Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിക്രം ലാൻഡറുമായുള്ള ആശയ വിനിമയം നഷ്ടമാകാൻ കാരണം സോഫ്റ്റ് ലാൻഡിംഗിലെ പിഴവ്; നേരത്തെ തീരുമാനിച്ചിരുന്ന നിശ്ചിത സ്ഥലത്ത് നിന്ന് മാറി 500 മീറ്റർ അകലെയാണ് ഇടിച്ചിറക്കമെന്ന് തിരിച്ചറിഞ്ഞ് ഐ എസ് ആർ ഒ; പേടകം കിടക്കുന്നത് ചരിഞ്ഞെന്നും ഫോട്ടോകളിൽ വ്യക്തം; നാലുകാലുകളിൽ ചന്ദ്രോപരിതലത്തിൽ തൊടാനുള്ള സാധ്യത കുറവെന്നും നിരീക്ഷണം; ആശയ വിനിമയം എങ്ങനേയും സാധ്യമാക്കാൻ പരിശ്രമിച്ച് ശാസ്ത്രജ്ഞർ; പ്രതീക്ഷ സോളാർ പാനലുകളിൽ; ഇസ്രോ ശ്രമിക്കുന്നത് കുഴപ്പ കാരണം കണ്ടെത്താൻ

വിക്രം ലാൻഡറുമായുള്ള ആശയ വിനിമയം നഷ്ടമാകാൻ കാരണം സോഫ്റ്റ് ലാൻഡിംഗിലെ പിഴവ്; നേരത്തെ തീരുമാനിച്ചിരുന്ന നിശ്ചിത സ്ഥലത്ത് നിന്ന് മാറി 500 മീറ്റർ അകലെയാണ് ഇടിച്ചിറക്കമെന്ന് തിരിച്ചറിഞ്ഞ് ഐ എസ് ആർ ഒ; പേടകം കിടക്കുന്നത് ചരിഞ്ഞെന്നും ഫോട്ടോകളിൽ വ്യക്തം; നാലുകാലുകളിൽ ചന്ദ്രോപരിതലത്തിൽ തൊടാനുള്ള സാധ്യത കുറവെന്നും നിരീക്ഷണം; ആശയ വിനിമയം എങ്ങനേയും സാധ്യമാക്കാൻ പരിശ്രമിച്ച് ശാസ്ത്രജ്ഞർ; പ്രതീക്ഷ സോളാർ പാനലുകളിൽ; ഇസ്രോ ശ്രമിക്കുന്നത് കുഴപ്പ കാരണം കണ്ടെത്താൻ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡറിന് അടി തെറ്റാൻ കാരണം സോഫ് ലാൻഡിങിന്റെ പിഴവ് തന്നെ. ചന്ദ്രയാൻ -2 ഓർബിറ്ററിലെ ഒപ്റ്റിക്കൽ ഹൈ റെസല്യൂഷൻ ക്യാമറ (ഒഎച്ച്ആർസി) വിക്രം ലാൻഡറിന്റെ ചിത്രമെടുത്തിരുന്നു. ഇതിൽ വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിങ്ങിന് നേരത്തെ തീരുമാനിച്ചിരുന്ന നിശ്ചിത സ്ഥലത്ത് നിന്ന് മാറി 500 മീറ്റർ അകലെയാണ് ലാൻഡ് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി. ലാൻഡർ തലകീഴായി വീണിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ലാൻഡർ കിടക്കുന്നത് ചെരിഞ്ഞാണെന്നും മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് തന്നെ ലാൻഡിംഗിലെ പിഴവ് മൂലം ലാൻഡറിന് കേടുപാടുണ്ടാകാൻ സാധ്യതയുണ്ട്. ഇതിനാലാണ് സിഗ്‌നൽ ലഭിക്കാത്തതെന്നും കരുതുന്നു.

ചന്ദ്രോപരിതലത്തിൽ നിന്ന് വെറും 2.1 കിലോമീറ്റർ അകലെവച്ചാണ് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം ബെംഗളുരുവിലെ ഐഎസ്ആർഒ നിയന്ത്രണകേന്ദ്രമായ ഇസ്ട്രാക്കിന് നഷ്ടമായത്. ചന്ദ്രയാൻ ദൗത്യത്തിലെ ഏറ്റവും നിർണായകമായ ഘട്ടമായിരുന്നു ഇത്. ലാൻഡറിന്റെ പ്രവേഗം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരുന്നതിനിടെയാണ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. ലാൻഡർ ഉദ്ദേശിച്ച പ്രവേഗത്തിലല്ല ഇറങ്ങിയതെങ്കിൽ ഉദ്ദേശിച്ച തരത്തിൽ അതിന്റെ നാല് കാലുകളിൽ ചന്ദ്രോപരിതലം തൊട്ടിരിക്കാൻ സാധ്യതയില്ല. അതിനാൽ ഇടിച്ചിറങ്ങിയ ലാൻഡറിന് കേടുപാടുകൾ പറ്റാൻ സാധ്യതയുണ്ട്. അടുത്ത 14 ദിവസത്തേക്ക് കൂടി വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ തീവ്രശ്രമം തുടരുമെന്ന് ഐ എസ് ആർ ഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി. എന്നാൽ സമയം വൈകുംതോറും അത്തരമൊരു ആശയവിനിമയത്തിനുള്ള സാധ്യത കുറവാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സോളാർ പാനലുകൾ ഉപയോഗിച്ച് വിക്രമിന് ഇപ്പോഴും ഊർജം ഉത്പാദിപ്പിക്കാനാകും. അതിനാൽ പ്രവർത്തനക്ഷമമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ.

2.1 കിലോമീറ്റർ ഉയരത്തിൽ വിക്രം നേരത്തെ നിശ്ചയിച്ച പാതയിൽ നിന്ന് അകന്നുപോയത് എന്തുകൊണ്ടാണെന്ന് കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. വിക്രം ലാൻഡറിന്റെ വശത്ത് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ചെറിയ 4 സ്റ്റിയറിങ് എൻജിനുകളൊന്നും പ്രവർത്തിച്ചിട്ടില്ല എന്നതും ഇതിനൊരു കാരണമായിരിക്കാം. ഇതിനുപുറമെ ചന്ദ്രനുചുറ്റും പ്രദക്ഷിണം വയ്ക്കുന്ന ഓർബിറ്ററിലെ ഒപ്റ്റിക്കൽ ഹൈ റെസല്യൂഷൻ ക്യാമറയിൽ നിന്ന് (ഒഎച്ച്ആർസി) വിക്രം ലാൻഡറിന്റെ കൂടുതൽ ഫോട്ടോൾ എടുക്കുന്നുണ്ട്. ഈ ക്യാമറയ്ക്ക് ചന്ദ്ര ഉപരിതലത്തിൽ 0.3 മീറ്റർ അല്ലെങ്കിൽ 1.08 അടി വരെ വ്യക്തമായ ചിത്രങ്ങൾ പകർത്താൻ കഴിയും. ചന്ദ്രയാൻ 2 ദൗത്യം 95 ശതമാനം വരെ വിജയമാണെന്നാണ് ഐഎസ്ആർഒയുടെ വിലയിരുത്തൽ. ചന്ദ്രപഠനരംഗത്ത് കൂടുതൽ വിവരങ്ങളെത്തിക്കാൻ ഓർബിറ്ററിന് ഇപ്പോഴും കഴിയും. വിക്ഷേപണവും ഭ്രമണപഥം താഴ്‌ത്തലുമടക്കമുള്ള കാര്യങ്ങൾ വിജയകരമായത് ശാസ്ത്രജ്ഞർക്ക് ആശ്വാസംതന്നെയാണ്. ഒരു വർഷം ചന്ദ്രനെ ഓർബിറ്റർ വലംവയ്ക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതിനേക്കാൾ കൂടുതൽ ആയുസ്സുണ്ടാകുമെന്ന് ഐഎസ്ആർഒ തന്നെ പറയുന്നു. ഏഴ് വർഷം വരെ ഓർബിറ്റർ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലുണ്ടാകും.

ലാൻഡർ തിരിച്ചു പിടിക്കാനാവില്ലെന്ന് ഇസ്രോ തിരിച്ചറിയുന്നുണ്ട്. എങ്കിലും ഓർബിറ്ററിലൂടെ വിക്രം ലാൻഡറിന് സന്ദേശം അയയ്ക്കാൻ ശാസ്ത്രജ്ഞർ ശ്രമിക്കുന്നുണ്ട്. നാസയുടെ ഓർബിറ്ററിന്റെ സഹായവും തേടുന്നുണ്ട്. വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും പ്രവർത്തിക്കാനുള്ള സാധ്യത കുറവാണെന്നാണ് ഇസ്രോയും വിലയിരുത്തുന്നത്. എങ്കിലും പരിശ്രമം തുടരും. ഇവ രണ്ടും എത്രമാത്രം പ്രവർത്തിക്കുമെന്ന് ഡേറ്റാ വിശകലനത്തിനുശേഷം മാത്രമേ അറിയാൻ കഴിയൂ. വിക്രം ലാൻഡർ ചന്ദ്രനിൽ സ്ഥിതി ചെയ്യുന്നതിനെക്കുറിച്ച് ഇസ്രോയ്ക്ക് വ്യക്തമായ വിവരങ്ങൾ ലഭിച്ചു കഴിഞ്ഞു.

തെർമൽ ഇമേജ് ക്യാമറ ഉപയോഗിച്ചാണ് ഓർബിറ്റർ ലാൻഡറിന്റെ ചിത്രം എടുത്തത്. ലാൻഡറുമായി ഇതുവരെ ഒരു ആശയവിനിമയവും സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. വിക്രം ലാൻഡറിന് ഓർബിറ്ററിലൂടെ സന്ദേശം അയയ്ക്കാൻ ഇസ്റോ ശ്രമിക്കുന്നുണ്ട്. ഇതിലൂടെ ലാൻഡറിന്റെ ആശയവിനിമയ സംവിധാനം പ്രവർത്തിപ്പിക്കാനാകും. ആശയവിനിമയം തിരികെ ലഭ്യമാക്കുന്നതിനായി ബെംഗളൂരുവിലെ ഇസ്രോ സെന്ററിൽ നിന്ന് വിക്രം ലാൻഡറിലേക്കും ഓർബിറ്ററിലേക്കും നിരന്തരം സന്ദേശം അയച്ചുകൊണ്ടിരിക്കുകയാണ്. ചന്ദ്രയാൻ - 2 ദൗത്യത്തിന്റെ വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ഐഎസ്ആർഒ തീവ്രശ്രമം തുടരുകയാണ്. സോഫ്റ്റ് ലാൻഡിംഗാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയിരിക്കാനാണ് സാധ്യതയെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ പിടിഐയോട് പറഞ്ഞു. 'ലാൻഡറിനെ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. ഹാർഡ് ലാൻഡിങ് നടന്നിരിക്കാനാണ് സാധ്യത'', കെ ശിവൻ വ്യക്തമാക്കുന്നു. വിക്രം ലാൻഡറിലെ റോവർ പ്രഗ്യാന്റെയും ചിത്രങ്ങൾ ചന്ദ്രയാൻ 2 ഓർബിറ്റർ എടുത്തിട്ടുണ്ട്. ഓർബിറ്റർ ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ചന്ദ്രന് ചുറ്റും പ്രതീക്ഷിച്ച അതേ ഓർബിറ്റിൽത്തന്നെയാണ് ഓർബിറ്റർ സഞ്ചരിക്കുന്നത്.

ഹാർഡ് ലാൻഡിംഗിൽ ലാൻഡറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകുമോ എന്ന ചോദ്യത്തിന് 'അത് നമുക്ക് ഇപ്പോഴും അറിയില്ലെ'ന്നാണ് കെ ശിവൻ വ്യക്തമാക്കിയത്. അവസാനഘട്ടത്തിലാണ് വിക്രം ലാൻഡറിന്റെ ലാൻഡിങ് ശ്രമം പാളിയത്. വിക്രമിന്റെ താഴേക്കുള്ള യാത്ര തീരുമാനിക്കപ്പെട്ടതിലും വേഗത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിയന്ത്രണ സംവിധാനങ്ങളുടെ പരിധിക്കപ്പുറമായിരുന്നു ലാൻഡിംഗിന്റെ അവസാനഘട്ടത്തിലെ വേഗത. അതിനാൽ ബ്രേക്കിങ് സംവിധാനത്തിന് കൃത്യമായി പ്രവർത്തിക്കാനായില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഓർബിറ്ററിന്റെ കൂടി സഹായത്തോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയും അത് വിശകലനം ചെയ്യുകയും ചെയ്താലേ കൃത്യമായ അനുമാനങ്ങളിലെത്താനാകൂ. ഒരു ദിവസം ഏഴ് മുതൽ എട്ട് തവണ വരെയാണ് ഇപ്പോൾ ഓർബിറ്റർ ചന്ദ്രനെ ഭ്രമണം ചെയ്യുന്നത്. എങ്കിലും ഓരോ ഭ്രമണത്തിലും ഓർബിറ്ററിന് വിക്രമിനെ കാണാനാകില്ല. ഒരു ദിവസം രണ്ട് മുതൽ മൂന്ന് തവണ വരെയാണ് വിക്രം ഇറങ്ങേണ്ടിയിരുന്ന പ്രദേശത്തിന് മുകളിലൂടെ ഓർബിറ്റർ കടന്ന് പോകുക. വേണമെങ്കിൽ ഓർബിറ്ററിന്റെ പ്രൊപ്പൽഷൻ സംവിധാനം പ്രവർത്തിപ്പിച്ച് ഭ്രമണപഥത്തിൽ മാറ്റം വരുത്താമെങ്കിലും അങ്ങനെ ചെയ്യുന്നത് ഓർബിറ്ററിന്റെ പ്രവർത്തന കാലാവധിയെ ബാധിക്കുമെന്നതിനാൽ ഇസ്രൊ തൽക്കാലം ഇതിന് മുതിരില്ല.

ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിൽനിന്ന് ചന്ദ്രയാൻ 2 പ്രയാണം ആരംഭിച്ചത്. ചന്ദ്രയാന് രണ്ട് ദൗത്യത്തിൽ ഐഎസ്ആർഒയ്ക്ക് പ്രശംസയുമായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ അടക്കം രംഗത്തുവന്നിരുന്നു. ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാൻഡിങ് ദൗത്യങ്ങളിൽ 37% മാത്രമാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. യുഎസ്, റഷ്യ തുടങ്ങിയ ബഹിരാകാശ വൻശക്തികളുടെ ഒട്ടേറെ ലാൻഡർ ദൗത്യങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ ഇസ്രയേലിന്റെ ബെറഷീറ്റ് എന്ന ദൗത്യവും പരാജയപ്പെട്ടിരുന്നു. ലാൻഡിങ്ങിനുള്ള സ്ഥലമായി ഇസ്റോ തെരഞ്ഞെടുത്ത ദക്ഷിണധ്രുവം വെല്ലുവിളിയുടെ ആക്കം കൂട്ടി. മറ്റൊരു ദൗത്യവും കടന്നുചെന്നിട്ടില്ലാത്തതും ശാസ്ത്രജ്ഞർക്കു ധാരണ കുറവുള്ളതുമായ മേഖലയാണിത്.

ചന്ദ്രയാന്റെ പ്രധാനഭാഗമായ ഓർബിറ്റർ ചന്ദ്രനെ ഏഴുവർഷം ഭ്രമണം ചെയ്യുമെന്ന നിർണായക നേട്ടവും ഐഎസ്ആർഒ നേടിയിട്ടുണ്ട്. ഭ്രമണത്തിന്റെ കാലാവധി ഒരു വർഷം എന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. പ്രവർത്തനക്ഷമതയും മറ്റും കണക്കിലെടുത്താൽ ആറു വർഷംകൂടി അധികമായി പ്രവർത്തിക്കുന്നത്. ചന്ദ്രയാൻ രണ്ടിന്റെ ഭാഗമായ വിക്രം എന്ന ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ്ങ് നടത്താനിരിക്കെ 35 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽനിന്ന് വേഗം കുറച്ച് ഇറങ്ങിത്തുടങ്ങിയ വിക്രം ചന്ദ്രനിൽ എത്താൻ നിൽക്കെ സിഗ്‌നൽ നഷ്ടപ്പെടുകയായിരുന്നു. അതുവരെ കൃത്യമായ സിഗ്നലുകൾ ലഭിച്ചിരുന്നുവെങ്കിലും അതിനുശേഷം ലാൻഡറിൽനിന്ന് ഒരു സിഗ്നലും ലഭിക്കാതെയായി. അതിനാൽ ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങ് നടത്തിയോ മറ്റെന്തെങ്കിലും സാങ്കേതിക തകരാർ ഉണ്ടാേയാ തുടങ്ങിയ കാര്യങ്ങൾ വ്യക്തമായിട്ടില്ല.

സന്ദേശങ്ങൾ ലഭിക്കാതായി എന്നുപറയാൻ മാത്രമേ ഐഎസ്ആർഒ അധികൃതർക്കും സാധിച്ചിട്ടുള്ളു. വിവരങ്ങളും ലഭിച്ച സന്ദേശങ്ങളും വിശകലനം ചെയ്തും, ഓർബിറ്റർ വരും ദിവസങ്ങളിൽ അയക്കുന്ന ചിത്രങ്ങൾ പരിശോധിച്ചും മാത്രമേ ലാൻഡറിന് എന്തുപറ്റിയെന്ന് കണ്ടെത്താൻ സാധിക്കൂ. അവസാന നിമിഷങ്ങളിൽ സംഭവിച്ചതെന്താണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാകും വരും ദിവസങ്ങളിൽ നടത്തുക. അവസാന നിമിഷമുണ്ടായ അവ്യക്തതയിൽ ദുഃഖം കരച്ചിലായി ചെയർമാൻ ശിവൻ പ്രകടിപ്പിച്ചപ്പോൾ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ച പ്രധാനമന്ത്രിയെ ലോകം അഭിമാനപൂർവം നെഞ്ചിലേറ്റിയിരിക്കുന്നു. തളരാതെ മുന്നോട്ടുപോകാനും 130 കോടി ജനങ്ങൾ ഒപ്പമുണ്ടെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ റോക്കറ്റുകളേക്കാൾ വേഗത്തിലാണ് ശാസ്ത്രജ്ഞരുടെ ഹൃദയം ഏറ്റെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP