Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുത്തൂറ്റ് ജീവനക്കാരുടെ സമരം ഓണക്കാലത്തും തുടരും; ഒത്തുതീർപ്പാകാതെ ചർച്ച പിരിഞ്ഞു; മാനേജ്‌മെന്റും ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ പല കാര്യങ്ങളിലും ധാരണയായെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ; ഓണത്തിന് ശേഷം വീണ്ടും ചർച്ച

മുത്തൂറ്റ് ജീവനക്കാരുടെ സമരം ഓണക്കാലത്തും തുടരും; ഒത്തുതീർപ്പാകാതെ ചർച്ച പിരിഞ്ഞു; മാനേജ്‌മെന്റും ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ പല കാര്യങ്ങളിലും ധാരണയായെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ; ഓണത്തിന് ശേഷം വീണ്ടും ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുത്തൂറ്റ് സമരം തുടരും. ജീവനക്കാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ തീരുമാനമായില്ല. എന്നാൽ മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പല കാര്യങ്ങളിലും ധാരണയായതായി തൊഴിൽമന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. എല്ലാ കാര്യങ്ങളിലും ധാരണയുണ്ടാക്കാനായിട്ടില്ല. അതിനായി ഇരുഭാഗത്തും കൂടുതൽ കൂടിയാലോചനകൾ വേണ്ടിവരുമെന്നും ഓണത്തിന് ശേഷം വീണ്ടും ചർച്ച നടക്കുമെന്നും എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചക്ക് ശേഷം മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തിൽ 21 ദിവസമായി നടക്കുന്ന പണിമുടക്ക് ഒത്തുതീർക്കാൻ ഇതുവരെ മാനേജ്‌മെന്റ് സന്നദ്ധമായിരുന്നില്ല. മുമ്പ് സർക്കാർ ഇടപെട്ട് വിളിച്ച ചർച്ചക്ക് അവർ ഹാജരായില്ല. തിങ്കളാഴ്ച പകൽ മൂന്നിന് ഗസ്റ്റ്ഹൗസിൽ വിളിച്ച ചർച്ചക്ക് മുത്തൂറ്റ് എംഡി ജോർജ് അലക്‌സാണ്ടർ എത്തിയെങ്കിലും മറ്റ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ചർച്ചയിൽ പങ്കെടുക്കാതെ മടങ്ങി. വിവാഹാവശ്യത്തിൽ പങ്കെടുക്കാനുണ്ടെന്ന് മന്ത്രിയെ അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. തുടർന്ന് ആരംഭിച്ച ചർച്ച നാലു മണിക്കൂർ നീണ്ടു. ശമ്പളവർധന അംഗീകരിക്കാൻ മാനേജ്‌മെന്റ് പ്രതിനിധികൾ തയ്യറായില്ല. എന്നാൽ ഇടക്കാലാശ്വാസം അനുവദിച്ച് സമരം ഒത്തുതീർക്കാനുള്ള ജീവനക്കാരുടെ അസോസിയേഷന്റെ നിർദ്ദേശത്തോട് മാനേജ്‌മെന്റ് അനുഭാവത്തോടെ പ്രതികരിച്ചു. അതിന് കൂടുതൽ കൂടിയാലോചന വേണമെന്നും അവർ പറഞ്ഞു.

ചർച്ചയിൽ തീരുമാനമാകാത്തതിനാൽ സമരം തുടരുമെന്ന് ചർച്ചക്ക് ശേഷം നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ(സിഐടിയു) ജനറൽ സെക്രട്ടറി സി സി രതീഷ് പറഞ്ഞു. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, അസോസിയേഷൻ പ്രസിഡന്റ് എ എം ആരിഫ് എംപി, മുത്തൂറ്റ് യൂണിറ്റ് സംസ്ഥാന സെക്രട്ടറി നിഷ കെ ജയൻ, സംസ്ഥാന കമ്മിറ്റിയംഗം മായ എസ് നായർ, മുത്തൂറ്റ് ജനറൽ മാനേജർ(എച്ച്ആർ) സി വി ജോൺ, ചീഫ് വിജിലൻസ് ഓഫീസർ തോമസ് ജോൺ, ലീഗൽ ഓഫീസർ ജിജോ എൻ ചാക്കോ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ജീവനക്കാരുടെ പണിമുടക്ക് മൂന്നാഴ്ചക്ക് ശേഷവും ശക്തമായി തുടരുകയാണ്. സംസ്ഥാനത്തെ മുഴുവൻ മുത്തൂറ്റ് ശാഖകളും അടഞ്ഞുകിടക്കുകയാണ്. ഇതിനിടെ സമരത്തിലേറപ്പെട്ട ജീവനക്കാരെ സമ്മർദ്ദത്തിലാക്കാൻ ആദ്യം 15 ഉം പിന്നീട് 28 ഉം ശാഖകൾ മാനേജ്‌മെന്റ് പൂട്ടി. ഇവയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ റിസർവ് ബാങ്കിന്റെ അനുമതി തേടിയിരിക്കുകയാണ്. സമരം തുടർന്നാൽ കൂടുതൽ ശാഖകൾ പൂട്ടുമെന്ന് ഒത്തുതീർപ്പ് ചർച്ചക്ക് മുമ്പ് എംഡി ജോർജ് അലക്‌സാണ്ടർ മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP