Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അറ്റ്‌ലാന്റിക്കിനും അപ്പുറം നിന്നും കുടിയേറി വന്നവരുടെ കുട്ടിയെ ഹൃദയത്തോട് ചേർത്ത് പിടിച്ച് കാനഡ; കാനഡയുടെ കന്നിഗ്രാൻസ്ലാം കിരീടം ചൂടിയ പത്തൊമ്പതുകാരിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി ഒരു ജനത; റുമേനിയൻ വംശജയായ ബിയാൻക ആൻഡ്രെസ്‌ക്യുവിനെയും തങ്ങളിലൊരുവൾ എന്നാർത്ത് വിളിച്ച് സോഷ്യൽമീഡിയയും

അറ്റ്‌ലാന്റിക്കിനും അപ്പുറം നിന്നും കുടിയേറി വന്നവരുടെ കുട്ടിയെ ഹൃദയത്തോട് ചേർത്ത് പിടിച്ച് കാനഡ; കാനഡയുടെ കന്നിഗ്രാൻസ്ലാം കിരീടം ചൂടിയ പത്തൊമ്പതുകാരിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി ഒരു ജനത; റുമേനിയൻ വംശജയായ ബിയാൻക ആൻഡ്രെസ്‌ക്യുവിനെയും തങ്ങളിലൊരുവൾ എന്നാർത്ത് വിളിച്ച് സോഷ്യൽമീഡിയയും

മറുനാടൻ ഡെസ്‌ക്‌

അറ്റ്‌ലാന്റിക്കിനും അപ്പുറം നിന്നും കുടിയേറി വന്നവരുടെ കുട്ടിയെ കാനഡ ചേർത്തുപിടിക്കുകയാണ്. എന്നിട്ട് ഒപ്പം പറയുന്നു- #SheTheNorth അഥവാ വടക്കു നിന്നുള്ളവൾ. അതെ, ബിയാൻക ആൻഡ്രെസ്‌ക്യു എന്ന പത്തൊമ്പതുകാരി യുഎസ് ഓപ്പൺ ടെന്നിസ് കിരീടം നേടിയതിനു പിന്നാലെ കനേഡിയൻ ജനത അവളെ ഹൃദയത്തോട് ചേർത്ത് നിർത്തുകയാണ്. യൂറോപ്യൻ രാജ്യമായ റുമേനിയയിൽ നിന്നു കുടിയേറി വന്ന കുടുംബത്തിലെ പെൺകുട്ടിയെ കാനഡ സ്‌നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയാണ്. കാനഡയുടെ കന്നിഗ്രാൻസ്ലാം കിരീടം കൂടിയാണ് ബിയാൻകയുടെ നേട്ടം.

ബിയാൻക ജനിക്കുന്നതിനും ആറു വർഷം മുൻപ് 1994ലാണ് മാതാപിതാക്കളായ നികു ആൻഡ്രെസ്‌ക്യുവും മരിയയും റുമേനിയയിൽ നിന്നും കാനഡയിലെത്തുന്നത്. ടൊറന്റോയുടെ പ്രാന്തപ്രദേശമായ മിസിസ്വാഗയിലാണ് ബിയാൻക ജനിച്ചത്. അച്ഛനും അമ്മയ്ക്കും പുറമേ അമ്മൂമ്മമാരും കൂടെയുണ്ടായിരുന്നു. അവരുടെ 'ബിബി' ആയാണ് ബിയാൻക വളർന്നത്. ബാസ്‌കറ്റ് ബോൾ മുതൽ പലതരം കായിക ഇനങ്ങൾക്ക് ഒടുവിലാണ് ടെന്നിസ് ഉറപ്പിച്ചത്. അതിനു ശേഷമുള്ള കുതിപ്പ് സ്വപ്നസമാനമായിരുന്നു. കഴിഞ്ഞ യുഎസ് ഓപ്പൺ യോഗ്യതാ റൗണ്ടിൽ തോറ്റു മടങ്ങിയ, 2018 അവസാനം ലോകത്ത് 178ാം റാങ്കിൽ നിന്ന പെൺകുട്ടി കിരീടത്തിൽ മുത്തമിട്ടു.

ഭാവി ഗ്രാൻസ്ലാം ചാംപ്യനാണ് താനെന്ന സൂചന ഹാർഡ് കോർട്ടിൽ രണ്ടു കിരീടങ്ങളുമായി ബിയാൻക സീസണിന്റെ തുടക്കത്തിലേ നൽകിയിരുന്നു. ഇന്ത്യൻ വെൽസ് ഓപ്പണിൽ വീഴ്‌ത്തിയതു മുൻ ലോക ഒന്നാം നമ്പർ താരം ജർമനിയുടെ ആഞ്ചെലിക് കെർബറെ. റോജേഴ്‌സ് കപ്പ് ഫൈനലിൽ ബിയാൻകയോടു മൽസരിക്കവേ റിട്ടയേഡ് ഹർട്ടായി പിന്മാറിയത് സാക്ഷാൽ സെറീന വില്യംസ് തന്നെ. അതു കൊണ്ടാവണം യുഎസ് ഓപ്പൺ കിരീടം നേടിയപ്പോഴും അത്യാഹ്ലാദമൊന്നും ബിയാൻക കാണിച്ചില്ല.

'ഞാൻ ആഗ്രഹിക്കുന്ന കാര്യമെല്ലാം വള്ളിപുള്ളി വിടാതെ ദിവാസ്വപ്നം കാണുന്ന സ്വഭാവം എനിക്കുണ്ട്. ഒരു ഗ്രാൻസ്ലാം ഫൈനലിൽ സെറീനയെ തോൽപിക്കുന്ന കാര്യമെല്ലാം എത്രയോ തവണ സ്വപ്നം കണ്ടിരിക്കുന്നു..' ലക്ഷ്യങ്ങൾ നേടുമ്പോഴും ബിയാൻകക്ക് ഇതെല്ലാം എത്രയോതവണ കണ്ടിരിക്കുന്നു എന്ന ഭാവം.

23 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള, സെറീനയെപ്പോലൊരു താരത്തിനെതിരെ ഒട്ടും പകപ്പില്ലാതെ കളിച്ചതിനുള്ള ക്രെഡിറ്റ് ബിയാൻക നൽകുന്നത് അമ്മ മരിയയ്ക്കാണ്. ബിയാൻക യുഎസ് ഓപ്പൺ ഫൈനലിൽ എത്തിയതോടെ അമ്മയും 'താര'മായി മാറിയിരുന്നു. നിറപ്പകിട്ടുള്ള വസ്ത്രങ്ങളും ചുരുളൻ മുടിയും സൺഗ്ലാസും ധരിച്ച മരിയയ്‌ക്കൊപ്പം മറ്റൊരാൾ കൂടി ക്യാമറകളുടെ ഇഷ്ടക്കാരനായി വളർത്തുനായ കൊകോ. കനേഡിയൻ നഗരമായ ടൊറന്റോയിൽ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യമെന്തെന്ന ചോദ്യത്തിന് ബിയാൻകയുടെ മറുപടിയിങ്ങനെ: 'ടൊറന്റോയിലെ സംഗീതം, ഭക്ഷണം, പിന്നെ എല്ലാ സംസ്‌കാരങ്ങളെയും ഉൾക്കൊള്ളുന്ന ഈ നഗരത്തിന്റെ സ്വഭാവവും.

'ബിയാൻകയുടെ ഫോർഹാൻഡ് ഷോട്ടുകൾക്ക് ഒരു മരം വീഴ്‌ത്താനുള്ള കരുത്തുണ്ട്' എന്നാണ് മുൻപൊരിക്കൽ ഒരു ടെന്നിസ് വിദഗ്ധൻ പറഞ്ഞത്. അതേ ഫോർഹാൻഡ് ഷോട്ടുകൾ കൊണ്ട് ബിയാൻക ഇപ്പോഴിതാ ഒരു വന്മരം തന്നെ വീഴ്‌ത്തിയിരിക്കുന്നു. അതിന് പിന്നാലെ സോഷ്യൽ മീഡിയ ഒരു ഹാഷ്ടാഗ് കൊണ്ടാണ് ബിയാൻകയെ സ്‌നേഹം കൊണ്ട് വാഴ്‌ത്തിയത്. #SheTheNorth. ഇത്തവണ നാഷനൽ ബാസ്‌കറ്റ്‌ബോൾ കിരീടം നേടിയ ടൊറന്റോ റാപ്‌റ്റേഴ്‌സ് ടീം ഉപയോഗിച്ചിരുന്ന We the North മുദ്രാവാക്യത്തെ അനുസ്മരിച്ചായിരുന്നു അത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വരെ കാനഡയെ സൂചിപ്പിക്കുന്ന ആ ഹാഷ്ടാഗ് ഉപയോഗിച്ചാണ് ട്വീറ്റ് ചെയ്തത്.

സെറീനയുടെ നല്ലകാലത്തെ പവർ ഗെയിമിനെ ഓർമിപ്പിക്കുന്ന കളിയാണ് ബിയാൻക രണ്ടാം സെറ്റിൽ പുറത്തെടുത്തത്. ബിയാൻക ചാംപ്യൻഷിപ് പോയിന്റിന് അടുത്തെത്തിയതിനു ശേഷമാണ് മൽസരത്തിലാദ്യമായി സെറീന പോരാട്ടവീര്യം കാട്ടിയത്. മൽസരം കാണാനെത്തിയ ബ്രിട്ടിഷ് രാജകുമാരി മേഗൻ മാർക്കിൾ അടക്കമുള്ള സെറീനയുടെ സുഹൃത്തുക്കൾ എഴുന്നേറ്റ് കയ്യടിച്ചു പ്രോൽസാഹിപ്പിച്ചെങ്കിലും ബിയാൻക പതറിയില്ല. മിന്നിപ്പാഞ്ഞ ഒരു ഫോർഹാൻഡ് റിട്ടേണിലൂടെ ബിയാൻക കിരീടം ഉറപ്പിച്ചതോടെ കയ്യടി തിരിച്ചായി.

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ മുപ്പത്തിയേഴുകാരി സെറീന വില്യംസിനെ തോൽപിച്ച് പത്തൊൻപതുകാരി ബിയാൻക ആൻഡ്രെസ്‌ക്യുവിന് കിരീടം ചൂടിയതോടെ തകർന്നത് സെറീനയുടെ 24 കിരീടങ്ങൾ എന്ന സ്വപ്‌ന ലക്ഷ്യമാണ്. ഓസ്‌ട്രേലിയക്കാരി മാർഗരറ്റ് കോർട്ടിന്റെ 24 കിരീടങ്ങൾ എന്ന റെക്കോർഡിന് ഒപ്പമെത്താൻ വെമ്പുന്ന സെറീനയുടെ തുടർച്ചയായ നാലാം ഗ്രാൻസ്ലാം ഫൈനൽ തോൽവി കൂടിയായിരുന്നു ഇത്. ഒരു മണിക്കൂറും 36 മിനിറ്റും നീണ്ട മൽസരത്തിന്റെ സ്‌കോർ 63, 75.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധി ആണെങ്കിലും നാളെ(11/09/2019) മറുനാടൻ മലയാളിയും മറുനാടൻ ടിവിയിലും പ്രധാനപ്പെട്ട വാർത്തകൾ അപ്ഡേറ്റ് ചെയ്യുന്നതാവും. എല്ലാ വായനക്കാർക്കും മറുനാടൻ ടീമിന്റെ ഓണാശംസകൾ-എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP