Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അച്ഛനൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ബാല്യം; വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നിലെ കൗമാര ബുദ്ധി; കുടുംബത്തെ കമാണ്ടോകൾ വളഞ്ഞ് കുടുക്കിയിട്ടും പിടികൊടുക്കാത്ത കൗശലം; അച്ഛന്റെ കൊലയ്ക്ക് പ്രതികാരം ചോദിക്കുമെന്ന് പ്രഖ്യാപിച്ച മകൻ; സിറയയിലെ ഇടപെടലിൽ ആഗോള ഭീകരനുമായി; ഇല്ലായ്മ ചെയ്തത് സവാഹരിയുടെ പിൻഗാമിയായി ജിഹാദികൾ കണ്ട മുഖത്തെ; കൊല്ലപ്പെട്ടത് ലാദന്റെ 20 മക്കളിലെ അതിഭീകരൻ; ഹംസ ബിൻ ലാദനെ അമേരിക്ക വകവരുത്തിയത് രണ്ട് കൊല്ലത്തെ ഓപ്പറേഷനൊടുവിൽ

അച്ഛനൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ബാല്യം; വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നിലെ കൗമാര ബുദ്ധി; കുടുംബത്തെ കമാണ്ടോകൾ വളഞ്ഞ് കുടുക്കിയിട്ടും പിടികൊടുക്കാത്ത കൗശലം; അച്ഛന്റെ കൊലയ്ക്ക് പ്രതികാരം ചോദിക്കുമെന്ന് പ്രഖ്യാപിച്ച മകൻ; സിറയയിലെ ഇടപെടലിൽ ആഗോള ഭീകരനുമായി; ഇല്ലായ്മ ചെയ്തത് സവാഹരിയുടെ പിൻഗാമിയായി ജിഹാദികൾ കണ്ട മുഖത്തെ; കൊല്ലപ്പെട്ടത് ലാദന്റെ 20 മക്കളിലെ അതിഭീകരൻ; ഹംസ ബിൻ ലാദനെ അമേരിക്ക വകവരുത്തിയത് രണ്ട് കൊല്ലത്തെ ഓപ്പറേഷനൊടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ഉസാമ ബിൻലാദനെക്കാളും ശക്തനും അപകടകാരിയുമായ ഹംസ ബിൻ ലാദനെ വധിച്ചതോടെ അമേരിക്ക നേടിയിരിക്കുന്നത് ഭീകരവിരുദ്ധ പോരാട്ടത്തിലെ അതിശക്തമായ വിജയം. 1989ൽ ജനിച്ച ഹംസ ബിൻ ലാദനായിരുന്നു ഒസാമ ബിൻലാദന്റെ കരുത്തും തലച്ചോറും. അതുകൊണ്ടു തന്നെ തന്റെ 20 മക്കളിൽ ഏറ്റവും അടുപ്പവും ഹംസയോടായിരുന്നു. തനിക്ക് ശേഷം അൽ ഖായിദയുടെ നേതൃത്വം ഏറ്റെടുക്കാൻ ലാദൻ കണ്ടുവെച്ചിരുന്നതും ഹംസയെ തന്നെയായിരുന്നു. വളരെ ചെറുപ്പമായിരുന്നിട്ടും പിതാവിനൊപ്പം അൽ ഖ്വയ്ദയുടെ പ്രചാരണ വീഡിയോകളിൽ ഹംസയും പ്രത്യക്ഷപ്പെട്ടിരുന്നു.

ലാദന്റെ ഊഹങ്ങൾ തെറ്റിയില്ല എന്ന് തെളിയിക്കുന്ന പ്രവർത്തനമാണ് ഹംസയും നടത്തിയത്. ലാദനെ പിടികൂടുമ്പോൾ പോലും ഹംസയെ കണ്ടെത്താൻ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. 2011ലാണ് അമേരിക്കൻ സേന ഒസാമ ബിൻ ലാദനെ പിടികൂടി വധിക്കുന്നത്. പാക്കിസ്ഥാനിലെ അബൊട്ടാബാദിൽ ഒളിവിൽ കഴിയുകയായിരുന്ന ലാദനെ സൈനിക നടപടിയിലൂടെയാണ് അമേരിക്ക പിടികൂടിയത്. അന്ന് ഹംസ ബിൻലാദനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. സെപ്റ്റംബർ 11 അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ ഹംസ ബിൻ ലാദനും പങ്കുള്ളതായി അന്താരാഷ്ട്ര സംഘടനകൾ പറയുന്നു. ഹംസയുടെ സഹോദരൻ ഖാലിദിനേയും അമേരിക്ക വധിച്ചിരുന്നു. ഉസാമ ബിൻ ലാദനെ യുഎസ് 2011ൽ വധിച്ചെങ്കിലും 'ജിഹാദിന്റെ കിരീടാവകാശി' എന്നറിയപ്പെടുന്ന ഹംസയുടെ നേതൃത്വത്തിൽ അൽ ഖായിദ വീണ്ടും കരുത്താർജിക്കുകയായിരുന്നു.

അമേരിക്കയ്‌ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനവുമായി ഹംസ ബിൻലാദൻ രംഗത്തെത്തിയിരുന്നു. പിതാവ് ഒസാമ ബിൻലാദനെ വധിച്ച അമേരിക്കയോട് പകരം ചോദിക്കുമെന്നുള്ള പ്രഖ്യാപനത്തോടെയായിരുന്നു വീഡിയോ. 2015 ൽ സിറിയയിലെ ഭീകരസംഘടനകളോട് ഒരുമിച്ചുനിന്ന് പോരാടാൻ ആഹ്വാനം ചെയ്യുന്ന ഹംസയുടെ വിഡിയോ പുറത്തിറക്കിയിരുന്നു. ഈ പോരാട്ടം ഫലസ്തീന്റെ മോചനത്തിനു വഴിയൊരുക്കുമെന്നും പറഞ്ഞിരുന്നു. 2016ൽ മറ്റൊരു വിഡിയോയിൽ സൗദി ഭരണകൂടത്തെ പുറത്താക്കാനും ആഹ്വാനമുണ്ടായി. അൽ ഖായിദയുടെ ഇപ്പോഴത്തെ മേധാവി അയ്മൻ അൽ സവാഹിരിയയുടെ കീഴിൽ ഹംസയുടെ വളർച്ച മുന്നിൽക്കണ്ട യുഎസ് 2017ൽ ഇയാളെ കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു.

ബിൻ ലാദന്റെ മറ്റൊരു മകനായ ഖാലിദും ലാദനൊപ്പം 2011 ൽ കൊല്ലപ്പെട്ടിരുന്നു. മൂന്നാമത്തെ മകനായ സാദ് 2009ൽ കൊല്ലപ്പെട്ടു. 2001 സെപ്റ്റംബറിൽ നടന്ന യുഎസ് ആക്രമണത്തിന്റെ സൂത്രധാരൻ മുഹമ്മദ് അത്തയുടെ മകളെയാണ് ഹംസ വിവാഹം ചെയ്തതായാണ് വിവരം.

ബിൻ ലാദന്റെ ആറ് ഭാര്യമാരിൽ ഒരാളായ സൗദി അറേബ്യയിലെ ഖൈരിയ സബാറിന്റെ മകനാണ് ഹംസ. ഒബാമ ബിൻ ലാദന്റെ ഭാര്യമാർക്കായി പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി അബോട്ടാബാദ് കോമ്പൗണ്ടിൽ നടത്തിയ റെയ്ഡിൽ ഹംസയെ മാത്രമാണ് കണ്ടുകിട്ടാതിരുന്നത്. കൊല്ലപ്പെട്ടവരിലോ പരുക്കേറ്റവരിലോ ഹംസ ഉണ്ടായിരുന്നില്ല. റെയ്ഡിൽ കണ്ടുകെട്ടിയ കത്തിൽ ബിൻ ലാദൻ തന്റെ ''ചീഫ് ഓഫ് സ്റ്റാഫ്'' ആതിയ അബ്ദുൽ റഹ്മാനെ അഭിസംബോധന ചെയ്തുകൊണ്ട് റെയ്ഡിനിടെ ഹംസ പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. നേരത്തേയും ഹംസ കൊല്ലപ്പെട്ടതായി വാർത്തകൾ വന്നിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

ഉസാമ ബിൻ ലാദന്റെ മരണത്തിനു പകരം ചോദിക്കാൻ മകൻ ഹംസയുടെ നേതൃത്വത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി മുൻ എഫ്ബിഐ ഏജന്റാണ് ആദ്യമായി 2017ൽ വെളിപ്പെടുത്തിയത്. എട്ട് വർഷം മുമ്പെഴുതിയ കത്തുകളിൽ നിന്നാണ് അൽ ഖായിദയോടുള്ള താത്പര്യം ഹംസ വെളിപ്പെടുത്തുന്നത്. പിതാവ് ഉസാമയോടും അൽ ഖായിദയോടും ഹംസ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. 9/11 ഭീകരാക്രമണത്തിന് ശേഷം ബിൻ ലാദനായുള്ള അന്വേഷണസംഘം തലവനായിരുന്ന എഫ്ബിഐ ഏജന്റ് അലി സൗഫാനാണ് വെളിപ്പെടുത്തൽ നടത്തിയത്.

ബിൻ ലാദനെ കൊലപ്പെടുത്തിയ റെയ്ഡിനിടയിൽ ഇത് സൂചിപ്പിക്കുന്ന കത്തുകൾ ലഭിച്ചെന്ന് ടിവി അഭിമുഖത്തിൽ അദ്ദേഹം വ്യക്താക്കി. ലാദന്റെ ആശയങ്ങളെ പരിപൂർണമായി പിന്തുണച്ചിരുന്ന ഹംസ പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യാനും അൽ ഖായിദയെ മുന്നോട്ട് നയിക്കാനും ആഗ്രഹിച്ചിരുന്നതായി അലി സൗഹാൻ പറയുന്നു. ദൈവത്തിന് വേണ്ടിയുള്ള ജിഹാദിന്റെ പാതയിലാണ് ജീവിക്കുന്നതെന്ന് ഹംസ കത്തിൽ പറയുന്നുണ്ട്.

ഹംസയ്ക്ക് ജിഹാദികളെ ഒരുമിപ്പിക്കാനും പ്രചോദിപ്പിക്കാനും കഴിയും. പിതാവിനോളം അപകടകാരിയായ ഭീകരവാദിയാണ് ഹംസ. ഹംസയുടെ സന്ദേശങ്ങളെല്ലാം ലാദന്റേതിന് സമാനമാണ്. ലാദൻ ഉപയോഗിച്ചിരുന്ന വാചകങ്ങളാണ് മകനും ഉപയോഗിക്കുന്നത്. ലാദനെ കരുതിയിരുന്നതു പോലെ തന്നെയാണ് യുഎസ് ഹംസയെയും കാണുന്നതെന്നും അലി സൗഹാൻ വ്യക്തമാക്കിയിരുന്നു.

ജിദ്ദയിലെ കിങ് അബ്ദുൾ അസീസ് സർവകലാശാലയിൽ വിദ്യാർത്ഥിയായിരിക്കെ ഏതാണ്ട് 20 വയസൊക്കെ പ്രായമുള്ളപ്പോളാണ് ലാദൻ ഭീകരപ്രവർത്തനത്തിലേയ്ക്ക് ആകൃഷ്ടനാകുന്നതെന്ന് അമ്മ ആലിയ ഗാനെ വെളിപ്പെടുത്തിയിരുന്നു. മുസ്ലിം ബ്രദർഹുഡ് അംഗമായ അബ്ദുള്ള അസം എന്നയാളെ യൂണിവേഴ്സിറ്റിയിൽ വച്ചാണ് ലാദൻ പരിചയപ്പെടുന്നത്. ആത്മീയ ഉപദേഷ്ടാവ് എന്ന മറയിലാണ് ലാദനെ ഇയാൾ ആദ്യം ആകർഷിച്ചത്. ഇത്തരത്തിൽ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെടുന്നതിന് മുമ്പ്‌ വരെ ലാദൻ വളരെ നല്ല കുട്ടിയായിരുന്നുവെന്ന് അമ്മ ഓർക്കുന്നു. അവരുമായി അടുപ്പം വേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ അവൻ എന്നെ വിഷമിപ്പിക്കേണ്ടെന്ന് കരുതി അവരെ കാണുന്ന കാര്യമൊന്നും പിന്നീട് എന്നോട് പറയുമായിരുന്നില്ല - ആലിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അതേസമയം അഫ്ഗാനിസ്താനിലെ പാൻ ഇസ്ലാം തീവ്രവാദ സംഘടനകളെ അമർച്ച ചെയ്യാനായി സോവിയറ്റ് സൈന്യം എത്തുകയും ആഭ്യന്തര യുദ്ധം തുടങ്ങുകയും ചെയ്തതോടെ യുഎസ് പിന്തുണയുണ്ടായിരുന്ന അഫ്ഗാൻ തീവ്രവാദികൾക്കൊപ്പം സോവിയറ്റ് സൈന്യത്തിനെതിരെ പോരാടാൻ ലാദൻ അവിടേക്ക് പോയി. 90കളുടെ ആദ്യമാണിത്. ആ സമയത്ത് ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും ബിൻ ലാദനെക്കുറിച്ച് അഭിമാനമാണ് ഉണ്ടായിരുന്നതെന്ന് സഹോദരൻ ഹസൻ ഓർക്കുന്നു. അക്കാലത്ത് എല്ലാവർക്കും ലാദനെ പറ്റി അഭിമാനമായിരുന്നു. സൗദി ഗവൺമെന്റ് ആദരപൂർവമാണ് ലാദനെ പരിഗണിച്ചത്. പിന്നീട് രീതികൾ മാറിയെന്നും ഹസൻ അഭിപ്രായപ്പെട്ടു.

അതേസമയം അമ്മയ്ക്ക് ഉസാമയുടെ ഭീകര മുഖം അറിയില്ലെന്ന് അർദ്ധ സഹാദരന്മാർ പറയുന്നു. ഉസാമ കുടുംബത്തിന് അപമാനവും അധിക്ഷേപങ്ങളും നൽകിയ ആളാണ്. ഉസാമയുടെ പ്രവർത്തനങ്ങൾ മൂലം ഞങ്ങളുടെ കുടുംബം ഒരുപാട് അനുഭവിച്ചു. കുടുംബം സൗദിക്ക് പുറമെ സിറിയയിലും ലെബനനിലും ഈജിപ്റ്റിലുമായി പടർന്നുകിടക്കുകയായിരുന്നു. എന്നാൽ എല്ലാവരും പിന്നീട് സൗദിയിലെത്തി. സൗദി ഗവൺമെന്റ് ഒരുപാട് ദ്രോഹിച്ചു. ചോദ്യം ചെയ്ത് പീഡിപ്പിച്ചു. യാത്രാവിലക്കേർപ്പെടുത്തി രാജ്യം വിട്ടുപോകുന്നത് തടഞ്ഞു എന്നും ഇവർ വെളിപ്പെടുത്തിയിരുന്നു.

സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിൽ 1957ൽ മാർച്ച് 10നാണ് ഉസാമയുടെ ജനനം. മുഹമ്മദ് അവാദ് ബിൻലാദൻ എന്ന ബിസിനസ്സുകാരന്റെ 52 മക്കളിൽ പതിനേഴാമനായിട്ട്. പിതാവിന്റെ അനേകം ഭാര്യമാരിൽ പത്താമത്തെ ഭാര്യയുടെ ഏക മകൻ കൂടിയായിരുന്നു ഒസാമ ബിൻലാദൻ. സൗദിയിൽ ഇപ്പോഴും വലിയ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമകളാണ് ബിൻലാദൻ കുടുംബം. സൗദി ബിൻലാദൻ ഗ്രൂപ്പ് എന്ന പേരിലാണ് കുടുംബത്തിന്റെ വ്യവസായം മുഴുവൻ. ജിദ്ദയിലാണ് ഇതിന്റെ ആസ്ഥാനം. വൻകിട കൺസ്ട്രക്ഷൻ പ്രൊജക്ടുകൾ ഏറ്റെടുത്ത് നടത്തുന്ന സൗദി ബിൻ ലാദൻ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡിൽ ലാദന്റെ സഹോദരന്മാരാണുള്ളത്. ശതകോടീശ്വരന്മാണ് ഇവരിൽപ്പലരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP