Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിസ്റ്റർ അഭയ കേസിൽ ഇന്നും കൂറുമാറ്റം; പയസ് ടെൻത് കോൺവെന്റിൽ അഭയയുടെ ശിരോവസ്ത്രവും ചെരിപ്പും കോടാലിയും കണ്ടെന്ന പഴയ മൊഴിക്ക് പകരം ആനി ജോൺ ഇന്ന് പറഞ്ഞത് ശിരോവസ്ത്രം കണ്ടെന്ന്; അമ്പത്തിമൂന്നാം സാക്ഷി കൂടി മൊഴി മാറ്റിയതോടെ ഇതുവരെ കൂറുമാറിയവരുടെ എണ്ണം അഞ്ചായി

സിസ്റ്റർ അഭയ കേസിൽ ഇന്നും കൂറുമാറ്റം; പയസ് ടെൻത് കോൺവെന്റിൽ അഭയയുടെ ശിരോവസ്ത്രവും ചെരിപ്പും കോടാലിയും കണ്ടെന്ന പഴയ മൊഴിക്ക് പകരം ആനി ജോൺ ഇന്ന് പറഞ്ഞത് ശിരോവസ്ത്രം കണ്ടെന്ന്; അമ്പത്തിമൂന്നാം സാക്ഷി കൂടി മൊഴി മാറ്റിയതോടെ ഇതുവരെ കൂറുമാറിയവരുടെ എണ്ണം അഞ്ചായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ ഇന്നും കൂറുമാറ്റം. സാക്ഷി വിസ്താരത്തിനിടെ കേസിലെ 53-ാം സാക്ഷിയായ ആനി ജോണാണ് മൊഴി മാറ്റിയത്. അഭയ കൊല്ലപ്പെട്ടുന്ന സമയത്ത് കോട്ടയം പയസ് ടെൻത് കോൺവെന്റിൽ അഭയയുടെ ശിരോവസ്ത്രവും ചെരിപ്പും കോടാലിയും കണ്ടെന്നായിരുന്നു ആനി ജോണിന്റെ മുൻ മൊഴി. എന്നാൽ കോൺവെന്റിൽ ശിരോവസ്ത്രം മാത്രം കണ്ടെന്നാണ് ഇന്ന് കോടതിയിൽ ആനി ജോൺ മൊഴി നൽകിയത്.

2009 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിന് ശേഷം വിചാരണ ആരംഭിച്ചതോടെ കൂറുമാറിയവരുടെ എണ്ണം അഞ്ചായി. അഭയ കേസിൽ നേരത്തെ നാല് സാക്ഷിൾ കൂറുമാറിയിരുന്നു. നാലാം സാക്ഷി സഞ്ജു പി മാത്യു, 50-ാം സാക്ഷി സിസ്റ്റർ അനുപമ, 21-ാം സാക്ഷി നിഷാ റാണി, 23-ാം സാക്ഷിയായ അച്ചാമ്മ എന്നിവരാണ് കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ മറ്റ് സാക്ഷികൾ.

കേസിലെ പ്രതിയായ വൈദികന്റെ വാഹനം അഭയകൊല്ലപ്പെട്ട ദിവസം രാത്രിയിൽ മഠത്തിന്റെ മതിലിന് സമീപം കണ്ടുവെന്ന മൊഴിയാണ് സഞ്ജു പി മാത്യു തിരുത്തിയത്. ഓഗസ്റ്റ് 27-ന് നടന്ന വിചാരണക്കിടെയാണ് സിസ്റ്റർ അനുപമ കൂറുമാറിയത്. കൊലപാതകം നടന്ന ദിവസം കോൺവെന്റിലെ അടുക്കളയിൽ ശിരോവസ്ത്രവും ചെരിപ്പും കണ്ടെന്ന് സിബിഐയ്ക്ക് നൽകിയ മൊഴിയാണ് സാക്ഷി വിസ്താരത്തിനിടെ സിസ്റ്റർ അനുപമ കോടതിയിൽ മാറ്റി പറഞ്ഞത്. പഠിച്ചു കൊണ്ടിരുന്നപ്പോൾ കിണറ്റിനുള്ളിൽ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന മൊഴിയും സിസ്റ്റർ തിരുത്തി.

എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടിരുന്ന സിസ്റ്റർ സെ്റ്റഫി, അഭയ കൊല്ലപ്പെട്ട ദിവസം ദേഷ്യത്തിലായിരുന്നെന്നും അസ്വാഭാവികമായി പെരുമാറിയെന്നുമുള്ള മൊഴിയാണ് നിഷ റാണി തിരുത്തിയിരുന്നത്. പ്രത്യേകിച്ചൊരു സ്വഭാവമാറ്റവും രണ്ടാം പ്രതിയായ സിസ്റ്റർ സ്‌റ്റെഫിക്കുണ്ടായിരുന്നില്ലെന്നാണ് വിചാരണയ്ക്കിടെ ഇന്ന് നിഷ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ പറഞ്ഞിരുന്നു.

അഭയകൊല്ലപ്പെട്ട ദിവസം രാവിലെ അടുക്കളയിലെ അസ്വാഭാവികമായ ചിലത് കണ്ടുവെന്നായിരുന്നു കോൺവെന്റിലെ ജീവനക്കാരിയായിരുന്ന അച്ചാമ്മ സിബിഐക്ക് ആദ്യം മൊഴി നൽകിയിരുന്നത്. പക്ഷെ അസ്വാഭാവിമായ താൻ ഒന്നും കണ്ടില്ലെന്ന് അച്ചാമ്മ കോടതിയിൽ മൊഴി മാറ്റുകയായിരുന്നു. അച്ചാമ്മയെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993-ലാണ് സിബിഐ ഏറ്റെടുത്തത്.

കേസിലെ സാക്ഷികൾ കേസ് തേച്ചുമായ്ച്ചുകളയാൻ ശ്രമിക്കുന്നവരെ ഭയന്ന് സാക്ഷിമൊഴി മാറ്റിയപ്പോൾ തന്റെ മൊഴിയിൽ ഉറച്ച് നിന്നത് മുഖ്യസാക്ഷി രാജു മാത്രമായിരുന്നു. 1992 മുതൽ ഇങ്ങോട്ടുള്ള കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും രാജു കോടതിയിൽ തുറന്നുപറഞ്ഞിരുന്നു. കേസ് ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോൾ ഉദ്യോഗസ്ഥർ തന്നെ തേടിവന്നിരുന്നുവെന്നും കൊലപാതകം ഏറ്റെടുക്കാൻ പ്രലോഭിപ്പിച്ചിരുന്നുവെന്നും രാജു കോടതിയിൽ പറഞ്ഞു. ഇതിന് പുറമെ രണ്ട് ലക്ഷം രൂപയും പുതിയ വീടും വീട്ടിൽ ഒരാൾക്ക് ജോലിയും ഇവർ വാഗ്ദാനം ചെയ്തിരുന്നതായി രാജു വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP