Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരടിലെ ഫ്ളാറ്റ് പൊളിക്കലിനെതിരെ താമസക്കാർ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സങ്കടഹരജി നൽകും; ഹൈക്കോടതിയിൽ റിട്ട് ഹരജി നൽകുന്നതിനൊപ്പം 140 എംഎ‍ൽഎമാർക്കും നിവേദനം നൽകും; കുടിയൊഴിപ്പിക്കൽ സാമാന്യ നീതിക്കെതിരെന്നും മനുഷ്യാവകാശ ലംഘനമെന്നും വാദം; ഫ്ളാറ്റുകളിലെ താമസക്കാർ കുറ്റക്കാരല്ല, ഇവരുടെ ഭാഗം സർക്കാരും കോടതിയും പരിഗണിക്കേണ്ടത് ആയിരുന്നുവെന്ന് ജസ്റ്റിസ് കെമാൽപാഷയും

മരടിലെ ഫ്ളാറ്റ് പൊളിക്കലിനെതിരെ താമസക്കാർ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സങ്കടഹരജി നൽകും; ഹൈക്കോടതിയിൽ റിട്ട് ഹരജി നൽകുന്നതിനൊപ്പം 140 എംഎ‍ൽഎമാർക്കും നിവേദനം നൽകും; കുടിയൊഴിപ്പിക്കൽ സാമാന്യ നീതിക്കെതിരെന്നും മനുഷ്യാവകാശ ലംഘനമെന്നും വാദം; ഫ്ളാറ്റുകളിലെ താമസക്കാർ കുറ്റക്കാരല്ല, ഇവരുടെ ഭാഗം സർക്കാരും കോടതിയും പരിഗണിക്കേണ്ടത് ആയിരുന്നുവെന്ന് ജസ്റ്റിസ് കെമാൽപാഷയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിൽ തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന ഉത്തരവിനെതിരെ ഉടമകൾ രാഷ്ട്രപതിക്ക് സങ്കടഹർജി നൽകും. പ്രധാനമന്ത്രിക്കും ഹർജി സമർപ്പിക്കാനാണ് താമസക്കാരായ ഫ്‌ളാറ്റ് ഉടമകളുടെ തീരുമാനം. കുടിയൊഴിപ്പിക്കൽ ചോദ്യം ചെയ്ത് നിയമ നടപടികൾ തുടരാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ റിട്ട് ഹരജി നൽകുന്നതിനൊപ്പം 140 എംഎ‍ൽഎമാർക്കും നിവേദനം നൽകും.

കുടിയൊഴിപ്പിക്കൽ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്‌ളാറ്റുടമകൾ അടുത്ത തിങ്കളാഴ്ച ഹൈക്കോടതിയിൽ റിട്ട് ഹരജി സമർപ്പിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്വമുള്ളവർ തന്നെ നീതി നിഷേധം കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്‌ളാറ്റുടമകൾ ഹൈക്കോടതിയെ സമീപിക്കുക. ഫ്‌ളാറ്റ് ഒഴിയാൻ മതിയായ ദിവസം അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പുനരധിവാസ നടപടികളെ പറ്റി വ്യക്തതയില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടും. ഹരജി സമർപ്പിക്കുന്നതിന്റെ ഭാഗമായി ഫ്‌ളാറ്റ് ഉടമകൾ തിങ്കളാഴ്ച നഗരസഭയിലെത്തി നോട്ടീസ് കൈപ്പറ്റാനും ഒരുങ്ങഉന്നുണ്ട്.

കഴിഞ്ഞ ദിവസം നഗരസഭ നോട്ടീസ് നൽകാൻ എത്തിയിരുന്നെങ്കിലും ഭൂരിഭാഗം പേരും കൈപ്പറ്റാൻ വിസമ്മതിച്ചിരുന്നു. അതേസമയം, അഞ്ച് ദിവസത്തിനകം കുടിയൊഴിയണമെന്ന് കാട്ടി ഫ്‌ളാറ്റ് ഉടമകൾക്ക് നോട്ടീസ് നൽകിയതുൾപ്പടെയുള്ള വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നഗരസഭ സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറി. ഫ്‌ളാറ്റുടമകൾ നോട്ടീസ് നേരിട്ട് കൈപറ്റാത്ത കാര്യവും ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്.

അതേസമയം മരടിലെ ഫ്ളാറ്റുടമകൾക്ക് പിന്തുണയുമായി ജസ്റ്റിസ് കെമാൽപാഷയും രംഗത്തെത്തി. മരടിലെ കോടതി വിധിയിൽ സർക്കാർ ഇടപെടണമെന്നും ഫ്ളാറ്റുകൾ പൊളിച്ച് നീക്കുന്നതിന് പുറമെ മറ്റ് വശങ്ങളും കോടതി പരിഗണിക്കണമായിരുന്നെന്നും കെമാൽ പാഷ പറഞ്ഞു. ഫ്ളാറ്റുകളിലെ താമസക്കാർ കുറ്റക്കാരല്ല. ഇവരുടെ ഭാഗം സർക്കാരും കോടതിയും പരിഗണിക്കേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല. ഹോളി ഫെയ്ത്ത് ഫ്ളാറ്റിലെത്തി ഫ്ളാറ്റ് ഉടമകളുമായി താൻ സംസാരിച്ചെന്നും അവരുടെ ഭാഗം കോടതി കേൾക്കണമെന്നും കെമാൽ പാഷ പറഞ്ഞു.

മരടിൽ തീരദേശ പരിപാലന നിയമംലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കാനുള്ള നടപടികളിൽ പ്രതിഷേധമുയർത്തി ഉടമകൾ രംഗത്തെത്തിയിരുന്നു. ഫ്ളാറ്റ് പ്രശ്നത്തിൽ എല്ലാവരുടെയും പിന്തുണ വേണമെന്ന് നടനും പൊളിക്കേണ്ട ഹോളിഫെയ്ത്ത് അപ്പാർട്ട്മെന്റിലെ താമസക്കാരനുമായ സൗബിൻ ഷാഹിർ കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു.

ഞങ്ങൾ വർഷങ്ങളായി ജോലി ചെയ്ത് പണം കരുതിവച്ച് ആദ്യമായി സ്വന്തമാക്കി വാങ്ങിക്കുന്ന ഫ്ളാറ്റാണ്. അതിന് ലോൺ എടുത്തിട്ടുണ്ട്. ഇനിയും ജോലി ചെയ്താൽ മാത്രമേ ലോൺ അടക്കാനാകൂ. എല്ലാ സ്ഥലത്തും കരവും അടച്ച് ടാക്സും അടച്ചാണ് ഫ്ളാറ്റ് എടുത്തിരിക്കുന്നത്. എല്ലാവരുടെയും പിന്തുണ വേണം, സിനിമാക്കാരായിട്ടല്ല, മനുഷ്യന്മാരായിട്ട് ഞങ്ങളെ കാണണം. ഇവിടെ പ്രായമുള്ളവരുണ്ട്, രോഗികളുണ്ട്. ജോലിക്കാര്യങ്ങളുണ്ട്. ഇതിനെക്കുറിച്ചൊന്നും ചിന്തിക്കാതെയാണ് സംസാരിക്കുന്നത്. ഫ്ളാറ്റ് തിരിച്ചുകിട്ടുന്നതിന് സാഹചര്യമുണ്ടാകണം എന്നാണ് സൗബിൻ ഈ വിഷയത്തിൽ പ്രതികരിച്ചത്.

തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഫ്‌ളാറ്റ് കെട്ടിടങ്ങൾ നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടത്. മെയ് 8 നായിരുന്നു വിധി. ഹോളിഫെയ്ത്ത്, ഗോൾഡൻ കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിൻ ഹൗസിങ്, ആൽഫ വെഞ്ച്വേർസ് എന്നിവയാണ് പൊളിച്ചുനീക്കേണ്ടവ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP