Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ ഫ്ളാറ്റുടമകളോട് കാട്ടണോയെന്ന് ചോദ്യത്തിന് ഷമ്മി തിലകന് കിട്ടിയത് കൈയടി; ഏത് നിയമവും ലംഘിക്കാമെന്നു കരുതുന്നവർക്കുള്ള താക്കീതാണ് സുപ്രീംകോടതി വിധിയെന്നും കോടതി വിധിയുടെ അന്തസ്സത്ത ഉൾക്കൊണ്ടേ മുന്നോട്ടുപോകാൻ കഴിയൂ എന്നും ഓർമ്മപ്പെടുത്തി ഇപ്പോൾ സിപിഐ നേതാവും; മരട് കേസിൽ ഫ്ളാറ്റ് നിർമ്മാതാക്കളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ജില്ലാ സെക്രട്ടറി പി രാജു; ഫ്‌ളാറ്റ് പൊളിപ്പിക്കലിൽ എറണാകുളത്തെ 'ഇടത്' രണ്ട് വഴിക്ക്

മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ ഫ്ളാറ്റുടമകളോട് കാട്ടണോയെന്ന് ചോദ്യത്തിന് ഷമ്മി തിലകന് കിട്ടിയത് കൈയടി; ഏത് നിയമവും ലംഘിക്കാമെന്നു കരുതുന്നവർക്കുള്ള താക്കീതാണ് സുപ്രീംകോടതി വിധിയെന്നും കോടതി വിധിയുടെ അന്തസ്സത്ത ഉൾക്കൊണ്ടേ മുന്നോട്ടുപോകാൻ കഴിയൂ എന്നും ഓർമ്മപ്പെടുത്തി ഇപ്പോൾ സിപിഐ നേതാവും; മരട് കേസിൽ ഫ്ളാറ്റ് നിർമ്മാതാക്കളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ജില്ലാ സെക്രട്ടറി പി രാജു; ഫ്‌ളാറ്റ് പൊളിപ്പിക്കലിൽ എറണാകുളത്തെ 'ഇടത്' രണ്ട് വഴിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിലെ ഫ്‌ളാറ്റ് വിഷയത്തിൽ എല്ലാവരും ഫ്‌ളാറ്റ് ഉടമകൾക്കൊപ്പമാണ്. സുപ്രീംകോടതി വിധിയെ മറികടക്കാനുള്ള ശ്രമങ്ങളുമായി സർക്കാരും രാഷ്ട്രീയ കക്ഷികളും എല്ലാം സജീവമായി രംഗത്തുണ്ട്. എല്ലാവരും യോജിച്ച് മുമ്പോട്ട്. ഇതിനിടെയിൽ വ്യത്യസ്തമായ അഭിപ്രായം പറഞ്ഞത് സിനിമാ നടൻ ഷമ്മി തിലകനാണ്. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോയെന്ന ചോദ്യമാണ് തിലകന്റെ മകൻ ഉയർത്തിയത്. സമാനമായ ചോദ്യം പൊതു രംഗത്തുള്ള ആരും ഉയർത്തിയതുമില്ല. ഇപ്പോഴിതാ സിപിഐയുടെ ജില്ലാ സെക്രട്ടറി പി രാജുവും സുപ്രീംകോടതി വിധിയെ പിന്തുണയ്ക്കുകയാണ്.

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി വിധിയെ അനുകൂലിച്ച് സിപിഐ നേതാവെത്തുമ്പോൾ അതും അപ്രതീക്ഷിതമാവുകയാണ്. എറണാകുളത്തെ ഇടത് രാഷ്ട്രീയത്തെ പോലും അത് കലുഷിതമാക്കും. ഏത് നിയമവും ലംഘിക്കാമെന്നു കരുതുന്നവർക്കുള്ള താക്കീതാണ് സുപ്രീംകോടതി വിധിയെന്നും കോടതി വിധിയുടെ അന്തസ്സത്ത ഉൾക്കൊണ്ടേ മുന്നോട്ടുപോകാൻ കഴിയൂ എന്നാണ് സിപിഐ. എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു പറയുന്നത്. മരട് ഫ്ളാറ്റ് കേസിൽ യഥാർഥ കുറ്റക്കാരായ ഫ്ളാറ്റ് നിർമ്മാതാക്കളെയാണ് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മരടിലെ ഫ്ളാറ്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ സിപിഎം, ബിജെപി, കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയകക്ഷികൾ ഒരുമിച്ച് നീങ്ങുമ്പോഴാണ് സിപിഐ. ജില്ലാ സെക്രട്ടറി വ്യത്യസ്ത നിലപാട് വ്യക്തമാക്കിയത്. എറണാകുളത്തെ ഉപതെരഞ്ഞെടുപ്പിൽ അടക്കം ഇത് ചർച്ചയാവുകയും ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശനിയാഴ്ച ഫ്ളാറ്റ് ഉടമകളെ സന്ദർശിച്ചിരുന്നു. സംഭവത്തിൽ പുതിയ റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയോട് അനുമതി തേടണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ അഭിപ്രായം.

സബ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫ്ളാറ്റുകൾ പൊളിക്കാൻ തയ്യാറാണെന്ന് സർക്കാർ കോടതിയെ അറിയിക്കേണ്ടതുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആശങ്ക വേണ്ടെന്നും ആർക്കും ഫ്ളാറ്റുകളിൽനിന്ന് ഇറങ്ങിപ്പോകേണ്ടിവരില്ലെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണൻ ഫ്ളാറ്റ് ഉടമകളെ പിന്തുണച്ച് പറഞ്ഞത്. നിയമത്തിൽ പിഴവുകളുണ്ടെങ്കിൽ പരിഹാരമാർഗം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പി രാജുവിന്റെ പ്രതികരണം. ഷമ്മി തിലകന്റേതിന് സമാനമായ കടന്നാക്രമണം നടത്തുന്നില്ലെങ്കിലും ചില ചോദ്യങ്ങൾ രാജുവും ഉയർത്തുകയാണ്.

ഭരണഘടനയിലെ നിയമങ്ങൾ കൊണ്ടു വന്നിരിക്കുന്നത് പാലിക്കാനാണെന്നും സമ്പന്നരെന്നോ ദരിദ്രരെന്നോ ഇല്ലാതെ ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണെന്നും നടൻ ഷമ്മി തിലകൻ ആവശ്യപ്പെട്ടിരുന്നു. മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് വന്നതും ഉത്തരവ് നടപ്പാക്കുന്നതിലെ അനിശ്ചിതത്വത്തിലും അദ്ദേഹം ഫേസ്‌ബുക്കിലൂടെയാണ് പ്രതികരിച്ചത്. തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്. സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്. അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയൽ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോർട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാർക്ക് ഓശാന പാടി കൊണ്ട് നിയമത്തിൽ വരെ ഇളവുകൾ ഒപ്പിച്ചു നൽകുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..?-ഇതായിരുന്നു ഷമ്മി ഉയർത്തിയ ചോദ്യം.

ഇത്തരം സാമൂഹ്യദ്രോഹികളുടെ നിർമ്മാണ അനുമതിക്കും, ഒക്യുപൻസിക്ക് വേണ്ടിയുമൊക്കെ ബഹു.ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമ നിഷേധികളെ മാത്രം വിജയിപ്പിച്ചു. കൊണ്ടിരിക്കുന്ന നഗരസഭകളുടെ വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..? ഒന്നും ചെയ്യാനാവില്ലെന്നറിയാം..! കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു. പക്ഷേ ഇങ്ങനെ പോയാൽ..; ആ കൈയാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല. ഷമ്മി തിലകൻ പറയുന്നു. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോയെന്നും ഷമ്മി തിലകൻ ചോദിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സിപിഐ നേതാവും സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്നത്.

മരടിലെ ഫ്‌ളാറ്റുകൾ ഒഴിയാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കാനിരിക്കെ വിഷയത്തിൽ ഒളിച്ചുകളിച്ച് നഗരസഭ കളി തുടരുന്നതായും പരാതിയുണ്ട്. താമസക്കാരെ മാറ്റിപ്പാർപ്പിക്കുന്ന കാര്യത്തിൽ ജില്ലാഭരണകൂടം ഇടപെടുന്നില്ലെന്നാണ് നഗരസഭാ അധികൃതരുടെ വാദം. അതേസമയം ആളുകളെ മാറ്റുന്ന കാര്യത്തിൽ എത്രയും വേഗം നിലപാടറിയിക്കണമെന്ന് കാണിച്ച് ജില്ലാ കലക്ടർ നഗരസഭ സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്തുവന്നു. ഞായറാഴ്ച കഴിഞ്ഞ് ഫ്‌ളാറ്റ് വിട്ടിറങ്ങാൻ മുതിർന്നവരും കുട്ടികളുമടക്കം നിർബന്ധിതരായാൽ സ്വന്തം നിലയ്ക്ക് കിടപ്പാടം കണ്ടെത്തേണ്ടിവരുമെന്നാണ് നഗരസഭ സെക്രട്ടറിയുടെ സംഭാഷണത്തിൽനിന്ന് മനസിലാകുന്നത്. പക്ഷെ ഇതു തെറ്റാണെന്നും നഗരസഭയുടെ നിലപാട് സുതാര്യമല്ലെന്നും വെളിവാക്കുന്ന രേഖയാണ് പുറത്തുവന്നിരിക്കുന്നത്. മാറ്റിപ്പാർപ്പിക്കേണ്ട ഫ്‌ളാറ്റുടമകളുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങൾ കലക്ടർ കഴിഞ്ഞ തിങ്കളാഴ്ച സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതു ലഭിക്കാത്തതിനാൽ റവന്യു പൊലീസ് ഉദ്യോഗസ്ഥർ മുഖേന ഈ വിവരങ്ങൾ ജില്ല ഭരണകൂടം ശേഖരിക്കുകയായിരുന്നു. മാത്രമല്ല അപ്രതീക്ഷിത സംഭവങ്ങളുണ്ടായാൽ പൊലീസ് ഫയർഫോഴ്‌സ് സേനാംഗങ്ങളുടെ സേവനം ഉറപ്പാക്കണമെന്ന് കാണിച്ച് കത്തിന്റെ പകർപ്പ് കൊച്ചി ഡിസിപിക്കും ജില്ലാ ഫയർ മെഡിക്കൽ ഓഫിസർമാർക്കും കലക്ടർ കൈമാറിയിട്ടുണ്ട്. ഫ്‌ളാറ്റ് പൊളിക്കുന്ന കാര്യത്തിൽ ഒൗദ്യോഗിക നടപടിക്രമങ്ങൾ ഈവഴിക്ക് തുരുമ്പോഴാണ് ഒന്നുമറിഞ്ഞില്ലെന്ന നഗരസഭയുടെ നിലപാട്. ഇത്തരം പ്രശ്‌നങ്ങൾക്കിടയൊണ് പി രാജുവിനെ പോലൊരു നേതാവ് വിരുദ്ധാഭിപ്രായം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP