Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോടതി മുറിയായി മാറിയത് എയിംസിലെ ട്രോമ സെന്ററിന്റെ ഒന്നാം നിലയിലെ സെമിനാർ ഹാൾ; പ്രവേശനമുണ്ടായിരുന്നത് കേസിലെ അഭിഭാഷകർക്കും കക്ഷികൾക്കും പൊലീസിനും പെൺകുട്ടിയുടെ നഴ്‌സിനും മാത്രം; എല്ലാ സിസിടിവി ക്യാമറകളും പ്രവർത്തന രഹിതമാക്കാനും നിർദ്ദേശം; ഉന്നാവ് ബലാത്സംഗക്കേസിൽ വിചാരണ ആരംഭിച്ചത് അതീവ സുരക്ഷയൊരുക്കി

കോടതി മുറിയായി മാറിയത് എയിംസിലെ ട്രോമ സെന്ററിന്റെ ഒന്നാം നിലയിലെ സെമിനാർ ഹാൾ; പ്രവേശനമുണ്ടായിരുന്നത് കേസിലെ അഭിഭാഷകർക്കും കക്ഷികൾക്കും പൊലീസിനും പെൺകുട്ടിയുടെ നഴ്‌സിനും മാത്രം; എല്ലാ സിസിടിവി ക്യാമറകളും പ്രവർത്തന രഹിതമാക്കാനും നിർദ്ദേശം; ഉന്നാവ് ബലാത്സംഗക്കേസിൽ വിചാരണ ആരംഭിച്ചത് അതീവ സുരക്ഷയൊരുക്കി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഉന്നാവ് പീഡനക്കേസിൽ ഇരയായ പെൺകുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി. ഡൽഹി എയിംസിലെ ട്രോമക്കെയറിൽ ഒരുക്കിയ താൽക്കാലിക കോടതിയിലായിരുന്നു രഹസ്യ വിചാരണ നടന്നത്. കേസിലെ മുഖ്യപ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിനെയും തീഹാർ ജയിലിൽ നിന്ന് ആശുപത്രിയിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്ന് മുതൽ എല്ലാ ദിവസവും വിചാരണയുണ്ടാകും. താൽക്കാലിക കോടതിക്ക് സമീപത്തെ സിസിടിവി ക്യാമറകളും പ്രവർത്തന രഹിതമാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

എയിംസ് ആശുപത്രിയിലെ ട്രോമ സെന്ററിന്റെ ഒന്നാം നിലയിലെ സെമിനാർ ഹാളാണ് ഉന്നാവ് കേസിനായി കോടതി മുറിയായി മാറിയത്. ദുരൂഹവാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന പെൺകുട്ടിയുടെ മൊഴി പ്രത്യേക കോടതി ജഡ്ജി ധർമേഷ്ശ ശർമ ഇവിടെ വച്ചാണ് രേഖപ്പെടുത്തി. രഹസ്യ വിചാരണയായതിനാൽ കേസിലെ അഭിഭാഷകർക്കും കക്ഷികൾക്കും പൊലീസിനും പെൺകുട്ടിയുടെ നഴ്‌സിനുമല്ലാതെ ആർക്കും കോടതി മുറിയിൽ പ്രവേശനമുണ്ടായിരുന്നില്ല.

2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ കുൽദീപ് സെംഗാർ പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം, ആയുധങ്ങൾ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ, പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു.

വാഹനാപകടത്തെ തുടർന്ന് കഴിഞ്ഞ ജൂലൈ മുതൽ പെൺകുട്ടി എയിംസിൽ ചികിത്സയിലാണ്. വാഹനാപകട കേസിലും സിബിഐ അന്വേഷണം നടക്കുകയാണ്. ജൂലൈ 28-നാണ് റായ്ബറേലിക്ക് അടുത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് പെൺകുട്ടിക്ക് ഒപ്പം സഞ്ചരിച്ച രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു. അതിവേഗത്തിൽ വന്ന ട്രക്ക് പെൺകുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിന് പിന്നിൽ കുൽദീപ് സിങ് സെംഗാറും കൂട്ടാളികളുമാണെന്ന ആരോപണങ്ങളുയർന്നതിനെത്തുടർന്ന് സെംഗാറിനും സഹോദരനും മറ്റ് പത്ത് പേർക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവിലെ പെൺകുട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് കത്ത് നൽകി പതിനാറാം ദിവസമാണ് അവരുടെ കാറിൽ ട്രക്കിടിക്കുന്നത്. കാറിൽ പെൺകുട്ടിയോടൊപ്പം ഉണ്ടാകേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ കയറിയിരുന്നില്ല. പെൺകുട്ടിയുടെ കാറിലിടിച്ച ട്രക്കിന്റെ നമ്പർ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ക്കുകയും ചെയ്തിരുന്നു.

ദുരൂഹവാഹനാപകടത്തിന് പിന്നിൽ സെൻഗറാണെന്നും പീഡനപരാതി പിൻവലിച്ചില്ലെങ്കിൽ വകവരുത്തുമെന്ന് എംഎൽഎയുടെ കൂട്ടാളികൾ ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടി സിബിഐയ്ക്ക് മൊഴി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP