരുന്നു മധ്യസ്ഥ ചർച്ച നടന്നത്.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന തത്വസഹിംതയിൽ വിശ്വസിക്കുന്ന പാർട്ടിക്കിപ്പോൾ, ദൈവത്തിൽ വിശ്വസിക്കുന്നു എന്നവകാശപ്പെടുന്ന മണ്ടന്മാരെ രമ്യതയിലാക്കേണ്ടുന്ന ഗതികേടും! പള്ളി ഭാരവാഹികളും, പള്ളി സംരക്ഷണ സമിതിക്കാരും തമ്മിൽ പാർട്ടി നേതാക്കളുമായി ഒരേ ചർച്ച - ( യേശു ക്രിസ്തുവിന്റെ വചനങ്ങൾ പെട്ടിയിൽ പൂട്ടി വെച്ചിട്ടായിരുന്നു ചർച്ച ) അപ്പോ, നമുക്ക് നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്‌നേഹിക്കുക എന്നെഴുതിയ ബൈബിളങ്ങ് കത്തിച്ചു കളയാം. - ഒപ്പം വിശ്വാസ പ്രമാണവും.

'ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക. ' ഇതൊന്നും നടക്കുന്ന കാര്യമല്ലെന്നല്ലേ നിങ്ങൾ പഠിപ്പിക്കുന്നത്? ഈ വാക്യങ്ങൾ നിങ്ങൾ വേണ്ട യിടത്തും വേണ്ടാത്തിടത്തും പ്രയോഗിക്കാറില്ലേ?

Lighted to Lighten എന്നെഴുതി നെഞ്ചത്ത് തൂക്കി നടക്കുന്ന യോഗ്യന്മാരൊക്കെ ഇവിടെ ഒക്കെ ഉണ്ടോ?

ദൈവസ്‌നേഹത്തെ ക്കുറിച്ച് മൈക്കിനു മുന്നിൽ തള്ളിമറിക്കുന്ന പാതിരിമാർക്കും മെത്രാന്മാർക്കും നാണമില്ലേ? ഇടവക ജനങ്ങൾക്ക് നിങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടല്ലേ തർക്ക പരിഹാരത്തിനായി രാഷ്ടീയ നേതൃത്വത്തെ ഇരുകൂട്ടരും ആശ്രയിക്കുന്നത്? അല്ലെങ്കിൽ എന്തിനാണ് രാഷ്ട്രീയ നേതൃത്വത്തെ ഇടപെടാൻ അനുവദിച്ചത്?
മാർത്തോമ്മ മെത്രാപ്പൊലീത്തായുടെ അനുമതിയോടെ ആണോ ഇടവക ഭാരവാഹികൾ ചർച്ച യിൽ പങ്കെടുത്തത്? വൈസ് പ്രസിഡന്റ്,, ട്രസ്റ്റി, സെക്രട്ടറി തുടങ്ങിയ കേമന്മാർ രാഷ്ട്രീയ നേതൃത്വത്തിന്റെ മുന്നിൽ വാലും ചുരുട്ടി ഇരുന്നതിന് ആരാണ് ഉത്തരവാദി?
നിങ്ങൾ വാ തോരാതെ പറയുന്ന രമ്യത, കൂട്ടായ്മ, അനുതാപം, കരുതൽ ഒക്കെ എവിടെ പോയി?
നാളെ പള്ളി വഴക്കുകളിൽ ഇതേ കീഴ്‌വഴക്കം കാണിച്ച് കോൺഗ്രസ്, ബിജെപി, എസ്ഡിപിഐ, തുടങ്ങിയ രാഷ്ടീയ കക്ഷികൾ ഇടപെടാൻ മാർത്തോമ്മ സഭ അനുവദിക്കുമോ?

രാഷട്രീയ നേതൃത്വവുമായി ചർച്ചക്ക് പോവുന്നതിനു മുന്നേ ഇടവക വികാരി മെത്രാപ്പൊലീത്തായെ വിവരം ധരിപ്പിച്ചിരുന്നോ? മെത്രാന്റ അനുമതിയോടെ യാണോ പള്ളി ഭാരവാഹികൾ ചർച്ചയിൽ പങ്കെടുത്തത്? ഈ മധ്യസ്ഥ ചർച്ച സംബന്ധിച്ച് മെത്രാപ്പൊലീത്ത പ്രാദേശിക സി പി എം നേതൃത്വവുമായി എന്തെങ്കിലും ചർച്ച യോ കത്തിടപാടോ നടത്തിയിരുന്നോ? ഒരേ ഇടവകയിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ സഭാ നേതൃത്വം എന്തുകൊണ്ട് ഇടപെടാതെ രാഷ്ട്രീയ നേതൃത്വത്തെ ഇടപെട്ടുവിച്ചു.? ഇടവകയ്ക്കും സഭയ്ക്കും കേവലം
Permissive pocesition മാത്രമുള്ള പള്ളി പൊളിക്കാൻ എന്തിനാണിത്ര തിടുക്കം? പള്ളി നിൽക്കുന്ന സ്ഥലം സംബന്ധിച്ച ഉടമസ്ഥാവകാശ തർക്കം വിവിധ കോടതികളിലും സർക്കാരിലും നിലനിൽക്കുന്നതിനിടയിലാണ് ഈ ചർച്ച എന്നതും കൗതുകകരമാണ്. ഭരണകക്ഷിയെ സ്വാധീനിച്ച് കാര്യങ്ങൾ നടത്തിയെടുക്കാനുള്ള ശ്രമത്തിനാണ് ഇടവകയും സഭയും ശ്രമിച്ചതെന്ന് വ്യാഖ്യാനിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ലല്ലോ?

പുരാതനമായ ഈ കെട്ടിട സമുച്ചയം എന്തുകൊണ്ട് സഭയ്ക്ക് സംരക്ഷിച്ചു കൂടാ.?
ഇത്തരം തർക്ക വിഷയങ്ങൾ പരിഹരിക്കുന്നതിന് രാജ്യത്തെ നിയമ സംവിധാനങ്ങളെ ഉപയോഗിക്കുന്നതിന് പുറമേ സഭയ്ക്ക് ഇത്തരം പ്രശ്‌ന പരിഹാര വേദികളില്ലേ?
വിശ്വാസികൾ തമ്മിലുള്ള തർക്കത്തിൽ നിങ്ങൾ ബാഹ്യ ശക്തികൾക്ക് കൈ കടത്താൻ അവസരം നല്കുന്നത് തികച്ചും അപകടകരമായ സ്ഥിതിയാണ്.
നാളെ ഏത് വിധ്വംസക ശക്തിയും നിങ്ങളുടെ വിശ്വാസ സംരക്ഷകരായി അവതരിക്കും - ഇപ്പോൾ സംസ്ഥാനം ഭരിക്കുന്ന ഭരണ കക്ഷിയെ ഇടപെടുവിക്കുന്ന അതേ ലാഘവത്തോടെ നാളെ ഒരു ഗുണ്ടാ സംഘത്തിന്റെ മധ്യസ്ഥതയിൽ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാൽ എന്ത് ചെയ്യും?

ഇടയന്മാരും മഹാ ഇടയന്മാരും വെറും എടുപ്പുകുതിരകളായിപ്പോയതിന്റെ ദുരന്തമാണിതെല്ലാം - കള്ളക്കൂട്ടങ്ങൾ !
മുഖം നഷ്ടപ്പെട്ട വികൃത രൂപങ്ങൾ ! നിഷ്പക്ഷ നിലപാടുകൾ ഇല്ലാതെ പോയ നേതൃത്വം മേൽത്തട്ടിലിരിക്കുമ്പോൾ ഇതും ഇതിലപ്പുറവും നടക്കും! Trust is everything; without trust, there is nothing ഇതാണ് നേതാവിനെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചും പറയാറുള്ളത്.
സത്യത്തിലും നീതിയിലും സഞ്ചരിക്കാത്ത ഇപ്പോഴത്തെ സഭാ നേതൃത്വത്തെ എങ്ങനെ വിശ്വസിക്കും. ?

കഴിവുകെട്ട, വിശ്വാസ വഞ്ചകരായ സഭാ നേതൃത്വത്തെ ചരിത്രം കുറ്റക്കാരെന്ന് മുദ്രയടിക്കും - വിശ്വാസം നഷ്ടപ്പെടുത്തിയ നേതൃത്വം ഇറങ്ങിപ്പോകണം. തുടരാൻ അവകാശമില്ല.
ഇപ്പോഴാണ് വെള്ള തേച്ച ശവക്കല്ലറകളെ കുറിച്ചുള്ള പ്രവചനം സത്യമായി പരിണമിച്ചത്.
ഒന്നുറപ്പായി, ഈമാർത്തോമ്മ സഭ എന്ന പ്രസ്ഥാനത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണികൾ നിങ്ങൾ തന്നെ നല്ല ഭേഷായി അടിച്ചു കേറ്റുകയാണ്. ഈ കടയുടെ ഷട്ടർ ഇടാൻ ഇനി അധിക നേരം വേണ്ടി വരില്ല.

പള്ളി പ്രശ്‌നം നിലവിൽ ഹൈക്കോടതിയിൽ

പത്തനംതിട്ട ജില്ലയിൽ പഴക്കമേറിയ ഇമ്മാനുവൽ മാർത്തോമ പള്ളി പൊളിച്ച് പുതിയത് പണിയുന്നത് ഹൈക്കോടതി തടഞ്ഞത് ഈ ജനുവരിയിലാണ്. നൂറുകൊല്ലത്തിലധികം പഴക്കമുള്ള പള്ളിക്കെട്ടിടം പൗരാണികസ്മാരകമായി നിലനിർത്തണമെന്നാവശ്യപ്പെടുന്ന ഹർജിയിലാണ് ഈ ഇടക്കാല ഉത്തരവ് വന്നത്. 120 വർഷം പഴക്കമുള്ള ഇരവിപേരൂർ ഇമ്മനുവേൽ മാർത്തോമ്മ പള്ളി പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്ത് വന്നിരുന്നു. ഏറെ ചരിത്രപ്രാധാന്യമുള്ള ഇരവിപേരൂർ പള്ളി മാർത്തോമസമഭയുടെ ആദ്യത്തെ ഓടുമേഞ്ഞ പള്ളിയാണ്. അതിലുപരി സഭയുടെ വലിയ മെത്രാപൊലീത്ത ആയ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തെ മാമോദീസ മുക്കിയ പള്ളിയെന്ന പ്രത്യേകതയും ഇതിനുണ്ട്. കേരള ഏൻഷ്യന്റ് മോണമെന്റ്‌സ് ആൻഡ് ആർക്കിയോളജിക്കൽ സൈറ്റ്‌സ് ആൻഡ് റിമൈൻഡ് ആക്ട് 1968 പ്രകാരം പള്ളിക്കെട്ടിടം നിലനിർത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയെങ്കിലും വികാരി ഡാനിയേൽ വർഗീസും കൂട്ടരും പള്ളി പൊളിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നതായാണ് ആരോപണം. ഇതോടെയാണ് ഹൈക്കോടതിക്ക് മുമ്പിൽ കേസ് എത്തിയത്.

പുതുക്കിപ്പണിയാൻ റവന്യൂ അധികൃതർ നൽകിയ നിരാക്ഷേപപത്രമാണ് സ്റ്റേ ചെയ്തിട്ടുള്ളത്. ഇരവിപേരൂർ ഇമ്മാനുവൽ മാർത്തോമപള്ളി സംരക്ഷണസമിതിയാണ് പൗരാണികകെട്ടിടം പൊളിക്കുന്നതിനെതിരേ കോടതിയെ സമീപിച്ചത്. 121 കൊല്ലംമുമ്പ് പണിതതാണ് പള്ളിയെന്ന് ഹർജിക്കാർ പറയുന്നു. പുരാവസ്തുവകുപ്പ് നടത്തിയ പഠനത്തിൽ കെട്ടിടത്തിന് നൂറുകൊല്ലത്തിലധികം പഴക്കമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പൗരാണികസ്മാരകമായി പ്രഖ്യാപിക്കുന്ന നടപടി വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ചരിത്രപ്രാധാന്യമുള്ളതും സംരക്ഷിത സ്മാരകമായി നിലനിർത്തേണ്ടതുമായ ഈ ദേവാലയം നിലനിർത്താൻ സർക്കാർ നേരിട്ട് ഇടപെട്ട് നിലനിർത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്. കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് സംരക്ഷിത സ്മാരകമായി നിലനിർത്തേണ്ട ഒട്ടേറെ ക്രൈസ്തവ ദേവാലയങ്ങൾ പൊളിച്ച് കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുന്നത് പതിവായിരിക്കുകയാണ്. ഇത്തരം നിർമ്മാണങ്ങളിലൂടെ ഒരു സംഘം വൈദികർക്കും അവരുടെ അനുയായികൾക്കും ലഭിക്കുന്ന ലക്ഷങ്ങളുടെ കമ്മീഷനാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്ന് ആരോപണമുണ്ട്. പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ കൈവശമില്ലാതെ അനധികൃതമായാണ് വൈദികർ കെട്ടിടനിർമ്മാണത്തിന് അനുമതി തേടാൻ ശ്രമിക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു.

വസ്തു ശങ്കരമംഗലത്തു കുടുംബത്തിൽപ്പെട്ടവരുടേതാണെന്നാണ് തണ്ടപ്പേരിൽ പറയുന്നത്. ശങ്കരമംഗലം കുടുംബക്കാർ പള്ളി പണിയുന്നതിനായി 120 വർഷം മുൻപ് ഇടവകയ്ക്കു നൽകിയ ഭൂമിയിലാണ് ഇപ്പോൾ അനധികൃത നിർമ്മാണത്തിന് ശ്രമിക്കുന്നത്. ഉടമസ്ഥാവകാശം സംബന്ധിച്ച് തിരുവല്ല മുൻസിഫ് കോടതിയിലും കേസ് നിലനിൽക്കുമ്പോഴാണ് ഇപ്പോഴത്തെ വികാരിയുടെ നേതൃത്വത്തിൽ പള്ളി പൊളിക്കാൻ ശ്രമം നടക്കുന്നത്. റോമൻ വാസ്തുശിൽപ മാതൃകയിൽ കുന്നിന്മുകളിൽ പണിത പള്ളി വാസ്തുശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ളതാണ്. കേരള തച്ചുശാസ്ത്രവിധി പ്രകാരം നിർമ്മിച്ചതാണെന്ന് ഇതിന്റെ പല ഭാഗങ്ങളുമെന്ന് ആറന്മുള വാസ്തുവിദ്യാ പഠന കേന്ദ്രത്തിലെ വിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ട്. വെട്ടുകല്ലിൽ കുമ്മായവും സുർക്കിയും ഉപയോഗിച്ച് നിർമ്മച്ച ഈ പള്ളിയുടെ ഭിത്തികൾ 120 വർഷം പിന്നിട്ടിട്ടും യാതൊരു കേടുപാടും കൂടാതെ നിലനിൽക്കുകയാണ്. തടികൊണ്ടു നിർമ്മിച്ച മേൽക്കൂരയും ഉൾഭാഗത്തുള്ള മൂന്നു ബാൽക്കണികളും കേരളീയ തച്ചുശാസ്ത്രത്തിന്റെ പ്രതീകങ്ങളാണ്. അതുകൊണ്ടുതന്നെ പുരാവസ്തുവകുപ്പ് പള്ളി ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന നിർദ്ദേശവും വർഷങ്ങൾക്ക് മുൻപ്തന്നെ ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP