Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഈ ഓണ നാളിൽ വാമനനെ പോലും നാണിപ്പിച്ചു കളഞ്ഞല്ലോ സാറേ..! ജീവനക്കാരുടെ വിയർപ്പിന്റെ വിലയായ ബോണസ് നിഷേധിച്ച് മുത്തൂറ്റ് ഫിൻകോർപ്പും; തടഞ്ഞ് വച്ചിരിക്കുന്നത് സംഘടനാ പ്രവർത്തനം നടത്തുന്ന അമ്പതോളം ജീവനക്കാരുടെ ബോണസ്; തന്ത്രം പയറ്റുന്നത് മുത്തൂറ്റ് ഫിനാൻസ് സമരത്തിന്റെ മറവിൽ; മറ്റുജീവനക്കാർക്കെല്ലാം ശനിയാഴ്ച ബോണസ് ക്രെഡിറ്റായപ്പോഴും സംഘടനയിൽ അംഗത്വമുള്ളവർക്ക് അരി മേടിക്കാൻ പോലും കാശില്ല; നിയമത്തോടുള്ള പരസ്യമായ വെല്ലുവിളിയെന്ന് ജീവനക്കാർ

ഈ ഓണ നാളിൽ വാമനനെ പോലും നാണിപ്പിച്ചു കളഞ്ഞല്ലോ സാറേ..! ജീവനക്കാരുടെ വിയർപ്പിന്റെ വിലയായ ബോണസ് നിഷേധിച്ച് മുത്തൂറ്റ് ഫിൻകോർപ്പും; തടഞ്ഞ് വച്ചിരിക്കുന്നത് സംഘടനാ പ്രവർത്തനം നടത്തുന്ന അമ്പതോളം ജീവനക്കാരുടെ ബോണസ്; തന്ത്രം പയറ്റുന്നത് മുത്തൂറ്റ് ഫിനാൻസ് സമരത്തിന്റെ മറവിൽ; മറ്റുജീവനക്കാർക്കെല്ലാം ശനിയാഴ്ച ബോണസ് ക്രെഡിറ്റായപ്പോഴും സംഘടനയിൽ അംഗത്വമുള്ളവർക്ക് അരി മേടിക്കാൻ പോലും കാശില്ല; നിയമത്തോടുള്ള പരസ്യമായ വെല്ലുവിളിയെന്ന് ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാരുടെ സമരം മറയാക്കി മുത്തൂറ്റ് ഫിൻകോർപ്പിലെ ജീവനക്കാർക്കും ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. മുത്തൂറ്റ് ഫിനാൻസിൽ ശമ്പള വർദ്ധന ആവശ്യപ്പെട്ട് സമരം ചെയ്തതിന്റെ പേരിൽ മാനേജ്‌മെന്റ് വാശി കാട്ടിയാണ് ശമ്പളവും ബോണസുമൊക്കെ നിഷേധിക്കുന്നത്. എന്നാൽ, മുത്തൂറ്റ് ഫിൻകോർപ്പിലെ ജീവനക്കാർക്ക് സമരം ചെയ്യാതെ തന്നെ ആനൂകൂല്യങ്ങൾ നിഷേധിക്കുന്നുവെന്നതാണ് പ്രത്യേകത. ഓണത്തിന് നിയമപരമായി നൽകേണ്ട ബോണസാണ് യൂണിയനിൽ അംഗത്വമുള്ള 50 ഓളം ജീവനക്കാർക്ക് നിഷേധിക്കുന്നത്. യൂണിയൻ അംഗങ്ങളല്ലാത്ത ജീവനക്കാർക്കെല്ലാം അവരുടെ അക്കൗണ്ടുകളിൽ ശനിയാഴ്ചയോടെ ബോണസ് ക്രെഡിറ്റായി. അഗ്ലോഗ് എന്ന മുത്തൂറ്റ് ഫിനാൻസും, മുത്തൂറ്റ് ഫിൻകോർപ്പും, മുത്തൂറ്റ് മിനിയും അടങ്ങുന്ന മാനേജ്‌മെന്റിന്റെ സംഘടനയാണ് ഒറ്റക്കെട്ടായി ജീവനക്കാരുടെ സംഘടന ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. നിലവിൽ ഒരുസമരവും മുത്തൂറ്റ് ഫിൻകോർപ്പിൽ നടക്കുന്നില്ല. എന്നാൽ, മുത്തൂറ്റ് ഫിനാൻസിലെ സമരം ഇവിടേക്കും പടരുമോയെന്ന ആശങ്ക മാനേജ്‌മെന്റിനുണ്ട്. ഈ പശ്ചാത്തലത്തിലാണ് സമരമൊന്നും നടക്കുന്നില്ലെങ്കിലും, ഭാവിയിൽ അവകാശവും പറഞ്ഞുവരുന്ന സാഹചര്യം ഒഴിവാക്കാനുള്ള തന്ത്രം പയറ്റുന്നത്. ഇതിന് വേണ്ടി നിയമപരമായി നൽകാൻ ബാധ്യതയുള്ള ബോണസ് കൂടി തടഞ്ഞുവച്ചിരിക്കുയാണ്. അതും ഈ ഓണക്കാലത്ത്. നിയമത്തെ വെല്ലുവിളിക്കുകയെന്നല്ലാതെ മറ്റെന്താണ് ഇത് എന്നാണ് ജീവനക്കാരുടെ സംഘടന ചോദിക്കുന്നത്.

തൊഴിൽ സമരങ്ങളും, തൊഴിൽ അവകാശങ്ങളും വച്ചുപൊറുപ്പിക്കരുത് എന്നുതന്നെയാണ് മുത്തൂറ്റ് ഗ്രൂപ്പിന്റെ മനസ്സലിരുപ്പ് എന്നാണ് തൊഴിലാളി യൂണിയൻ ആരോപിക്കുന്നത്. ഒറ്റക്കെട്ടായി നിൽക്കുന്ന ജീവനക്കാരെ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് മാനേജ്‌മെന്റ് പയറ്റുന്നത്. ട്രേഡ് യൂണിയൻ ആക്റ്റ് അനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനയിൽ അംഗത്വം എടുത്തതിന്റെ പേരിലാണ് ബോണസ് നിഷേധിച്ചുള്ള ഈ വിവേചനം കാട്ടുന്നത്. ഇത് കടുത്ത നിയമലംഘനമാണെന്ന് ജീവനക്കാർ തന്നെ ചൂണ്ടിക്കാട്ടുന്നു. ഐഡി ആക്റ്റിന്റെ പരിധിയിൽ വരുന്ന മുത്തൂറ്റ് പോലൊരു സ്ഥാപനത്തിലെ ജീവനക്കാരന് സ്റ്റാറ്റിയൂട്ടറി ബോണസ് പോലും നൽകാതിരിക്കുന്നത് ബോണസ് നിയമത്തിന്റെ ലംഘനമാണ്. സംഘടിക്കാൻ ഉള്ള അവകാശം നിഷേധിക്കുന്നതും അതിന്റെ പേരിൽ താറടിക്കുന്നതും ഇന്ത്യൻ ട്രേഡ് യൂണിയൻ ആക്റ്റിന്റെ ലംഘനമാണെന്നും യൂണിയൻ നേതാക്കൾ പറയുന്നു.

സംഘടനയിൽ അംഗമായാൽ പണി കിട്ടും

നിയമ ലംഘനങ്ങളും, തൊഴിൽ ചൂഷണങ്ങളും തൊഴിൽ വകുപ്പിന് മുന്നിൽ അവതരിപ്പിച്ചതിനെ ചൊല്ലി മുത്തൂറ്റ് ഫിൻകോർപ്പ് യൂണിറ്റിന്റെ ഭാഗമായി നിൽക്കുന്നവർക്ക് ഇതിന് മുൻപും കടുത്ത പീഡനങ്ങൾ പല വട്ടം ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. പലരെയും ദൂരെയുള്ള ബ്രാഞ്ചുകളിലേക്കും, അടച്ചു പൂട്ടാൻ പോകുന്ന ബ്രാഞ്ചുകളിലേക്കും സ്ഥലം മാറ്റി. പ്രമോഷനുകൾ തടഞ്ഞുവച്ചും ശമ്പള വർദ്ധനവ് നിഷേധിച്ചും കമ്പനി കൊടുത്ത ടാർജെറ്റ് അച്ചീവ് ചെയ്തിട്ടും അതിന്റെ പേരിൽ കിട്ടേണ്ട ഇൻസെന്റീവുകൾ പോലും തടഞ്ഞു വച്ചും പീഡിപ്പിച്ചു. നേതൃത്വത്തിൽ ഉള്ളവരെ കള്ളക്കേസുകളിൽ കുടുക്കാൻ പോലും ശ്രമിച്ചു. ലേബർ കമ്മീഷനറുടെ മുമ്പാകെ എത്തിയ വിഷയത്തിൽ ഏകപക്ഷീയമായി നടപടി സ്വീകരിച്ചു. പലരോടും സംഘടനയിൽ നിന്ന് പിന്തിരിയാൻ ആവശ്യപ്പെട്ട് മുകളിൽ നിന്നുള്ള ജീവനക്കാർ വഴി ഭീഷണിപ്പെടുത്തി.

മുത്തൂറ്റ് ഫിനാൻസിൽ അവകാശ സമരം നടക്കുന്നതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യം ഒരു പ്രതിഷേധത്തിനോ ചെറുത്തു നിൽപ്പിനോ ് അനുകൂലമല്ല എന്ന ധാരണയിലാണ് ആനുകൂല്യങ്ങൾ നിഷേധിക്കുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു. എന്നാൽ, ഇതിന് മുമ്പിൽ തോറ്റുകൊടുക്കില്ലെന്ന ജീവനക്കാർ പറയുന്നു.

മുത്തൂറ്റ് ഫിൻകോർപ്പ് യൂണിറ്റ് സെക്രട്ടറി ഷിജോയ് പോളിന്റെ കുറിപ്പ്

Indian Trade Union Act അനുസരിച്ച് register ചെയ്തിട്ടുള്ള ഒരു സംഘടനയിൽ അംഗത്വം എടുത്തത്തിന്റെ പേരിൽ, അവരോടും അവരുടെ കുടുംബത്തോടും ഇത്തവണ ഓണം ഉണേണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുത്തൂറ്റ് ഫിൻകോർപ്പ് മാനേജുമെന്റ്, ഒരു ജീവനക്കാരന്റെ നിയമപരമായ അവകാശമായ statutory bonus യൂണിയനിൽ അംഗങ്ങൾ ആയിട്ടുള്ള ഒരു വിഭാഗം ജീവനക്കാർക്ക് ഒഴിച്ച് ബാക്കിയുള്ള ജീവനക്കാരുടെ അക്കൗണ്ടുകളിൽ ശനിയാഴ്‌ച്ചയോടെ ക്രെഡിറ്റ് ആയി..

ഒറ്റ കെട്ടായി നിൽക്കുന്ന ജീവനക്കാരെ, തമ്മിൽ ഭിന്നിപ്പിക്കുക എന്ന ഗൂഡ അജണ്ടയുടെ ഭാഗമായിട്ടാകണം തിരഞ്ഞു പിടിച്ച്, ഒരു വിഭാഗം ജീവനക്കാരുടെ മാത്രം ബോണസ് കോർപ്പറേറ്റ് മുതലാളി പിടിച്ച് വച്ചിരിക്കുന്നത്..

പക്ഷെ, ഒരു കാര്യം മുതലാളി മനസിലാക്കാതെ പോയി, ബോണസ് അപ്രതീക്ഷിതമായി കിട്ടാതെ പോയ ആ ജീവനക്കാരില്ലേ, രാവന്തിയോളം പണിയെടുക്കുന്ന ആ തുച്ഛ വേതനക്കാർ, അവർക്കും ഉണ്ടാകില്ലേ, മകൻ അല്ലെങ്കിൽ മകൾ ഓണക്കോടിയുമായി വരുമെന്ന പ്രതീക്ഷയോടെ വീട്ടിൽ കാത്തിരിക്കുന്ന ഒര് അച്ഛനും അമ്മയും, ഓണസദ്യക്ക് സാധനങ്ങളും ആയി വരുന്ന ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യയും, അച്ഛൻ ഓണക്കോടിയുമായി വരുന്നത് വഴി അരികിൽ കാത്ത് നിൽക്കുന്ന മക്കളും..

ഒരു വർഷത്തെ ഒരു ജീവനക്കാരന്റെ അധ്വാനത്തിന്റെ, വിയർപ്പിന്റെ, കഷ്ട്ടപ്പാടിന്റെ ഒക്കെ ആകെ തുക ആയിരുന്നില്ലേ ആ അർഹതപ്പെട്ട ബോണസ്, പണത്തിന്റെ പകിട്ടിൽ നിയമത്തെ പോലും വെല്ലുവിളിച്ച് കുറേ യേറെ കുടുംബങ്ങളുടെ സന്തോഷം തല്ലി കെടുത്തിയിട്ട് നിങ്ങൾക്ക് എങ്ങനെ മനസാക്ഷി കുത്തില്ലാതെ സദ്യ ഉണ്ണാൻ കഴിയും, സാമ്പാർ ഒഴിച്ച് എത്ര കുഴച്ചാലും അത് എങ്ങനെ തൊണ്ടയിൽ നിന്ന് താഴോട്ട് ഇറങ്ങും..

ID Act ന്റെ പരിധിയിൽ വരുന്ന മുത്തൂറ്റ് പോലൊരു സ്ഥാപനത്തിൽ ജോലി ചെയുന്ന ജീവനക്കാരന് Statutory Bonus പോലും നൽകാതിരിക്കുക എന്നത് BONUS ACT ന്റെ തന്നെ നഗ്‌നമായ ലംഘനം ആണെന്നത് നിങ്ങൾക്ക് അറിയാഞ്ഞിട്ട് ആണോ..

സംഘടിക്കാൻ ഉള്ള അവകാശം നിഷേധിക്കുന്നതും അതിന്റെ പേരിൽ വ്യക്തിഹത്യ ചെയ്യുന്നതും Indian union act ന്റെ ലംഘനമാണെന്ന്, അറിയാതെ യാണോ, നിങ്ങൾ ഇങ്ങനെ നിയമത്തെ പരസ്യമായി വെല്ലുവിളിക്കുന്നത്...

നിയമ ലംഘനങ്ങളും, തൊഴിൽ ചൂഷണങ്ങളും ലേബർ ഡിപ്പാർട്ട്മെന്റിനു മുന്നിൽ ചൂണ്ടി കിട്ടിയതിന്റെ പേരിൽ സംഘടനയുടെ ഭാഗമായി നിൽക്കുന്നവർക്ക് ഇതിന് മുൻപും ഹൃദയഭേദകമായ പീഡനങ്ങൾ പല വട്ടം ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്.. പലരേയും ദൂരെയുള്ള ബ്രാഞ്ചുകളിലേക്കും, അടച്ചു പൂട്ടാൻ പോകുന്ന ബ്രാഞ്ചുകളിലേക്കും സ്ഥലം മാറ്റി, പ്രമോഷനുകൾ തടഞ്ഞുവച്ചു, ശമ്പള വർദ്ധനവ് നിഷേധിച്ചു, കമ്പനി കൊടുത്ത ടാർജെറ്റ് അച്ചീവ് ചെയ്തിട്ടും അതിന്റെ പേരിൽ കിട്ടേണ്ട ഇൻസെന്റീവുകൾ പോലും തടഞ്ഞു വച്ചു, ചില കരിങ്കാലികൾക്കു മോഹന വാഗ്ദാനങ്ങൾ നൽകി ലീഡർഷിപ്പിൽ ഉള്ളവരെ കള്ളക്കേസുകളിൽ കുടുക്കാൻ പോലും ശ്രമിച്ചു, ലേബർ കമ്മീഷനറുടെ ടേബിൾ ചർച്ചക്കിരിക്കുന്ന വിഷയത്തിൽ ഏകപക്ഷീയമായി നടപടി സ്വീകരിച്ച് ആ പദവിയെ തന്നെ അവഹേളിച്ചു, പലരോടും സംഘടനയിൽ നിന്ന് പിന്തിരിയാൻ ആവശ്യപ്പെട്ട് ചില ടോപ്പ് ക്ലാസ്സ് ജീവനകാർ വഴി വിളിച്ച് ഭീഷണി പെടുത്തി...വീര സാഹസിക കഥകൾ പറഞ്ഞ് തുടങ്ങിയാൽ ഒരു മെഗാ സീരിയലോളം വരും..

ഇതിനെ എല്ലാം അതിജീവിച്ച് തന്നെ ആണ് മുത്തൂറ്റ് ഫിൻകോർപ്പ് എന്ന കോർപ്പറേറ്റ് ഭീമനോട് ഈ വലിയ ലോകത്തു ജീവിക്കുന്ന ആത്മാഭിമാനം അടിയറവെക്കാത്ത ഞങ്ങൾ കുറേ ചെറിയ മനുഷ്യർ ചെറുത്തു നിന്നത്, പക്ഷെ ഇതിപ്പോ ഈ ഓണ നാളിൽ വാമനനെ പോലും നാണിപ്പിച്ചു കളഞ്ഞല്ലോ സാറേ...

ഞങ്ങൾക്ക് നന്നായ് അറിയാം, ഞങ്ങൾ തോറ്റുപോയാൽ തോൽക്കുന്നത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ നെട്ടോട്ടം ഓടുന്ന ഈ തലമുറയും, വലിയ ജീവിതം സ്വപനം കാണുന്ന വരും തലമുറയും ആയിരിക്കുമെന്ന്.. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് തോൽക്കാൻ കഴിയില്ല, അതിനി ഏതറ്റം വരെ പോയിട്ട് ആണെങ്കിലും...

ഓരോ വിഷമ ഘട്ടത്തിലും ഞങ്ങൾക്ക് താങ്ങും തണലുമായ് നിന്ന് ഊർജം പകർന്നത് CITU എന്ന കേരളത്തിലെ കരുത്തുറ്റ തൊഴിലാളി പ്രസ്ഥാനവും, വർഗ്ഗ ബോധമുള്ള തൊഴിലാളി സമൂഹവും ആയിരുന്നു, അതുകൊണ്ട് തന്നെ ആണ് രാഷ്ട്രീയത്തിന് അതീതമായി ആ ചെങ്കോടി ഞങ്ങൾ വാനിൽ ഉയർത്തി പിടിക്കുന്നതും...

ഫിനാൻസിൽ അവകാശ സമരം നടക്കുന്നതുകൊണ്ട്, ഇപ്പോഴത്തെ സാഹചര്യം ഒരു പ്രതിഷേദത്തിനോ ചെറുത്തു നിൽപ്പിനോ ഞങ്ങൾക്ക് അനുകൂലമല്ല എന്ന ധാരണയിൽ ആണ് ഓണ സദ്യയിൽ നിയമത്തെ പോലും വെല്ലുവിളിച്ച് മനുഷ്യത്വരഹിതമായി മണ്ണുവാരിയിട്ടതെന്നും അറിയാം..

പക്ഷെ ഒന്ന് ഓർക്കുന്നത് നന്നായിരിക്കും, നാളും നാഴികയും നല്ല സമയവും നോക്കി പ്രതിഷേധവും ആയി ഇറങ്ങുന്നവരുമല്ല ഞങ്ങൾ..

ഞങ്ങൾക്ക് ഉറപ്പുണ്ട് രാഷ്ട്രീയത്തിനപ്പുറം പണത്തിന് മുൻപിൽ ആത്മാഭിമാനം അടിയറവെക്കാത്ത നീതിബോധമുള്ള, പൊതുസമൂഹം ഞങ്ങൾക്ക് ഒപ്പം ഉണ്ടാകുമെന്ന്..

നനഞ്ഞു കിടക്കുന്നു എന്ന് തോന്നിയാൽ കുഴിക്കുന്നതിൽ തെറ്റില്ല പക്ഷെ കുഴിച്ച് കുഴിച്ച് കുഴൽക്കിണർ കുത്താൻ നിൽക്കരുത്

അതേസമയം മുത്തൂറ്റ് ഫിനാൻസിൽ ജീവനക്കാരുടെ പണിമുടക്ക് മൂന്നാഴ്ചക്ക് ശേഷവും ശക്തമായി തുടരുകയാണ്. സംസ്ഥാനത്തെ മുഴുവൻ മുത്തൂറ്റ് ശാഖകളും അടഞ്ഞുകിടക്കുകയാണ്. ഇതിനിടെ സമരത്തിലേറപ്പെട്ട ജീവനക്കാരെ സമ്മർദ്ദത്തിലാക്കാൻ ആദ്യം 15 ഉം പിന്നീട് 28 ഉം ശാഖകൾ മാനേജ്മെന്റ് പൂട്ടി. ഇവയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ റിസർവ് ബാങ്കിന്റെ അനുമതി തേടിയിരിക്കുകയാണ്. സമരം തുടർന്നാൽ കൂടുതൽ ശാഖകൾ പൂട്ടുമെന്ന് ഒത്തുതീർപ്പ് ചർച്ചക്ക് മുമ്പ് എംഡി ജോർജ് അലക്സാണ്ടർ മാധ്യമങ്ങളോട് പറഞ്ഞു.

ജീവനക്കാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഇന്നലത്തെ ചർച്ചയിൽ തീരുമാനമായില്ല. എന്നാൽ മാനേജ്മെന്റിന്റെയും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പല കാര്യങ്ങളിലും ധാരണയായതായി തൊഴിൽമന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. എല്ലാ കാര്യങ്ങളിലും ധാരണയുണ്ടാക്കാനായിട്ടില്ല. അതിനായി ഇരുഭാഗത്തും കൂടുതൽ കൂടിയാലോചനകൾ വേണ്ടിവരുമെന്നും ഓണത്തിന് ശേഷം വീണ്ടും ചർച്ച നടക്കുമെന്നും എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചക്ക് ശേഷം മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തിൽ 22 ദിവസമായി നടക്കുന്ന പണിമുടക്ക് ഒത്തുതീർക്കാൻ ഇതുവരെ മാനേജ്മെന്റ് സന്നദ്ധമായിരുന്നില്ല. മുമ്പ് സർക്കാർ ഇടപെട്ട് വിളിച്ച ചർച്ചക്ക് അവർ ഹാജരായില്ല. തിങ്കളാഴ്ച പകൽ മൂന്നിന് ഗസ്റ്റ്ഹൗസിൽ വിളിച്ച ചർച്ചക്ക് മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടർ എത്തിയെങ്കിലും മറ്റ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ചർച്ചയിൽ പങ്കെടുക്കാതെ മടങ്ങി. വിവാഹാവശ്യത്തിൽ പങ്കെടുക്കാനുണ്ടെന്ന് മന്ത്രിയെ അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. തുടർന്ന് ആരംഭിച്ച ചർച്ച നാലു മണിക്കൂർ നീണ്ടു. ശമ്പളവർധന അംഗീകരിക്കാൻ മാനേജ്മെന്റ് പ്രതിനിധികൾ തയ്യറായില്ല. എന്നാൽ ഇടക്കാലാശ്വാസം അനുവദിച്ച് സമരം ഒത്തുതീർക്കാനുള്ള ജീവനക്കാരുടെ അസോസിയേഷന്റെ നിർദ്ദേശത്തോട് മാനേജ്മെന്റ് അനുഭാവത്തോടെ പ്രതികരിച്ചു. അതിന് കൂടുതൽ കൂടിയാലോചന വേണമെന്നും അവർ പറഞ്ഞു.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധി ആണെങ്കിലും നാളെ(10/10/2019) മറുനാടൻ മലയാളിയും മറുനാടൻ ടിവിയിലും പ്രധാനപ്പെട്ട വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്നതാവും. എല്ലാ വായനക്കാർക്കും മറുനാടൻ ടീമിന്റെ ഓണാശംസകൾ-എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP