Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടുനമ്പറിനായി മരട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫ് കൈക്കൂലി ചോദിച്ചപ്പോൾ തുടങ്ങിയ പുലിവാല്; വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ പേരിൽനടന്ന കള്ളക്കളികളുടെ രേഖകൾ; മുതലാളിമാരെ രക്ഷിക്കാൻ പുതിയ സെക്രട്ടറി നൽകിയത് ചട്ടലംഘിച്ചുള്ള നോട്ടീസ്; കോടതി ക്രമവിരുദ്ധ നോട്ടീസ് റദ്ദാക്കിയപ്പോൾ കൈയുംകെട്ടി നിയമലംഘനത്തിന് ഒത്താശ ചെയ്തു; ഒടുവിൽ തീരദേശ പരിപാലന അഥോരിറ്റി പിടികൂടിയപ്പോൾ കൈകാലിട്ടടി; മരട് ഫ്‌ളാറ്റ് വിവാദത്തിൽ അറിയേണ്ട വസ്തുതകൾ ഇങ്ങനെ

വീട്ടുനമ്പറിനായി മരട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫ് കൈക്കൂലി ചോദിച്ചപ്പോൾ തുടങ്ങിയ പുലിവാല്; വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ പേരിൽനടന്ന കള്ളക്കളികളുടെ രേഖകൾ; മുതലാളിമാരെ രക്ഷിക്കാൻ പുതിയ സെക്രട്ടറി നൽകിയത് ചട്ടലംഘിച്ചുള്ള നോട്ടീസ്; കോടതി ക്രമവിരുദ്ധ നോട്ടീസ് റദ്ദാക്കിയപ്പോൾ കൈയുംകെട്ടി നിയമലംഘനത്തിന് ഒത്താശ ചെയ്തു; ഒടുവിൽ തീരദേശ പരിപാലന അഥോരിറ്റി പിടികൂടിയപ്പോൾ കൈകാലിട്ടടി; മരട് ഫ്‌ളാറ്റ് വിവാദത്തിൽ അറിയേണ്ട വസ്തുതകൾ ഇങ്ങനെ

എം മനോജ് കുമാർ

കൊച്ചി: കൊച്ചിയിലെ മരടിൽ നിന്നും ഉയരുന്നത് കേരളത്തിന്റെ ബധിരകർണങ്ങളിൽ മാത്രം പതിക്കേണ്ട നിലവിളികൾ. പണക്കൊഴുപ്പും അത്യാഡംബരവും കൈമുതലായുള്ള മരടിലെ അഞ്ചു ഫ്‌ളാറ്റുകളിലേയും ഉടമകൾ തങ്ങളുടെ സമ്പന്നതയ്ക്കും അധികാര ശക്തിക്കും മുന്നിൽ സുപ്രീംകോടതിയും ചിറക് വിരിച്ച് പറക്കില്ലെന്നാണ് ധരിച്ചു വശായിരുന്നത്. നിലവിലെ ഹൈക്കോടതി ഉൾപ്പെടെയുള്ള എല്ലാ വിധികളും അനുകൂലമാകുന്ന സർക്കാർ-നഗരസഭാ നിലപാടുകളും മാത്രമാണ് ഇവർ പരിഗണിച്ചത്. വർഷങ്ങളായി നടക്കുന്ന കേസുകളിൽ ഫ്‌ളാറ്റ് ഉടമകൾ കക്ഷി ചേർന്നതേയില്ല. അതുകൊണ്ട് തന്നെ വന്നണയാൻ പോകുന്ന അപകടത്തിനെക്കുറിച്ചുള്ള ഒരു സൂചനകളും ഇവർ മുന്നിൽ കണ്ടതുമില്ല.

സുപ്രീംകോടതിയിലെ ഏറ്റവും മികച്ച അഭിഭാഷകരെ അണിനിരത്തി തങ്ങളുടെ മുന്നിലുള്ള കടമ്പകൾ മറികടക്കാം എന്ന ഉത്തമ വിശ്വാസമാണ് സുപ്രീംകോടതി ഡിവിഷൻ ബെഞ്ചിന്റെ കർക്കശ നിലപാടുകൾ കാരണം വെള്ളത്തിലായത്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിങ്, കായലോരം അപ്പാർട്ട്‌മെന്റ്, അൽഫാ വെഞ്ചേഴ്‌സ് എന്നിവയാണ് ഇപ്പോൾ പൊളിക്കപ്പെടാൻ പോകുന്ന മരടിലെ ഫ്‌ളാറ്റുകൾ. ഉത്തരവ് നടപ്പാക്കപ്പെട്ടാൽ 346 ഓളം കുടുംബങ്ങളാണ് പ്രതിസന്ധിയിലാകാൻ പോകുന്നത്.

മരട് ഫ്‌ളാറ്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതി മൂന്നംഗ കമ്മറ്റിയെ നിയമിച്ചിരുന്നു. കൊച്ചി ജില്ലാ കളക്ടർ, മരട് മുനിസിപ്പൽ സെക്രട്ടറി, കൊച്ചി തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ മൂന്നംഗ സമിതിയെയാണ് ഈ കാര്യം പരിശോധിക്കാൻ സുപ്രീം കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി ഒരു സബ്കമ്മറ്റിയെ നിയോഗിച്ചു. ഈ സബ്കമറ്റി മരട് ഫ്‌ളാറ്റുകൾ സന്ദർശിക്കുകയും തെളിവെടുപ്പ് നടത്തുകയും ഒക്കെ ചെയ്തിരുന്നു. പക്ഷെ ഈ സബ് കമ്മറ്റിയുടെ പ്രാധാന്യവും ഇവർ സുപ്രീംകോടതിയിൽ നൽകാൻ പോകുന്ന റിപ്പോർട്ടും ഇതേ പണക്കൊഴുപ്പിന്റെ ബലത്തിൽ ഇവർ പരിഗണിച്ചില്ല. ഈ കമ്മറ്റിയോട് സഹകരിക്കാനോ തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിക്കാനോ അതുകൊണ്ട് തന്നെ ഫ്‌ളാറ്റ് ഉടമകൾ തയ്യാറായില്ല.

സുപ്രീം കോടതി നിയമിച്ച സമിതി റിപ്പോർട്ട് തീരദേശ പരിപാലന അഥോറിറ്റിയുടെ വാദങ്ങൾ സാധൂകരിക്കുന്നതായിരുന്നു. മൂന്നംഗ സമിതി സുപ്രീംകോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നത് ഈ കാര്യങ്ങളാണ്: 2010 ൽ മരട് പപഞ്ചായത്ത് നഗരസഭയാക്കി ഉയർത്തി. ഇത് യാഥാർഥ്യമാണ് എന്നാൽ ഈ പ്രദേശം ഇപ്പോഴും സി.ആർ സോൺ മാപ്പിങ്ങിൽ സോൺ 3 യിലാണ്. കേന്ദ്രം ഈ പ്രദേശം സിആർ സെഡ് 2 വിൽ ഉൾപ്പെടുത്തി റേറ്റ് നോട്ടിഫൈ ചെയ്തതിനു അംഗീകാരം നൽകിയിട്ടില്ല. നിലവിലെ നിയമം അനുസരിച്ച് സി.ആർ സോൺ 3 ൽ ഉൾപ്പെടുന്ന ഈ സ്ഥലത്ത് ഒരു നിർമ്മാണ പ്രവർത്തനങ്ങളും നടത്താൻ പാടുള്ളതല്ല. 2011 മുതൽ ഇത്തരത്തിൽ ഒരു പ്രദേശവും റീ നോട്ടിഫൈ ചെയ്യുന്നത് കേന്ദ്രസർക്കാർ താത്കാലികമായി മരവിപ്പിച്ചിരുന്നു. സുരക്ഷാ മേഖലകൾക്കും , പ്രതിരോധ മേഖലകൾക്കും മാത്രമാണ് ഇളവ് ലഭിച്ചതും റീ നോട്ടിഫൈ ചെയ്തതും. പഞ്ചായത്ത് മുനിസിപ്പാലിറ്റി ആക്കിയെങ്കിലും ഫ്‌ളാറ്റുകൾ നിർമ്മിച്ച സ്ഥലങ്ങൾ ഇപ്പോഴും സിആർ സെഡ് 3 ൽ ഉൾപ്പെടുന്ന സ്ഥലമാണ് അവിടെ നിർമ്മാണം പൂർണ്ണമായും നിരോധിച്ച പ്രദേശങ്ങളാണ് എന്നാണ് കമ്മറ്റി റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് സുപ്രീംകോടതിയിൽ അവതരിപ്പിക്കപ്പെടുകയും ഫ്‌ളാറ്റ് പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തപ്പോൾ മാത്രമാണ് സുപ്രീംകോടതി സമിതി തങ്ങളുടെ വാദങ്ങൾ കേട്ടില്ലെന്ന വിചിത്ര വാദവുമായി മരട് ഫ്‌ളാറ്റ് ഉടമകൾ രംഗത്ത് വരുന്നത്.

ഉടമകൾ രംഗത്ത് വന്നത് സുപ്രീംകോടതിയുടെ അന്തിമ വിധി വന്നശേഷം

മരടിലെ അഞ്ചു ഫ്‌ളാറ്റുകളും പൊളിച്ചു മാറ്റണമെന്ന സുപ്രീംകോടതിയുടെ അന്തിമ വിധി വന്ന ശേഷം മാത്രമാണ് ഫ്‌ളാറ്റ് ഉടമകൾ തന്നെ വന്നുപെട്ടിരിക്കുന്ന അപകടവും തങ്ങൾ ഇതേവരെ കേസിൽ കക്ഷി ചേരാത്തതിൽ വന്ന പാകപ്പിഴകളും മനസില്ലാക്കുന്നത്. ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്ക് ജയിലിൽ പോകേണ്ടിവരുമെന്ന് ഈ കേസിൽ നേരത്തെ കോടതിയുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഒരു കോടതിയും മരട് വിഷയത്തിലെ ഹർജികൾ പരിഗണിക്കരുതെന്ന് ജസ്റ്റിസ് അരുൺ മിശ്ര ആവശ്യപ്പെട്ടിരുന്നു. . ഉടമകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കല്യാൺ ബാനർജിക്കെതിരെ രൂക്ഷ വിമർശനം നടത്തിക്കൊണ്ടായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര ഹർജി തള്ളിയത്. കൊൽക്കത്ത ബന്ധം ഉപയോഗിച്ച് തന്നെ സ്വാധീനിക്കാനാണോ കല്യാൺ ബാനർജിയെ ഹാജരാക്കിയത് എന്നും കോടതിയിൽ തട്ടിപ്പ് നടത്താനാണ് മുതിർന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്നും ജസ്റ്റിസ് അരുൺ മിശ്ര കൂട്ടിച്ചേർത്തിരുന്നു.

പരിസ്ഥിതി നിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് പാർപ്പിട സമുച്ചയങ്ങളും ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് കഴിഞ്ഞ മെയ് 8നായിരുന്നു സുപ്രീംകോടതി വിധിച്ചത്. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളെല്ലാം ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ കോടതി തള്ളിയിരുന്നു. സെപ്റ്റംബർ 20നകം ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കി റിപ്പോർട്ട് നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരും എന്ന മുന്നറിയിപ്പ് കൂടി സുപ്രീംകോടതി നൽകിയിരുന്നു. ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ പറഞ്ഞപ്പോൾ അത്തരം മുടന്തൻ ന്യായങ്ങളൊന്നും പറയേണ്ടെന്നായിരുന്നു ജസ്റ്റിസ് മിശ്രയുടെ മറുപടി. ഇതിൽ നിന്ന് തന്നെ സുപ്രീംകോടതിയുടെ നിലപാടുകൾ വ്യക്തമാണ്. ഫ്‌ളാറ്റ് ഉടമകളുടെ മുൻപിലുണ്ടായിരുന്ന ഏക മാർഗ്ഗമായിരുന്ന റിവ്യൂ ഹർജികൾ ഒന്നടങ്കം സുപ്രീംകോടതി തള്ളുകയും ചെയ്തതോടെ അടിവരയിട്ട നിലപാടായി ഫ്‌ളാറ്റ് പൊളിക്കൽ മാറുകയും ചെയ്തു.

അടിയേറ്റത് ഫ്‌ളാറ്റ് ഉടമകളുടെ അഹന്തയ്ക്ക് മേൽ

നിയമം മുഴുവൻ കലക്കിക്കുടിച്ച മട്ടിലിരുന്ന ഫ്‌ളാറ്റ് ഉടമകൾ ഫ്‌ളാറ്റ് വാങ്ങുമ്പോൾ തങ്ങൾക്ക് മുകളിൽ അമരുന്ന റിസ്‌ക്കുകളും അതിന്റെതായ നിയമവശങ്ങളും കണക്കിൽ എടുത്തതേയില്ല. ഇത് സ്ഥിതിഗതികളുടെഅപകടം കൂട്ടുകയും ചെയ്തു. മേടിക്കുന്നയാൾ സൂക്ഷിക്കുക. ഉത്തരവാദിത്തപ്പെടുക എന്നതാണ് ഫ്‌ളാറ്റ് വാങ്ങുന്നതിന്റെ അർത്ഥങ്ങളിൽ തന്നെ ഒന്ന്. ഒരു വസ്തുവോ സേവനമോ മേടിക്കുമ്പോൾ ആ വ്യക്തി അതിന്റെ എല്ലാവിധ റിസ്‌ക്കുകളെക്കുറിച്ചും അറിഞ്ഞിരിക്കണമെന്നാണ് നിയമം പറയുന്നത്. തെറ്റായതോ, മിസ്ലീഡ് ചെയ്യുന്നതോ ആയ വിവരങ്ങൾ തന്ന് വിൽപനക്കാർ വഞ്ചിച്ചാൽ മാത്രമേ ആ ഉത്തരവാദിത്തം വില്പന നടത്തുന്ന ആൾക്ക് ഉണ്ടാകുകയുള്ളു. എന്നാൽ ഫ്‌ളാറ്റ് പൊളിക്കാൻ ഉത്തരവിട്ട വിധിയൊടൊപ്പം ഫ്‌ളാറ്റിലെ താമസക്കാർക്ക് അവരുടെ നഷ്ടം ലഭിക്കുന്നതിനായി ട്രിബ്യുണലിനെയും, അധികാരപരിധിയിലുള്ള സിവിൽ കോടതികളെയും സമീപിക്കാമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിയമത്തിലെ ഈ വ്യവസ്ഥകളും സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും കൊണ്ട് തന്നെ ഫ്‌ളാറ്റ് ഉടമകളുടെ മുന്നിൽ എല്ലാ വഴികളും അടയുകയാണെന്ന് വ്യക്തമാവുകയാണ്.

ഫ്‌ളാറ്റ് ഉടമകളുടെ മുന്നിൽ ഇനി ഉള്ള വഴികൾക്ക് വളരെ പരിമിതിയുണ്ട്. ഒന്നുകിൽ സുപ്രീംകോടതി തീരുമാനത്തിൽ നിന്നും പുറകോട്ടു പോകണം. ഇത് സംഭവിക്കാൻ ഒരു സാധ്യതയും നിലവിലില്ല. അല്ലെങ്കിൽ സംസ്ഥാന സർക്കാർ വിധി നടപ്പിലാക്കുന്നതിൽ നിന്നും പിന്നോട്ട് പോകണം. ശബരിമല വിധി തന്നെ പൊല്ലാപ്പായി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഒരു നീക്കുപോക്കിനും തയ്യാറാകില്ല. ഇത് സംസ്ഥാന സർക്കാർ നിലപാടുകളിൽ നിന്നും ഇപ്പോൾ എടുത്ത നടപടികളിൽ നിന്നും പകൽ പോലെ വ്യക്തമാണ്. ഫ്‌ളാറ്റുകൾ ഉടനടി പൊളിച്ച് മാറ്റണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനം വന്നതോടെ വെട്ടിലായ ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവാദിത്തം താലത്തിലാക്കി മരട് നഗരസഭയ്ക്ക് മുന്നിലേക്ക് തള്ളി. ഉത്തരവാദിത്തം മരട് മുനിസിപ്പാലിറ്റി സെക്രട്ടറിക്ക്. പതിനാലു ദിവസത്തിനുള്ളിൽ വിധി നടപ്പിലാക്കിയില്ലെങ്കിൽ അച്ചടക്ക നടപടി നേരിടേണ്ടി വരും. പ്രശ്‌നം സുപ്രീംകോടതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യും. മരട് നഗരസഭാ സെക്രട്ടറി പുതുതായി ചാർജ് എടുത്തയാൾ ആണ്. ആരിഫ്ഖാൻ മരട് നഗരസഭാ സെക്രട്ടറിയായിട്ടു ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.

പുലിവാൽ പിടിച്ച് മരട് നഗരസഭാ സെക്രട്ടറി

ഈ മാസം അഞ്ചാം തീയതിയാണ് മരട് നഗരസഭാ സെക്രട്ടറിയായി ആരിഫ്ഖാൻ ജോയിൻ ചെയ്യുന്നത്. അതുവരെ കൂത്താട്ടുകുളം സെക്രട്ടറിയായിരുന്നു. സെക്രട്ടറിയായി അടുത്ത ദിവസമാണ് അതായത് ആറാം തീയതിയാണ് സുപ്രീംകോടതി ഉത്തരവ് വരുന്നത്. ചീഫ് സെക്രട്ടറിയുടെ കത്ത് അതിനു പിന്നാലെ വന്നു. എല്ലാ ഉത്തരവാദിത്തങ്ങളും നഗരസഭാ സെക്രട്ടറിയെ ചുമതലയേൽപ്പിച്ച്. നഗരസഭാ സെക്രട്ടറിക്ക് സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല. നഗരസഭാ കൗൺസിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥൻ ആണ് സെക്രട്ടറി. എല്ലാ പുലിവാലുകളും ഫ്‌ളാറ്റിന്റെ കാര്യത്തിൽ സൃഷ്ടിച്ച മരട് നഗരസഭ ഒന്നടങ്കം സുപ്രീംകോടതി വിധിക്കെതിരെ നിലകൊള്ളുകയുമാണ്. ആത്യന്തികമായി ചീഫ് സെക്രട്ടറി പറയുന്നത് കേൾക്കേണ്ടി വരുമെങ്കിലും ചീഫ് സെക്രട്ടറിയോ നഗരസഭാ കൗൺസിലോ വലുത് എന്ന പ്രശ്‌നവും സെക്രട്ടറിക്ക് കൗൺസിൽ യോഗത്തിൽ അഭിമുഖീകരിക്കേണ്ടിയും വരും. ഇനി വിധി നടപ്പില്ലാക്കിയില്ലെങ്കിൽ മരട് നഗരസഭ പിരിച്ചു വിടാൻ സർക്കാരിനു ഉത്തരവിടേണ്ടി വരും.

അല്ലെങ്കിൽ സുപ്രീംകോടതി തന്നെ നേരിട്ടു ഇടപെടുന്നത് കാണേണ്ടി വരുകയും ചെയ്യും. എന്തായാലും മരട് ഫ്‌ളാറ്റിന്റെ പ്രശ്‌നത്തിൽ നഗരസഭ ഇപ്പോൾ വെള്ളം കുടിക്കുകയാണ്. ചീഫ് സെക്രട്ടറി ഉത്തരവാദിത്തം മുഴുവൻ നഗരസഭയ്ക്ക് കൈമാറിക്കഴിഞ്ഞു. സുപ്രീംകോടതി ഓർഡർ നടപ്പിലാക്കേണ്ട ഉത്തരവാദിത്തം മരട് നഗരസഭയ്ക്ക് ആണ്. അല്ലെങ്കിൽ അച്ചടക്ക നടപടികൾ നേരിടേണ്ടി വരും. ഇത് തർക്കമില്ലാത്ത കാര്യവുമാണ്. ഫ്‌ളാറ്റ് ഉടമകളെ ഒഴിപ്പിക്കണം. അതേ സമയം പുനരധിവാസ നടപടികൾ നടപ്പിലാക്കുകയും വേണം. നഗരസഭാ സെക്രട്ടറിയെ വെട്ടിലാക്കി കൗൺസിൽ ചില യോഗങ്ങൾക്ക് ഇതിനിടെ മുതിരുകയും ചെയ്തിരുന്നു. സുപ്രീംകോടതി ഉത്തരവിനെതിരെ നഗരസഭയിൽ പ്രമേയം പാസാക്കാനുള്ള നീക്കം നടന്നിരുന്നു. പക്ഷെ അത് നഗരസഭാ സെക്രട്ടറിയുടെ എതിർപ്പ് കാരണം നടന്നില്ലാ എന്നാണ് അറിയുന്നത്. സർക്കാർ പറയുന്ന കാര്യം തങ്ങൾക്ക് ബാധകമല്ലാ എന്ന് കൗൺസിലർമാർ നിലപാട് എടുത്തതോടെയാണ് ഈ നീക്കം നടന്നത്.

മരട് ഫ്‌ളാറ്റ് കേസ് മുഖ്യധാരയിലേക്ക് എത്തുന്നത് ഇങ്ങനെ:

2006-ൽ മരട് നഗരസഭയായിട്ടില്ല. ഗ്രാമപഞ്ചായത്ത് ആണ്. ഈ കാലയളവിൽ ഉള്ള ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് അഴിമതിക്കാരനായിരുന്നു. ഒരു വീടിനു നമ്പർ ഇടേണ്ട ഘട്ടം വന്നപ്പോൾ സെക്രട്ടറി കൈക്കൂലി ചോദിച്ചു. ഇത് വിജിലൻസിൽ എത്തി. വേറൊരു കേസിൽ ഈ പഞ്ചായത്ത് സെക്രട്ടറി അകത്താകുകയും ചെയ്തു. മരട് പ്രദേശം സിആർഇസ്ഡിൽ വരുന്നതാണ്. ഇത് മുന്നിൽ നിൽക്കെ തന്നെ നിയമങ്ങളും മാനദണ്ഡങ്ങളും നോക്കാതെ തന്നെ ബിൽഡിങ് പെർമിറ്റ് കൊടുക്കുകയായിരുന്നു പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫ്. എന്നാൽ ഫ്ളാറ്റ് നിർമ്മാണത്തിൽ നടന്ന നിയമലംഘനങ്ങളുടെ പേരിൽ അഷറഫിനെതിരേ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ആദ്യം ലോകായുക്തയിൽ പരാതി പോവുകയും അവിടെ നിന്നും കേസ് വിജിലൻസ് കോടതിയിൽ എത്തുകയും ചെയ്തെങ്കിലും നടപടി ഒന്നും വന്നിട്ടില്ല.

മുഹമ്മദ് അഷ്റഫിന് നേരെ കൈക്കൂലി പ്രശ്‌നം വന്നപ്പോൾ വിജിലൻസ് ഗ്രാമപഞ്ചായത്ത് ഫയലുകൾ സസൂക്ഷ്മം പരിശോധിച്ചു. വിജിലൻസ് കേസും വന്നു. 32 ഫയലുകൾ വിജിലൻസ് കൊണ്ടുപോയി. അഞ്ച് പെർമിറ്റുകൾ ഉള്ള ഫയൽ വിജിലൻസ് വെവ്വേറെ പരിശോധിച്ചു.ഇതിൽ തീരദേശ പരിപാലന അഥോറിറ്റിയുടെ എൻഒസി ഇല്ലാതെ, കെട്ടിട നിർമ്മാണം ചട്ടം ലംഘിച്ചുള്ള ഫയലുകൾ ഉള്ളതായി വിജിലൻസ് കണ്ടു. .ഫ്‌ളാറ്റുകളുടെ ഫയലുകൾ വിജിലൻസ് ടൗൺ പ്ലാനിങ്ങിനു കൈമാറി. ഇവർ പരിശോധിച്ചപ്പോൾ എല്ലാം അനധികൃതം. ടൗൺ പ്ലാനിങ് സർക്കാർ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി.സർക്കാർ സെക്രട്ടറി പരിശോധിച്ചു. മരട് ഫ്‌ളാറ്റുകൾ റിവോക്ക് ചെയ്യാൻ നിർദ്ദേശം നൽകി. ബിൽഡറിന് നോട്ടീസ് നൽകി. ഇതോടെ പ്രശ്‌നം ഹൈക്കോടതിയിൽ എത്തി. നിർമ്മാതാക്കൾ ഹൈക്കോടതിയിൽ സർക്കാർ നിർദ്ദേശം ചലഞ്ച് ചെയ്തു. ബിൽഡേഴ്‌സിന് ഗ്രാമപഞ്ചായത്ത് നൽകിയ നോട്ടീസ് നിയമാനുശ്രുതം ആയിരുന്നില്ല. ഇതിൽ തന്നെ കള്ളക്കളികൾ അടങ്ങിയിരുന്നു. ഹൈക്കോടതി ചൂണ്ടിക്കാട്ടിയതും നോട്ടീസിലെ ക്രമ വിരുദ്ധമായ നടപടികൾ ആയിരുന്നു. ഇത് ബിൽഡേഴ്‌സിനെ രക്ഷിക്കാൻ വേണ്ടി ആയിരുന്നു എന്നാണ് സൂചനകൾ. ഹൈക്കോടതി വിധിയും ഈ വസ്തുത അടിവരയിടുന്നു.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വന്നു. നോട്ടീസ് നിയമാനുസരണമല്ല. അതിനാൽ നോട്ടീസ് റദ്ദ് ചെയ്യുന്നു. അപ്പോൾ ഹൈക്കോടതി ഒരു കാര്യം കൂടി പറഞ്ഞു. നിയമാനുസൃതമല്ലാത്ത കെട്ടിട നിർമ്മാണത്തിനു സ്റ്റോപ്പ് മെമോ നൽകാം. പക്ഷെ ജഡ്ജ്‌മെന്റ് നിർമ്മാതാക്കൾക്ക് അനുകൂലമായിരുന്നു. അപ്പോഴേക്കും നിയമം മാറി. പക്ഷെ രേഖകൾ മാറുന്നില്ല. അതിനാൽ ഫ്‌ളാറ്റ് നിർമ്മാണത്തിനു സ്റ്റോപ്പ് മെമോ നൽകി. അവർ അത് ഹൈക്കോടതിയിൽ വീണ്ടും ചലഞ്ച് ചെയ്തു. ഇതിന്നിടെ ഹൈക്കോടതി വിധിക്കെതിരെ തീരദേശ അഥോറിറ്റി സുപ്രീംകോടതിയിൽ പോയി. , അപ്പോഴേക്കും മരട് ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയായിരുന്നു. മരട് മുനിസിലിറ്റി കേസിൽ കക്ഷി ചേർന്നു. അത് ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് അനുകൂലമായാണ് മുനിസിപ്പാലിറ്റി കക്ഷി ചേർന്നത്. ഫ്‌ളാറ്റ് ഉൾപ്പെടുന്ന മരട് പ്രദേശം സിആർസെഡ് 2 ആണ്. 3 അല്ല എന്ന് പറഞ്ഞിട്ടാണ് കക്ഷി ചേർന്നത്. ഇതിലാണ് പ്രശ്‌ന പരിഹാരത്തിനു സുപ്രീംകോടതി മൂന്നംഗ സമിതിയെ വെച്ചത്. അപ്പോഴും ഈ കേസിൽ ഫ്‌ളാറ്റ് ഉടമകൾ കക്ഷി ചേർന്നിരുന്നില്ല. അതിനു ശേഷമാണ് അഞ്ച് ഫ്‌ളാറ്റുകളും പൊളിക്കാനുള്ള സുപ്രീംകോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി വരുന്നത്.

ഇപ്പോൾ നടക്കുന്ന സമരത്തിലും കള്ളക്കളി

തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ അഞ്ച് ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതി വിധി വന്നപ്പോൾ ഇപ്പോൾ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സമരത്തിലും കള്ളക്കളിയുണ്ട്. . 2000 മുതൽ ഇടതുപക്ഷം. 2010 വരെ ഇടതുപക്ഷമാണ് മരട് ഭരിച്ചത്. ഇപ്പോൾ ഭരിക്കുന്നത് യുഡിഎഫും. ഇടത് ഭരണത്തിലാണ് ഈ ഫ്‌ളാറ്റുകൾക്ക് നിർമ്മാണത്തിനുള്ള അനുമതി നൽകുന്നത്. ഇപ്പോൾ ഭരണത്തിലിരിക്കുന്നത് യുഡിഎഫ് ഭരണ സമിതിയും. ഇപ്പോൾ ഇടത് പക്ഷവും വലത് പക്ഷവും മരട് നഗരസഭയ്ക്ക് മുന്നിൽ സമരം നടത്തുകയാണ്. യുഡിഎഫ് നടത്തുന്ന സമരത്തിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുടെയും പിന്തുണയുണ്ട്. സമരത്തിനു ഇവർ എത്തുകയും ചെയ്യുന്നുണ്ട്. സിപിഎം നടത്തുന്ന സമരത്തിനു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവരുടെയും പിന്തുണയുണ്ട്.

കേരളത്തിലെ ഇടത്-വലത് മുന്നണികൾ നയിക്കുന്ന നേതാക്കൾ സമരം നടത്തുന്നത് മരട് നഗരസഭയ്ക്ക് മുന്നിലാണ് എന്നതാണ് സമരത്തിലെ വലിയ കള്ളക്കളി തുറന്നു കാട്ടപ്പെടുന്നത്. സുപ്രീംകോടതി വിധിയുടെ പേരിൽ വെറും ഒരു നഗരസഭയ്ക്ക് മുന്നിലാണോ ഇടത് വലത് മുന്നണികളെ നയിക്കുന്ന നേതാക്കൾ സമരം ചെയ്യേണ്ടത്. സെക്രട്ടറിയെറ്റിന് മുന്നിൽ മാത്രമേ ഈ സമരത്തിനു പ്രസക്തിയുള്ളൂ. ഒരു നഗരസഭയ്ക്ക് ഈ വിഷയത്തിൽ എന്ത് ചെയ്യാൻ കഴിയും. ഇന്ത്യയിലെ ഏറ്റവും പരമോന്നതമായ നീതിന്യായകോടതി ഒരു വിധി പുറപ്പെടുവിക്കുമ്പോൾ അത് നടപ്പിലാക്കാൻ ബാധ്യത അടിച്ചേൽപ്പിക്കപ്പെട്ട വെറുമൊരു പഞ്ചായത്ത് മാത്രമാണ് മരട്. സമരം നടത്തുന്നെങ്കിൽ അത് ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിന് മുന്നിൽ തന്നെ വേണം. എന്തുകൊണ്ട് ഇവർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നില്ല. അതുമല്ല സിപിഎം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു ആത്മാർത്ഥയുണ്ടെങ്കിൽ സർക്കാർ തലത്തിലെ ഇടപെടലിന് സമ്മർദം ചെലുത്താവുന്നതേയുള്ളൂ. ഇടത് സർക്കാർ ഭരിക്കുമ്പോൾ എന്തിനു സിപിഎം സമരവുമായി രംഗത്തിറങ്ങണം. സിപിഐ എംഎൽഎ എൽദോസിന് നേരെ പൊലീസ് കൊച്ചിയിൽ ലാത്തിച്ചാർജ് നടത്തിയപ്പോൾ മന്ത്രിസഭാ യോഗത്തിൽ മന്ത്രി എ.കെ.ബാലൻ തന്നെ പറഞ്ഞത് ഭരണവും സമരവും ഒരുമിച്ച് വേണ്ടാ എന്നാണ്. ഇത് മന്ത്രിസഭാ യോഗത്തിൽ തന്നെ ഒച്ചപ്പാടിന് കാരണമാവുകയും ചെയ്തിരുന്നു.

മരട് ഫ്‌ളാറ്റ് കേസിന്റെ ചരിത്രം ഇങ്ങനെ:

2006 ൽ മരട് ഗ്രാമ പഞ്ചായത്ത് ഫ്ളാറ്റുകൾക്ക് നിർമ്മാണ അനുമതി നൽകുന്നു ഫ്ളാറ്റുകളുടെ നിർമ്മാണം ആരംഭിക്കുന്നു. നിർമ്മാണ ഘട്ടത്തിൽത്തന്നെ പഞ്ചായത്ത് വിജിലൻസ് നിയമലംഘനങ്ങൾ കണ്ടെത്തുന്നു. വിവാദത്തിലായത് ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിൻ ഹൗസിങ്, കായലോരം അപ്പാർട്ടുമെന്റ്, ആൽഫ വെഞ്ചേഴ്സ് എന്നീ എന്നീ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങൾ. മരട് ഗ്രാമപഞ്ചായത്ത് 2006 സെപ്റ്റംബർ 19-ന് നിർമ്മാണാനുമതി നൽകിയതാണ് ഈ ഫ്‌ളാറ്റുകൾക്ക്. നിർമ്മാണം പൂർത്തിയാക്കി 2010 മുതൽ ഉപഭോക്താക്കൾക്ക് കൈമാറി നൽകിയതാണ്. എന്നാൽ ഫ്ളാറ്റ് നിർമ്മാണങ്ങൾ തീരദേശ പരിപാല നിയമം ലംഘിച്ച് നിർമ്മിച്ചവയാണെന്നാണ് സുപ്രീംകോടതി കണ്ടെത്തിയതോടെയാണ് ഫ്‌ളാറ്റുകൾക്ക് ശനിദശ തുടങ്ങിയത്. ഇതോടെ ഫ്‌ളാറ്റുകൾ ഒഴിപ്പിക്കൽ ഭീഷണിയിലായി. തീരദേശ നിയമം ലംഘിച്ചതിന്റെ പേരിൽ കോസ്റ്റൽ സോൺ മാനേജമെന്റ് അഥോറിറ്റി നൽകിയ പരാതിയാണ് കേസിനു തുടക്കമിട്ടത്. ഫ്ളാറ്റ് നിർമ്മാണവുമായി ബിൽഡേഴ്സ് മുന്നോട്ടു പോകുമ്പോഴാണ് നിയമലംഘനങ്ങളുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കോസ്റ്റൽ സോൺ മാനേജ്മെന്റ് അഥോറിറ്റി ഇടപെടുന്നത്.

തിരദേശ പരിപാല നിയമങ്ങൾ ലംഘിച്ചാണ് നിർമ്മാണങ്ങൾ നടക്കുന്നതെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് അഥോറിറ്റി മരട് പഞ്ചായത്തിന് കത്തു നൽകി. ഈ കത്തിന്റെ അടിസ്ഥാനത്തിൽ ബിൽഡേഴ്സിന് നോട്ടീസ് അയയ്ക്കാനും ആവശ്യപ്പെട്ടു. തുടർന്ന് അഞ്ചു ബിൽഡേഴ്സിനും പഞ്ചായത്തിൽ നിന്നും നോട്ടീസ് നൽകുകയും പിന്നാലെ നിർമ്മാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമോ നൽകുകയും ചെയ്തു. ഇവർ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാൻ ആവശ്യപ്പെടുന്നു. മറുപടി നൽകാതെ ഫ്‌ളാറ്റ് ഉടമകൾ ഹൈക്കോടതിയിൽ റിട്ട് പെറ്റിഷൻ നൽകി അനുകൂല വിധി സമ്പാദിക്കുന്നു. സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ കോസ്റ്റൽ സോൺ മാനേജമെന്റ് അഥോറിറ്റി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുന്നു.

ഡിവിഷൻ ബെഞ്ചും ഫ്‌ളാറ്റ് ഉടമകൾക്ക് അനുകൂലമായ വിധി നൽകുന്നു. കോസ്റ്റൽ സോൺ മാനേജമെന്റ് അഥോറിറ്റി കേരള ഹൈക്കോടതിയിൽ റിവ്യൂ പെറ്റിഷൻ നൽകുന്നു. എന്നാൽ അതും ഫ്‌ളാറ്റ് ഉടമകൾക്ക് അനുകൂലമാകുന്നു. മരട് പഞ്ചായത്ത് മുനിസിപ്പാലിറ്റിയാകുന്നു. കോസ്റ്റൽ സോൺ മാനേജമെന്റ് അഥോറിറ്റി അപ്പീലുമായി സുപ്രീംകോടതിയിലേക്ക് നീങ്ങുന്നു. വിശദമായ വാദം കേട്ട ശേഷം ഈ കഴിഞ്ഞ ആറിനു മരടിൽ നിർമ്മിച്ച അഞ്ച് പാർപ്പിട സമുച്ചയങ്ങളും ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP