Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കശ്മീരിനെ കുഴപ്പത്തിലാക്കാൻ ബിൻ ലാദൻ കണ്ടെത്തിയ 'വജ്രായുധം' ദുർബലമായെങ്കിലും ഒളിപ്പോരിലെ വീറിൽ ഒട്ടും കുറവില്ലാതെ ജെയ്‌ഷെ മുഹമ്മദ്; സ്ഥാപകൻ മസൂദ് അസ്ഹറിന്റെ ആരോഗ്യനില ഗുരുതരം; ബഹവൽപൂരിലെ ജയ്ഷിന്റെ മുഖ്യകേന്ദ്രത്തിൽ പൂർണമായി കിടപ്പിൽ; വൃക്കരോഗത്താൽ മസൂദ് ഒതുങ്ങിയതോടെ ഭീകരസംഘടനയെ നയിക്കുന്നത് സഹോദരൻ അബ്ദുൾ റൗഫ് അസ്ഗർ; കാണ്ഡഹാർ വിമാനറാഞ്ചൽ സൂത്രധാരനായ അസ്ഗർ ക്രൂരതയുടെ പര്യായം

കശ്മീരിനെ കുഴപ്പത്തിലാക്കാൻ ബിൻ ലാദൻ കണ്ടെത്തിയ 'വജ്രായുധം' ദുർബലമായെങ്കിലും ഒളിപ്പോരിലെ വീറിൽ ഒട്ടും കുറവില്ലാതെ ജെയ്‌ഷെ മുഹമ്മദ്; സ്ഥാപകൻ മസൂദ് അസ്ഹറിന്റെ ആരോഗ്യനില ഗുരുതരം; ബഹവൽപൂരിലെ ജയ്ഷിന്റെ മുഖ്യകേന്ദ്രത്തിൽ പൂർണമായി കിടപ്പിൽ; വൃക്കരോഗത്താൽ മസൂദ് ഒതുങ്ങിയതോടെ ഭീകരസംഘടനയെ നയിക്കുന്നത് സഹോദരൻ അബ്ദുൾ റൗഫ് അസ്ഗർ; കാണ്ഡഹാർ വിമാനറാഞ്ചൽ സൂത്രധാരനായ അസ്ഗർ ക്രൂരതയുടെ പര്യായം

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ആഗോള ഭീകരനെന്ന് യുഎന്നും, വ്യക്തിഗത ഭീകരനെന്ന് ഇന്ത്യയും മുദ്രകുത്തിയ ജയ്‌ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിന്റെ ആരോഗ്യനില തീർത്തും മോശമായതായി റിപ്പോർട്ട്. ഇയാൾ കിടപ്പിലാണെന്നാണ് പുറത്തുവരുന്ന വിവരം. അതുകൊണ്ട് തന്നെ ജയ്ഷിന്റെ ജിഹാദി പ്രവർത്തനങ്ങളിൽ പങ്കെടുക്കാതെ മാറി നിൽക്കുകയാണ്. അസ്ഹർ കിടപ്പിലായതോടെ, സഹോദരൻ, അബ്ദുൾ റൗഫ് അസ്ഗറാണ് ജയ്ഷിനെ നിയന്ത്രിക്കുന്നത്. ഉന്നത ഇന്റലിജൻസ് വൃത്തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

മുമ്പും അസ്ഹർ ജയ്ഷിന്റെ ഓപ്പറേഷൻസിൽ പങ്കെടുത്തിരുന്നില്ല. മറിച്ച് തന്റെ തീവ്രമായ പ്രസംഗങ്ങളിലൂടെ യുവാക്കളെ ജിഹാദികളാക്കി ഒരുക്കിയെടുക്കുന്നതിൽ വിദഗ്ധനായിരുന്നു. ഏതായാലും ഇപ്പോൾ തന്റെ താമസ സ്ഥലത്ത് മാത്രമായി ഒതുങ്ങുന്നു അസ്ഹറിന്റെ ജീവിതം. കിഡ്‌നി തകരാറാണ് അസ്ഹറിനെ അലട്ടുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ജയ്ഷിന് പാക്കിസ്ഥാനിൽ രണ്ടുമുഖ്യകേന്ദ്രങ്ങളാണുള്ളത്. ബഹവൽപൂരിലെ മർകസ് ഉസ്മാൻ ഓ അലിയും, മർകസ് സുബാൻ അല്ലയും. ഇതിൽ ഒരുകേന്ദ്രത്തിലാണ് അസ്്ഹറിനെ പാർപ്പിച്ചിരിക്കുന്നത്.

ജയ്ഷിന്റെ ദൈനംദിന കാര്യങ്ങൾ നോക്കി നടത്താൻ ഇപ്പോൾ അസ്ഹറിന് കഴിയുന്നില്ല. ബഹവൽപൂരിൽ തന്നെ അസ്ഹർ കഴിയുന്നത് അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നതിന്റെ സൂചനയാണ്. ബാലാക്കോട്ടിലെ ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശേഷം അസ്ഹറിന്റെ സുരക്ഷ ഉറപ്പാക്കാൻ കൂടിയാണ് ജയ്ഷിന്റെ മുഖ്യകേന്ദ്രത്തിൽ തന്നെ ഇയാളെ പാർപ്പിച്ചിരിക്കുന്നതെന്ന് ഇന്റലിജൻസ് കേന്ദ്രങ്ങൾ പറയുന്നു. വ്യോമാക്രമണത്തിന് മുമ്പ് ജിഹാദി പരിശീലനത്തിനായി ബാലാക്കോട്ടിലേക്കാണ് ജയ്ഷിന്റെ യുവാക്കളെ അയച്ചിരുന്നത്.

തീപ്പൊരി പ്രഭാഷകനായ അസ്ഹർ കിടപ്പിലായെങ്കിലും അദ്ദേഹത്തിന്റെ റെക്കോഡ് ചെയ്ത പ്രഭാഷണങ്ങൾ ഇപ്പോഴും യുവാക്കളുടെ ജിഹാദി പരിശീലനത്തിനായി ഉപയോഗിക്കുന്നുണ്ട്. അതേസമയം, ആസൂത്രണവും പ്രവർത്തനവും സഹോദരൻ അബ്ദുൾ റൗഫ് അസ്ഗറിന്റെ തോളിലായി. ഐസി 814 വിമാനം ഹൈജാക്ക് ചെയ്ത് ബന്ദിനാടകം ആസൂത്രണം ചെയ്ത് അസ്ഹറിന്റെ മോചനത്തിന് വഴിതെളിച്ചതും അസ്ഗറായിരുന്നു. വെള്ളിയാഴ്ചകളിൽ പ്രഭാഷണം നിർവഹിക്കുന്നതെന്നാണ് സൂചന.

തീവ്രവാദി ആക്രമണങ്ങളുടെ ഗൂഢാലോചന, വിഭവസമാഹരണം, നടപ്പാക്കൽ എല്ലാം 45 കാരനായ അസ്ഗറിന്റെ ചുമതലയിലാണ്. ജയ്ഷിന്റെ പരിശീലന കേന്ദ്രങ്ങളും ഇയാൾ പതിവായി സന്ദർശിക്കാറുണ്ട്. വ്യോമാക്രമണത്തിന് മുമ്പ് ബാലാക്കോട്ടും പതിവായി സന്ദർശിച്ചിരുന്നു. ഈ വർഷം മാർച്ചിൽ കരിമ്പട്ടികയിൽ പെടുത്തിയ സംഘടനകളിലെ 44 പേരെ നിരീക്ഷണത്തിനായി പാക് സർക്കാർ തടങ്കലിലാക്കിയപ്പോൾ, അതിൽ ഒരാൾ അസ്ഗറായിരുന്നു. എന്നാൽ, അത് വെറും സംരക്ഷണ തടങ്കൽ മാത്രമായിരുന്നു.

സായുധ സംഘത്തിന്റെ എസ്‌കോർട്ടോടെ, പാക്കിസ്ഥാനിൽ ഇയാൾ സ്വതന്ത്രമായി സഞ്ചരിക്കുന്നുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ഇയാൾ തന്റെ കൂട്ടാളികളെ സ്ഥിരമായി കാണും. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ജയ്ഷിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ഐഎസ്‌ഐ നിർദ്ദേശം നൽകിയതായും ഇന്റലിജൻസ് ഏജൻസികൾ പറയുന്നു.

2016 ജനുവരിയിൽ പത്താൻകോട്ട് വ്യോമതാവളത്തിന് നേരേ നടന്ന ആക്രമണം, നവംബറിൽ നഗ്രോട്ട സൈനിക ക്യാമ്പിന് നേരേ നടന് ആക്രമണം, പുൽവാമ ഭീകരാക്രമണം-ഇവയുടെയെല്ലാം സൂത്രധാരൻ അസ്ഗറായിരുന്നു. പത്താൻകോട്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇയാൾ പരസ്യമായി ഏറ്റെടുക്കുകയും ചെയ്തു. കൂടുതൽ മാരകമായ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. അസ്ഹറിനെ പാക്കിസ്ഥാൻ രഹസ്യമായി മോചിപ്പിച്ചതായി ഇന്നലെ വാർത്തകൾ വന്നിരുന്നു. ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ മുന്നറിയിപ്പ് വന്നതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.

ഐസി 814 കാണ്ഡഹാർ വിമാന റാഞ്ചൽ സൂത്രധാരൻ അസ്ഗർ

കശ്മീർ കലാപത്തെ തുടർന്ന് പല തവണ ഇന്ത്യ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച മസൂദ് അസ്ഹർ കുപ്രസിദ്ധനാകുന്നത് 1999 ൽ നടന്ന കാണ്ഡഹാര് വിമാനം റാഞ്ചൽ സംഭവത്തോടെയാണ്. 1994 ൽ ശ്രീനഗറിലെ പല തീവ്രവാദി ആക്രമണങ്ങളുടെയും പേരിൽ ഇന്ത്യ അറസ്റ്റ് ചെയ്യുകയും ജയിലിൽ ഇടുകയും ചെയ്തിരുന്ന അസ്ഹർ 1999 ൽ മോചിതനായ ശേഷം കടുത്ത ഭീഷണിയായി മാറി. ജെയ്ഷെ ഇ മുഹമ്മദിന്റെ പാർലമെന്റ ആക്രമണം ഉൾപ്പെടെയുള്ള തീവ്രവാദി ആക്രമണത്തിൽ ഇന്ത്യ തേടുന്നയാളാണ് മസൂദ്. ഇപ്പോൾ യുഎപിഎ നിയമത്തിന് കീഴിൽ, വ്യക്തിഗത ഭീകരനായും പ്രഖ്യാപിച്ചിരിക്കുന്നു.

തീവ്രവാദി സംഘടനമായ ഹർക്കത്ത് ഉൽ മുജാഹിദ്ദീനുമായി തീവ്രവാദ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ മസൂദ് വിമാനം റാഞ്ചലിലൂടെയാണ് കുപ്രസിദ്ധി ആർജ്ജിച്ചത്. വിമാനം തട്ടിയെടുത്ത തീവ്രവാദി ഗ്രൂപ്പുകൾ മോചിപ്പിക്കാൻ ആവശ്യപ്പെട്ട മൂന്ന് പേരിൽ ഒരാൾ മസൂദായിരുന്നു.
അറസ്റ്റിലായി ജയിലിലായതിന് പിന്നാലെ 1995 ൽ കശ്മീരിൽ എത്തിയ ആറ് വിദേശ ടൂറിസ്റ്റുകളെ തട്ടിക്കൊണ്ടു പോയി തീവ്രവാദി സംഘടന മസൂദിനെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവരിൽ ഒരാൾ രക്ഷപ്പെടുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തപ്പോൾ മറ്റ് നാലു പേരെ 1995 ന് ശേഷം കാണാതാകുകയുമായിരുന്നു. എന്നിട്ടും മോചിപ്പിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിലായിരുന്നു മസൂദിന്റെ സംഘടന കാണ്ഡഹാറിൽ ഇന്ത്യൻ എയർ ലൈൻസ് വിമാനം റാഞ്ചൽ തീവ്രവാദികൾ നടത്തിയത്. ഇന്ത്യയെ ഞെട്ടിച്ച സംഭവം.

1999 ഡിസംബർ 24 ന് വെള്ളിയാഴ്ച നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭൂവൻ വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താളത്തിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു ഇന്ത്യൻ എയർലൈൻസിന്റെ ഐസി 814 എന്ന വിമാനം തീവ്രവാദികൾ തട്ടിയെടുത്തത്. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഇറങ്ങിയ വിമാനം പാക്കിസ്ഥാൻ ഐഎസ്ഐ യുടെ സഹായത്തോടെ ഹർക്കത് ഉൾ മുജാഹിദ്ദീനായിരുന്നു തട്ടിയെടുത്തത്.ഇന്ത്യൻ വിമാനത്തിൽ നുഴഞ്ഞുകയറിയ ഭീകരർ വിമാനം തട്ടിയെടുത്തതിന് പിന്നാലെ അവരുടെ നിർദ്ദേശപ്രകാരം പല സ്ഥലങ്ങളിൽ ഇറക്കേണ്ടി വന്നു. അമൃത്സറിലും ലാഹോറിലും ദുബായ് വഴിയെല്ലാം സഞ്ചരിച്ച വിമാനം ഒടുവിൽ താലിബാന്റെ നിയന്ത്രണത്തിലായിരുന്ന അഫ്ഗാനിലെ കാണ്ഡഹാറിൽ ഇറക്കാൻ ആവശ്യപ്പെട്ടു. ഒരാൾക്ക് മാരകമായി മുറിവേറ്റതിനെ തുടർന്ന് 176 യാത്രക്കാരിൽ 27 പേരെ ദുബായിൽ ഇറക്കിവിട്ടു. ഇന്ത്യൻ സൈന്യം നുഴഞ്ഞുകയറാതിരിക്കാൻ താലിബാൻ സൈനികരാണ് വിമാനത്തിന് കാണ്ഡഹാറിൽ കാവൽ നിന്നത്.

ഇന്ത്യയിലെ ജയിലിൽ കഴിയുന്ന ഭീകരനെ മോചിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഏഴു ദിവസത്തോളം നീണ്ടു നിന്ന ഹൈജാക്ക് നാടകത്തിനൊടുവിൽ ഭീകരർ ആവശ്യപ്പെട്ട മൂന്ന് തീവ്രവാദിനേതാക്കളെ ഇന്ത്യ വിട്ടയച്ചു. മുസ്താഖ് അഹമ്മദ് സർഗാർ, അഹമ്മദ് ഒമർ സയീദ് ഷെയ്ഖ്, മൗലാനാ മസൂദ് അസ്ഹർ എന്നിവരായിരുന്നു അവർ. പിറ്റേ വർഷമായിരുന്നു മൗലാനാ മസൂദ് ജെയ്ഷ് ഇ മുഹമ്മദ് സ്ഥാപിക്കുന്നത്.

മസൂദ് അസ്ഹർ മരിച്ചതായി പലപ്പോഴും അഭ്യൂഹം

ഇസ്ലാമാബാദിലെ സൈനിക ആശുപത്രിയിൽ വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന മസൂദ് മരിച്ചതായി സാമൂഹികമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ, ഇത് പിന്നീട് നിഷേധിക്കപ്പെട്ടു. അസ്ഹർ വൃക്കരോഗബാധിതനാണെന്നും റാവൽപിണ്ടിയിലെ പാക് കരസേനാ ആശുപത്രിയിൽ ഡയാലിസിസ് ചികിത്സയ്ക്ക് വിധേയനാണെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു.

കാശ്മീരിനെ പാക്കിസ്ഥാനോടു ചേർക്കുക എന്ന മുഖ്യ ലക്ഷ്യവുമായി മസൂദ് അസ്ഹർ 1998ൽ ഹർക്കത്തുൽ മുജാഹിദീൻ സ്ഥാപിച്ചു. ആദ്യ പേര് ഹർക്കത്തുൽ അൻസാർ എന്നായിരുന്നു. സംഘടനയുടെ രൂപീകരണത്തിനു താലിബാൻ നേതൃത്വവും ഉസാമ ബിൻ ലാദനും സഹായിച്ചു. എൺപതുകളിൽ അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് അധിനിവേശത്തിനെതിരെ യുദ്ധം ചെയ്യാൻ രൂപീകരിച്ച ഹർക്കത്തുൽ ജിഹാദുൽ ഇസ്ലാമിയിൽ നിന്നാണു ഹർക്കത്തുൽ മുജാഹിദീൻ രൂപമെടുത്തത്. 1999ലാണ് ജെയ്ഷെ മുഹമ്മദ് ഉണ്ടാക്കിയത്. കാശ്മീരിൽ ചാവേർ ആക്രമണരീതി കശ്മീരിൽ ആദ്യം പ്രയോഗിച്ചത് ജയ്ഷ് ഭീകരർ. ഇതിനെല്ലാം നിരവധി തെളിവുകളുണ്ട്. എന്നാൽ പാക്കിസ്ഥാനിലെ സർക്കാരുകൾ മസൂദിനെ പിന്തുണച്ചു. തീവ്രവാദത്തെ വളർത്താൻ എല്ലാ സഹായവും ചെയ്തു. ഈ സാഹചര്യം മുതലെടുത്ത് എല്ലാ അർത്ഥത്തിലും കാശ്മീരിനെ കലാപഭൂമിയാക്കി.

കാശ്മീരി യുവാക്കളെയും സംഘടനയിൽ ചേർത്തു. രണ്ടു ദശകത്തിനിടെ ഇന്ത്യയിൽ മുപ്പത്തിയഞ്ചിലേറെ ഭീകരാക്രമണങ്ങളാണ് ജെയ്ഷെ നടത്തിയത്. മുമ്പ് ഇന്ത്യൻ ജയിലിൽനിന്ന് മസൂദ് മോചിതനായ ദിവസം ഉസാമ ബിൻ ലാദൻ വിരുന്നു നടത്തിയാണ് ആഘോഷിച്ചത്. അഫ്ഗാനിലെ തോറാ ബോറാ മലനിരകളിലെ ഒളിത്താവളത്തിൽനിന്നു പാക്കിസ്ഥാനിലേക്കു കടക്കാൻ ലാദനെ സഹായിച്ചതു ജയ്ഷെ മുഹമ്മദാണ്. തുടർന്ന്, പാക്കിസ്ഥാനിലെ അബട്ടാബാദിലെ ഒളിത്താവളത്തിൽ 10 വർഷത്തോളം കഴിഞ്ഞ ലാദനെ യുഎസ് കമാൻഡോകൾ 2011 മെയ് 2നാണു വധിച്ചത്. ഇതോടെ പാക്കിസ്ഥാനും അമേരിക്കയും തമ്മിലെ ബന്ധത്തിന് വിള്ളലുണ്ടായി. പല അന്തരാഷ്ട്ര സഹായവും പാക്കിസ്ഥാന് നഷ്ടമായി. ഉപരോധങ്ങളും വന്നു. ഇത് മൂലമാണ് പുൽവാമയിൽ പാക്കിസ്ഥാന് വലിയ പ്രതിസന്ധിയുണ്ടായത്. 

2001-ലെ പാർലമെന്റ് ആക്രമണത്തിന്റെയും 2016-ലെ പത്താൻകോട്ട് ആക്രമണത്തിന്റെയും പിന്നിൽപ്രവർത്തിച്ച ജെയ്‌ഷെ മുഹമ്മദിന് തണലൊരുക്കുന്നത് പാക്കിസ്ഥാനാണെന്നാണ് ഇന്ത്യയുടെ ആരോപണം. മസൂദിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.എൻ. രക്ഷാസമിതിയിൽ ഇന്ത്യ രണ്ടുതവണ പ്രമേയം കൊണ്ടുവന്നെങ്കിലും ചൈനയുടെ എതിർപ്പിനെത്തുടർന്ന് പരാജയപ്പെടുകയായിരുന്നു. വീണ്ടും പ്രമേയം ഐക്യരാഷ്ട്ര സഭയുടെ പരിഗണനയിലാണ്. ഇതിനെ പാക്കിസ്ഥാൻ പോലും പിന്തുണയ്ക്കുമെന്നാണ് സൂചന. ചൈനയും വീറ്റോ അധികാരം ഉപയോഗിക്കില്ല. പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് ഏറ്റെടുത്ത സാഹചര്യത്തിലാണ് ഇത്. അതിനിടെ പ്രമേയത്തെ പിന്തുണച്ച് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പാക്കിസ്ഥാൻ ഭീകരതയ്ക്ക് എതിരാണെന്ന് വരുത്താനാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രമം. ഇത്തരമൊരു പ്രമേയം ഐക്യരാഷ്ട്ര സഭയിൽ പാസായാൽ അസ്ഹറിന് താവളമൊരുക്കാൻ പാക് സൈന്യത്തിനും കഴിയില്ല,

കാശ്മീരിനെ മോചിപ്പിച്ച് പാക്കിസ്ഥാനോട് ചേർക്കുമെന്ന് പ്രഖ്യാപിച്ച ഭീകരവാദിയാണ് മസൂദ് അസ്ഹർ. പാക് രാഷ്ട്രീയക്കാരുമായി നല്ല അടുപ്പമുണ്ട്. ഇതില്ലെല്ലാം ഉപരി ഐഎസ്ഐയുടെ വിശ്വസ്തനം. കാശ്മീരിൽ പ്രശ്നമുണ്ടാക്കി ഇന്ത്യയെ സങ്കീർണ്ണതയിലേക്ക് തള്ളി വിടുന്നതിൽ അസ്ഹറിനും നിർണ്ണായക പങ്കുണ്ട്. അതുകൊണ്ടാണ് അസ്ഹറിന് പാക് സൈന്യം സംരക്ഷണം നൽകുന്നത്. മാറിയ സാഹചര്യത്തിൽ അസ്ഹറിനെ ഇമ്രാൻ തള്ളി പറയുമ്പോൾ അത് പാക്കിസ്ഥാനിൽ ആഭ്യന്തര കലാപത്തിനും സാഹചര്യമൊരുക്കും. വലിയ അണികളുള്ള വ്യക്തിയാണ് മസൂദ് അസ്ഹർ. ഇവർ തെരുവിലിറങ്ങിയാൽ എന്ത് സംഭവിക്കുമെന്ന ഭയം പാക് സർക്കാരിനുമുണ്ട്.

നേരത്തെ ഇന്ത്യയുടെ കസ്റ്റഡിയിലായിരിക്കെ, ആദ്യ അടിയിൽ തന്നെ രഹസ്യങ്ങളെല്ലാം തുറന്നു പറഞ്ഞ ഭീകരനാണ് മസൂദ് അസർ. പോർച്ചുഗീസ് പാസ്പോർട്ട് ഉപയോഗിച്ച് ബംഗ്ലാദേശ് വഴി ഇന്ത്യയിലെത്തിയ അസ്ഹർ 1994 ഫെബ്രുവരിയിൽ ദക്ഷിണകശ്മീരിലെ അനന്ത്നാഗിലാണ് അറസ്റ്റിലായത്. 1999 ൽ ഇന്ത്യൻ എയർലൈൻസിന്റെ വിമാനം തട്ടിയെടുത്ത ഭീകരർ യാത്രക്കാരെ ബന്ദികളാക്കിയപ്പോൾ അന്നത്തെ ബിജെപി സർക്കാർ ഇയാളെ മോചിപ്പിക്കുകയായിരുന്നു. ഇന്ത്യൻ കസ്റ്റഡിയിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് അസ്ഹർ ജയ്ഷെ മുഹമ്മദ് രൂപീകരിച്ചത്. അന്ന് മനസിൽ കുറിച്ച പ്രതികാരമാണ് പിന്നീട് പലരൂപത്തിൽ ഇന്ത്യ അനുഭവിക്കേണ്ടി വന്നത്. ഇതിന് വലം കൈയായി നിന്നത് ഭാര്യാ സഹോദരനായ യൂസഫും. ബാലാകോട്ടെ ആക്രമണത്തിൽ യൂസഫും കൊല്ലപ്പെട്ടതോടെ ജെയ്ഷെയുടെ തലവന്മാരിൽ ഭൂരിഭാഗത്തിനെയും ഇല്ലാതാക്കാൻ ഇന്ത്യൻ സൈന്യത്തിനു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് മസൂദ് അസ്ഹറും മരിച്ചെന്ന അഭ്യൂഹമെത്തിയത്.

1994 ഫെബ്രുവരിയിലാണ് അറസ്റ്റിലായ മസൂദ് അസ്ഹറിനെ അഞ്ചുവർഷം ജമ്മുവിലെ കോട്ബൽവാൽ ജയിലിലായിരുന്നു പാർപ്പിച്ചത്. ജയിലിൽ 10 മാസം പിന്നിട്ടപ്പോൾ, മസൂദിന്റെ അനുയായി ഒമർ ഷെയ്ഖ് ഡൽഹിയിൽ നിന്ന് ഏതാനും വിദേശികളെ തട്ടിക്കൊണ്ടുപോയി. അസ്ഹറിനെ വിട്ടയക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ബന്ദികളെ രക്ഷിച്ച പൊലീസ് ഷെയ്ഖിനെ പിടികൂടി ജയിലിൽ അടച്ചു. 1999 ൽ ജയിലിൽനിന്ന് ഒരു തുരങ്കം നിർമ്മിച്ച് രക്ഷപ്പെടാൻ നോക്കി. മസൂദിന് അമിതവണ്ണവും കുടവയറുമായതുമായതിൽ തുരങ്കത്തിലൂടെ കടക്കാൻ കഴിഞ്ഞില്ല. മസൂദിനെ തടവിൽനിന്നു മോചിപ്പിക്കാനായിരുന്നു 1999ലെ കാണ്ഡഹാർ വിമാനറാഞ്ചൽ. 1999ൽ കാഠ്മണ്ഡുഡൽഹി ഇന്ത്യൻ എയർലൈൻസ് വിമാനം (ഐസി 814) തട്ടിയെടുത്ത് കാണ്ഡഹാറിലിറക്കിയ പാക്ക് ഭീകരർ നൂറ്റിയൻപതിലേറെ യാത്രക്കാരെ ബന്ദികളാക്കി. ഇന്ത്യൻ ജയിലിലുള്ള മസൂദ് അസ്ഹർ, ഉമർ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് എന്നിവരെ മോചിപ്പിക്കണമെന്ന ആവശ്യത്തിനു വാജ്പേയ് സർക്കാർ വഴങ്ങി. അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ് 3 ഭീകരെയും കൊണ്ട് കാണ്ഡഹാറിലേക്കു പ്രത്യേക വിമാനത്തിൽ പറന്നു. ഭീകരരെ കൈമാറി ബന്ദികളായ യാത്രക്കാരെ മോചിപ്പിച്ചു.

അതിന് ശേഷം നിരന്തരം ഇന്ത്യയെ ആക്രമിച്ചു ജെയ്ഷെ മുഹമ്മദ്. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നാലെ ജെയ്ഷ് ഭീകരർ ഇന്ത്യയിൽ രണ്ടു വൻ ആക്രമണങ്ങൾ നടത്തിയത്. ജയ്ഷ് ഇന്ത്യയിൽ രണ്ടു പ്രധാന ആക്രമണങ്ങൾ ആസൂത്രണം ചെയ്തു. ആദ്യത്തേത് 9/11 ആക്രമണത്തിനു മൂന്നാഴ്ചയ്ക്കുശേഷം 2001 ഒക്ടോബർ ഒന്നിനു ശ്രീനഗറിലെ പഴയ സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ചാവേർ സ്ഫോടനം. മരണം 38. രണ്ടു മാസത്തിനുശേഷം ഡിസംബർ 13നു പാർലമെന്റിൽ ജെയ്ഷ്, ലഷ്‌കർ ഭീകരർ നടത്തിയ സംയുക്ത ആക്രമണം. 9 പേർ കൊല്ലപ്പെട്ടു. ഇത് ഇന്ത്യൻ ജനാധിപത്യത്തിനെതിരായ ആക്രമണമായി വലിയിരുത്തി. പിന്നേയും ചെറുതും വലുതുമായ നിരവധി ആക്രമണങ്ങൾ നടത്തി. 2016 ജനുവരിയിൽ പത്താൻകോട്ട് വ്യോമസേനാ താവളത്തിൽ എകെ 47, ഗ്രനേഡ്, ഐഇഡികൾ എന്നിവ ഉപയോഗിച്ച് ഭീകരരുടെ ആക്രമണം നടത്തി. 2016 സെപ്റ്റംബർ 18ന് ജമ്മു കശ്മീരിലെ ഉറി കരസേനാ ക്യാംപ് 4 ഭീകരർ ആക്രമിച്ചു. 19 സൈനികരാണ് മരിച്ചത്. ഇതോടെ ഇന്ത്യ നടപടി ശ്ക്തമാക്കി. സർജിക്കൽ സ്ട്രൈക്കിലൂടെ കരസേന ജെയ്ഷിന്റെ നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള താവളം തകർത്തു. പിന്നെയാണ് പുൽവാമയിലെ ഭീകരത. ഇതിനെ ബാലാകോട്ടിലെ പ്രധാന താവളം വ്യോമസേന തകർത്തു.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധി ആണെങ്കിലും നാളെ(11/09/2019) മറുനാടൻ മലയാളിയും മറുനാടൻ ടിവിയിലും പ്രധാനപ്പെട്ട വാർത്തകൾ അപ്ഡേറ്റ് ചെയ്യുന്നതാവും. എല്ലാ വായനക്കാർക്കും മറുനാടൻ ടീമിന്റെ ഓണാശംസകൾ-എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP