Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബ്രാഹ്മണ വൃദ്ധന്റെ മരണാനന്തര ചടങ്ങുകൾ നടത്തിയത് മൂന്ന് മുസ്ലിം യുവാക്കൾ; ഹിന്ദു ആചാരപ്രകാരമുള്ള വസ്ത്രങ്ങൾ ധരിച്ച് ചടങ്ങുകൾ പൂർത്തിയാക്കിയ അബുവും നസീറും സുബേറും പ്രകടിപ്പിച്ചത് അച്ഛന്റെ ആത്മസുഹൃത്തിനോടുള്ള ആദരവ്; മാനവസ്‌നേഹത്തിന്റെ ചിത്രങ്ങൾ പുറത്തുവരുന്നത് മതവെറിയുടെ പേരിൽ മനുഷ്യരുടെ കണ്ണുനീർ വീണ് കുതിർന്ന ഗുജറാത്തിലെ മണ്ണിൽ നിന്നും

ബ്രാഹ്മണ വൃദ്ധന്റെ മരണാനന്തര ചടങ്ങുകൾ നടത്തിയത് മൂന്ന് മുസ്ലിം യുവാക്കൾ; ഹിന്ദു ആചാരപ്രകാരമുള്ള വസ്ത്രങ്ങൾ ധരിച്ച് ചടങ്ങുകൾ പൂർത്തിയാക്കിയ അബുവും നസീറും സുബേറും പ്രകടിപ്പിച്ചത് അച്ഛന്റെ ആത്മസുഹൃത്തിനോടുള്ള ആദരവ്; മാനവസ്‌നേഹത്തിന്റെ ചിത്രങ്ങൾ പുറത്തുവരുന്നത് മതവെറിയുടെ പേരിൽ മനുഷ്യരുടെ കണ്ണുനീർ വീണ് കുതിർന്ന ഗുജറാത്തിലെ മണ്ണിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: മതവെറിയുടെ പേരിൽ ആയിരങ്ങളുടെ കണ്ണീരുവീണ മണ്ണിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്‌ച്ചകൾ. ബ്രാഹ്മണ വൃദ്ധന്റെ മരണാനന്തര ചടങ്ങുകൾ നടത്തി മൂന്ന് മുസ്ലിം യുവാക്കളാണ് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്നത്. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ സവർകുണ്ട്‌ല സ്വദേശിയായ ഭാനുശങ്കർ പാണ്ഡ്യ എന്ന ബ്രാഹ്മണന്റെ മരണാനന്തര ചടങ്ങുകളാണ് അബു ഖുറേഷി, നസീർ ഖുറേഷി, സുബേർ ഖുറേഷി എന്നീ യുവാക്കൾ നടത്തിയത്.

യുവാക്കളുടെ പിതാവായ ഭിക്കു ഖുറേഷിയും മരിച്ച ഭാനുശങ്കറും അടുത്ത സുഹൃത്തുക്കളായിരുന്നു. 40 വർഷത്തോളം ഇവർ സുുഹൃത്തുക്കളായി തുടർന്നു. ഭാര്യയും കുട്ടികളുമില്ലാത്ത ഭാനു ശങ്കർ ഖുറേഷിയുടെ വീട്ടിലായിരുന്നു താമസവും. ഒരു വീട്ടിലായിരുന്നെങ്കിലും ഒരു മനസ്സായിരുന്നെങ്കിലും മതത്തിന്റെയും വിശ്വാസത്തിന്റെയും കാര്യത്തിൽ ഇരുവരും കണിശത പുലർത്തിയിരുന്നു. തന്റെ ബ്രാഹ്മണ സുഹൃത്തിനായി പ്രത്യേകം സസ്യാഹാരവും വീട്ടിൽ പാചകം ചെയ്തിരുന്നു.

മൂന്ന് വർഷം മുമ്പാണ് ഭിക്കു ഖുറേഷി മരിച്ചത്. അദ്ദേഹത്തിന്റെ മരണം ഭാനുശങ്കറെ മാനസികമായി തളർത്തി. മൂന്ന് വർഷത്തിന് ശേഷം ഭാനുശങ്കറും മരിച്ചു. ഭാനു ശങ്കറിന്റെ മരണാനന്തര ചടങ്ങ് മക്കളുടെ സ്ഥാനത്തുനിന്ന് നടത്തണമെന്ന ആഗ്രഹം ഭിക്കു ഖുറേഷിയുടെ മക്കൾ പ്രദേശത്തെ മതനേതൃത്വത്തെ അറിയിച്ചു. ഇതിനായി ഗംഗാ ജലം കൊണ്ടുവന്നിട്ടുണ്ടെന്നും തങ്ങൾ ജനനം മുതൽ അങ്കിൾ എന്നു വിളിക്കുന്ന ആളുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കണം എന്നായിരുന്നു മൂന്ന് പേരുടെയും ആഗ്രഹം.

ഇവരുടെ ആഗ്രഹത്തിന് ആരും എതിരുനിന്നില്ല. തുടർന്ന് ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങിൽ അബു ഖുറേഷി, നസീർ ഖുറേഷി, സുബേർ ഖുറേഷി എന്നിവരും പങ്കെടുത്തു. ഹിന്ദു മതാചാര പ്രകാരമുള്ള വസ്ത്രങ്ങൾ ധരിച്ച് ഭാനുശങ്കറിന്റെ മൃതദേഹം ചുമന്നതും ഇവർ തന്നെ. കൂലിപ്പണിക്കാരായ മൂന്ന് പേരും ഇസ്ലാം മതാചാര പ്രകാരമാണ് ജീവിക്കുന്നത്. എന്നാൽ, സ്‌നേഹത്തിന് പിന്നിലാണ് എല്ലാ വിശ്വാസവുമെന്ന് മൂന്ന് പേരും പറയുന്നു.

40 വർഷമായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന് ചെറുപ്പക്കാർ പറയുന്നു. എപ്പോഴും ഒരുമിച്ചായിരുന്നു ജീവിതം. എല്ലാ ആഘോഷത്തിലും അവർ ഒരുമിച്ചുണ്ടാകും. അങ്കിൾ എന്നാണ് വിളിച്ചിരുന്നത്. ഭാനു അങ്കിളിന് കുടുംബമുണ്ടായിരുന്നില്ല. തനിച്ചായിരുന്നു താമസം. ഒടുവിൽ കാലിന് പരിക്കേറ്റപ്പോൾ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. പിന്നീട് ഞങ്ങളുടെ കുടുംബാംഗമായി. ഞങ്ങളുടെ കുട്ടികൾ ദാദ എന്നാണ് അങ്കിളിനെ വിളിക്കുക. ഞങ്ങളുടെ മതപരമായ എല്ലാ ആഘോഷത്തിലും അദ്ദേഹം പങ്കെടുക്കും. അദ്ദേഹത്തിനായി ബാപ്പു സസ്യാഹാരം ഒരുക്കുമെന്നും അബു ഖുറേഷി പറയുന്നു. നല്ല സുഹൃത്തുക്കൾ പോലും മതാചാരത്തിന്റെ പേരിൽ മുഖം തിരിച്ച് നിൽക്കുന്ന കാലത്താണ് ഗുജറാത്തിൽ നിന്നും മാനവ സ്‌നേഹത്തിന് മതത്തേക്കാൾ പ്രാധാന്യം നൽകുന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP