Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മാണിവികാരം വോട്ടാക്കി പാട്ടുംപാടി ജോസ് ടോം ജയിക്കുമെന്നത് വെറും മിഥ്യാധാരണ; യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത് നേരിയ മുൻതൂക്കം മാത്രം; ജോസ് ടോമിനെ 40 ശതമാനം പേർ അനുകൂലിക്കുമ്പോൾ 38 ശതമാനം പേരുടെ പിന്തുണയോടെ മാണി സി കാപ്പൻ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്; ബിജെപി സ്ഥാനാർത്ഥി ഹരിക്ക് ലഭിക്കുന്നത് 11 ശതമാനം പേരുടെ പിന്തുണ മാത്രം; മറ്റുള്ളവരും നോട്ടയും ചേർന്ന് നേടിയ 11 ശതമാനം ഇനിയും മനസ്സു തുറന്നിട്ടില്ലാത്ത വോട്ടർമാരുടെ നിലപാട്; മറുനാടൻ ഫീൽഡ് സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ

മാണിവികാരം വോട്ടാക്കി പാട്ടുംപാടി ജോസ് ടോം ജയിക്കുമെന്നത് വെറും മിഥ്യാധാരണ; യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത് നേരിയ മുൻതൂക്കം മാത്രം; ജോസ് ടോമിനെ 40 ശതമാനം പേർ അനുകൂലിക്കുമ്പോൾ 38 ശതമാനം പേരുടെ പിന്തുണയോടെ മാണി സി കാപ്പൻ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്; ബിജെപി സ്ഥാനാർത്ഥി ഹരിക്ക് ലഭിക്കുന്നത് 11 ശതമാനം പേരുടെ പിന്തുണ മാത്രം; മറ്റുള്ളവരും നോട്ടയും ചേർന്ന് നേടിയ 11 ശതമാനം ഇനിയും മനസ്സു തുറന്നിട്ടില്ലാത്ത വോട്ടർമാരുടെ നിലപാട്; മറുനാടൻ ഫീൽഡ് സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ

ടീം മറുനാടൻ

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ കടുത്ത പേരാട്ടം നടക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയുമായി മറുനാടൻ മലയാളി സർവേ. പാലാ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തോളം വോട്ടർമാരെ നേരിട്ട് കണ്ട് മറുനാടൻ ടീം നടത്തിയ റാൻഡം സർവേയിൽ യുഡിഎഫ് തങ്ങളുടെ സിറ്റിങ്ങ് സീറ്റ് നിലനിർത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിതുപോലെ യുഡിഎഫ് തരംഗം മണ്ഡലത്തിൽ പ്രകടമല്ല. മറുനാടൻ സർവേയിൽ 40 ശതമാനം പേർ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് വോട്ടുചെയ്യുമെന്ന് പറയുമ്പോൾ, 38 ശതമാനം പേർ ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പനെ അനുകൂലിക്കുന്നവരാണ്. എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിയെ 11 ശതമാനം പേർ അനുകൂലിക്കുന്നു.

ഈ സർവേയിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം മറ്റുള്ളവർക്കും നോട്ടക്കും കിട്ടിയ വർധിച്ച പിന്തുണയാണ്. മറ്റുള്ളവർ 6 ശതമാനവും നോട്ട 5 ശതമാനവും വോട്ടുകൾ നേടുമെന്നാണ് സർവേയിൽ കാണുന്നത്. അതായത് ചെറുതല്ലാത്ത ഒരു വിഭാഗം ഇനിയും ആർക്ക് വോട്ടുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. പാലായിൽ അന്തിമ വിധി നിർണ്ണയിക്കുക അവസാന നിമിഷം തീരുമാനമെടുക്കുന്ന ഇത്തരം വോട്ടർമാർ തന്നെ ആയിരിക്കും. തങ്ങളുടെ അഭിപ്രായം മനസ്സിൽ മാത്രം സൂക്ഷിച്ച ഈ വോട്ടർമാർ ഒരു അട്ടിമറി സാധ്യതയിലേക്കും വിരൽ ചൂണ്ടുന്നുണ്ട്. എതായാലും പാലായിൽ ആർക്കും ഈസി വാക്കോവർ ഇല്ലെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

പാലാ ഉപതെരഞ്ഞെടുപ്പ്- സർവേ ചിത്രം ഇങ്ങനെ

യുഡിഎഫ് - 40

എൽഡിഎഫ്- 38

എൻഡിഎ- 11

മറ്റുള്ളവർ- 6

നോട്ട -5

പോരാട്ടം കനക്കുമ്പോൾ

കഴിഞ്ഞ തവണ ബാർ കോഴയടക്കമുള്ള പ്രതികൂല വിഷയങ്ങൾ കത്തിനിൽക്കുന്ന സമയത്ത് അതിനെയൊക്കെ അതിജീവിച്ചായിരുന്നു കഴിഞ്ഞ തവണ പാലയിൽ കെ എം മാണിയുടെ വിജയം. വെറും 4703 വോട്ടുകൾക്കാണ് അദ്ദേഹം എൽഡിഎഫിലെ മാണി സി കാപ്പനെ മറികടന്നത്. 2011ലെ തെരഞ്ഞെടുപ്പിൽ വെറും 5259 വോട്ടായിരുന്നു മാണിയുടെ ഭൂരിപക്ഷം. അന്നും മാണി സി കാപ്പൻ തന്നെയായിരുന്നു എതിരാളി. എൽഡിഎഫ് കുറഞ്ഞുവരുന്ന ഈ ഭൂരിപക്ഷക്കണക്കിൽ പ്രതീക്ഷയർപ്പിക്കുമ്പോൾ, കെ എം മാണിയുടെ മണ്ഡലം ഒരിക്കലും തങ്ങളെ കൈവിടില്ല എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. അന്തരിച്ച മാണിയോടുള്ള അനുതാപ തരംഗം തുണയാകുമെന്നും യുഡിഎഫ് വിജയിരുത്തുന്നു. സംസ്ഥാന സർക്കാറിന് എതിരായ ഭരണവിരുദ്ധ വികാരവും തങ്ങൾക്ക് തുണയാകുമെന്ന് യുഡിഎഫ് കരുതുന്നു.

അതേസമയം കേരളാ കോൺഗ്രസ് വിഭാഗീയതയിലും രണ്ടില ചിഹ്നം നഷ്ടപ്പെട്ടത് അടക്കമുള്ള പ്രശ്നങ്ങളിലുമാണ് ഇടതുപ്രതീക്ഷ. പി ജെ ജോസഫ് വിഭാഗവും കോൺഗ്രസും അടിയൊഴുക്കു നിർണയിക്കുമെന്നുമാണ് കരുതുന്നത്. അതേസമയം മണ്ഡലത്തിലെ പരമ്പരാഗ മുൻതൂക്കം കേരളാ കോൺഗ്രസിനു പ്രതീക്ഷ നൽകുന്നു. എന്നാൽ, ഈവി വാക്കോവർ പ്രതീക്ഷിക്കുന്നുമില്ല. മത്സരം കടുക്കുമെന്ന് തന്നെയാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഈ മാസം 23നാണ് പാലാ ഉപതെരഞ്ഞെടുപ്പ്. കെ എം മാണിയുടെ നിര്യാണത്തെ തുടർന്നുവരുന്ന ഉപതെരഞ്ഞെടുപ്പിൽ, സീറ്റ് നിലനിർത്തുകയെന്നത് യുഡിഎഫിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. നിഷാ ജോസ് കെ മാണി അടക്കമുള്ള പ്രമുഖർ സ്ഥാനാർത്ഥിയാവുമെന്ന അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് യുഡിഎഫ് മുതിർന്ന നേതാവ് ജോസ് ടോമിനെ രംഗത്തിറക്കുന്നത്. നിലവിൽ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും മീനച്ചിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ് ജോസ് ടോം.

മറുഭാഗത്ത് മുതിർന്ന എൻസിപി നേതാവും ചലച്ചിത്ര നിർമ്മാതാവ്, സംവിധായകൻ, അഭിനേതാവ്, മുൻ രാജ്യാന്തര വോളിബോൾ താരം തുടങ്ങിയ വിവിധ നിലകളിൽ പ്രശസ്തനായ മാണി സി കാപ്പനെയാണ് എൽഡിഎഫ് രംഗത്തിറക്കിയത്. നിലവിൽ എൻസിപിയുടെ ദേശീയ വർക്കിങ്ങ് കമ്മറ്റി മെമ്പർ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ തവണ കെ എം മാണിക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മാണി സി കാപ്പൻ നടത്തിയത്. ഇദ്ദേഹത്തിന് മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങളും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി.

എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത് ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയായ എൻ ഹരിയെയാണ്. കഴിഞ്ഞ തവണ കെ എം മാണിക്കെതിരെ മുപ്പതിനായിരത്തിലേറെ വോട്ടുകൾ പിടിച്ച് മികച്ച മൽസരമാണ് ഹരി ഇവിടെ കാഴ്ച വെച്ചിരുന്നത്. ഈ തെരഞ്ഞെടുപ്പിലും ശബരിമല മുഖ്യ വിഷയമാക്കിയാണ് ബിജെപിയുടെ പ്രചാരണം നടത്തുന്നത്.

മണ്ഡലത്തെ സ്വാധീനിച്ച പ്രധാനഘടകങ്ങൾ നാളെ

വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ റാൻഡം സർവേയുടെ സ്റ്റാറ്റിക്കൽ മെത്തേഡു തന്നെയാണ് മറുനാടൻ ടീമും അവലംബിച്ചത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ബസ്സ്റ്റാൻഡുകളിലും ചന്തകളിലും ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തിൽപെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സർവേ പൂർത്തീകരിച്ചത്. വീടുകളിൽ നേരിട്ട് ചെന്ന് ജനവികാരം അറിയാനും സർവേ സംഘം ശ്രമിച്ചിട്ടുണ്ട്.

ഏറ്റവും പ്രധാനം ഇത് ഒരു സ്വതന്ത്രമായ അഭിപ്രായ സർവേയാണെന്നാണ്. മറുനാടൻ മലയാളിയുടെ രാഷ്ട്രീയ നിലപാടുമായി ഈ സർവേക്ക് യാതൊരു ബന്ധവുമില്ല. സർവേഫലത്തിന് അനുസരിച്ചുള്ള യാതൊരു കാമ്പയിനിങ്ങും മറുനാടന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയുമില്ല. മാത്രമല്ല എത് സർവേകളും പ്രതിഫലിപ്പിക്കുന്നത് ആ സമയത്ത് തെരഞ്ഞെടുപ്പ് നടന്നാലുള്ള രാഷ്ട്രീയ കാലാവസ്ഥയാണ്. ഇത് വളരെ പെട്ടന്ന് മാറി മറിയാം. അഭിപ്രായ സർവേകളിൽ പത്തു ശതമാനം വരെ ഹ്യൂമൻ എററുകളും വരാം. ഇന്ത്യയിലും കേരളത്തിലും എക്‌സിറ്റ്പോളുകൾ പോലും പല തവണ മാറിമാറഞ്ഞ സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്. അതായത് ഏത് സർവേയിലെയും പോലെ മറുനാടനും അടിസ്ഥാനപരമായ ചില രാഷ്ട്രീയ സൂചകങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ഇത് ഒരു അന്തിമ വിധിയല്ലെന്നും മാന്യ വായനക്കാരെ അറിയിക്കയാണ്.

ആ ഉത്തരത്തിലേക്ക് നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്നും അനുബന്ധചോദ്യങ്ങളിലൂടെ സർവേ വിശദമായി പരിശോധിച്ചിട്ടുണ്ട്. കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് മണ്ഡലത്തിൽ സഹതാപ തരംഗമുണ്ടോ, കേരളാ കോൺഗ്രസിലെ വിഭാഗീയത യുഡിഎഫിനെ ബാധിക്കുമോ, പിണറായി സർക്കാരിന്റെ വിലയിരുത്തൽ ആവുമോ ഈ തെരഞ്ഞെടുപ്പ്, ശബരിമല ഇത്തവണയും ചർച്ചയാവുമോ, പി സി ജോർജ് തെരഞ്ഞെടുപ്പിൽ സ്വാധീനിക്കമോ, വികസനം മുഖ്യ വിഷയമാവുമോ, നിഷാ ജോസ് കെ മാണിയായോണോ സ്ഥാനാർത്ഥിയാവേണ്ടിയിരുന്നത് തുടങ്ങിയ വിവിധ വിഷയങ്ങൾ സർവേ പരിശോധിച്ചിട്ടുണ്ട്. ആ വിവരങ്ങൾ മറുനാടൻ മലയാളിയിലും മറുനാടൻ ടീവിയിലുമായി നാളെ പ്രസിദ്ധീകരിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP