Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുബായ് കോടതി ഉത്തരവിട്ടത് ചതികാട്ടിയ വിതരണക്കാരൻ ഫിറോസ് മന്നയിൽ നിന്ന് തട്ടിപ്പ് തുക തിരിച്ചു പിടിക്കാൻ; എത്തിസലാത്തിന്റെ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ 050 ടെലികോം പീഡിപ്പിക്കുന്നത് പാവം മലയാളി ജീവനക്കാരനേയും; 20 ലക്ഷം ലോൺ എടുപ്പിച്ചും പാസ്‌പോർട്ട് പിടിച്ചുവച്ചും തിരുവനന്തപുരത്തുകാരന് ഒരുക്കുന്നത് കരുതൽ തടങ്കൽ; ഗീത് കുമാറിനെ നാട്ടിലെത്തിക്കാൻ ഭരണകൂട വാതിലുകൾ മുട്ടി കരഞ്ഞ് മടുത്ത് ഭാര്യ: അറബിയുടെ ക്രൂരമർദ്ദനേറ്റ് തളർന്ന പ്രവാസിയുടെ കദന കഥ

ദുബായ് കോടതി ഉത്തരവിട്ടത് ചതികാട്ടിയ വിതരണക്കാരൻ ഫിറോസ് മന്നയിൽ നിന്ന് തട്ടിപ്പ് തുക തിരിച്ചു പിടിക്കാൻ; എത്തിസലാത്തിന്റെ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ 050 ടെലികോം പീഡിപ്പിക്കുന്നത് പാവം മലയാളി ജീവനക്കാരനേയും; 20 ലക്ഷം ലോൺ എടുപ്പിച്ചും പാസ്‌പോർട്ട് പിടിച്ചുവച്ചും തിരുവനന്തപുരത്തുകാരന് ഒരുക്കുന്നത് കരുതൽ തടങ്കൽ; ഗീത് കുമാറിനെ നാട്ടിലെത്തിക്കാൻ ഭരണകൂട വാതിലുകൾ മുട്ടി കരഞ്ഞ് മടുത്ത് ഭാര്യ: അറബിയുടെ ക്രൂരമർദ്ദനേറ്റ് തളർന്ന പ്രവാസിയുടെ കദന കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: മരുതംകുഴി സ്വദേശി ഗീത്കുമാർ ദുബായിൽ ജോലി ചെയ്യുന്ന കമ്പനിയുടെ കരുതൽ തടങ്കലിൽ. ദുബായിലെ പ്രശസ്തമായ എത്തിസലാത്തിന്റെ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ 050 ടെലികോം ആണ് ഗീത് കുമാറിനെ കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിലെറെയായി കമ്പനിയുടെ സെയിൽസ് എക്‌സിക്യൂട്ടീവ് ആയ ഗീത്കുമാർ കരുതൽ തടങ്കലിൽ തുടരുകയാണ്. ഗീത്കുമാറിന് സംഭവിച്ചെന്നു കമ്പനി അവകാശപ്പെടുന്ന പിഴവിന്റെ പേരിൽ കണ്ണ് നനയ്ക്കുന്ന ക്രൂരതകളാണ് 050 ടെലികോം കമ്പനി ഗീത് കുമാറിന്റെ മേൽ പ്രയോഗിക്കുന്നത്. കമ്പനി ഗീത്കുമാറിന്റെ മേൽ തുടരുന്ന നടപടികൾ തുടർന്നാൽ ഇനി വരുന്ന പന്ത്രണ്ടു വർഷം ഗീത് കുമാറിന് പട്ടിണി നേരിടേണ്ടി വരുകയും സ്വന്തം നാടായ തിരുവനന്തപുരത്ത് കാൽ കുത്താൻ കഴിയാത്ത അവസ്ഥ വന്നു ചേരുകയും ചെയ്യും.

050 ടെലികോം കമ്പനി ഗീത് കുമാറിന്റെ പാസ്‌പോർട്ട് പിടിച്ചു വയ്ക്കുകയും നിർബന്ധപൂർവ്വം 20 ലക്ഷം രൂപ ലോൺ എടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. സെയിൽസിനിടയിൽ വിതരണക്കാരൻ ചതിച്ചതിനാൽ ഗീത് കുമാറിന്റെ മേൽ കമ്പനി ചുമത്തിയിരിക്കുന്നത് 60 ലക്ഷം രൂപയുടെ ബാധ്യതയാണ്. ഈ ബാധ്യത നികത്തേണ്ടത് ഗീത് കുമാർ അല്ല ഗീത് കുമാറിനെ ചതിച്ച വിതരണക്കാരൻ ഫിറോസ് മന്നയിലാണ് എന്നുള്ളതിന് ദുബായ് കോടതിയുടെ വിധിയുണ്ടെങ്കിലും ഇതൊന്നും കാര്യമാക്കാതെയാണ് 050 ടെലികോം കമ്പനി ഗീത് കുമാറിനെ കണ്ണീരു കുടിപ്പിക്കുന്നത്. സാമ്പത്തിക ബാധ്യത വീട്ടേണ്ടത് ഗീത് അല്ല ഫിറോസ് ആണ് എന്നുള്ളതിന് വിധി മുന്നിൽ നിൽക്കെ പാസ്‌പോർട്ട് പിടിച്ചു വയ്ക്കുകയും തുക ഗീതിന്റെ കയ്യിൽ നിന്നും ഈടാക്കുകയുമാണ് കമ്പനി ചെയ്യുന്നത്. സാമ്പത്തിക ബാധ്യതയുടെ പേരിൽ കടുത്ത മാനസിക പ്രയാസങ്ങൾ കമ്പനിയിൽ നിന്ന് നേരിടേണ്ടി വരുകയും ഇതിനിടയിൽ അറബിയുടെ മർദ്ദനം ഏറ്റുവാങ്ങേണ്ടി വരുകയും ചെയ്തിട്ടുണ്ട്.

നിലവിലെ കമ്പനിയുടെ ബാധ്യത തീരാൻ 20 ലക്ഷം രൂപ വീതം മൂന്നു തവണ ലോൺ എടുക്കേണ്ടി വരും. ഗീതിന്റെ നിലവിലെ സാലറി അനുസരിച്ച് ഈ കുടിശിക തീരാൻ 12 വർഷമെങ്കിലും എടുക്കും. നിലവിൽ കമ്പനി ഒരു ലോൺ മാത്രമാണ് എടുത്തത്. ഇനിയും 20 ലക്ഷത്തിന്റെ രണ്ടു ലോൺ വീതം എടുപ്പിക്കാനാണ് 050 ടെലികോം കമ്പനിയുടെ പരിപാടി. ഈ ലോൺ കുടിശിക തീർന്നാൽ മാത്രമേ പിടിച്ചുവെച്ച പാസ്‌പോർട്ട് കമ്പനി ഗീതിനു തിരികെ നൽകുകയുള്ളൂ. 2500 ദിർഹമായ ശമ്പളത്തിൽ നിന്ന് ഇപ്പോഴുള്ള 20 ലക്ഷം രൂപയുടെ ലോൺ അടയ്ക്കാൻ ബാങ്ക് തിരികെ പിടിക്കുന്നത് 2300 ദിർഹമാണ്. വെറും 200 ദിർഹത്തിലാണ് ദുബായിലെ ഗീതിന്റെ ജീവിതം കഴിഞ്ഞ ഒരു വർഷമായി കഴിഞ്ഞു പോകുന്നത്.

ഗീതിന്റെ ശമ്പളം കുറവായതിനാൽ ശമ്പള തുക പെരുപ്പിച്ച് കാട്ടിയാണ് കമ്പനി ബാങ്കിൽ നിന്നും ലോൺ ഗീതിന്റെ പേരിൽ എടുപ്പിച്ചത്. അതിനായി 2500 ദിർഹം ശമ്പളമുള്ള ഗീതിന്റെ ശമ്പളം 7500 ദിർഹമാക്കി പെരുപ്പിച്ച് കാട്ടിയാണ് ഈ തുക ലോൺ സമ്പാദിച്ചത്. എടിഎം കാർഡ് തിരികെ വാങ്ങി മുഴുവൻ തുകയും കമ്പനി അക്കൗണ്ടിൽ നിന്ന് തിരികെ തുക പിടിക്കുകയും ചെയ്യും. ഇത്തരം പ്രശ്‌നങ്ങൾ കാരണം ദുബായിൽ ജീവിക്കാനും അതേസമയം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയും നേരിടുകയാണ്. ടെലികോം കമ്പനിക്ക് തുക തിരികെ നൽകേണ്ട ഫിറോസ് മന്നയിൽ ഒരു ചെക്ക് കേസിൽ അകപ്പെട്ടത് ഗീതിനു കൂടുതൽ കുരുക്കാവുകയും ചെയ്തിരിക്കുകയാണ്.

ഗീതിന്റെ ശമ്പളം ആശ്രയിക്കുന്ന നാട്ടിലുള്ള ഭാര്യയ്ക്കും കുടുംബത്തിനും കഴിഞ്ഞ ഒരു വർഷമായി ചെലവിനുള്ള തുക പോലും അയക്കാൻ ഈ പ്രവാസിക്ക് കഴിയുന്നുമില്ല. മലയാളിയായ വിദേശകാര്യസഹമന്ത്രി വി.മുരളീധരന് നേരിട്ട് ഗീതിന്റെ ഭാര്യ പ്രീത പരാതി നൽകി ഒരു മാസത്തിലേറെയായെങ്കിലും ഇതുവരെ ഒരു നടപടിയും വന്നിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി നൽകി. ഡിജിപിക്ക് പരാതി നൽകി. നോർക്കയ്ക്ക് പരാതി നൽകി. പ്രവാസികാര്യാ മന്ത്രാലയത്തിനു പരാതി നൽകി. ഗീത് കുമാറിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി പരാതിയുമായി ഇനി എവിടെയും പോകാൻ ഇടമില്ലെന്നാണ് ഭാര്യ പ്രീത മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. നോർക്കയിൽ പരാതി നൽകിയപ്പോൾ എംബസി വഴി വിളിപ്പിച്ച് സംസാരിച്ചു. ലേബർ കോടതിയിൽ പരാതി നൽകാൻ എംബസി പറഞ്ഞു. അവർ കമ്പനിയുടെ ഫിനാൻസ് മാനേജറെ വിളിപ്പിച്ചു. ശമ്പളം കയ്യിൽ നൽകാം എന്നൊക്കെ ഫിനാൻസ് മാനേജർ എംബസി മുൻപാകെ പറഞ്ഞു. പക്ഷെ കമ്പനിയിൽ എത്തിയപ്പോൾ അവർ പരാതി ഒന്നുമില്ലാ എന്ന് പറഞ്ഞു എഴുതി വാങ്ങി. ശമ്പളം കയ്യിൽ തരില്ലാ എന്ന് പറഞ്ഞു ഇനി അടുത്ത ലോൺ എടുപ്പിക്കാൻ പോകുകയാണ് എന്ന് പറഞ്ഞു. അതിനുള്ള രേഖകൾ ശരിയാക്കി വാങ്ങുകയും ചെയ്തു.

ഗീത് കുമാർ ചെയ്യുന്ന എത്തിസലാത്തിന്റെ മൊബൈൽ ഡിസ്ട്രിബ്യൂഷൻ ജോലിക്കിടയിൽ വിതരണക്കാരനായ മലപ്പുറം സ്വദേശി ഫിറോസ് മന്നയിൽ വരുത്തിയ കുടിശികയുടെ പേരിലാണ് ദുബായിൽ ഇപ്പോൾ ഗീത് കുമാർ തീ തിന്നുന്നത്. ഗീത് കുമാറിൽ നിന്നും പതിവായി മൊബൈൽ സിമ്മുകളും റീ ചാർജ് കാർഡുകളും സ്വീകരിക്കുന്ന വിതരണക്കാരനിൽ ഒരാളായിരുന്നു ഫിറോസ് മന്നയിലും. രണ്ടു ഷോപ്പുകൾ ഫിറോസ് മനയിലിനു ദുബായിലുണ്ടായിരുന്നു. റീ ചാർജും സിമ്മും സെയിൽ ചെയ്ത വകയിൽ രണ്ടേകാൽ കോടി രൂപയോളം ഫിറോസ് മന്നയിൽ കുടിശിക വരുത്തി. ഇതിൽ ഒരു കോടി അറുപത്തിയഞ്ചു ലക്ഷം രൂപ ഫിറോസ് തിരിച്ചടച്ചു. ഇപ്പോഴും കമ്പനിയുടെ കണക്കിൽ 60 ലക്ഷം രൂപ കുടിശികയുണ്ട്. ഈ കുടിശിക ബലമായി ഗീത്കുമാറിൽ നിന്നും ഈടാക്കാനാണ് കമ്പനിയുടെ നീക്കം. ഇരുപത് ലക്ഷം രൂപയുടെ ലോൺ നിലവിലുണ്ട്. അടുത്ത 20 ലക്ഷം രൂപയുടെ ലോൺ എടുപ്പിക്കാൻ കടലാസുകൾ കമ്പനി ശരിയാക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങിനെയാണെങ്കിൽ അടുത്ത നാല് വർഷവും ഗീത്കുമാറിന് നാട്ടിലെത്താൻ കഴിയില്ല.

നാല് വർഷമായി ദുബായിൽ തുടരുന്ന ആളാണ് ഗീത് കുമാർ. മൂന്നു വർഷമായി 050 ടെലികോം കമ്പനിയുടെ സെയിൽസ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയാണ് ഇദ്ദേഹം. ബൾക്ക് പർച്ചേസ് എന്ന രീതിയിലാണ് മൊബൈൽ സിമ്മുകളും റീ ചാർജ് കാർഡുകളും സെയിൽ ചെയ്യുന്നത്. ഇതിന്നിടയിൽ ഫിറോസിന്റെ ഭാഗത്ത് നിന്ന് ചതി പറ്റിയതാണ് ഗീതിനു വിനയായത്. ഗീതും ഫിറോസും ഒത്തു കളിച്ചതായി കമ്പനിയുടെ ഉടമയായ അറബിക്ക് തോന്നിയതിനാലാണ് ഗീതിനു മർദ്ദനം ഏൽക്കേണ്ടി വന്നത്. പാസ്‌പോർട്ട് പിടിച്ചു വെച്ചത് കാരണം കമ്പനി പറയുന്നത് പോലെ ഇപ്പോൾ ജോലിയിൽ തുടരാനും പട്ടിണി കിടക്കേണ്ട അവസ്ഥ നേരിടേണ്ടി വരുകയും ചെയ്തിരിക്കുകയാണ്. സുഹൃത്തുകൾ സാമ്പത്തികമായി സഹായിക്കുന്നത് കാരണമാണ് ഇപ്പോൾ ഭക്ഷണം കഴിക്കാൻ പോലും ഗീതിനു കഴിയുന്നത്.

പോരാട്ടം തുടരുന്ന ഗീതിന്റെ ഭാര്യ പ്രീതയുടെ മറുനാടനോടുള്ള പ്രതികരണം ഇങ്ങിനെ:

എന്റെ ഭർത്താവ് ദുബായിലെ 050 ടെലികോം കമ്പനിയിൽ സെയിൽസ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയാണ്. ഇപ്പോൾ അദ്ദേഹം ചതിയിൽ കുടുങ്ങിയിരിക്കുന്നു. ആ ചതിയുടെ ആഴം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്. ദുബായ് കോടതി വിധിയുണ്ട്. സാമ്പത്തിക ബാധ്യത വരുത്തിയത് ഫിറോസ് ആയതിനാൽ തുക ഫിറോസിൽ നിന്നും തിരികെ പിടിക്കണമെന്ന്. അത് ചെയ്യാതെ ഭർത്താവ് ജോലി ചെയ്യുന്ന ടെലികോം കമ്പനി അദ്ദേഹത്തെ ബന്ദിയാക്കി വേറൊരാൾ നൽകാനുള്ള തുക അദ്ദേഹത്തിൽ നിന്നും പിടിക്കുകയാണ്. അങ്ങിനെയാണെങ്കിൽ വർഷങ്ങൾ നീളുന്ന പട്ടിണിയും നാട്ടിൽ എത്താൻ കഴിയാത്ത അവസ്ഥയും അദ്ദേഹത്തിനു നേരിടേണ്ടി വരും. സിം കാർഡുകളും റീ ചാർജ് കൂപ്പനുകളും ബൾക്ക് ആയി നൽകിയപ്പോൾ അദ്ദേഹത്തിനു തുക കുടിശിക വന്നു. ഈ കുടിശിക മലപ്പുറം സ്വദേശി ഫിറോസ് മന്നയിൽ വരുത്തിയതാണ്. അല്ലാതെ അദ്ദേഹം വരുത്തിയതല്ല.

60 ലക്ഷത്തോളം രൂപയാണ് കുടിശിക വന്നത്. കമ്പനി ഇടപെട്ടു കേസ് നൽകി. അപ്പോൾ വിധി വന്നത് കമ്പനിക്ക് അനുകൂലമായി. അപ്പോൾ പിന്നെ ഭർത്താവിന്റെ കയ്യിൽ നിന്ന് കുടിശിക ഈടാക്കാൻ കാരണമേന്താണ്? നമ്മുടെ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും കാര്യമാത്ര പ്രസക്തമായ ഒരിടപെടലും വന്നിട്ടില്ല. പരാതി നൽകേണ്ട എല്ലായിടത്തും ഞാൻ പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നൽകി. ഡിജിപിക്ക് നൽകി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരനും നൽകി. മുരളീധരന് പരാതി നൽകിയിട്ട് ഒരു മാസം കഴിഞ്ഞു. നോക്കാം എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ആ പരാതിയിൽ ഒരു നടപടിയും വന്നില്ല. നോർക്കയ്ക്ക് പരാതി നൽകി. നോർക്കയ്ക്ക് നൽകിയ പരാതിയിൽ ചെറിയ ഇളക്കം വെച്ചു എന്ന് മാത്രം. നോർക്ക എംബസി വഴി വിളിപ്പിച്ച് സംസാരിച്ചു. ലേബർ കോടതിയിൽ പരാതി നൽകാൻ പറഞ്ഞു. ഫിനാൻസ് മാനേജറെ വിളിപ്പിച്ചു. ശമ്പളം കയ്യിൽ നൽകാം എന്നൊക്കെ ഫിനാൻസ് മാനേജർ പറഞ്ഞു.

പക്ഷെ പരാതി ഒന്നും ഇല്ലാ എന്ന് പറഞ്ഞു എഴുതി വാങ്ങി. പിറ്റേന്ന് സാലറി കയ്യിൽ തരില്ലാ എന്നും പറഞ്ഞു, ഇനി അടുത്ത ലോൺ എടുപ്പിക്കാൻ പോകുകയാണ് എന്ന് പറഞ്ഞു. അതിൽ കവിഞ്ഞു ഒരു നടപടിയും വന്നില്ല. ശക്തമായ ഇടപെടൽ ആണ് ആവശ്യം. ഈ ഇടപെടൽ ആരു നടത്തും എന്നാണ് എനിക്കറിയാത്തത്. എന്റെ ഭർത്താവിനു എന്ന് ദുബായിൽ നിന്നും മോചനമാകും എന്നും എനിക്ക് അറിയില്ല. ഞങ്ങൾക്ക് ഒപ്പം ഞങ്ങളുടെ കുടുംബമുണ്ട്. മാതാപിതാക്കളുമുണ്ട്. ഞാൻ ജോലിക്ക് പോകുന്ന രീതിയിൽ ഉള്ള ചെറിയ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞു പോരുന്നത്. ഞങ്ങളുടെ കുടുംബം പൂർണ പ്രതിസന്ധിയിലാണ്. എവിടെ നിന്ന് കനിവിന്റെ കൈത്തിരി നീളുമെന്ന് എനിക്ക് അറിയില്ല-പ്രീത പറയുന്നു.

കഴിഞ്ഞ എൻഡിഎ സർക്കാരിൽ സുഷമ സ്വരാജ് കേന്ദ്ര വിദേശകാര്യമന്ത്രിയായ സമയത്ത് ഇതായിരുന്നില്ല അവസ്ഥ. ഒരു ട്വിറ്റർ സന്ദേശം വഴി കാര്യങ്ങൾ അറിയിച്ചാൽ പ്രവാസികൾക്കുള്ള ഏതു കുരുക്കും നൊടിയിടയിൽ മാറി പോവുമായിരുന്നു. എത്രയോ പ്രശ്‌നങ്ങൾ വെറും ട്വിറ്റർ സന്ദേശങ്ങൾ വഴി പരിഹൃതമാവുകയും ചെയ്തിട്ടുണ്ട്. പ്രവാസികളുടെ അമ്മ എന്നാണ് സുഷമ സ്വരാജ് പിന്നെ വിശേഷിക്കപ്പെട്ടത്. സുഷമ സ്വരാജ് ജീവിച്ചിരുന്നെങ്കിൽ കേന്ദ്രവിദേശ കാര്യാ മന്ത്രി സ്ഥാനം സുഷമാ സ്വരാജിനു തന്നെ ലഭിച്ചേനെ. സുഷമാ സ്വരാജിന്റെ അഭാവത്തിലാണ് ഈ സ്ഥാനത്തേക്ക് മുൻ വിദേശകാര്യാ സെക്രട്ടറി എസ്. ജയശങ്കർ അവരോധിതനായത്. ജയശങ്കറിന് തൊട്ടു താഴെ കേന്ദ്ര വിദേശകാര്യാ സഹമന്ത്രിയായി മലയാളിയായ വി.മുരളീധരനുണ്ട്.

സംസ്ഥാന സർക്കാറിന് ചെയ്യാവുന്നതിൽ അധികം കാര്യം ചെയ്യാൻ വി.മുരളീധരന് കഴിയുകയും ചെയ്യും. ഗീതിന്റെ ഭാര്യ പ്രീത മുരളീധരന് നേരിട്ട് പരാതി നൽകിയിട്ട് ഇപ്പോൾ ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഈ പരാതിയിൽ ഇതുവരെ ഒരു നടപടിയും വന്നിട്ടുമില്ല.ഗീത് ഇപ്പോൾ പെട്ടിരിക്കുന്ന അവസ്ഥ സുഷമ സ്വരാജിന്റെ അഭാവമാണ് വെളിവാക്കുന്നത്. ഇപ്പോൾ കനിവിന്റെ ഒരു കൈത്തിരി എവിടെ നിന്നെങ്കിലും തെളിഞ്ഞെക്കും എന്ന അവസ്ഥയിൽ പ്രീതയും കുടുംബവും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP