Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജേക്കബ് വടക്കൻചേരിയും മോഹനൻ വൈദ്യരും ആധുനിക വൈദ്യത്തെ കുറിച്ച് പറയുന്നത് പോലെയാണ് മാർക്സ് കാപ്പിറ്റലിസത്തെ കുറിച്ച് പറഞ്ഞത്; കാപ്പിറ്റലിസത്തിന്റെ പുഴുക്കുത്തുകളെ ചൂണ്ടിക്കാണിക്കയല്ലാതെ അദ്ദേഹത്തിന്റെ കൈയിൽ ബദൽ ഒന്നും ഉണ്ടായിരുന്നില്ല; മാനവികമായ രീതിയിൽ നോക്കിയാൽ നിരോധിക്കപ്പെടേണ്ട പുസ്തകമാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ; അത്രമാത്രം പകയും വെറുപ്പും അതിലുണ്ട്; മാർക്‌സിസത്തെ രൂക്ഷമായി വിമർശിച്ച് വീണ്ടും സി രവിചന്ദ്രൻ

ജേക്കബ് വടക്കൻചേരിയും മോഹനൻ വൈദ്യരും ആധുനിക വൈദ്യത്തെ കുറിച്ച് പറയുന്നത് പോലെയാണ് മാർക്സ് കാപ്പിറ്റലിസത്തെ കുറിച്ച് പറഞ്ഞത്; കാപ്പിറ്റലിസത്തിന്റെ പുഴുക്കുത്തുകളെ ചൂണ്ടിക്കാണിക്കയല്ലാതെ അദ്ദേഹത്തിന്റെ കൈയിൽ ബദൽ ഒന്നും ഉണ്ടായിരുന്നില്ല;  മാനവികമായ രീതിയിൽ നോക്കിയാൽ നിരോധിക്കപ്പെടേണ്ട പുസ്തകമാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ; അത്രമാത്രം പകയും വെറുപ്പും അതിലുണ്ട്; മാർക്‌സിസത്തെ രൂക്ഷമായി വിമർശിച്ച് വീണ്ടും സി രവിചന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: മാർക്സിസം- ലെനിനിസം എത്രമാത്രം ശാസ്ത്രീയവും യുക്തിഭദ്രവുമാണെന്ന് പരിശോധിക്കുകയാണ് പ്രശസ്ത എഴുത്തുകാരനും സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ സി രവിചന്ദ്രൻ. 'ബൂർഷ്വാനദി'യെന്ന് പേരിട്ട തന്റെ പുതിയ പ്രഭാഷണത്തിൽ, കാൾ മാർക്സിന് കാപ്പിറ്റലിസത്തിന്റെ സാധ്യതകളെ കുറച്ച് വേണ്ടത്ര അറിവില്ലായിരുന്നുവെന്നും, ജേക്കബ് വടക്കൻചേരിയും മോഹനൻ വൈദ്യരും ആധുനിക വൈദ്യത്തെകുറിച്ച് പറയുന്നതുപോലെയാണ് അദ്ദേഹം കാപ്പിറ്റലിസത്തെക്കുറിച്ച് പറഞ്ഞത് എന്നുമുള്ള സി.രവിചന്ദ്രന്റെ വാദം സോഷ്യൽ മീഡിയയിൽ ശക്തമായ പ്രത്യയശാസ്ത്ര ചർച്ചകൾക്ക് വഴിവെച്ചിരിക്കയാണ്. കാപ്പിറ്റലിസത്തിന്റെ പുഴുക്കുത്തുകളെ ചൂണ്ടിക്കാണിക്കയല്ലാതെ മാർക്സിന്റെ കൈയിൽ ബദൽ ഒന്നുമുണ്ടായിരുന്നില്ല. ആധുനിക ധനതത്വശാസ്ത്രവും മാർക്സുമായി യാതൊരു ബന്ധവുമില്ല. മാനവികമായ രീതിയിൽ നോക്കിയാൽ നിരോധിക്കപ്പെടേണ്ട പുസ്തകമാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. അത്രമാത്രം പകയും വെറുപ്പും അതിലുണ്ടെന്നും സി. രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.

കാപിറ്റലിസം എന്നതിന് മുതലാളിത്തം എന്ന തെറ്റായ തർജ്ജമയാണ് കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്നതും, മൂലധനവ്യവസ്ഥ എന്ന അർഥത്തിലാണ് അത് ഉപയോഗിക്കേണ്ടതെന്നും സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി. നേരത്തെ കാപ്പിറ്റലിസം എന്താണെന്ന് വിശദീകരിച്ചുകൊണ്ട് നടത്തിയ 'ആനയും ഉറുമ്പും' എന്ന പ്രഭാഷണത്തിന്റെ തുടർച്ചയാണ്, തൃശൂരിൽ നടന്ന പോപ്പർ-2019 എന്ന് പേരിട്ട് നടത്തിയ ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാറിൽ 'ബൂർഷ്വാനദി' എന്ന പ്രഭാഷണം അദ്ദേഹം നടത്തിയത്.

പ്രഭാഷണം പുറത്തുവന്നതോടെ സ്വതന്ത്രചിന്തകരും മാർക്‌സിസ്റ്റ് അനുഭാവികളും തമ്മിൽ രൂക്ഷമായ സംവാദമാണ് നവമാധ്യമങ്ങളിൽ നടക്കുന്നത്. ഇഎംഎസിന്റെ കാലത്തിനുശേഷം ആദ്യമായാണ് യുക്തിവാദികളും മാർക്‌സിസ്റ്റ് അനുഭാവികളും വീണ്ടും ഈ രീതിയിൽ പോരടിക്കുന്നത്. കേവല യുക്തിവാദം കൊണ്ട് സമൂഹത്തിന് യാതൊരു ഗുണമില്ലെന്നും ജനകീയ ജനാധിപത്യ വിപ്ലവത്തിന് മണ്ണൊരുക്കുകയാണ് യുക്തിവാദികളുടെ ചുമതലയെന്നുമായിരുന്നു ഇഎംഎസ് വാദിച്ചത്. എന്നാൽ മാർക്‌സിസം -ലെനിനിസം എന്നത് അശാസ്ത്രീയമായ അന്ധവിശ്വാസമാണെന്ന് യുക്തിവാദി നേതാവ് ഇടമറുക് ഇഎംഎസിനു മറുപടിയുമായി രംഗത്ത് വന്നിരുന്നു. ആ കാലത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ഒരു സംവാദമാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.

സി രവിചന്ദ്രന്റെ 'ബൂർഷ്വാനദി'യെന്ന പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്

'ആരായിരുന്നു മാർക്സ്? ഞാൻ മാർക്സിനെ കുറിച്ച് ആദ്യമേ തന്നെ പറഞ്ഞുവെക്കുന്ന ഒരു കാര്യമുണ്ട്. അദ്ദേഹം വളരെ പ്രതിഭാശാലിയായ ഒരു മനുഷ്യനായിരുന്നു. ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഒരു ജീനിയസ് തന്നെയായിരുന്നു അദ്ദേഹം. ജീവിച്ചിരുന്ന കാലഘട്ടത്തിൽ അദ്ദേഹം താൻ നേരിട്ട് കണ്ട കുറേ സാമൂഹിക യാഥാർഥ്യങ്ങളോട് പ്രതികരിച്ചു. പക്ഷേ ആ സമൂഹം അങ്ങനെ തന്നെ നിലനിൽക്കുമെന്നും, ആ യാഥാർഥ്യങ്ങൾ തുടരുമെന്നും അദ്ദേഹം വിശ്വസിച്ചിടത്താണ് പ്രശ്നം. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്ന്, എന്നു പറഞ്ഞ ഒരാൾ അന്നത്തെ സാഹചര്യത്തിൽ മാറ്റമുണ്ടാവനുള്ള സാധ്യതകളെ കുറിച്ച് പഠിക്കുകയോ ചിന്തിക്കുകയോ ചെയ്തില്ല എന്നത് എത്ര വലിയ വിരോധാഭാസമാണ്.

കാപ്പിറ്റലിസം ഫ്ളക്സിബിൾ ആണ്. മൂന്നുറുവർഷം മുമ്പത്തെ കാപ്പിറ്റലിസമല്ല ഇന്നുള്ളത്. അന്ന് തൊഴിലാളി ഇരുട്ടുമുറിയിൽ വളരെ മോശം കണ്ടീഷനിലാണ് ജീവിച്ചിരുന്നതെങ്കിൽ, ഇന്നത്തെ എക്സിക്യൂട്ടീവ് വരുന്നത് ഹെലികോപ്റ്ററിൽ ആയിരിക്കും. അവനും ഒരു തൊഴിലാളിയാണ്. തലങ്ങൾ മാറുകയാണ്. തൊഴിലാളിയെ പേടിക്കുന്ന മുതലാളിമാർ. കാപിറ്റലിസം ഒരുപാട് മാറി പക്ഷേ. മാർക്സ് മാറിയില്ല. യഥാർഥത്തിൽ മാർക്സ് പറഞ്ഞത് കാപ്പിറ്റലിസത്തിന്റെ പുഴുക്കുത്തുകളെ കുറിച്ചും അപകടത്തെ കുറിച്ചുമായിരുന്നു. അദ്ദേഹം ഒരു ഡൂംസ് ഡേ പ്രവാചകൻ ആയിരുന്നു. തകരാൻ പോകുന്നു, ഒരു വ്യവസ്ഥ നശിക്കാൻ പോകുന്നു, അതിൽ നിരന്തരമായ പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്നവരെയാണ് നാം ഡൂംസ് ഡേ പ്രോഫറ്റ്സ് എന്ന് പറയുന്നത്. മാർക്സ് അത്തരത്തിൽ ഒരാളായിരുന്നു. ജേക്കബ് വടക്കൻചേരിയും മോഹനൻ വൈദ്യരും ആധുനിക വൈദ്യത്തെകുറിച്ച് പറയുന്നതുപോലെയാണ് മാർക്സ് കാപ്പിറ്റലിസത്തെക്കുറിച്ച് പറഞ്ഞത്. മോഡേൺ മെഡിസിനിലെ 'സോ കോൾഡ്' കൊള്ളരുതായ്മകൾ, ചൂഷണ വ്യവസ്ഥകൾ എന്നിവയെക്കുറിച്ച് അവർ സംസാരിക്കുന്നു. അപ്പോൾ നമ്മൾ വിചാരിക്കും അവരുടെ കൈയിൽ വേറെ ഏതോ മെഡിസിൽ ഉണ്ടെന്ന്. പക്ഷേ അവരുടെ കൈയിൽ മെഡിസിൻ ഒന്നുമില്ല. ഉണ്ടെങ്കിൽ ആ മെഡിസിൻ വളരെ പ്രശ്നകാരിയായ മെഡിസിൻ ആണ്. മാർക്‌സ് യഥാർഥത്തിൽ കാപ്പിറ്റലിസത്തെ സംബന്ധിച്ച ഒരു ജേക്കബ് വടക്കൻചേരിയാണ്. അനോളജി പലർക്കും ഇഷ്ടപ്പെട്ടില്ല എന്നുവരും. പക്ഷേ സത്യം അതായതുകൊണ്ട് പറയാതിരിക്കാൻ വയ്യ.' - സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.

മോഡേൺ മെഡിസിനിൽ അവയവങ്ങൾ എടുക്കാനായി മനുഷ്യനെ കൊല്ലുന്നുവെന്ന് ഇവർ പറയുന്നു. കൊല്ലുന്നത് മോഡേൺ മെഡിസിൻ അല്ലല്ലോ. മോഡേൺ മെഡിസിൻ എന്നു പറഞ്ഞാൽ എവിഡൻസ് ബേസ്ഡ് മെഡിസിൻ ആണ്. അതിൽ അവയവങ്ങൾ എടുക്കാനായി ആരെങ്കിലും ഒരാൾ മറ്റൊരാളെ കൊല്ലുകയാണെങ്കിൽ അത് മോഡേൺ മെഡിസിന്റെ കുഴപ്പമായി ചിത്രീകരിച്ചുകൊണ്ട് സ്വന്തം ചതഞ്ഞ മെഡിസിനിലേക്ക് ആളുകളെ സ്വീകരിക്കാൻ ഒരുത്തൻ ശ്രമിക്കുന്നുണ്ടെങ്കിൽ നോട്ട് ചെയ്യണം. ഇവർ ഈ സിസ്റ്റത്തിൽ ഉള്ള ന്യുനതകളെ കുറിച്ച് ബഹളം ഉണ്ടാക്കുന്നു. പക്ഷേ ആളുകൾ വിചാരിക്കുക ഇവർ ഇതെല്ലാം കഴിഞ്ഞ് മറുകരയും കടന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ, വായിക്കുന്നവരാണ് എന്നൊക്കെ. ഒന്നുമില്ല.

മാർക്സും 'മരുന്നു കമ്പനികളുടെ കൊള്ള' പോലുള്ള സാധനങ്ങൾ തന്നെയാണ് വിളിച്ചു പറഞ്ഞത്. പുള്ളിയുടെ കൈയിൽ സ്വന്തമായി ഒന്നുമില്ല. കാപിറ്റലിസത്തിന് ഇന്ന ഇന്ന പ്രശ്നങ്ങളുണ്ട്, എന്നു പറയുകയാണ് അദ്ദേഹം ചെയ്തത്. അപ്പോൾ സ്വാഭാവികമായും മാർക്സ് പോപ്പുലർ ആയി. ആ പോപ്പുലാരിറ്റി തന്നെയാണ് ഇത്തരം ആൾക്കാർക്കും കിട്ടുന്നത്. അവർ സ്വന്തമായി ഒരു ന്യായപ്രമാണം മുന്നോട്ടുവെക്കുകയോ ഒരു വർക്കബിൾ സൊലൂഷ്യൻ ചൂണ്ടിക്കാട്ടുകയോ അല്ല ചെയ്യുന്നത്. മറിച്ച് നിലവിലുള്ള ഒരു വ്യവസ്ഥയുടെ തെറ്റുകുറ്റങ്ങൾ പറയുകയാണ്. പക്ഷേ അത് തെറ്റല്ല. മാർക്സ് പറഞ്ഞതിൽ വാലീഡ് ആയ പല കാര്യങ്ങളും ഉണ്ട്. പക്ഷേ പൊതുവിൽ
കാപ്പിറ്റലിസത്തിന്റെ വടക്കൻചേരി ആവാനെ സാധിച്ചിരുന്നുള്ളൂ. കാപ്പിറ്റലിസം എന്ന മൂലധനവ്യവസ്ഥയെ ഒരു കാലത്തും മാറ്റാൻ കഴിയില്ല എന്ന് അദ്ദേഹം വിശ്വസിച്ചു. ഇത് തെറ്റായിരുന്നെന്ന് കാലം തെളിയിച്ചു.

ഇന്നിപ്പോൾ എംഎ ഇക്കണോമികസ് പഠിക്കുന്ന ഒരാൾക്ക് മാർക്സിനെ പഠിക്കേണ്ട കാര്യം തന്നെയില്ല. പലരുടെയും ധാരണ മാർക്സ് എന്നാൽ ഇക്കണോമിക്സിലെ വലിയ എന്തോ സംഭവം ആണെന്നാണ്. സത്യത്തിൽ അതൊരു അന്ധവിശ്വാസമാണ്. ആധുനിക ധനതത്വശാസ്ത്രവും മാർക്‌സുമായി ഒരു ബന്ധവുമില്ല. എം എ ഇക്കണോമിക്സിന് ഒരു പത്തുപന്ത്രണ്ട് പേപ്പർ എഴുതുന്ന ഒരു കുട്ടിക്ക് മാർക്‌സിനെ കുറിച്ച് ഒരു മാർക്കിനുപോലും പഠിക്കാതെ ഒന്നാം റാങ്ക് വാങ്ങിക്കാൻ കഴിയും. ആകെയുള്ളത് ചരിത്രം പറയുന്നിടത്തെ ചെറിയൊരു ഭാഗം മാത്രമാണ്. അത്രയെ ഉള്ളൂ. അതിനുതക്കവണ്ണമുള്ള ഒരു ഇക്കണോമിക്സ് മാർക്സ് മുന്നോട്ടുവെക്കുന്നുമില്ല. പക്ഷേ ആളുകളുടെ ധാരണ ലോകം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദദ്ധനാണ് മാർക്സ് എന്നതാണ്.

പുള്ളി ദാസ് കാപിറ്റൽ എന്ന ഒരു പുസ്തകം എഴുതി. മൂവായിരത്തിലധികം പേജുകൾ ഉണ്ട്. അതിനകത്ത് അദ്ദേഹം ഒരുപാട് വിശദീകരിക്കുന്നുണ്ട്. പക്ഷേ, എന്തുകൊണ്ടാണ് ഇന്ന് നമ്മൾ അത് ഉൾപ്പെടുത്താതിരുന്നത് എന്നുചോദിച്ചാൽ ഇന്നത് പഠിക്കേണ്ട കാര്യമില്ല എന്നാണ് ഉത്തരം. ഇന്നത്തെ അവസ്ഥയിൽ അത് വായിക്കേണ്ട ഒരു കാര്യവുമില്ല. അതുപോലൊന്നുമല്ല ഇക്കോണമി ഇന്ന് മുന്നോട്ട് പോവുന്നത്. - രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.

യൂറോപ്പിൽ ജനം കമ്യൂണിസ്റ്റ് ചിഹ്നങ്ങളെപ്പോലും ഭയക്കുന്നു

ചിലിയും എസ്റ്റോണിയയും പോലുള്ള രാജ്യങ്ങൾ എങ്ങനെ മുന്നേറിയെന്നത് കാപ്പിറ്റിലസത്തിന്റെ വിജയഗാഥകൾക്ക് ഉദാഹരണമാണെന്ന് സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി. സാമ്പത്തിക മാന്ദ്യം എപ്പോഴൊക്കെ വരുമ്പോഴും ലോകം മാർക്‌സിലേക്ക് തിരിയുന്നു എന്ന രീതിയിലുള്ള വിലയിരുത്തലുകൾ നടക്കാറുണ്ട്. ലോകം ഇതാ മാർക്സിനെ വായിക്കുന്നു എന്ന രീതിയിലൊക്കെ. എപ്പോഴൊക്കെ മോഡേൺ മെഡിസിനിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നുവോ അപ്പോൾ ഒക്കെ ജേക്കബ് വടക്കൻചേരിയുടെ പ്രസംഗങ്ങൾ കേൾക്കുന്ന പോലെയേ ഇതുള്ളൂ.
സാമ്പത്തിക കുഴപ്പങ്ങൾ വരുമ്പോൾ മാർക്സിസം തിരിച്ചുവരുമെന്നത് വെറും ആഗ്രഹ ചിന്തമാത്രമാണ്. കാരണം, ഈ മാർക്സിസം കമ്യുണിസം എന്നൊക്കെ പറയുന്നത് സിവിലൈസസ്ഡ് വേൾഡിൽ നാസിസം പോലെ ഫാസിസം പോലെ വർജ്ജിക്കുന്ന കാര്യമാണ്. ഇന്തോനേഷ്യയിൽ പോയാൽ അരിവാൾ ചുറ്റിക നക്ഷത്രം ഉള്ള ഒരു ടീഷർട്ട് ഇട്ടാൽപോലും അകത്താവും. നക്ഷത്രം, ചുറ്റിക, അരിവാൾ ഈ മൂന്നു സാധനങ്ങളും അവിടെ കാണിക്കാൻ പാടില്ല.

ഡീ കമ്യൂണിസ്റ്റേഷൻ എന്ന ഒരു സംഭവം ലോകം എമ്പാടും നടക്കുന്നുണ്ട്. പ്രധാനമായും ഇത് യൂറോപ്പിലാണ്. കാരണം അവരാണ് കമ്യൂണിസത്തെ കൊണ്ട് ഏറ്റവും കൂടുതൽ അനുഭവിച്ചത്. യൂറോപ്പിലെ ഏതാണ്ട് 11 രാജ്യങ്ങളിൽ അരിവാളും, ചുറ്റികയും, നക്ഷത്രവും മാത്രമല്ല ചെങ്കൊടിപോലും കൊണ്ടുപോവാൻ ആവില്ല. ഉക്രൈൻ, ലാറ്റ്‌വിയ, ലിത്വാനിയ, എസ്റ്റോണിയ, ജോർജിയ, മോൾഡോവാ, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, ഹങ്കറി, റുമാനിയ, ബൾഗേറിയ, മംഗോളിയ, തൊട്ട് ജർമ്മനി, തെക്കൻ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ഏതാണ്ട് പൂർണ്ണമായോ, ഭാഗികമായോ കമ്യൂണിസ്റ്റ് ചിഹ്നങ്ങൾക്ക് നിരോധനമുണ്ട്. അറിഞ്ഞവരെല്ലാം നിരോധിച്ചു. ചില രാജ്യങ്ങൾ നിരോധിച്ചത് കോടതി ഇടപെട്ട് അസാധുവാക്കിയിട്ടുണ്ട്. പക്ഷേ പലയിടത്തും നിരോധിക്കാനായി വീണ്ടും ബിൽ കൊണ്ടുവരികയാണ്. ലെനിൻ ഒരു മംഗോളിയൻ വംശജൻ ആയിരുന്നല്ലോ. ലെനിന്റെ അവസാനത്തെ പ്രതിമയും വർഷങ്ങൾക്ക് മുമ്പ് മംഗോളിയ വലിച്ച് താഴെയിട്ടു. ലോകത്തെ ആദ്യത്തെ നാസ്തിക രാജ്യമായി പ്രഖ്യപിച്ച അൽബേനിയയും കമ്യൂണിസ്റ്റ് ചിഹ്നങ്ങൾ നിരോധിച്ചു. പക്ഷേ കോടതി അസാധുവാക്കി. അവരെ സംബന്ധിച്ചിടത്തോളം തീവ്രാദത്തിന് സമാനമാണ് ഈ ചിഹ്നങ്ങൾ. അവിടെയാണ് നമ്മൾ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമ്പോൾ മാർക്സ് തിരച്ചുവരും എന്ന് പ്രചരിപ്പിക്കുന്നത്. പക്ഷേ സത്യംഇതാണ്.

ഈ പല രാജ്യങ്ങളിലെയും മാർക്സിസത്തെക്കുറിച്ച് അവഗാഹമുള്ള ബുദ്ധിജീവികളിൽ പലർക്കും ഇന്ന് ഒരു പണിയുമില്ല. സർവകലാശാലകൾ ഇവരെ പിരിച്ചുവിടുകയാണ്. ഈ പ്രശ്നത്തെക്കുറിച്ച് നിരവധി ലേഖനങ്ങൾ വന്നിട്ടുണ്ട്. രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് സഞ്ചരിച്ച് മാർക്്സിസം പഠിപ്പിക്കുന്ന പല അദ്ധ്യാപകരും ജോലി പോയി പട്ടിണിയിലാണ്. ചിലരൊക്കെ വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് പോവുകയും ചെയ്തു. ഇതൊക്കെയാണ് കമ്യൂണിസ്റ്റ് ബുദ്ധിജീവികളുടെ ഒരു പൊതു അവസ്ഥ. പക്ഷേ ഇവിടെ അവർക്ക് യാതൊരു ബുദ്ധിമുട്ടുമില്ല എന്നത് വേറൊരു കാര്യം.

മാനിഫേസ്റ്റോ നിരോധിക്കപ്പെടേണ്ട പുസ്തകം

മാർക്സിസത്തിന്റെ എന്നല്ല വിജയിച്ച ഏതൊരു പ്രത്യയശാസ്ത്രത്തിന്റെയും അടിസ്ഥാനം ഇരവാദമാണ്. പീഡിതർക്കുവേണ്ടി, പാവപ്പെട്ടവർക്ക് വേണ്ടി, നിലകൊള്ളുന്നുവെന്ന തോന്നലാണ്. ഇതുവെച്ച് നിങ്ങൾക്ക് ഏതൊരു രാഷ്ട്രീയ വ്യവസ്ഥയിലും മുന്നേറാൻ കഴിയും. വിക്റ്റിംഹുഡ് എന്നത് സക്സസ് പൊളിറ്റിക്സിന്റെ അടിസ്ഥാന സമവാക്യമാണ്. മാർക്സിസം എന്നത് മനുഷ്യനെ മനസ്സിലാക്കുന്നതിൽ ഒരു വമ്പൻ പരാജയം ആയിരുന്നു. മനുഷ്യന്റെ ആഗ്രഹങ്ങളും ചിന്തകളും സ്വഭാവങ്ങളും ഒന്നും അത് ഒട്ടും അംഗീകരിക്കുന്നില്ല. സ്വകാര്യ സ്വത്തിന്റെ നിഷേധം എന്നത് ഒട്ടും അംഗീകരിക്കാൻ കഴിയില്ല. നിങ്ങൾ മരിക്കാൻ പോവുമ്പോഴും മസ്തിഷ്‌ക്കത്തിന്റെ ആഗ്രഹം പിടിച്ചു നിൽക്കാൻ എന്തെങ്കിലും വേണം എന്നതായിരിക്കും. - സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.

വിപ്ലവം വരുമ്പോൾ കുറേപ്പർക്ക് പ്രശ്നങ്ങൾ ഉണ്ടാകും എന്നൊക്കെ പറയുന്നവർ പലരും ഉണ്ട്. അതൊക്കെ ഇതിൽ ഉള്ളതാണ് എന്ന് പറയുന്നവർ. എനിക്ക് ഏറ്റവും കൂടുതൽ ഭീകരന്മാരാണെന്ന് തോന്നിയ ആൾക്കാർ ഇത്തരക്കാരാണ്. എനിക്ക് ഭയം തോന്നിയിട്ടുണ്ട് അത്തരം ആൾക്കാരെ കുറിച്ച്. പറഞ്ഞു മനസ്സിലാക്കുക മാർക്സിസത്തിന്റെ വഴിയല്ല. അതെല്ലാം ഉട്ടോപ്യൻ സോഷ്യലിസ്റ്റുകളുടേതാണ്. പക്ഷേ പലയിടത്തും കമ്യൂണിസ്റ്റുകാരെ നമ്മൾ ന്യൂനപക്ഷത്തിന്റെ വലിയ ചാമ്പ്യന്മാരായി കാണുന്നു. എന്നാൽ ഏറ്റവും വലിയ ന്യൂനപക്ഷമായ വ്യക്തിയുടെ കാര്യം കമ്യൂണിസം എടുക്കുന്നില്ല. ഇന്ത്യൂജലിസത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്ന പ്രത്യയശാസ്ത്രമാണ് കമ്യൂണിസം. അവിടെ വ്യക്തിക്ക് യാതൊരു പ്രാധാന്യവും ഇല്ല. നിങ്ങൾ നല്ലവനാണോ, ഉദാരമതിയാണോ, സത്യസന്ധനാണോ എന്നൊന്നുമില്ല. ബൂർഷ്വയായാൽ നിങ്ങൾ വർഗ ശത്രുവാണ്. എത്ര ഭീകരമായ ഒരു ആശയമാണ്.

ബൂർഷ്വാസിയെന്നാൽ ന്യൂനപക്ഷമാണ്. പ്രോലിറ്ററേറ്റ്സ് എന്നു പറഞ്ഞാൽ ഭൂരിപക്ഷവും. അവരുടെ കൈയിൽ സ്വത്തില്ല, പണമില്ല, സമ്പത്തില്ല. ആ ന്യൂനപക്ഷത്തെ കൺവേർട്ട് ചെയ്യുക എന്ന ആശയമല്ല, ന്യുനപക്ഷത്തെ ഇല്ലാതാക്കുക എന്ന ആശയമാണ് മാർക്സ് മുന്നോട്ടുവെക്കുന്നത്.റേസിസം നമ്മൾ പലയിടത്തും നിരോധിച്ചിട്ടുണ്ട്. ഒരു വംശത്തിൽപെട്ടവർക്ക് ഉന്നതിയുണ്ട് അവർ മിടുക്കരാണ്, ഉയർന്നവരാണ് തുടങ്ങി. രണ്ടു ക്ലാസുകൾ സമൂഹത്തിൽ ഉണ്ടെന്ന് പറയുന്നതുതന്നെ മാർക്സിസ്റ്റ് വേർഷൻ ഓഫ് റേസിസം ആണ്. ഉള്ളവനും ഇല്ലാത്തവനും എന്ന രണ്ടു വർഗങ്ങൾ യഥാർഥത്തിൽ ഉണ്ടോ. മാനവികമായ രീതിയിൽ നോക്കിയാൽ നിരോധിക്കപ്പെടേണ്ട പുസ്തകമാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. അത്രമാത്രം പകയും വെറുപ്പും അതിലുണ്ട്.

ആരാണ് ബൂർഷ്വകൾ, എന്താണ് ബൂർഷ്വാ നദി

ബൂർഷ്വാ എന്നു പറഞ്ഞാൽ എന്താണ്? ഉത്പ്പാദന ഉപകരണങ്ങൾ, സ്വകാര്യ സ്വത്ത് ഇതൊക്കെ കൈവശം വെക്കുന്ന സമൂഹത്തിലെ ഒരു വിഭാഗമാണ് ബൂർഷ്വകൾ എന്നാണ് പറയുക. അവരിൽ എന്തെങ്കിലും കാണും. ഒരു കീറ് ഭൂമിയായിരിക്കും, കുറച്ച് ഉപകരണങ്ങൾ ആയിരിക്കും, സമ്പത്ത് ആയിരിക്കും. ബൂർഷ്വകളുടെ സമൂഹം ആണ് ഇവിടെ ഉള്ളതെന്നും അതിനെ തൊഴിലാളി വർഗ സമൂഹം കൊണ്ട് റീപ്ലേസ് ചെയ്യണമെന്നുമുള്ള വാദമാണ് യഥാർഥത്തിൽ മാർക്സിസം മുന്നോട്ടുവെക്കുന്നത്. - രവിചന്ദ്രൻ പറയുന്നു.

കാപിറ്റലിസം എന്നത് സത്യത്തിൽ ഒരു ബൂർഷ്വാ നദിയാണ്. ബൂർഷ്വകൾ ആണ് അതിനെ നിയന്ത്രിക്കുന്നത്. ജനാധിപത്യവും, ഇക്കണോമിയും, സംസ്‌ക്കാരങ്ങളുമൊക്കെ നിയന്ത്രിക്കുന്നത് ബൂർഷ്വകളാണ്. മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന വർഗത്തിന് യാതൊരു റോളുമില്ല. ഈ ബൂർഷ്വാ നദിയെക്കുറിച്ചുള്ള ഒരു പരാതിയാണ് യഥാർഥത്തിൽ മാർക്സ് ഉന്നയിക്കുന്നത്. കാപിറ്റലിസത്തെ ഒരു ബുർഷ്വാനദിയായി സങ്കൽപ്പിച്ചാൽ അടിഞ്ഞുകൂടുന്ന അഴുക്കുകൾ പലതുണ്ട്. കുത്തക, അതിസമ്പന്നന്മാർ ഉണ്ടാകൽ തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ. പക്ഷേ നദിയിൽ നല്ല ഒഴുക്കുണ്ടെങ്കിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടില്ല.

അഴുക്ക് അടിഞ്ഞുകൂടുന്നതിനെ തടയിടുന്ന ഏറ്റവും സ്വാഭവികമായ കാര്യം ഒഴുക്കാണ്. മത്സരം ആണ് ആ ഒഴുക്ക്. പിറകിൽ ആളുണ്ട്. വേഗത കൈവരിച്ചേ മതിയാവൂ. നിങ്ങൾ ചെയ്തില്ലെങ്കിൽ മറ്റുള്ളവർ ചെയ്യും. സ്ഥിരാധ്വാനം അനിവാര്യമാണ്. നിങ്ങൾ മത്സരത്തിലാണ്. മികവ് കൈവരിക്കണം. നിലനിർത്തണം. പുതുമ കൊണ്ടുവരണം. ആരും പറയണ്ട്. ബലപ്രയോഗം വേണ്ട. എല്ലാം മത്സരം ചെയ്തുകൊള്ളും. കാപിറ്റലിസം മത്സരാധിഷ്ഠിതമാണ്. ഫ്രീ ട്രേഡ്, ഫ്രീ കോമ്പറ്റീഷൻ എന്ന് പറയുന്നത് അതിനാണ്. ഇനി നദിയുടെ ഒഴുക്ക് സ്ഥിരമായ നിലനിർത്തുന്നത് എങ്ങനെയാണ്. ഒഴുക്കുകൂടി ജലം പാഴായി പോകുന്നെങ്കിൽ തടയണകൾ കെട്ടാം. ലക്ഷ്യം വലുതാണെങ്കിൽ അണക്കെട്ട് നിർമ്മിക്കാം. പക്ഷേ തിരിഞ്ഞൊഴുക്കാൻ ആവില്ല. കമ്യൂണിസം മത്സരത്തിന്റെ മരണമാണ്. നദിയോട് തിരഞ്ഞൊഴുകാൻ ആവശ്യപ്പെടുകയാണ്.

ഫ്രീ മാർക്കറ്റിനെ കുറിച്ച് നമ്മുടെ നാട്ടിൽ സംസാരിക്കാൻ കഴിഞ്ഞിട്ട് വളരെ കുറച്ച് കാലമേ ആയിട്ടുള്ളൂ. ഒരു വളരെ മോശം പദം ആയിട്ടാണ് നമ്മൾ ഇതിനെ കാണുന്നത്. സ്വന്തം സാധ്യതകൾ മൂർത്തവൽക്കരിക്കാൻ എല്ലാവർക്കും അവസരങ്ങളും സാധ്യതകളും ഉള്ള അവസ്ഥയാണ് യഥാർഥത്തിൽ ഫ്രീ മാർക്കറ്റ്. നിങ്ങൾ മൽസരസജ്ജനാണെങ്കിൽ നിങ്ങൾക്ക് ശേഷിയുണ്ടെങ്കിൽ അവസരം ഉണ്ട്. കാപിറ്റലിസത്തിന്റെ തുറന്ന മൽസരത്തിന് സമൂഹത്തിന്റെ മൊത്തം നിലവാരം ഉയർത്താനായിട്ട് അവസരമുണ്ട്. ഇവരോട് ഇന്നത് ചെയ്യണമെന്ന് സ്റ്റേറ്റ് പറയുന്നില്ല. നീ ഇത്രയും ഉൽപ്പാദിപ്പിച്ചാൽ മതി എന്നൊന്നും പറയില്ല. നീ സ്വതന്ത്രമായി ഉൽപ്പാദിപ്പിക്കൂ, പരീക്ഷണങ്ങൾ നടത്തൂ, കണ്ടെത്തൂ എന്നാണ് പറയുന്നത്. അങ്ങനെയാണ് സമൂഹം മുന്നേറുന്നത്.

അതുപോലെ പ്രധാനമാണ് സ്വാതന്ത്ര്യവും. ക്യാപിറ്റലിസമാണ് സ്വതന്ത്ര്യം കൊണ്ടുവന്നത് എന്നൊന്നും പറയുന്നില്ല. എവിടെയാക്കെ സ്വതന്ത്ര്യമുണ്ടോ അവിടെയാക്കെ ആത്യന്തികമായി കാപിറ്റലിസം ഉണ്ടെന്നാണ് മിൽട്ടൻ ഫ്രീഡ്മാൻ പറയുന്നത്. ഇതിന്റെ അർഥം കാപ്പിറ്റലിസം ഉള്ളിടത്തൊക്കെ സ്വാതന്ത്ര്യം ഉണ്ട് എന്നല്ല. ഉദാഹരണം ചൈന. അവിടെ കാപ്പിറ്റലിസം ഉണ്ട്. പക്ഷേ സ്വാതന്ത്ര്യം ഇല്ല.

ഒരു പൂന്തോട്ടക്കാരൻ എങ്ങനെയാണ് എല്ലാ ചെടികളെയും ഒരേ രീതിയിൽ വെട്ടിയൊതുക്കുന്നതെന്ന് എന്നുനോക്കുക. അതുപോലെയാണ് കമ്യൂണിസവും. ജനങ്ങളെ ഒരേ തലത്തിലേക്ക് വെട്ടിയെടുക്കുകയാണ് ഇവർ ചെയ്യുന്നത്. മനുഷ്യന്റെ വ്യത്യസ്തതയെയും ഭിന്നതയെയും സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും അംഗീകരിക്കുന്നില്ല. സ്റ്റേറ്റ് പറയുന്ന പോളിസി നടപ്പാക്കുകയാണ് അവർ ചെയ്യുന്നത്. ഗോതമ്പ് ഉൽപ്പാദനമാണ് സ്റ്റേറ്റ് ആഗ്രഹിക്കുന്നതെങ്കിൽ എല്ലാവരും അതുതന്നെ ചെയ്തുകൊണ്ടിരിക്കുക. തുറന്ന മത്സരാവസ്ഥയിൽ സൃഷ്ടിക്കപ്പെടുന്നത് പൂന്തോട്ടമാണ്. അല്ലാതെ ഒരേ നിരക്കിൽ വെട്ടിയ ചെടികൾ അല്ല.

ഈ മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്ത ചിലരും ഉണ്ടാകും. വികലാംഗർ, ബുദ്ധിമാന്ദ്യമുള്ളവർ, വളരെ ദുർബലർ ആയിട്ടുള്ളവർ തുടങ്ങിയവർ. അവരെ എന്തു ചെയ്യണം? എല്ലായിടത്തും ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് അവരുടെ കാര്യത്തിൽ കാപ്പിറ്റലിസത്തിലും ചെയ്യാനുള്ളത്. ജോലി ചെയ്യാനും മത്സരിക്കാനും കഴിയാത്ത ദുർബലരെ സ്റ്റേറ്റ് സംരക്ഷിക്കണം. അല്ലെങ്കിൽ വൊളണ്ടറി ചാരിറ്റിയിലൂടെ സഹായിക്കണം. എന്നാൽ ജോലിചെയ്യാൻ മനസ്സില്ലാത്തവർക്ക് ഇത് ബാധകമല്ല. അവർ മത്സരത്തിൽ പങ്കെടുത്തേ പറ്റൂ. ഇതാണ് കാപിറ്റലിസം പറയുന്നത്.

വ്യക്തികൾ അധ്വാനിച്ച് സമ്പത്തുകൊണ്ടുവരുമ്പോഴാണ് മൊത്തം പുരോഗതി ആർജിക്കാൻ കഴിയുക. സമൂഹം എന്നത് വ്യക്തികളുടെ കൂട്ടമാണ്. അല്ലാതെ എന്തെങ്കിലും പിടിച്ച് പറച്ചുകൊണ്ടല്ല. അതായത് എല്ലാവരെയും ഒരേപോലെ ആക്കി തീർക്കുക എന്നത് സമൂഹത്തിന്റെ പുരോഗതിക്ക് ഒട്ടും തന്നെ ഗുണകരമല്ല. സോഷ്യലിസം എന്നാൽ കൺട്രോൾഡ് ഇക്കണോമിയാണ്. കുറെ ആളുകൾ തീരുമാനിക്കും. എങ്ങനെ ചെയ്യണം, എന്ത് ചെയ്യണം. എന്നൊക്കെ. എന്നാൽ കാപ്പിറ്റലിസം അതാത് സാഹചര്യങ്ങളിലെ മത്സരമാണ് പ്രോൽസാഹിപ്പിക്കുക. - സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP